പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി: നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് ബോട്ടുകൾ തയാറെടുക്കവേ കൊച്ചി ഫിഷറീസ് ഹാർബറിൽ കൂലിത്തർക്കം ശക്തമാകുന്നു. പ്രശ്നപരിഹാരം നീണ്ടാൽ ഹാർബർ സംഘർഷമേഖലയായി മാറുമെന്ന ആശങ്ക ഉയരുകയാണ്. പേഴ്സിൻ നെറ്റ് ബോട്ടിലെ മത്സ്യവും വെള്ളവും കോരുന്ന വിഭാഗക്കാർക്ക് രണ്ടു ശതമാനം കൂലി നല്കിയില്ലെങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ മത്സ്യബന്ധനം കഴിഞ്ഞ് എത്തുന്ന പേഴ്സിൻ നെറ്റ് ബോട്ടിലെ മത്സ്യ വിപണനം തടയുമെന്നാണ് സിഐടിയു യൂണിയന്റെ മുന്നറിയിപ്പ്. എന്നാൽ ലേബർ ഓഫീസർ നിർദേശിച്ച ഒരു ശതമാനം കൂലി നല്കാമെന്നതാണ് ബോട്ടുടമകളുടെ നിലപാട്. മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടിലെ മത്സ്യ വിപണനം തടഞ്ഞാൽ മറ്റു ബോട്ട് തൊഴിലാളികളും പണിമുടക്ക് നടത്തുമെന്നും ഇത് കൊച്ചി ഫിഷറീസ് ഹാർബർ സ്തംഭിക്കാനിടയാക്കുമെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
പേഴ്സിൻ നെറ്റ് ബോട്ട് മത്സ്യ വിപണം തടയുന്നത് തർക്കത്തിനും സംഘർഷത്തിനുമിടയാക്കും. മുൻ വർഷം സംഘർഷമുണ്ടായത് ഇരു വിഭാഗവുംചൂണ്ടിക്കാട്ടുന്നുമുണ്ട്. കൊച്ചി ഫിഷറീസ് ഹാർബർ സ്തംഭനവും സംഘർഷവും മത്സ്യവിപണന - വ്യാപാര മേഖലയിലും പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കും കാരണമാകും.
പേഴ്സീൻ നെറ്റ് ബോട്ട് ഉടമകളും മത്സ്യം കോരുന്ന തൊഴിലാളി സംഘടനയും തമ്മിലാണ് തർക്കം. പ്രതിദിനം രാവിലെ കടലിലിറങ്ങി മത്സ്യ ബന്ധനം നടത്തി വൈകിട്ട് മടങ്ങിയെത്തി മത്സ്യ വിപണനം നടത്തുന്ന ബോട്ടുകളാണ് പേഴ്സീൻ നെറ്റ് ബോട്ടുകൾ. ചാള , അയല തുടങ്ങിയ മീനുകളാണിവർ പിടികുടുന്നതും വ്യാപാരം നടത്തുന്നതും. കൊച്ചി ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60ഓളം ബോട്ടുകളിൽ മത്സ്യവും വെള്ളവും കോരുന്ന തൊഴിലാളികളുടെ കൂലിത്തർക്കം രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പേ തുടങ്ങിയതാണ്.
Tags : Nattuvishesham DistrictNews DeepikaNews Kochi Harbour