National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചുകൊന്ന യുവതി പിടിയിൽ. മജ്ഹോല സ്വദേശിയായ പവൻ താക്കൂർ (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ പവന്റെ ഭാര്യ ആഞ്ചൽ, ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത്, ആഞ്ചലിന്റെ സഹോദരി ശിഖ, ശിഖയുടെ കാമുകൻ അജയ് എന്നിവരാണ് പിടിയിലായത്.
ആഞ്ചലും അങ്കിതും തമ്മിലുള്ള ബന്ധം പവൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പവനെ കൊലപ്പെടുത്താൻ ആഞ്ചലും അങ്കിതും കൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശിഖയും അജയും കൂടി വീട്ടിൽ വന്ന ശേഷം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പവനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു. അവശനിലയിലായ പവനെ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു.
പിന്നീടാണ് ആത്മഹത്യാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാൽ പവന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പാലോട്: ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പാലോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദീപാലങ്കാരങ്ങൾ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു. ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ അപ്രതീക്ഷിതമായി സനുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കര്‍ (71) ആണ് മരിച്ചത്. അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസിക്കും ഷോക്കേറ്റിട്ടുണ്ട്.
ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയ അബൂബക്കറിന് ടാങ്കിന് സമീപത്ത് കൂടി കടന്നുപോകുന്ന ഇലക്ട്രിക് വയറിൽ തട്ടിയാണ് ഷോക്കേറ്റത്. വയോധികൻ ഷോക്കേറ്റ് ദൂരത്തേക്ക് തെറിച്ചുവീണിരുന്നു.
ശബ്ദം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസി മാടാനയില്‍ ആഷിറിനും ഷോക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബൂബക്കറിന്റെ ജീവൻ രക്ഷിക്കാനായില്ല.
ആഷിർ പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
District News
മങ്കൊമ്പ്: കാവാലം കിഴക്കേചേന്നംകരിയിൽ വീടിനോടുചേർന്നുള്ള ഷെഡിൽ തുണി ഉണക്കാനിടുന്നതിനിടെ ഗൃഹാഥന്‍ ഷോക്കേറ്റു.
നീലംപേരൂർ കണ്ണന്തറ വീട്ടിൽ ജോസുകുട്ടിക്കാണ് ഷോക്കേറ്റത്. ഇതിന്റെ ആഘാതത്തിൽ തെറിച്ചുവീണതിനെത്തുടർന്ന് കൈയ്ക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 11 ഓടെ കോഴിച്ചാൽ വടക്കു പാടശേഖരത്തിന്റെ പുറംബണ്ടിലുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. വീടിനു സമീപത്തെ ഷെഡിനുള്ളിൽ തുണി വിരിച്ചിടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തുടർന്നു ഇടതുകൈയുടെ വിരലിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലേക്കുള്ള സർവീസ് വയറിലെ തകരാറുമൂലമാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടസാധ്യതയുയർത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ കൃഷ്ണപുരം തോടിനു കുറുകെ നാലോളം സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ കടന്നുപോകുന്നുണ്ട്. വള്ളങ്ങളും മറ്റും കടന്നുപോകുന്നതിനാൽ അപകട സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വാദം.
പഴയ കമ്പികൾ മാറ്റി പകരം ഇവിടെ കേബിളുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നത്. പ്രദേശത്തെ മിക്ക ലൈനുകളും മാറ്റി കേബിളുകൾ സ്ഥാപിച്ചെങ്കിലും അപകടസാധ്യത ഏറെയുള്ള ഇവിടെ ഇതുവരെ കേബിളുകൾ സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
പാലക്കാട്: ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മങ്കര കല്ലൂർ സ്വദേശി അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ എന്ന രവി ആണ് മരിച്ചത്.
കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞ് വീണ രവിചന്ദ്രനെ ഉടൻ ആശുപത്രി യിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലിശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂർ: വിവാഹ പന്തലിന്റെ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം നടന്നത്. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിന്റെ ഇരുന്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് സുരേന്ദ്രന് ഷോക്കേറ്റത്.
Kerala
തിരുവനന്തപുരം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും.
മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി.
സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
സംഭവത്തിൽ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊല്ലം: വിദ്യാർഥി സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
റിപ്പോർട്ട് തേടി. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റക്കാർക്കെതിരേ മുഖ്യം നോക്കാതെ നടപടിയെടുക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.
Kerala
കൊല്ലം: സ്കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.
കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.