മനോജ്
പേരൂര്‍ക്കട: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചശേഷം ശുചിമുറിയിൽ ഒളിച്ചയാളെ റെയില്‍വേ പൊലിസും യാത്രക്കാരും ചേര്‍ന്നു പിടികൂടി. വര്‍ക്കല അയിരൂര്‍ പാളയംകുന്ന് വണ്ടിപ്പുര ഒരുക്കുവിള വീട്ടില്‍ മനോജ് (32) ആണ് പിടിയിലായത്. 20ന് പുലര്‍ച്ചെ 5.30നും 6.30നും ഇടയില്‍ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസിലാണ് സംഭവം.
ട്രെയിനിലെ എ2 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന റെയില്‍വേയിലെ കോണ്‍ട്രാക്ട് ജീവനക്കാരന് അഹമ്മദാബാദ് സ്വദേശി ധവാല്‍ ഭായി (25) യുടെ മൊബൈല്‍ഫോണാണ് പ്രതി കവര്‍ന്നത്. ജാംനഗറില്‍ നിന്ന് തിരുനെല്വേലിയിലേക്കു പോകുകയായിരുന്നു ധവാല്‍. ഇദ്ദേഹത്തിന്റെ 13,000 രൂപ വിലവരുന്ന വിവോ 19 5ജി ഫോണാണ് ചാര്‍ജിംഗ് പോയിന്റില്‍നിന്ന് മനോജ് മോഷ്ടിച്ചത്.
യാത്രക്കാരുടെ ശ്രദ്ധയില്പ്പെടുന്നതിനുമുമ്പുതന്നെ മനോജ് ഫോണുമായി ശുചിമുറിക്കുള്ളിൽ ഒളിച്ചു. പ്രതിയെക്കുറിച്ച് റെയില്‍വേ പൊലിസിനു വിവരം നല്‍കുകയും ഉടന്‍തന്നെ ഇവര്‍ ടോയ്ലെറ്റിനുള്ളില്‍നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.
ട്രെയിന്‍ വര്‍ക്കല പിന്നിട്ട വേളയിലാണ് സംഭവം നടക്കുന്നത്. പ്രതിയില്‍നിന്നു മൊബൈല്‍ഫോണ്‍ പൊലിസ് കൈയോടെ പിടികൂടി. റെയില്‍വേ എസ്എച്ച്ഒ ബാലു ബി. നായര്‍, എഎസ്ഐ ജോജി ജോസഫ്, ഗ്രേഡ് എസ്സിപിഒ ഷംനാദ്, സിപിഒമാരായ ആദര്‍ശ് തിങ്കള്‍, ജോസ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews caught