അറസ്റ്റിലായ ഷെഫിന്, വിബീഷ്, ഫഹദ്
കാക്കനാട്: കാറിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ ബൈക്ക് യാത്രികരായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കാപ്പ കേസ് പ്രതി അടക്കം മൂന്ന് പേർ പോലീസിന്റെ പിടിയിലായി. കളമശേരി മൂലേപ്പാടം ഡിന്‍ഡിക്കല്‍ വീട്ടില്‍ ഷെഫിന് (30), കോഴിക്കോട് മേലത്തൂര്‍ തെച്ചറകണ്ടിയില് വീട്ടില്‍ വിബീഷ് (26), എടത്തല കുഞ്ചാട്ടുകര നടുവിക്കല്‍ വീട്ടില്‍ ഫഹദ് (31) എന്നിവരെയാണ് കളമശേരി വല്ലാര്‍പാടം കണ്ടയ്നര്‍ റോഡില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ അന്വേഷണ സംഘം പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷന് സമീപമാണ് അക്രമം നടന്നത്. ഇതിന് ശേഷം തൃക്കാക്കര ഭാരതമാതാ കോളജിന് സമീപം പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ടാക്സിയില്‍ കോഴിക്കോട്ടേക്ക് കടക്കുകയായിരുന്നു.
പ്രതികളുടെ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കിയ പോലീസ് കോഴിക്കോട് ഹൈലൈറ്റ് മാളിനു സമീപം പ്രതികളുണ്ടെന്നു അറിഞ്ഞ് അവിടെയെത്തിയെങ്കിലും മൂവരും തിരിച്ച് കൊച്ചിയിലേക്ക് കടന്നു. ഇവര്‍ യാത്ര ചെയ്ത ടാക്സി പിന്തുടര്‍ന്ന അന്വേഷണ സംഘം കളമശേരി വല്ലാര്‍പാടം റോഡിലുള്ള ഡക്കാത്തലന്‍ സ്പോര്‍ട്സ് സെന്ററിനു സമീപത്തു വച്ച് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
ഷെഫിന് കളമശേരി, ആലുവ, നോര്‍ത്ത് പറവൂര്‍, ഏലൂര്‍ പേലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളിൽ പ്രതിയാണ്. കൂടാതെ 2021ല്‍ കാപ്പ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. രണ്ടാം പ്രതി വിബീഷിനെതിരെയും കോഴിക്കോട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
സംഭവം നടന്ന് 24 മണിക്കൂറിനകം മൂന്നു പ്രതികളെയും പോലീസിന് പിടികൂടാനായി. തൃക്കാക്കര ഇന്‍സ്പെക്ടര്‍ പി.എം. വിമോദ്, എസ്ഐമാരായ അനസ്, സഫല്‍ മജീദ്, എ.ടി. മണി, സിപിഒമാരായ ജോണ്‍ ഏബ്രഹാം, വി.എ. ഷിബു. ഗുജ്റാള്സി ദാസ്, പി.കെ. സുജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികളെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ച വിവരമറിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ സ്റ്റേഷന് പരിസരത്ത് തടിച്ചുകൂടി. മൂവരെയും വൈദ്യപരിശോധനയ്ക്കായി പുറത്തേക്കിറക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ജനക്കൂട്ടം അക്രമാസക്തരായതോടെ ജീപ്പിനു പകരം പോലീസ് ബസ് കൊണ്ടുവന്നാണ് പ്രതികളെ പുറത്തെത്തിച്ചത്. പ്രതികളെ രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
പ്രതികളുടെ കാര്‍
അടിച്ചുതകര്‍ത്തു
പോലീസ് സ്റ്റേഷന് പരിസരത്ത് പാർക്ക് ചെയ്തിരുന്ന പ്രതികളുടെ കാറിന്റെ ചില്ലുകൾ ഒരു കൂട്ടം പേർ ചേർന്ന് അടിച്ചു തകര്‍ത്തു. സംഭവം നടന്ന എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ തെളിവെടുപ്പിനെത്തിച്ച പ്രതികളെ പുറത്തിറക്കാന്‍ കഴിയാത്ത വിധം ജനം തടിച്ചു കൂടിയതോടെ ഇവരുമായി തൃക്കാക്കര പോലീസ് മടങ്ങുകയായിരുന്നു.
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് സംഭവം നടന്ന എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews arrest