ചങ്ങനാശേരി-വാഴൂര്‍ റോഡിലെ വലിയകുളം ജംഗ്ഷന്.
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ വലിയകുളം ജംഗ്ഷന് വികസനം പൂര്‍ത്തിയാകുന്നു. അനുദിനം അപകടങ്ങളും ജീവഹാനികളും വര്‍ധിച്ചതിനെത്തുടര്‍ന്ന് വലിയകുളത്തിനു ലഭ്യമായ ബ്ലാക്ക് സ്പോട്ട് എന്ന പേരുദോഷം മാറ്റുന്നതിനാണ് ജംഗ്ഷന് വികസനത്തിനു പദ്ധതിയിട്ടത്. അപകടക്കെണികള്‍ ഒഴിവാക്കി വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും കര്‍ശന സുരക്ഷ ഒരുക്കുന്നതിനാണ് മുന്‍ എംഎല്‍എ ജോബ് മൈക്കിളിന്റെ ഇടപെടലില്‍ 1.8 കോടി രൂപ മുടക്കി വലിയകുളം ജംഗ്ഷനില്‍ വികസനത്തിനു തുടക്കം കുറിച്ചത്.
മടുക്കംമൂട് മുതല്‍ വലിയകുളം ജംഗ്ഷന് വരെയുള്ള ഭാഗത്താണ് നവീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നത്. അപകടസാധ്യതയുള്ള മരങ്ങളെല്ലാം മുറിച്ചുനീക്കി ഓടകള്‍ നിര്‍മിച്ച് മൂടികള്‍ സ്ഥാപിച്ചു.
റോഡിന്റെ വശങ്ങളില് നടപ്പാതകള്‍ നിര്‍മിച്ച് ഇരുവശങ്ങളിലും സംരക്ഷണ കൈവരികളും സ്ഥാപിച്ചു. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനുള്ള ബോര്‍ഡുകളും റോഡില്‍ സിഗ്നലുകളും ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. നടപ്പാതയ്ക്കും ടാറിംഗിനും ഇടയിലുള്ള ടൈലുകള്‍ പാകി വൃത്തിയാക്കി.
സൗന്ദ്യര്യവത്കരണത്തിന്റെ ഭാഗമായി വശങ്ങളില് ചെടികള്‍ നട്ടുപിടിപ്പിക്കും, വഴിവിളക്കുകള്‍ സ്ഥാപിക്കും. സിസിടിവി കാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിര്‍മാണത്തിന്റെ ഭാഗമായി അനധികൃത കൈയേ റ്റങ്ങൾ ഒഴിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ കച്ചവടക്കാര്‍ തിരികെ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഫുട്പാത്തിനകത്തും പുറത്തും ഒരുപോലെ അനധികൃത കച്ചവടം തകൃതിയായിരിക്കുകയാണ്.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയ കച്ചവടങ്ങളാണ് ഇവിടെ പൊടിപൊടിക്കുന്നത്. ഫുട്പാത്ത് കൈയേറി മുകളില്‍ പടുത വിരിച്ച് മീന്‍ വില്പന തുടങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്ത് നിഷേധിക്കപ്പെടുകയാണ്.
ഇവിടെ വഴിയോരക്കച്ചവടം വര്‍ധിച്ചത് കുരിശുംമൂട്, മടുക്കംമൂട് ഭാഗങ്ങളിലെ വ്യാപാരികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വഴിയോര വാണിഭത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വാഴപ്പള്ളി പഞ്ചായത്ത്, പൊതുമരാമത്ത്, പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
അനധികൃത ഫുട്പാത്ത് വ്യാപാരവും കൈയേറ്റവും ഒഴിപ്പിക്കാന്‍ പൊതുമരാമത്തും പോലീസും വാഴപ്പള്ളി പഞ്ചായത്ത് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ട്രസ്റ്റ് ഓഫ് ചങ്ങനാശേരി പൊതുയോഗവും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോ ആന്റണി, കുര്യന് തൂമ്പുങ്കല്‍, എം.കെ. ജോസഫ്, പിന്റോ ആന്റണി, സിബി മുക്കാടന്‍, ജോസഫ്കുട്ടി പുറവാടി, അഡ്വ. തോമസ് ആന്റണി, ബിജി തച്ചങ്കരി, ബിനു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Valiyakulam Junction