Sports
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന്റെ ആരാധകനായിരുന്നു യുവരാജ് സമ്രയുടെ അച്ഛന് ബല്‍ജിത് സമ്ര.
അതുകൊണ്ടുതന്നെ മകന് യുവരാജ് സിംഗ് എന്ന പേരിട്ടു. മകനെ കാണാതെ ഒളിച്ച് ക്രിക്കറ്റ് കളിക്കാന്‍പോകുന്ന ശീലക്കാരനായിരുന്നു ബല്‍ജിത്.
മിക്കപ്പോഴും ബല്ജിത്തിനൊപ്പം മകനും വാലുപോലെ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി. 18-ാം വയസില്‍ കാനഡയുടെ ദേശീയ ടീമില്‍ യുവരാജ് സിംഗ് സമ്ര എത്തി. കൂറ്റനടിക്കുശ്രമിക്കുന്ന ഇടംകൈ ബാറ്ററായ യുവരാജ് സിംഗ് സമ്ര എട്ട് ഏകദിനവും 19 ട്വന്റി-20യും ഇതിനോടകം കാനഡ ജഴ്സിയില്‍ കളിച്ചു.
2019ല്‍ ടൊറന്റോ നാഷണല്‍സില്‍ യുവരാജ് കളിക്കുമ്പോഴാണ് സമ്ര ആദ്യമായി സാക്ഷാല്‍ യുവരാജ് സിംഗിനെ കണ്ടത്.
Sports
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള മുംബൈ ടീമിലേക്ക് ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാള്‍ തിരിച്ചെത്തി.
പരിക്കു മുക്തനായെത്തുന്ന ഷാര്‍ദുള്‍ ഠാക്കൂറാണ് ക്വാര്‍ട്ടറില്‍ മുംബൈയെ നയിക്കുക. കര്‍ണാടകയാണ് ക്വാര്‍ട്ടറില്‍ മുംബൈയുടെ എതിരാളികള്‍. ആറിനാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറുക.
Sports
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സണ് പ്രൊഫഷണൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.
2021ൽ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു റിച്ചാർഡ്സണ്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 25 ഏകദിനത്തിലും 36 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും റിച്ചാർഡ്സണ് കളിച്ചു. 2008-09 സീസണിൽ തന്റെ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച താരം 2013ൽ ഓസ്ട്രേലിയയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.
ഐപിഎൽ, ബിഗ് ബാഷ് തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം സജീവമായിരുന്നു.
Sports
മെൽബണ്‍: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ മെനിഞ്ചൈറ്റിസിൽനിന്ന് മുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചെത്തി.
മെനിഞ്ചൈറ്റിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന താരം രോഗത്തെ കീഴടക്കിയ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ഡോക്ടർമാർക്കു പോലും വിശ്വസിക്കാനാവാത്ത വിധം ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നും കൂടെ നിന്നവർക്കെല്ലാം നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് ഈ അനുഭവം തന്നെ ഓർമിപ്പിച്ചുവെന്നും 2026ലേക്ക് ശക്തമായി തിരിച്ചുവരികയാണെന്നും അദ്ദേഹം കുറിച്ചു.
ഡിസംബർ 27നാണ് മാർട്ടിന് രോഗബാധയുണ്ടായ വിവരം പുറത്തു വരുന്നത്. രോഗം തലച്ചോറിനെ ബാധിച്ചതോടെ എട്ടുദിവസത്തോളം മാർട്ടിൻ കോമയിലായി. 50 ശതമാനമാണ് ഡോക്ടർമാർ അതിജീവന സാധ്യത പറഞ്ഞിരുന്നത്.
Sports
മുംബൈ: റെഡ്-ബോൾ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പിന്മാറി അജിങ്ക്യ രഹാനെ.
വിജയ് ഹസാരെ ട്രോഫിയും ഒഴിവാക്കിയ രഹാനെ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) തീരുമാനം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രഹാനെ പിന്മാറിയത്.
ജനുവരി 22-25 വരെ ഹൈദരാബാദിനെതിരേയും 29 മുതൽ ഫെബ്രുവരി ഒന്നു വരെ ഡൽഹിക്കെതിരേയുമാണ് മുംബൈയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ.
National
ന്യൂഡൽഹി: ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരൻ- കഴക്കൂട്ടം, കെ. സുരേന്ദ്രൻ- വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രൻ- കായംകുളം, കുമ്മനം രാജശേഖരൻ- ആറന്മുള, ഷോണ്‍ ജോർജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല, ജെ.ആർ. പത്മകുമാർ- കാട്ടാക്കട തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം സീറ്റിൽ പരിഗണിച്ചിരുന്ന ചെങ്കൽ രാജശേഖരനേക്കാൾ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചർച്ച നടത്തിയിട്ടുണ്ട്. പാലായിൽ ഷോണ്‍ മത്സരിക്കുന്പോൾ പൂഞ്ഞാറിൽ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്നതിൽ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.
ബിഡിജെഎസിനു കഴിഞ്ഞതവണ നൽകിയ ചില സീറ്റുകൾ ബിജെപി ഏറ്റെടുക്കുകയോ വച്ചുമാറുകയോ ചെയ്യുമെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു. മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുമായി ബിജെപി നേതൃത്വം ചർച്ച തുടരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എൻഡിഎ മുന്നണിയോടു സഹകരിക്കാൻ സാധ്യതയുള്ളവരുമായും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നാളെ ഡൽഹിയിൽ ചർച്ച നടക്കുക. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള സംസ്ഥാന നേതാക്കൾ ചർച്ചകൾക്കായെത്തും.
ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചർച്ചയ്ക്കു തൊട്ടുപിന്നാലെതന്നെ ജയസാധ്യതയുള്ള പ്രധാന സീറ്റുകളിലെ എൻഡിഎ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങാനാണു തീരുമാനം. യുഡിഎഫ്, എൽഡിഎഫ് മുന്നണികളേക്കാൾ ഒരു പടി മുന്നിലെത്താനും 16 മുതൽ 20 വരെ സീറ്റുകളിൽ ജയത്തിനായി പോരാടാനുമാണ് ബിജെപി തന്ത്രം.
Sports
തമിഴ് ചിത്രമായ പടയപ്പയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ സിഗ്നേച്ചര്‍ ഡയലോഗാണ് ‘എന്‍ വഴി തനി വഴി’... ഈ ഡയലോഗ് കൈയില്‍ പച്ചകുത്തിയൊരു ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരമുണ്ട്; ആദിത്യ അശോക്.
പേരു കേള്‍ക്കുമ്പോഴേ അറിയാം ഒരു തമിഴ്/മലയാളി ടച്ച്. തലപുകയ്ക്കേണ്ട, വെല്ലൂരില്‍ ജനിച്ച തനിത്തമിഴനാണ് 23കാരനായ ആദിത്യ അശോക്. രജനീകാന്തിന്റെ കടുത്ത ആരാധകന്. അതുകൊണ്ടാണ് രജനി ചിത്രത്തിലെ ഡയലോഗ് കൈയില്‍ പച്ചകുത്തിയത്.
ആദിത്യയുടെ നാലാം വയസില്‍ കുടുംബം ന്യൂസിലന്‍ഡിന്റെ ഓക്ലന്‍ഡിലേക്കു ചേക്കേറി. എന്നാല്‍, തമിഴ്നാടുമായുള്ള വഴി പിരിയാന്‍ ആദിത്യ കൂട്ടാക്കിയില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അക്കാദമിയില്‍ പരിശീലനം നേടി. ന്യൂസിലന്‍ഡിനായി 2023 ഓഗസ്റ്റില്‍ ട്വന്റി-20യിലും ഡിസംബറില്‍ ഏകദിനത്തിലും അരങ്ങേറി.
നാളെ ഇന്ത്യക്കെതിരേ ആരംഭിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് സംഘത്തില്‍ ആദിത്യ അശോക് ഉണ്ട്. ഇഷ് സോധി, അജാസ് പട്ടേല്‍ എന്നിവര്‍ക്കുശേഷം ന്യൂസിലന്‍ഡിനായി കളിക്കുന്ന ഇന്ത്യന്‍ വംശജനായ സ്പിന്നറാണ് ലെഗ്ബ്രേക്ക് ഗൂഗ്ലി ബൗളറായ ആദിത്യ.
വെല്ലൂരില്‍ മാത്രമല്ല, വഡോദരയിലും ആദിത്യയുടെ കുടുംബവേരുകളുണ്ട്. നാളെ വഡോദരയില്‍ ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനായി ആദിത്യ ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്.
Sports
കോൽക്കത്ത: തീവ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കു നിർദേശം. ഈ മാസം ഒമ്പതിനും 11നും ഇടയിൽ അദ്ദേഹത്തിന്റെ ഹിയറിംഗ് നടക്കും.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈയെ ശ്രേയസ് അയ്യർ നയിക്കും.
ക്യാപ്റ്റൻ ഷർദൂൾ ഠാക്കൂർ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് ദേശീയ ടീമിന്റെ വൈസ്ക്യാപ്റ്റൻ കൂടിയായ ശ്രേയസ് മുംബൈയുടെ നായകനാകുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയൻ പരന്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് ജയ്പൂർ വിദ്യാലയ സ്റ്റേഡിയത്തിൽ കഠിന പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്തശേഷമാണ് മുംബൈക്കൊപ്പം ചേരുന്നത്.
വിജയ്ഹസാരെ ട്രോഫിക്ക് ശേഷം ന്യൂസിലൻഡിനെതിരായ ഏകദിന ഹോം മത്സരത്തിലാണ് താരം കളിക്കുക.
Sports
ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.
ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.
26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.