തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കുന്ന ടിവി പുരം പഞ്ചായത്തിന്റെ ചേരിക്കലിലെ ആധുനിക ശ്മശാനം.
ടിവിപുരം: ടിവി പുരം പഞ്ചായത്തിലെ ആധുനിക ശ്മശാനത്തിന് പ്രവർത്തനാനുമതി ലഭിച്ചു. തിങ്കളാഴ്ച മുതൽ ശ്മശാനം നാടിന് സമർപ്പിക്കും.
നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനാനുമതി ലഭിക്കാതിരുന്നതിനാൽ ആധുനിക ശ്മശാനം അടഞ്ഞുകിടക്കുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ശ്മശാനം നിർമിച്ചത്. അടഞ്ഞുകിടന്ന ശ്മശാനത്തിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതും മോഷ്ടാവിനെ പിടികൂടി സിലിണ്ടറുകൾ വീണ്ടെടുത്തതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.
സമീപ പഞ്ചായത്തുകളിൽനിന്നും വ്യത്യസ്തമായി അത്യാധുനിക രീതിയിൽ ഗ്യാസിലൂടെ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രത്യേകതയാണ് ഈ ശ്മശാനത്തിനുള്ളത്.
19 നഗറുകളും, അഞ്ച് സെ ന്റും അതിൽ താഴെയും ഭൂമിയുള്ള അനേകം കുടുംബങ്ങളുമുള്ള പഞ്ചായത്തിലുള്ളവർക്ക് മൃതദേഹം സംസ്കരിക്കുന്നതിന് ഏറെ പണം ചെലവാക്കി വൈക്കം, തൃപ്പൂണിത്തുറ നഗരസഭകളുടെ ശ്മശാനങ്ങളിൽ പോകേണ്ട സ്ഥിതിയാണുണ്ടായിരുന്നത്. പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ച് ജില്ലാ കളക്ടറുടെ അംഗീകാരവും ലൈസൻസും ശ്മശാനത്തിന് ലഭിച്ചതോടെയാണ് ശ്മശാനം പ്രവർത്തനസജ്ജമായത്.