പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായ യശ്വേന്ദ്ര (20) ആണ് മരിച്ചത്.
നങ്കൽ ദേവത് പ്രദേശത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ആണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിയുകയായിരുന്നു. യശ്വേന്ദ്രയോടൊപ്പം കാറിലുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ പെൺകുട്ടിയുടേതായിരുന്നു എന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലെ സംഘം ഡ്രെയിനേജിനുള്ളിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. യശ്വേന്ദ്രയും വസന്ത് കുഞ്ച് സ്വദേശിയായ സുഹൃത്തും കൂടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നങ്കൽ ദേവത് ട്രാഫിക് സിഗ്നലിന് സമീപമുള്ള വളവിൽ റോഡിലെ വഴുക്കൽ കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിൽ നിന്ന് ഡ്രെയിനേജിലേക്ക് മറിയുകയുമായിരുന്നു എന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ യശ്വേന്ദ്ര ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
യശ്വേന്ദ്രയുടം സുഹൃത്തും അമേരിക്കയിലെ ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ്. അവിടെ വച്ചാണ് ഇവർ സൗഹൃദത്തിലായത്.