പ്രതീകാത്മക ചിത്രം
കൊച്ചി: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊച്ചി നഗരത്തില് നടത്തിയ പരിശോധനയില് ഇതുവരെ പിടിച്ചെടുത്തത് 39.753 കിലോ കഞ്ചാവ്. ഓപ്പറേഷന് തൂഫാന് ദി നാര്ക്കോ ഹണ്ട് പ്രഖ്യാപിച്ച 2026 ജൂണ് രണ്ടു മുതല് ജൂലൈ 26 വരെയുള്ള കൊച്ചി സിറ്റി നാര്ക്കോട്ടിക് സെല്ലിന്റെ പരിശോധനയുടെ കണക്കാണ് ഇത്.
റെയില്വേ സ്റ്റേഷനുകള്, ബസ് സ്റ്റാന്ഡുകള്, മറ്റ് പൊതുസ്ഥലങ്ങള് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലാണ് വന്തോതില് കഞ്ചാവ് പിടികൂടിയത്. ഒഡീഷ, ആസാം, പശ്ചിമബംഗാള് എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിന് മാര്ഗം വന്തോതില് കഞ്ചാവ് ജില്ലയിലേക്ക് എത്തുന്നത്.
പിടിച്ചെടുത്ത മറ്റ് ലഹരി ഉത്പന്നങ്ങളില് 1.030 കിലോ ഹാഷിഷ് ഓയില്, 995.6295 ഗ്രാം എംഡിഎംഎ, 310.34 ഗ്രാം ബ്രൗണ് ഷുഗര്, 1.93 ഗ്രാം മെത്താഫിറ്റമിന് എന്നിവയും ഉള്പ്പെടും. എല്എസ് ഡി സ്റ്റാമ്പ്- 11 എണ്ണം, കഞ്ചാവ് ചെടി- 10 എണ്ണം, കഞ്ചാവ് ബീഡി - 216 എണ്ണം എന്നിവയും പരിശോധനയില് പോലീസ് പിടിച്ചെടുക്കുകയുണ്ടായി.