കരിന്തോട്ടുവയില്‍ പൊതുശ്മശാനം നിര്‍മിക്കുന്ന സ്ഥലം.
കൊല്ലം : ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവയില്‍ പൊതുശ്മശാനം നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം കനക്കുന്നു. ശാസ്താംകോട്ട പഞ്ചായത്താണ് വാതക ശ്മശാനം നിര്‍മിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. ഭൂമി കുറവുള്ള പല കുടുംബങ്ങളും മൃതദേഹം സംസ്കരിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ഥലം വാങ്ങുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.
ആദ്യം പള്ളിശേരിക്കലില്‍ സ്ഥലം കണ്ടെത്തി. എന്നാല്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ന്നതോടെ സ്ഥലം ഉപേക്ഷിച്ചു.തുടര്‍ന്ന് കരിന്തോട്ടുവ ഏഴാംവാര്ഡില് വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. വിലക്കുറവും സൗകര്യപ്രദവുമായതിനാല്‍ വാങ്ങാന്‍ തീരുമാനിച്ചു. ജനവാസമേഖലയില്‍ നിന്ന് ഒഴിഞ്ഞാണ് ഭൂമിയെന്നായിരുന്നു പഞ്ചായത്ത് നിലപാട്. കൂടാതെ വാതകമുപയോഗിച്ചുള്ള യൂണിറ്റായതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും മറ്റ് പരിസ്ഥിതിപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍.
ഒപ്പുശേഖരണം നടത്തികരിന്തോട്ടുവയില് പൊതുശ്മശാനം വേണ്ടെന്ന നിലപാടിലാണ് പ്രദേശവാസികള്‍. പൊതുശ്മശാനം വരുന്ന വിവരം അറിഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധം തുടങ്ങി. ജനവാസമേഖലയും ആരാധനാലയങ്ങളും അങ്കണവാടിയും ഉള്ളതിനാല്‍ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. നാട്ടുകാര്‍ ശ്മശാനത്തിനെതിരേ സംഘടിച്ച് ആദ്യം ഒപ്പുശേഖരണം നടത്തി.ഒട്ടേറെപ്പേര്‍ ഒപ്പിട്ട നിവേദനം ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിക്ക് ഈമാസം 11ന് നല്കി. കളക്ടർക്ക് ഉൾപ്പടെ പരാതി നല്കി. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന് ചുറ്റുപാടും വീടുകളുണ്ടെന്നാണ് അവര്‍ പറയുന്നത്.
തീര്‍ത്തും ജനസാന്ദ്രത കൂടുതലുള്ള മേഖലയാണ്. കൂടാതെ സമീപത്ത് അങ്കണവാടിയുണ്ട്. കാട്ടുവിള, പുത്തന്‍വീട്ടില്‍, നെടുമണ്‍കാവ്, തലാപ്പില്‍ എന്നീ ക്ഷേത്രങ്ങളും ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് സമീപമാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രദേശത്തിന്റെ സാമൂഹികവും മതപരവുമായ പ്രത്യേകതകളും ജനസാന്ദ്രതയും കണക്കിലെടുത്ത് ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ ശ്മശാനം സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Tags : Locals Protest Crematorium NattuVishesham DistrictNews