യാത്രക്കാരിയുമായി ബസ് ആലുവ നജാത്ത് ആശുപത്രിയിൽ എത്തിയപ്പോൾ.
ആലുവ: കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിനി ഷംസിയ (22) യാണ് ബസിൽ ആലുവയിലേക്ക് വരുന്നതിനിടെ ദേശീയ പാതയിൽ അമ്പാട്ടുകാവ് എത്തിയപ്പോൾ കുഴഞ്ഞുവീണത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറ നിന്ന് മലയാറ്റൂർക്ക് പോകുന്ന ആലുവ ഡിപ്പോ ബസാണ് കുഴഞ്ഞുവീണ യാത്രക്കാരിയുമായി ബൈപാസിലെ നജാത്ത് ആശുപത്രിയിൽ എത്തിയത്. കണ്ടക്ടർ കുട്ടമശേരി സ്വദേശി സയാദ്, ബസ് ഡ്രൈവർ, ബസിലെ സ്ഥിരം യാത്രക്കാരനായ തൃപ്പൂണിത്തുറ ഹിൽപ്പാലസ് ജീവനക്കാരൻ സിറാജ് എന്നിവരാണ് മുൻകൈയെടുത്തത്. തൃശൂരിൽ നിന്നും എത്തിയ വീട്ടുകാരോടൊപ്പം പെൺകുട്ടി മടങ്ങി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.