ബൂണിയ: ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയിൽ കിഴക്കൻ കോംഗോയിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു. ഒരാഴ്ചയ്ക്കിടയിൽ മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വൈറസ് വ്യാപനം അതിവേഗം പടരുന്നതിന്റെ സൂചനയാണ് മരണനിരക്കിലെ വർധനയെന്ന് അധികൃതർ വ്യക്തമാക്കി. കോംഗോ സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 3442 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1521 പേർ മരിച്ചു. മേയ് 15-നാണ് നിലവിലെ രോഗബാധ രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുൻകാല എബോള വ്യാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ പടരുന്ന ബുണ്ടിബുഗ്യോ വൈറസിനെതിരേ ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ലാത്തത് സ്ഥിതിഗതികൾ വഷളാക്കുന്നു. മുമ്പുണ്ടായ എബോളവ്യാപനത്തേക്കാളും വേഗത്തിലാണ് നിലവിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.