മേലൂർ: മാസങ്ങളായി പ്രവർത്തനം നിലച്ച മേലൂർ ഗ്രാമപഞ്ചായത്തിന്റെ കുന്നപ്പിള്ളി ക്രിമറ്റോറിയം പുനരുജ്ജീവിപ്പിക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം. പുകക്കുഴലിനു കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചതെന്നാണു വിവരം. എന്നാ ൽ, തകരാർ പരിഹരിച്ച് ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്ത് അധികൃത രുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.
ക്രിമറ്റോറിയത്തിലെ കേടുപാടുകൾ പരിഹരിക്കാൻ ഭീമമായ തുക ചെലവഴിക്കേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സ്വന്തമായി ക്രിമറ്റോറിയം ഉണ്ടായിട്ടും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തെയോ ചാലക്കുടി നഗരസഭയുടെ ക്രിമറ്റോറിയത്തെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ മേലൂർ നിവാസികൾക്ക്.
മരണവീടുകളിൽ അവസാന കർമങ്ങൾ നിർവഹിക്കേണ്ട നിർണായക സമയത്ത് സ്വന്തം പഞ്ചായത്തിലെ പൊതുസംവിധാനം ഉപയോഗിക്കാൻ കഴിയാത്തതു സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള അധിക ചെലവും സമയനഷ്ടവും ഉൾപ്പടെ കുടുംബങ്ങൾക്കു സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നതായും നാട്ടുകാർ പറയുന്നു.
കുന്നപ്പിള്ളി ക്രിമറ്റോറിയത്തിൽ രണ്ടു ചേംബറുകൾ സജ്ജമാക്കുമെന്നായിരുന്നു ആദ്യകാലങ്ങളിൽ പഞ്ചായത്ത് അധികൃതർ നൽകിയിരുന്ന വാഗ്ദാനമെന്നും നാട്ടുകാർ ഓർമിപ്പിക്കുന്നു. എന്നാൽ നിലവിലുള്ള സംവിധാനംപോലും മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുമ്പോൾ പുതിയ ചേംബറുകളുടെ വാഗ്ദാനം എത്രത്തോളം പ്രാവർത്തികമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവും ശക്തമാണ്. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ വിഷയത്തിൽ സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങളിലേക്ക് യുഡിഎഫ് അടക്കമുള്ള രാഷ്ട്രീയ സംവിധാനങ്ങൾ കടക്കാത്തതും നാട്ടുകാർ ചോദ്യം ചെയ്യുന്നു.
അതേസമയം, ക്രിമറ്റോറിയത്തിന്റെ പരിസരം സിനിമാ ചിത്രീകരണത്തിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേർന്ന് രാഷ്ട്രീയ ഭേദമില്ലാതെ തീരുമാനമെടുത്ത ഭരണസമിതി, അതേ ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന കാര്യത്തിലും അടിയന്തര ഇപെടൽ നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മരണാനന്തര കർമങ്ങൾക്കായി ജനങ്ങൾ നെട്ടോട്ടമോടേണ്ട സാഹചര്യം ഒഴിവാക്കി, സാങ്കേതിക തകരാർ എന്തുതന്നെയായാലും അത് അടിയന്തരമായി പരിഹരിച്ച് കുന്നപ്പിള്ളി ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം