മദ്യപിച്ച് വാഹനം ഓടിച്ച ഡാൻസാഫ് സംഘത്തെ നാട്ടുകാർ തടഞ്ഞപ്പോൾ
പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ പോലീസ് വാഹനം ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ പരിഭ്രാന്തി പരത്തി. ലഹരി വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.
ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട പോലീസ് വാഹനം ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.
ആൾക്കൂട്ടം ചോദ്യം ചെയ്തതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘമെത്തി വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.
ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
Tags : Investigation Crime KeralaPolice Arrest Dansaf