പ്രതീകാത്മക ചിത്രം
ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ സുദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷലഹരിയിൽ. അഷ്ടമി രോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരു നോക്കുകണ്ട് അനുഗ്രഹം വാങ്ങാൻ പതിനായിരങ്ങളാണു ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷവരവുകളും ക്ഷേത്രസന്നിധിയിലെത്തിച്ചേരും. ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുശേഷവും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. മൂന്നുനേരവും ഗുരുവായൂരപ്പൻ അതിവിശേഷ സ്വർണക്കോലത്തിലാണ് എഴുന്നെള്ളുക.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിഭവസമൃദ്ധമായ പിറന്നാൾസദ്യയും നൽകും. 40000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒന്പതുമുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പന്തലിലും തെക്കുഭാഗത്തെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നൽകുക. ഉച്ചയ്ക്കുശേഷം രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്കു സദ്യ നൽകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ ഉണ്ടാവും.
രാത്രി ഒന്പതിനു സാംസ്കാരികസമ്മേളനത്തിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ. മുരളീധരൻ സമ്മാനിക്കും. രാവിലെ ഒന്പതിന് നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.
ഘോഷയാത്ര 10.30നാണ്. ഉച്ചയ്ക്ക് 12നു കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ആഘോഷം രാവിലെ ഒന്പതിനു പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. നെൻമിനി ബലരാമക്ഷേത്രത്തിന്റെ ഘോഷയാത്ര രാവിലെ ഒന്പതിന് നെൻമിനിയിൽനിന്ന് ആരംഭിച്ച് 10.30നു കിഴക്കേനടയിലെത്തി ദേവസഹോദരസംഗമം നടക്കും. ബാലഗോകുലത്തിന്റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തും.
സുരക്ഷക്ക് 250 പൊലിസുകാർ; വണ്വേ കർശനമാക്കും
അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ 250 പൊലിസുകാർ സുരക്ഷയൊരുക്കും. എൻസിസി, സ്കൗട്ട്, എസ്പിസി തുടങ്ങിയവരും സഹായത്തിനുണ്ടാകും. ഇന്നു പുലർച്ചെ മുതൽ ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ എല്ലാ വാഹനങ്ങൾക്കും വണ്വേ സംവിധാനം ഏർപ്പെടുത്തും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങൾ പാർക്കിംഗിന് ഉപയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്പോൾ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.
വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം
അഷ്ടമി രോഹിണി ദിനത്തിൽ പൊതുവരി നിൽക്കുന്നവർക്കു ദർശനം സുഗമമാക്കുന്നതിനായി ഇന്നു വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തും. പ്രദേശികക്കാർക്കു സാധാരണ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ ദർശനം നടത്താം.
മുതിർന്ന പൗരൻമാർക്കു രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും പ്രത്യേക വരിയുണ്ടാകും.
പുലർച്ചെ പന്ത്രണ്ടരവരെ ക്ഷേത്രനട തുറന്നിരിക്കും
കൃഷ്ണന്റെ പിറന്നാൾദിനമായ ഇന്നു ക്ഷേത്രനട പുലർച്ചെ പന്ത്രണ്ടരവരെ തുറന്നിരിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങുന്നതുവരെ ഭക്തർക്കു ദർശനം നടത്താം.
അത്താഴപൂജയ്ക്കുശേഷം രാത്രി 11.30ഓടെയാണു വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുക. വിളക്കെഴുന്നള്ളിപ്പിന് കൊന്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേറ്റും. വിശേഷാൽ ഇടയ്ക്കവാദ്യവും നാദസ്വരവും അകന്പടിയാവും. രാവിലെ കാഴ്ചശീവേലിക്കും കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റും.
41000 നെയ്യപ്പം നിവേദിക്കും
അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്കു ഗുരുവായൂരപ്പനു നിവേദിക്കും. 7.25 ലക്ഷം രൂപയ്ക്കുള്ള അപ്പമാണു തയാറാക്കുന്നത്. 41000ത്തിലധികം നെയ്യപ്പമാണു നിവേദിക്കുക. രാവിലെ ഏഴുമുതൽ അപ്പം തയാറാക്കിത്തുടങ്ങും.
ക്ഷേത്രത്തിനുള്ളിൽ തിടപ്പള്ളിയിലും വാതിൽമാടങ്ങളിലുമെല്ലാം അപ്പമുണ്ടാക്കാൻ അടുപ്പൊരുങ്ങും. രാത്രി അത്താഴപ്പൂജക്കുശേഷം അപ്പം ഭക്തർക്കു വിതരണം ചെയ്യും. 10.8 ലക്ഷം രൂപയൂടെ പാൽപായസവും ഇന്നു ഗുരുവായൂരപ്പനു നിവേദിക്കും.
ക്ഷേത്രപ്രവൃത്തിക്ക് 80 കീഴ്ശാന്തിക്കാർ
ശ്രീകൃഷ്ണജയന്തിയായ ഇന്ന് 13 കീഴ്ശാന്തി ഇല്ലങ്ങളിൽനിന്നുള്ള 80 കീഴ്ശാന്തിക്കാർ ക്ഷേത്രപ്രവൃത്തിക്കെത്തും.
ഇന്നു പുലർച്ചെ രണ്ടുമുതൽ ഇവർ ജോലിതുടങ്ങും. പത്തുലക്ഷത്തിലേറെ രൂപയുടെ പാൽപായസം തയാറാക്കലും നെയ്പായസം തയാറാക്കലുമാണ് ആദ്യ ജോലി. രാവിലെ ഏഴു മുതൽ അപ്പം തയാറാക്കിത്തുടങ്ങും. കാഴ്ചശീവേലിക്കും പ്രസാദഉൗട്ടിനും ക്ഷേത്രത്തിനുള്ളിലെ പ്രവൃത്തിയുമെല്ലാമായി പാതിരാത്രിവരെ കർമനിരതരായിരിക്കും.
Tags : celebration NattuVishasham DistrictNews