Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടാഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. നൗഫൽ (36) എന്ന മട്ടാഞ്ചേരി സ്വദേശിയാണ് എംഡിഎംഎയുമായി പിടിയിലായത്.
കൊച്ചി ഡാൻസാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ആദ്യം 15 ഗ്രാം എംഡിഎംഎ ഇയാളുടെ കൈയിൽ നിന്ന് പിടികൂടി. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനിലാണ് രണ്ട് കിലോ എംഡിഎംഎ കണ്ടെത്തിയത്.
ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി സൂചനയുണ്ട്, എന്നാൽ ഇതുവരെ ആ കാര്യത്തിൽ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് ഡാൻസാഫ് സംഘം പരിശോധന തുടരുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡാൻസാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പൊലിസുകാരെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിനീത്, റോജിൻ എന്നിവർക്ക് നേരെയാണ് വധശ്രമമുണ്ടായത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൊലിസുകാരെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്.
വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലിസിന്റെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും അൾട്ടോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കാർ നിർത്തിയ ശേഷം പിന്നോട്ടെടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു.
റോജിന്റെ കാലിലൂടെ കാർ കയറ്റിയിറക്കി. വാഹനത്തിലുണ്ടായിരുന്നവർ ലഹരിസംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Kerala
മലപ്പുറം: തിരൂർ കല്പകഞ്ചേരിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.
ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതിൽ എംഡിഎംഎ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഹാഷിമിന്റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
സമീപകാലത്ത് പ്രദേശത്തുനിന്ന് പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ കഴിഞ്ഞദിവസം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടികൂടി. വെള്ളിയാഴ്ച അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ പോലീസ് വാഹനം ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ പരിഭ്രാന്തി പരത്തി. ലഹരി വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.
ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട പോലീസ് വാഹനം ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.
ആൾക്കൂട്ടം ചോദ്യം ചെയ്തതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘമെത്തി വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.
ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
Kerala
കോഴിക്കോട്: നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതികൾ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത്. പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു.
കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പോലീസിന്റെ കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തെ ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കല്ലമ്പലത്ത് നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. വർക്കല നടയറ കോണത്ത് വീട്ടിൽ നിയാസ്, നടയറ കുന്നിൽ പുത്തൻ വീട്ടിൽ ആഷിക്, ചെറുന്നിയൂർ തെറ്റിക്കുളം ചരുവിള വീട്ടിൽ സേതു, ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 9.15 ഓടെ കല്ലമ്പലം - വർക്കല റോഡിൽ വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരി കടത്ത് സംഘത്തെ ജില്ലാ റൂറൽ എസ്പിയുടെ നിർദേശാനുസരണം ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസും ചേർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘത്തെ പ്രതികൾ കാർ കൊണ്ട് ഇടിച്ചു ഇടാൻ ശ്രമിക്കുകയും ചെയ്തു.
കാറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 4.79 ഗ്രം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതികളെ കല്ലമ്പലം പോലീസിന് കൈമാറിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം ഇരുമ്പത്ത് ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസാണ് ഇരുവരെയും പിടികൂടിയത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളാണ് ഇരുവരും. ഇവർ സഹോദരങ്ങളാണെന്നും വിവരമുണ്ട്. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്.
പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി.
ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റു ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ലഹരി വിനിമയം തടയുന്നതിനായി പരിശോധന കർശനമായി തുടരുമെന്ന് പോലീസ് കമ്മീഷ്ണർ അറിയിച്ചു.
Kerala
മലപ്പുറം: കോട്ടയ്ക്കലിൽ എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. ഊരകം പുത്തന്പീടിക കോഴിക്കര മാട്ടില് ഉസ്മാന് (28), മൊറയൂര് സ്വദേശി കൊളൊറുടിവില് ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കല് അഷ്റഫ്(37) എന്നിവരാണ് അറസ്റ്റിലായത്.
89 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്സ്പെക്ടര് ദീപകുമാറും സംഘവും ആണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. വില്പ്പനക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നും അഷ്റഫിന്റെ പേരില് മൂന്ന് കേസുകള് ഉള്ളതായും പോലീസ് അറിയിച്ചു.
നാര്ക്കോട്ടിക് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Kerala
കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് 177 എംഡിഎംഎ ഗുളികകൾ പിടികൂടി. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
എഞ്ചിനീയറിംഗ് വിദ്യാർഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.
Kerala
കൊച്ചി: അങ്കമാലിയിൽ 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
പ്രതികൾ ബംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
ഡാൻസാഫ് ടീമിനൊപ്പം, ഡിവൈഎസ്പി മാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്ഐമാരായ കെ.പി. വിജു, എം.എസ്. ബിജിഷ്, എൻകെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ. ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. മൂന്നര ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ.
സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. എയർപോർട്ട് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Kerala
കോഴിക്കോട്: മുക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്. മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില് മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ മുക്കം മിനി സിവില് സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില് വച്ചാണ് 500 ഗ്രാം എംഡിഎംഎയുമായി ഇയാളെ കോഴിക്കോട് റൂറല് എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാന്സാഫ് സംഘം പിടികൂടിയത്.
കേരളത്തിലെ മൊത്ത വിതരണക്കാരില് പ്രധാനിയായ ഹനീഫയെ ഡാന്സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാള് ഡല്ഹില് നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.
തുടര്ന്ന് വില്പ്പനക്കായി ലഹരിവസ്തുക്കള് കൊണ്ട് പോവുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള് ഡല്ഹി കേന്ദ്രീകരിച്ച് വന്തോതില് ലഹരി കേരളത്തില് എത്തിക്കുന്ന ആളാണന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.
Movies
രൂപത്തിലും ഭാവത്തിലും കഥാപാത്രത്തിന്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് ഡാൻസാഫ്. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
എൻവിപി ക്രിയേഷൻസ്, കെജിഎഫ് സ്റ്റുഡിയോസിന്റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഡാർസാഫ് സംഘത്തിന്റെ ലഹരി വേട്ട ഏറെ ത്രില്ലറായും ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ, ജോയ് മാത്യു, ഉണ്ണി ലാലു, സുധീഷ്, രഘുനാഥ് പലേരി, സൂര്യാകൃഷ്(പൊങ്കാല ഫെയിം) ജീവ, ജയേഷ് പുന്നശേരി, വിനോദ് ആന്റണി , സതീഷ് നമ്പ്യാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന ഋഷി ഹരിദാസ്, ജിതിൻ രാജ് സി., ഛായാഗ്രഹണം -എൽബൻ കൃഷ്ണ. എഡിറ്റിംഗ് - കപിൽ കൃഷ്ണ, കലാസംവിധാനം സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും - അഫ്രിൻ കല്ലൻ, ചീഫ് - അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. സ്റ്റിൽസ്- ഷിബി ശിവദാസ്. മുക്കം, താമരശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ ആറര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പുർ സ്വദേശി ബാബുൽ മിത്ര(41) ആണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ബാബുൽ പിടിയിലായത്.
ആലുവ മാറമ്പിള്ളി ഭാഗത്തേയ്ക്ക് വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.
Kerala
മലപ്പുറം: വിൽപ്പനയ്ക്കായെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വലിയ പീടിയേക്കൽ സൈഫുദ്ദീൻ (36)എന്നയാളാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ വെള്ളില കോഴിപ്പറമ്പ് എന്ന സ്ഥലത്തെ വീട്ടിൽ വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ 50 ഗ്രാം എംഡിഎംഎയുമായാണ് അറസ്റ്റിലായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ജില്ലയിലെ ഡാൻസാഫ് സ്ക്വാഡും നടത്തിയ രഹസ്യാന്വേഷണത്തിൽ ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്ന ചിലരെകുറിച്ച് സൂചനകൾ ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സൈഫുദ്ദീൻ അറസ്റ്റിലായത്. ബാംഗളൂരിൽ നിന്ന് കാറിൽ കൊണ്ടുവന്ന ലഹരിമരുന്ന് രാത്രിയിൽ വീട്ടിൽ വച്ച് പാക്കറ്റുകൾ ആക്കുന്ന സമയത്താണ് പോലീസ് എത്തി പരിശോധന നടത്തിയത്.
Kerala
കൊല്ലം: ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി.
സ്കൂൾ,കോളജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് രാസലഹരി എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്എച്ച്ഒ അറിയിച്ചു.
Kerala
കോഴിക്കോട്: ചെലവൂര് പട്ടാളമുക്കില് 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറായില് ജംഷീറാണ് പിടിയിലായത്.
ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില് നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില് നിന്നും കാര് മാര്ഗമാണ് ഇയാള് കഞ്ചാവ് എത്തിച്ചത്.
കഞ്ചാവ് കടത്തിയതിന് ഇയാള് മുമ്പും പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ കാര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: മമ്പാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നടുവക്കാട് സ്വദേശി അഫ്സലാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടികൂടി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. എംഡിഎംഎ വിൽപനയ്ക്ക് എത്തിയ അഫ്സലിനെ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു. അരുവാക്കോട് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ഡാൻസാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾക്ക് എവിടെ നിന്നാണ് ലഹരി വസ്തുക്കൾ ലഭിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ബലാത്സംഗ, കഞ്ചാവ് കേസുകളിലും പ്രതിയാണ് അഫ്സൽ.
Kerala
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.