പ്രതീകാത്മക ചിത്രം
വൈപ്പിൻ: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി നാലു ദിനങ്ങൾ മാത്രം ശേഷിക്കെ മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലകളിലെ ബോട്ടുകൾ കടലിൽ പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 31ന് അർധരാത്രിക്കു ശേഷമാണ് ബോട്ടുകൾ കടലിൽ പോവുക.
ഇതിനു മുന്നോടിയായി ബോട്ടുകളിൽ ഐസ്, വലകൾ, മറ്റു മത്സ്യബന്ധന സാമഗ്രികൾ എന്നിവ കയറ്റിത്തുടങ്ങി. ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗം പേരും തിരിച്ചെത്തിയതോടെ ഹാർബറുകൾ സജീവമായി.
അറ്റകുറ്റപ്പണികൾക്ക് കയറ്റിയ ബോട്ടുകളുടെ പണികൾ തീർക്കാൻ മറൈൻ വർഷോപ്പുകളിലും തിരക്കിട്ട പണികളാണ് നടക്കുന്നത്. അതുപോലെ പോലെ വല സെറ്റ് ചെയ്യുന്ന കേന്ദ്രങ്ങളിലും തിരക്കിട്ട പണിയാണ്. എന്നാൽ ഇക്കുറി മഴ കുറഞ്ഞത് മത്സ്യബന്ധന മേഖലയിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ചെറുതും വലുതുമായ 500ൽപ്പരം ബോട്ടുകൾക്കൊപ്പം ഇക്കുറി ഒരു ഡസനോളം പുതിയ ബോട്ടുകളും മുനമ്പം മുരുക്കുംപാടം മേഖലകളിൽ നിന്ന് പോകാൻ തയാറെടുക്കുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews trawling