സൈനുദീൻ
ചാവക്കാട്: കോഴിമാലിന്യം കിണറ്റിൽ വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയുടെ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ കോഴിക്കടയുടമയ്ക്കു കഠിനതടവും പിഴയും. പുന്നയൂർ പാപ്പാളി പെരുന്പിള്ളി സൈനുദിനെ(53)യാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി അഞ്ചര വർഷം കഠിനതടവിനും 25,500 പിഴ അടയ്ക്കാനും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
2017 നവംബറിലാണു കേസിനാസ്പദമായ സംഭവം. അകലാട് താമരത്ത് വിശ്വനാഥൻ മകൻ വിമിഷി(36)നെയാണു കൊലപ്പെടുത്താൻ ശ്രമിച്ചത്. വിമിഷ് അണ്ടത്തോട് പാപ്പാളി മടപ്പേൻ അബ്ദുൾ റഷീദിന്റെ ഡ്രൈവറാണ്. അബ്ദുൾറഷീദിന്റെ അയൽവാസിയാണു പ്രതിയായ സൈനുദ്ദീൻ. കോഴിക്കടയിലെ മാലിന്യം അബ്ദുൽറഷീദിന്റെ വീട്ടിലെ കിണറ്റിലും വീടിന്റെ പരിസരങ്ങളിലും കാക്കകൾ കൊണ്ടുവന്നിടുന്നതു പതിവായതാണ് തർക്കത്തിനു കാരണം. തർക്കത്തിനിടെ സൈനുദീനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമിഷിനെ കത്തികൊണ്ടു നെഞ്ചിനുതാഴെ രണ്ടുതവണ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വിമിഷ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു.
വടക്കേകാട് എസ് ഐ അനന്തകൃഷ്ണൻ, ചാവക്കാട് എസ്എച്ച്ഒ കെ.ജി. സുരേഷ് എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി. കോർട്ട് ലെയ്സണ്‍ ഓഫീസർ എഎസ്ഐ പി.ജെ. സാജൻ പ്രോ സിക്യൂഷനെ സഹായിച്ചു.
Tags : murder case. NattuVishasham DistrictNews