കൊല്ലം: ആകാശനക്ഷത്രങ്ങൾ മന്നിൽ പിറന്നതുപോലെ തീരദേശമേഖല ഒന്നാകെ ക്രിസ്മസ് വൈബിൽ. മിന്നത്തിളങ്ങുന്ന താരകങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കൊണ്ടു തീരദേശമാകെ വർണാഭമായിരിക്കുന്നു. ആകാശത്തുനിന്നും നക്ഷത്രങ്ങൾമിന്നിതിളങ്ങി ഭൂമിയിലേക്കു പതിക്കുന്ന പ്രതീതി. എങ്ങുംമുഖങ്ങളിൽ സന്തോഷത്തിന്റെ പൊൻവെളിച്ചം.
കൊല്ലം വാടി മുതൽ തങ്കശേരിവരെയുള്ള തീരദേശമാകെ കടൽ ഇരന്പുകളെ പോലും നിഷ്പ്രഭമാക്കി ക്രിസ്മസ് ഗാനങ്ങളുടെ ശബ്ദവീചികൾ അലയടിക്കുകയാണ്. ബിനാലെ പോലും പരാജയപ്പെടുന്നരീതിയിലാണ് അലങ്കാരവേലകൾ ഇവിടെ ഉയർത്തിരിക്കുന്നത്.
ജീവൻതുടിക്കുന്ന ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ആട്ടിടയൻമാരും രാജാക്കൻമാരും പുൽക്കൂടുകളിൽ സ്ഥാനം പിടിക്കുന്പോൾ അറിയാതെ കാഴ്ചക്കാരന്റെ മനസ് തുടിക്കും. ഇതെല്ലാം ആസ്വദിക്കാനും ആറാടാനും കൊല്ലം നഗരമൊന്നാകെ ഈ മേഖലയിൽ തന്പടിച്ചിരിക്കുകയാണ്.
വിവിധ ക്ലബുകളുടെ നേതൃത്വത്തിലാണ് മത്സരബുദ്ധിയോടെ ആഘോഷമൊരുക്കുന്നത്. ഈ മേഖലയിലെ യുവാക്കളുടെ കരവിരുതെല്ലാം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. പുൽക്കൂടുകൾ വഴിനീളെ നിരന്നു കഴിഞ്ഞു. എല്ലാവർഷത്തെപോലെ ഇതെല്ലാം കാണാൻ കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾവരെ രാത്രിയിൽ ഇവിടെ നിരക്കുന്നു. ക്രിസ്മസ് പാട്ടുകൾക്കൊപ്പം ഡാൻസും വിവിധ പരിപാടികളും ഇവിടെ അരങ്ങേറുന്നു. സാന്താക്ലോസും മാലാഖമാരും മണ്ണിൽ ഇറങ്ങിയ പ്രീതിയാണ്. ഇവിടെയുള്ള കലാകാരൻമാർ മത്സരിച്ചാണ് പൂൽക്കൂടുകളും വർണക്കാഴ്ചകളും ഒരുക്കുന്നത്. ഒരു ബിനാലെ അനുഭവമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
മരങ്ങളിലെല്ലാം പച്ചപ്പുകൾ മാറി, ഇപ്പോൾ വെട്ടിതിളങ്ങുന്ന നക്ഷത്രങ്ങളും വർണമാലകളും. ഇവിടെ ഇറങ്ങിയാൽ സമയം പോകുന്നതുപോലും അറിയില്ല. കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വർണക്കാഴ്ച കാണാൻ ആളുകൾ തിങ്ങി കൂടുകയാണ്. പത്തോളം ക്ലബുകളും അതിലെ യുവാക്കളുടെ പ്രയത്നവുമാണ് ഇതെല്ലാം.
മത്സരബുദ്ധിയോടെയെങ്കിലും ഒരു നാടിന്റെ ഉത്സവമായി ക്രിസ്മസ് മാറുകയാണ്. ക്രിസ്മസായാൽ നക്ഷത്രത്തിൽ തുടങ്ങുന്ന ആഘോഷം ഓരോ വീട്ടുകാരും ഏറ്റെടുക്കുകയാണ്. തീരദേശം ഒരു സുവിശേഷസാക്ഷ്യമായി മാറുകയാണ്.
Tags : nattu vishesham coastal areas Google Transla