ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശ്മശാനത്തിന്റെ നിർമാണോദ്ഘാടനം ആറിനു നടക്കും. നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം 1.5 കോടി രൂപ ഏറ്റുമാനൂർ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽനിന്നു ചെലവഴിച്ചാണ് നിർമിക്കുന്നത്.
മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന ആർപ്പൂക്കര പഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്തതിനാല്‍ അനാഥ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് കോട്ടയം നഗരത്തിലെ ശ്മശാനത്തെയായിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്.
ആർപ്പൂക്കര പഞ്ചായത്തിലെ ജനങ്ങൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ആർപ്പൂക്കര പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മറ്റ് തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുകൂടി ഇത് ഉപയോഗിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
വീട്ടുവളപ്പില്‍ ശവസംസ്കാരം നടത്താന്‍ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങള്‍ മണ്ഡലത്തിലുണ്ട്. രണ്ട് സെന്റ് ഭൂമിയില്‍ താമസിക്കുന്നവരും താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരുമെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. സംസ്കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് പിന്നെ ആശ്രയം കോട്ടയം നഗരസഭയിലെ പൊതുശ്മശാനമാണ്. ഇത് അവിടെയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതിനെല്ലാം പുതിയ പദ്ധതിയിലൂടെ പരിഹാരമാവും.
Tags : local nattuvishesham crematorium