Health
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട് . ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത്
എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടി
രിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി
ബാധിക്കുന്നു.
‘പട്ടിണി’ മോഡ് !
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു. ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല. ഉദാഹരണത്തിന്...ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പരമ്പരയ്ക്കായി കൊച്ചിയിലെത്തിയ പ്രസിദ്ധ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയുടെ സംഘത്തിലെ രണ്ടുപേരെ യെല്ലോ ഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നും പിന്നീട് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പ്രവേശനാനുമതി നൽകിയെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പകർച്ചവ്യാധികളുടെ രാജ്യാതിർത്തി കടന്നുള്ള വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര യാത്രാനിയമങ്ങളുടെ പ്രാധാന്യം ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.
ഗുരുതരമായ വൈറസ് രോഗം
യെല്ലോ ഫീവർ (Yellow Fever) കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ്. പ്രധാനമായും ആഫ്രിക്കയിലെയും മധ്യ-ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് രോഗവ്യാപനം കാണപ്പെടുന്നത്. രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളാണുണ്ടാകുന്നത്. എന്നാൽ ചിലരിൽ രോഗം ഗുരുതരമാവുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും രക്തസ്രാവത്തിനും മരണത്തിനും കാരണമാവുകയും ചെയ്യാം.
ഗുരുതരരോഗികളിൽ മരണനിരക്ക് 30–60 ശതമാനം വരെയാകാം. യെല്ലോ ഫീവറിന് പ്രത്യേകമായി അംഗീകരിക്കപ്പെട്ട ആന്റി വൈറൽ ചികിത്സയില്ല. എന്നാൽ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണ്.
ഒരു ഡോസ് വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നു; അന്താരാഷ്ട്ര യാത്രയ്ക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാധാരണയായി കുത്തിവയ്പ്പിന് 10 ദിവസം കഴിഞ്ഞാണു പ്രാബല്യത്തിൽ വരുന്നത്.
ഏതു രാജ്യങ്ങളിലാണ് രോഗസാധ്യത?
ആഫ്രിക്കയിൽ അംഗോള, നൈജീരിയ, ഘാന, ഉഗാണ്ട, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കൻ ഭൂഖണ്ഡത്തിൽ ബ്രസീൽ, കൊളംബിയ, പെറു, ബൊളീവിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലുമാണ് യെല്ലോ ഫീവർ പകരാനുള്ള സാധ്യതയുള്ള പ്രദേശങ്ങൾ.
കേരളം എന്തുകൊണ്ട് ജാഗ്രത പുലർത്തണം?
ലോകരാജ്യങ്ങളൂമായി അടുത്ത ബന്ധമുള്ള കേരളം ഭയത്തോടെ കാണുന്ന രോഗമാണ് യെല്ലോ ഫീവർ. കാരണം രോഗം പരത്തുന്ന ഈഡിസ് ഈജ്പ്റ്റൈ (Aedes aegypti ) കൊതുകിന്റെ സാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഫലമായി കൊതുകിന്റെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഡങ്കി പനിയാണ് ഈ കൊതുകുകൾ പരത്തുന്ന പ്രധാന രോഗം. ഡങ്കി പനി കേരളത്തിൽ വ്യാപകമാണ്.
ഈഡിസ് ഈജിപ്റ്റൈ കൊതുകൾ നിയന്ത്രണ വിധേയമാക്കാത്തതിനാൽ കേരളത്തിലേക്ക് ഇതേ കൊതുക് പരത്തുന്ന സിക്ക വൈറസ് രോഗം എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരും ഗൗരവമായെടുത്തില്ല. 2022 ൽ സീക്കാ വൈറസ് രോഗം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് കാലമായത് ഇതാരും ശ്രദ്ധിച്ചില്ല. ഗർഭിണികൾക്ക് സിക്ക രോഗം വന്നൽ ഗർഭസ്ഥശിശുകൾക്ക് ഗുരുതമായ ജന്മവൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
സീക്ക കേരളത്തിൽ എത്തിയ സാഹചര്യത്തിൽ യെല്ലോ ഫീവറും എത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും കേരളം കർശനമായി സ്വീകരിക്കേണ്ടതാണ്.
പ്രതിരോധം: യാത്രാനിയമങ്ങൾക്കപ്പുറം
യെല്ലോ ഫീവർ ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നവരും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരും വാക്സിനേഷൻ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രാരോഗ്യ പരിശോധനകൾ ഫലപ്രദമാക്കണം.
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സമയബന്ധിതമായി തിരിച്ചറിയാനും ആവശ്യമായ പരിശോധനയും തുടർനടപടികളും ഉറപ്പാക്കാനും സംവിധാനങ്ങൾ സജ്ജമായിരിക്കണം.
അതോടൊപ്പം, കൊതുകുനിയന്ത്രണം, രോഗനിരീക്ഷണം ശക്തിപ്പെടുത്തൽ, ആരോഗ്യപ്രവർത്തകരുടെ പരിശീലനം, പൊതുജന ബോധവൽക്കരണം എന്നിവയ്ക്കും മുൻഗണന നൽകണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ.
Health
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സിഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യജീവിതത്തിനു സഹായകം.
വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.
ചർമത്തിന്റെ അഴകിന്
ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച കുറയ്ക്കുന്നു
മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.
വിഷാദം കുറയ്ക്കുന്നതിന്
മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.
നീരും വേദനയും കുറയ്ക്കുന്നു
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.
കൃമികടിക്കു പരിഹാരം
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
എല്ലുകളുടെ കരുത്തിന്
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.
നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
( മരുന്ന് എന്ന രീതിയിൽ മഞ്ഞൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദേശം തേടണം)
Health
ഡിജിറ്റല്‍ ജീവിതത്തിലെ ഒരു 'ലൈക്ക്' പങ്കാളികൾക്കിടയിൽ സംശയത്തിന് ഇടയാക്കാം. സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് മുതല്‍ ഫോട്ടോ ലൈക്ക് ചെയ്യുന്നതുവരെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗങ്ങളില്‍ സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നതു സ്വാഭാവികം. 'മൈക്രോ-ചീറ്റിംഗ്' സംബന്ധിച്ച ഉള്ളടക്കം സോഷ്യല്‍ മീഡിയയിൽ ചർച്ചയാകാറുണ്ട്. പരസ്പരം സംശയിക്കപ്പെടുന്ന ദന്പതികൾ 'ഡിജിറ്റല്‍ ഡിറ്റക്ടിവ്' ആയി മാറിക്കൊണ്ടിരിക്കുന്നു.
പങ്കാളിയുടെ ഓണ്‍ലൈന്‍ ജീവിതത്തിലേക്കുള്ള പ്രവേശനം എത്രത്തോളം ന്യായമാണ്. ഒരു ബന്ധത്തിലെ തുറന്ന മനസിനും അനാരോഗ്യകരമായ നിരീക്ഷണത്തിനും ഇടയിലുള്ള രേഖ എവിടെയാണ് നമ്മള് വരയ്ക്കുക. അപ്പോള്‍, വഞ്ചനയായി കണക്കാക്കുന്നത് എന്താണ്, തുടങ്ങിയ ചോദ്യങ്ങൾ ഉയരാം. ഈ അതിജാഗ്രത ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥയിലേക്കെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
തങ്ങളുടെ പങ്കാളിയുടെ ഓണ്‍ലൈന്‍ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം പേരാണ് കൗണ്‍സിലര്‍മാരുടെ അടുത്തെത്തുന്നത്. പങ്കാളിയുടെ ഒരു പോസ്റ്റിന് ലൈക്ക്, കമന്റ് കിട്ടുകയാണെങ്കില്‍ അവര്‍ വഞ്ചിക്കുകയാണെന്ന് കരുതാന്‍ കഴിയുമോ അവര്‍ തങ്ങളുടെ മുന്‍ കാലഘട്ടത്തിലെ ഓര്‍മകളുമായി ജീവിക്കുകയാണെന്നു പറയാന്‍ കഴിയുമോ. ഓരോ ബന്ധത്തിനും വ്യത്യസ്തമായ അതിരുകള്‍ ഉണ്ട്, ദമ്പതികളുടെ അതിരുകളായിരിക്കില്ല അവിവാഹിതരുടെ അതിരുകള്‍ അല്ലെങ്കില്‍ കപടമുഖമുള്ളവരുടേത്.
മറ്റുള്ളവരുടെ വീഡിയോ, അല്ലെങ്കില്‍ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുക, അതിജാഗ്രത, അവിശ്വാസം തുടങ്ങിയ 'മൈക്രോ-ചീറ്റിംഗ്' പെരുമാറ്റങ്ങള്‍ അതിര്വരന്പുകള് ലംഘിച്ചാല്‍ ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിക്കാം. യുവതലമുറയ്ക്കിടയില്‍ ഇതു വ്യാപകമാണ്.
Health
അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസാന്‍ ഇടയാകും.
രോഗപ്രതിരോധ സംവിധാനത്തില്‍
സംഭവിക്കുന്ന വ്യത്യാസങ്ങൾ
രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്ക്കാന് നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.
ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ്
ആമവാതം പോലുള്ള ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍(സന്ധിവാതം) രാവിലെ എഴുന്നേല്ക്കുമ്പോള് ആയിരിക്കും വേദനയും കാഠിന്യവും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുന്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആര്‍ത്രൈറ്റിസുകളില്‍ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
ഗൗട്ട്
ഗൗട്ട് എന്ന ആര്‍ത്രൈറ്റിസില്‍(സന്ധിവാതം) ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല്‍ മീനുകള്‍, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്‍, ചീര, കൂണ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആദ്യഘട്ടങ്ങളില്‍ വേദനയുണ്ടാകുന്നത് ഒരു സന്ധിയില്‍ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്ക് ഇവ പടരുകയും ശരീരം തീരെ അനക്കാന്‍ സാധിക്കാത്ത സ്ഥിതി വരികയും ചെയ്തേക്കാം.
ഗൗട്ട് ഉണ്ടാകുന്നത്....
ശരീരത്തിലുള്ള ഡിഎന്‍എയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്റെയും മറ്റുചില ആഹാര പദാര്‍ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോത്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം
Health
സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്ത്തവമുറയില് വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.
കൗമാരത്തിൽ...
നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള് കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.
അമിത ശരീരഭാരം...
10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള് കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.
Health
ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും.
വയറിളക്കരോഗങ്ങൾ
വയറിളക്കരോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്.
ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം
മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഒആർഎസിൽ എന്തെല്ലാം?
ഒ.ആര്.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.
രോഗികള്‍ക്ക് ലവണാംശമുള്ള ഒ.ആര്.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.
ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്. എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്പാല്പ്പമായി ഒ.ആര്.എസ്. ലായനി നല്‍കണം.
വയറളിക്കരോഗങ്ങളുടെ തുടക്കത്തിൽ തന്നെ ഒ. ആർ. എസ്. (ഓറൽ റീഹൈ ഡ്രേഷൻ സാൾട്ട്)നൽകിയാൽ രോഗികളെ നിർജലീകരണമുണ്ടാകുന്നതിൽ നിന്നു രക്ഷിക്കാൻ സാധിക്കും. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
നിർജലീകരണ ലക്ഷണങ്ങൾ
ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം.
ഒആർഎസ് തയാറാക്കുന്നത്...
· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക
· ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് നോക്കുക
· വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക
· ഒരു പാക്കറ്റ് ഒ.ആര്.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് ഇളക്കുക
· വയറിളക്ക രോഗികള്‍ക്ക് ലായനി നല്‍കാം
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക
· ഒരിക്കല്‍ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.
സിങ്ക്
വയറിളക്ക രോഗമുള്ളപ്പോൾ ഒ. ആർ. എസിനൊപ്പം സിങ്കും നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും ദിവസം തോറും 14 ദിവസം വരെ സിങ്ക് നൽകുക. വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചോ, കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്.
വയറിളക്കം കുറയാതിരുന്നാൽ...
വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
സ്ത്രീകളുടെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ദീര്‍ഘകാല പ്രശ്നങ്ങള്‍ തടയാനും സഹായിക്കു. പിസിഒഡി ക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടിയാണ്. അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പി സി ഒ ഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
ആഹാരക്രമത്തിൽ ശ്രദ്ധിക്കാം
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം.തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോടു കൂടിയ millet (ചെറുധാന്യങ്ങള്‍) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും.
മുഴുധാന്യങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്‍സ്, സ്റ്റാനോളുകള്, സ്റ്റിറോളുകള്‍ എന്നിവ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു.
തൊലി കളയാത്ത പയറു വര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്ലേവോണുകള്‍ പ്രത്യുല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീനുകള്‍
പിസിഒഡി യുടെ ആഹാരപരിപാലനത്തില് പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയിട്ടുള്ള കോഴിയിറച്ചി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം. കശുവണ്ടി, ബദാം, വാള്‍നട്സ് എന്നിവ നിയന്ത്രണവിധേയമായി ഉള്‍പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്നീഷ്യം എന്നീ ലവണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും.
കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍
ആന്റിഓക്സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം. പഴങ്ങള്‍ അഡ്രിനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോല്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
ആവശ്യ വിറ്റാമിനുകളും ധാതുക്കളും
പച്ച ഇലക്കറികളും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (മരിച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
പാടനീക്കിയ പാലുല്‍പ്പന്നങ്ങള്‍
പാടനീക്കിയ പാലുല്‍പ്പന്നങ്ങള്‍ 200ml എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. പാലുല്‍പ്പന്നങ്ങളായ തൈര്, മോര് എന്നിവയില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
* സംസ്കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള ലഘുഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, കാര്‍ബണേറ്റഡ് ബിവറേജസുകള്‍, കൊഴുപ്പ് കൂടുതലുള്ള ആഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
*കേക്കുകള്‍, മിഠായികള്‍, മറ്റു മധുര പലഹാരങ്ങള്‍ എന്നിവ വളരെ കുറച്ചു മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
* കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല.
*ചുവന്ന മാംസം, സോസേജുകള്‍ എന്നിവയുടെ ഉപയോഗം പിസിഒഡി സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
* ഉയര്‍ന്ന ഗ്ലൈസീമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം.
* പിസിഒഡി ഉള്ള സ്ത്രീകളില്‍ മദ്യം കരളിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ബാലന്‍സ്, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയെ ദോഷകരമായി ബാധിക്കും.
ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കുക.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Health
കോസ്മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്‍, വര്‍ത്തമാനകാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാരീതിയാണ്. സ്ത്രീകളുടെ ഗര്‍ഭാശയ രോഗങ്ങള്‍ക്കും പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നത്.
കോസ്മെറ്റിക് ഗൈനക്കോളജിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കുന്നു. അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.
പിസിഒഡി, ഹോർമോൺ പ്രശ്നങ്ങൾ
സ്ത്രീകളില്‍ എപ്പോഴൊക്കെയാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പിസിഒഡി കൊണ്ടും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും സ്വകാര്യ ഭാഗങ്ങള്‍ക്ക് പല വ്യത്യാസങ്ങള്‍ ഉണ്ടാകാം.
വലിപ്പ വ്യത്യാസങ്ങള്‍, നിറ വ്യത്യാസങ്ങള്‍, അമിത രോമ വളര്‍ച്ച എന്നിങ്ങനെ. ഇത് അവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങള്‍ നമ്മള് കരുതലോടെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദനരഹിതമായും നമുക്ക് കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം. ഇതു ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും.
ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും
അടുത്തതായി കോസ്മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്‍ക്കാണ്. ഈ മാറ്റങ്ങള്‍ കാലക്രമേണ മാറാം, മാറാതിരിക്കാം.
സ്ട്രച്ച് മാർക്ക്
സ്ട്രച്ച് മാർക്ക് പലരുടെയും പ്രശ്നമാണ്. ഇതെല്ലാം ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഒപി രീതിയിൽ ചെയ്തു കുറയ്ക്കാനും ആകാരഭംഗി വീണ്ടെടുക്കാനും സാധിക്കും.
വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പാർക്കിൻസൺസ് രോഗം പാരമ്പര്യമാണോ?
മിക്ക കേസുകളും നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നതല്ല. എന്നാൽ ചിലരിൽ ജനിതക ഘടകങ്ങൾക്ക് (genetic factors) പങ്കുണ്ട്.
എങ്ങനെ നേരത്തെ കണ്ടെത്താം?
ഒറ്റ രക്തപരിശോധന (blood test) കൊണ്ട് രോഗം സ്ഥിരീകരിക്കാനാവില്ല. ന്യൂറോ ഡോക്ടറുടെ വിശദമായ പരിശോധന (clinical examination) ആണ് പ്രധാനപ്പെട്ടത്. ആവശ്യമായപ്പോൾ MRI, DaT-SPECT തുടങ്ങിയ പരിശോധനകളും സഹായിക്കും.
പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ ?
അല്ല. ചെറുപ്പത്തിലും പാർക്കിൻസൺസ് രോഗം ഉണ്ടാകാം.
സംസാരത്തെയും ബാധിക്കുമോ?
അതെ. ശബ്ദം താഴ്ന്നുപോകുകയും സംസാരത്തിന്റെ വ്യക്തത കുറയുകയും ചെയ്യാം.
നടത്തത്തിൽ മാറ്റമുണ്ടാകുമോ?
ചെറിയ ചുവടുകൾ, കൈകളുടെ സ്വാഭാവിക ആട്ടം (arm swing) കുറയുക, തിരിയാൻ ബുദ്ധിമുട്ട്, പിന്നീട് നടക്കുമ്പോൾ കാലുകൾ മരവിക്കുന്നതുപോലെ തോന്നൽ (freezing of gait) എന്നിവ ഉണ്ടാകാം.
ഓർമശക്തിയെ ബാധിക്കുമോ?
ചിലരിൽ പിന്നീട് ബുദ്ധിശക്തിയിലും ഓർമയിലും കുറവ് (cognitive impairment), ഡിമെൻഷ്യ (dementia) എന്നിവ ഉണ്ടാകാം. എന്നാൽ ഓർമക്കുറവ് മാത്രം ഉണ്ടായാൽ Parkinson’s എന്ന് കരുതരുത്.
മലബന്ധവും ഇതിന്റെ ഭാഗമാണോ?
അതെ. മലബന്ധം (constipation), ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക (reduced smell), ചില ഉറക്കവൈകല്യങ്ങൾ എന്നിവ ചലനേതര ലക്ഷണങ്ങളാണ് (non-motor symptoms).
പൂർണമായി സുഖപ്പെടുത്താനാകുമോ?
നിലവിൽ പൂർണമായ രോഗമുക്തിക്കുള്ള ചികിത്സയില്ല. എന്നാൽ മരുന്നുകളും വ്യായാമവും ഫിസിയോതെറാപ്പിയും (physiotherapy) സ്പീച്ച്/ഒക്കുപ്പേഷണൽ തെറാപ്പിയും (speech/occupational therapy) വഴി ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാം.
Levodopa എന്ന മരുന്ന് രോഗം വഷളാക്കുമോ?
ഇല്ല. ഇത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ്. ചലനലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണിത്.
മരുന്നുകൾ മതിയാകാതെ വന്നാൽ?
തിരഞ്ഞെടുത്ത രോഗികളിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation – DBS) പരിഗണിക്കാം.
എപ്പോഴാണ് DBS പരിഗണിക്കുന്നത്?
മരുന്നുകൾ കൊണ്ട് നല്ല ഫലം ലഭിക്കുന്നുണ്ടെങ്കിലും ചലനത്തിലെ ഏറ്റക്കുറച്ചിലുകൾ (motor fluctuations), അനിയന്ത്രിത ചലനങ്ങൾ (dyskinesia) അല്ലെങ്കിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര വിറയൽ (disabling tremor) ഉണ്ടാകുമ്പോൾ, അനുയോജ്യരായ രോഗികളിൽ DBS പരിഗണിക്കാം.
വ്യായാമം സഹായിക്കുമോ?
തീർച്ചയായും. ഏറോബിക് വ്യായാമം (aerobic exercise), പേശീബല പരിശീലനം (strength training), ബാലൻസ് പരിശീലനം (balance training) എന്നിവ ചലനശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
പേവിഷബാധയുള്ള മൃഗത്തിന്റെ കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില്‍ (ടാപ്പിനു ചുവടെയെങ്കില്‍ അത്യുത്തമം) 15 മുതല്‍ 20 മിനിട്ട് വരെ നന്നായി കഴുകുക. മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തില്‍ ചികിത്സയ്ക്ക് എത്തുക.
വാക്സിനേഷൻ രീതി...
മുറിവിന്റെ സ്വഭാവം, തലച്ചോറില്‍ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങള്‍ പരിശോധിച്ച് ഡോക്ടര്‍മാര്‍ വാക്സിനേഷന്റെ രീതി നിശ്ചയിക്കുന്നു. രോഗം സങ്കീര്‍ണമാകുന്നത് മുറിവിന്റെ ആഴവും തലച്ചോറില്‍ നിന്നുള്ള അകലവും അനുസരിച്ചാണ്. മുറിവിന്റെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ കടിയോ മാന്തലോ ഏറ്റ ഉടന്‍ തന്നെയും മൂന്നാം ദിവസവും ഏഴാം ദിവസവും 28 ം ദിവസവും തീര്‍ച്ചയായും വാക്സിനെടുക്കണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭിക്കും. മുറിവിന്റെ സ്വഭാവമനുസരിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്നതു പ്രകാരം പേവിഷബാധ തടയാനുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ (മുറിവിലും മുറിവിന്റെ ചുറ്റുവട്ടത്തും നല്കുന്ന ഇൻജക്്ഷന്‍) സ്വീകരിക്കുക.
നേരിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
- പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ
Health
ജലദോഷപ്പനി (H1N1, H3 N2, H5N1 ഇൻഫ്ളുവൻസ A,B വകഭേദങ്ങൾ)
ലക്ഷണങ്ങൾ
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ശ്വാസതടസം
ജലദോഷപ്പനി ഗുരുതരമായാൽ ന്യൂമോണിയ പോലുള്ള ഗുരുതര ശ്വാസകോശരോഗങ്ങൾ മുതൽ മരണം വരെ സംഭവിക്കാം
പ്രതിരോധ മാർഗങ്ങൾ
. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ തുണിയോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക.
. മൂക്കും വായും മൂടുന്ന വിധം മാസ്ക് ശരിയായി ധരിക്കുക.
. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക/സാനിറ്റൈസർ പുരട്ടുകയോ ചെയ്യുക.
. സാമൂഹിക അകലം പാലിക്കുക.
ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുക.
ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, കിടപ്പുരോഗികൾ, മറ്റ് ഗുരുതര രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കുക.
സ്വയം ചികിത്സ പാടില്ല
അതിജാഗ്രത പാലിക്കേണ്ടവർ ആരൊക്കെ?
ഗർഭിണികൾ
2 വയസ് വരെയുള്ള കുഞ്ഞുങ്ങൾ
മുതിർന്ന (60 വയസിനു മുകളിൽ) പൗരന്മാർ
നിയന്ത്രണാതീതമായ (പ്രമേഹമുള്ള രോഗികൾ
വിവിധ രോഗങ്ങൾമൂലം പ്രതിരോധശേഷി കുറഞ്ഞവർ
ഇവർക്ക് ജലദോഷം, പനി എന്നിവ ബാധിച്ചാൽ നിർബന്ധമായും
സ്വയം ചികിത്സ ഒഴിവാക്കുക; ഉടൻ വിദഗ്ധ ചികിത്സ തേടണം.
ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങിക്കഴിക്കരുത്.
ശ്രദ്ധിക്കുക
* പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
* ഇളം ചുടുള്ള പാനീയങ്ങൾ ധാരാളം കുടിക്കുകയും വീട്ടിൽ വിശ്രമിക്കുകയും ചെയ്യുക .
* കുറഞ്ഞത് 1 മീറ്റർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. സ്കൂൾ, തൊഴിലിടങ്ങൾ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക; അത്യാവശ്യ ഘട്ടങ്ങളിൽ സന്ദർശനത്തിന് മാസ്ക് ധരിക്കുക.
* ഹസ്തദാനം ഒഴിവാക്കുക
* ഭക്ഷണം കഴിക്കുന്ന പാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്
* മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക
ഇൻഫ്ലുവൻസ എ(H1N1), മറ്റ് ജലദോഷ രോഗങ്ങൾ
എന്നിവ ബാധിക്കുന്നത് എങ്ങനെ തടയാം?
അടച്ചുപിടിക്കുക:
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പർ കൊണ്ടോ വായും മൂക്കും അടച്ചുപിടിക്കുക.
ഒഴിവാക്കുക:
കൈകളിലേക്ക് തുമ്മുന്നത് ഒഴിവാക്കുക
കഴുകുക:
ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്
തൊടരുത്:
കഴുകാത്ത കൈകൾ കൊണ്ട് മൂക്കും കണ്ണും വായയും തൊടരുത്
വിവരങ്ങൾ -ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യകേരളം പാലക്കാട്
Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.
പലതരം വൈറസുകൾ
ആര്.എന്‍.എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
മുഖത്തും കഴുത്തിലും കടിയേറ്റാൽ
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ രോഗത്തിനുണ്ട്. സ്ത്രീകള്‍ രോഗവാഹകര്‍ (carriers) ആയിരിക്കും. സ്ത്രീകളിലുള്ള രണ്ട് 'X' ക്രോമസോമില്‍ ഒരെണ്ണത്തിന്റെ ജനിതക പരിവര്‍ത്തനമാണ് രോഗ കാരണം.
ഹീമോഫിലിയ A, ഹീമോഫിലിയ B
സാധാരണ ശരീരത്തില്‍ മുറിവ് സംഭവിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം മുറിഞ്ഞ സ്ഥലത്തെ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നില്ക്കുന്നു (clot). ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ പ്രധാന ഭാഗമായ Factor viii - ഓ Factor ix - ഓ രോഗിയുടെ രക്തത്തില്‍ ഇല്ലാത്തതുകൊണ്ടാണ് രക്തസ്രാവം സംഭവിക്കുന്നത്. Factor viii ന്റെ കുറവു കൊണ്ടുവരുന്ന രോഗത്തെ 'ഹീമോഫിലിയ A' എന്നും ix - ന്റെ കുറവുകൊണ്ട് വരുന്നതിനെ 'ഹിമോഫിലിയ B' എന്നും പറയുന്നു.
രാജകീയ ചരിത്രമുള്ള രോഗം
ഹീമോഫീലിയ പ്രാചീനകാലം മുതല്‍ അറിയപ്പെട്ടിരുന്ന രോഗമാണ്. യൂറോപ്യന്‍ രാജകുടുംബങ്ങളിലേയ്ക്ക് (റഷ്യ, ഡെന്മാര്ക്ക്, നോര്‍വെ, ജര്‍മ്മനി, സ്പെയിന്, ഫ്രാന്‍സ്) ഈ രോഗം പകര്‍ന്നത് 63 കൊല്ലം ഇംഗ്ലണ്ട് ഭരിച്ച ജര്‍മന്‍കാരിയായ വിക്ടോറിയാ രാജ്ഞിയില്‍ നിന്നായിരുന്നു (1838 - 1901). വിക്ടോറിയയുടെ പൂര്വികന്മാര്ക്ക് ഈ രോഗം ഉണ്ടായിരുന്നതായി രേഖകള്‍ ഇല്ല. വിക്ടോറിയയുടെ എട്ടാമത്തെ പുത്രന് ലിയോപോള്‍സ് ഹീമോഫിലിയ കൊണ്ട് 31 - മത്തെ വയസ്സില്‍ മരിച്ചു. രോഗവാഹിക ആയിരുന്ന സ്പെയിന് രാജ്ഞി ബിയാട്രിസിന്റെ (ഏറ്റവും ഇളയ മകള്‍) രണ്ട് ആണ്മക്കള് 19-ാം വയസിലും 31-ാം വയസിലും ഹീമോഫിലിയ രോഗം കൊണ്ട് മരിച്ചു. റഷ്യന്‍ വിപ്ലവ സമയത്തെ ചക്രവര്‍ത്തിയായിരുന്ന വിക്ടോറിയയുടെ വേറൊരു മകള്‍ അലക്സാന്‍ഡ്രയുടെ മകനായ അലക്സ് രാജകുമാരന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന രക്തസ്രാവം തന്റെ മാന്ത്രിക ശക്തികൊണ്ട് നിയന്ത്രിച്ചതിന്റെ പേരിലാണല്ലോ ഗ്രിഗറി റസ് പുട്ടിന് (1872 - 1916) എന്ന കപടസന്യാസിക്ക് റഷ്യന്‍ രാജകൊട്ടാരത്തില്‍ പ്രവേശന സ്വാതന്ത്ര്യം ലഭിച്ചത്. ഒന്‍പതു മക്കളുടെ മാതാവായ ഇന്ത്യന്‍ എംപറസ് ആയിരുന്ന (5 പെണ്ണും 4 ആണും) വക്ടോറിയയുടെ ഒരു പുത്രനും രണ്ടു പൗത്രന്മാരും ആറു പ്രപൗത്രന്മാരും (great grandsons) ഹീമോഫിലിയ രോഗികളായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. വിക്ടോറിയയും അവരുടെ മൂന്ന് പെണ് മക്കളും രോഗവാഹകരായിരുന്നു (Carriers).
1963-ലാണ് 'വേള്‍ഡ് ഫെഡറേഷന് ഓഫ് ഹീമോഫിലിയ' എന്ന സംഘടന മോണ്ട്രിയലില് (കാനഡ) ഹീമോഫിലിയ രോഗിയായിരുന്ന ബിസിനസുകാരന് ഫ്രാന്ക് ഷ്നാബെന്റെ നേതൃത്വത്തിലാണ് ഉടലെടുത്തത്. 1987 ല്‍ ആരംഭിച്ച 'ഹിമോഫിലിക് സൊസൈറ്റി ഓഫ് കേരള' യുടെ ബ്രാഞ്ചുകള്‍ കേരളത്തില്‍ പലയിടത്തും ഉണ്ട്. ഭാരതത്തില്‍ ഒരു ലക്ഷം ഹീമോഫിലിയ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ 2000 ഹീമോഫിലിയ രോഗികള്‍ ഹിമോഫിലിയ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ...
രക്തസ്രാവം നിര്‍ത്താന്‍ പണ്ട് നിരന്തരമായ രക്തസംചരണം (blood transfusion) ചെയ്തിരുന്നതു കൊണ്ട് ഹീമോഫിലിയ രോഗികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ വന്നിരുന്നു. എന്നാല്‍ 1992-ല്‍ ജനിതക പ്രക്രിയ കൊണ്ട് നിര്‍മ്മിച്ച Factor viii - ix വിപുലമായി വിപണിയില്‍ വന്നതോടെ ഹീമോഫിലിയ രോഗികളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 1960-കളില്‍ 11 വര്ഷമായിരുന്നെങ്കില് ഇപ്പോള്‍ 60 വര്‍ഷമാണ്. മൂന്നില്‍ ഒന്ന് രോഗികള്‍ മരിക്കുന്നത് തലച്ചോറിലെ രക്തസ്രാവം (Brain bleeding) കൊണ്ടാണ്. അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ എന്ന് ഗര്‍ഭിണികളിലെ അമ്നിയോട്ടിക് ദ്രാവകം പരിശോധിച്ചാല്‍ മനസിലാക്കാം. ഹീമോഫിലിയ രോഗമുള്ള കുടുംബങ്ങളിലെ ഗര്‍ഭിണികള്‍ക്ക് കൗണ്‍സലിംഗും ആവശ്യമാണ്. ഹീമോഫിലിയ A, Bയെക്കാളും നാലിരട്ടി കൂടുതലായികാണുന്നു. ഹീമോഫിലിയ രോഗത്തിന് ചികിത്സിക്കുന്ന 96 കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്.
സ്ത്രീകളില്‍ രോഗസാധ്യതയുണ്ടോ..?
ഹീമോഫിലിയ രോഗം സ്ത്രീകളില്‍ വരാമോ? അപൂര്‍വം സന്ദര്‍ഭങ്ങളില്‍ വരാം. അച്ഛന് ഹീമോഫിലിയ രോഗിയും അമ്മ രോഗവാഹകയുമാണെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ഹീമോഫിലിയ രോഗം വരാം. പെണ്‍കുട്ടിയില്‍ രോഗഹേതുവായ രണ്ട് X ലൈംഗിക ക്രോമസോമുകള്‍ ഉള്ളതുകാരണമാണ് രോഗമുണ്ടാകുന്നത്.
വിവരങ്ങൾ -ഡോ. പൗലോസ് കെ.പി, പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യുറ്റി ആശുപത്രി, തിരുവനന്തപുരം
Health
ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. പ്രധാനമായി അള്‍ട്രാ സൗണ്ട് സ്കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തില്‍ വൃക്കകളിലെ സിസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. വൃക്കകളില്‍ സിസ്റ്റുണ്ടെന്ന് അറിയുന്ന വേളയില്‍ രോഗിക്ക് പലവിധത്തിലുള്ള ആശങ്കകളും ആകുലതകളും ഉണ്ടാകുന്നു. നമ്മള് മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍ 90% സിസ്റ്റുകളും പ്രശ്നമുള്ളതല്ല. അപൂര്‍വമായി മാത്രം ചില സിസ്റ്റുകള്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
വൃക്കകളിലെ സിസ്റ്റുകള്‍ ഉപദ്രവകരമാകുന്നത് എപ്പോള്‍? എന്തുകൊണ്ട്?
സ്കാനിംഗിലൂടെ എത്ര മുഴകള്‍ ഉണ്ടെന്ന് മനസിലാക്കാം. അതിനോടൊപ്പം മുഴകള്‍ക്കുള്ളിലെ ദ്രാവകം തെളിഞ്ഞതാണെങ്കില്‍ 90% അവ ഉപദ്രവകാരിയല്ല. നേരെമറിച്ച് കലങ്ങിയതോ, രക്തമയമുള്ളതോ, മുഴയുടെ ഭിത്തിയില്‍ calcification ഉണ്ടെങ്കിലോ അവ ചില പ്രശ്നങ്ങള്‍ വരുത്താം. ഏതു പ്രായത്തിലാണ് മുഴകള്‍ കണ്ടുപിടിക്കുന്നത് എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ചെറിയ പ്രായത്തില്‍ മുഴ കണ്ടു പിടിക്കുന്നത് ഒരു പ്രശ്നത്തിന് കാരണമാകാം.
60 വയസ്സിനു മുകളിലുള്ള ഒരു വ്യക്തിക്ക് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ ഒരു മുഴ ഉണ്ടെങ്കില്‍ അത് സാധാരണ ഒരു അവസ്ഥയായി കണക്കാക്കാം, ഇവ പേടിക്കേണ്ടതായിട്ടില്ല. നേരെമറിച്ച് ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ കണ്ടു വരികയാണെങ്കില്‍ അത് ചിലപ്പോള്‍ Autosomal Dominant Polycystic kidney Disease (ADPKD) എന്ന രോഗമാകാം.
രോഗലക്ഷണങ്ങള്‍
യാദൃശ്ചികമായി സ്കാനിംഗിലൂടെ കണ്ടുപിടിക്കുന്ന ഭൂരിഭാഗം മുഴകളും യാതൊരു പ്രശ്നവും ഉണ്ടാക്കില്ല. വയറുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കകള്‍ക്ക് തകരാറ്, ക്രിയാറ്റിനിന്റെ അളവ് കൂടുക, മൂത്രത്തിന് ചുവന്ന നിറം വരിക, പനി, കുളിര് തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യമായും വൃക്കകളിലെ മുഴകള്‍ കണ്ടുവരാം.
ഗര്‍ഭിണികളില്‍ സ്കാന്‍ ചെയ്യുമ്പോള്‍ ചിലരില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വൃക്കകളില്‍ മുഴകള്‍ ഉള്ളതായി കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ ഒരു വൃക്കയില്‍ മാത്രം മുഴ ഉണ്ടെങ്കില്‍ അത് Dysplastic or multi cystic Kidney എന്ന അസുഖമാകാം. കുഞ്ഞുങ്ങളില്‍ രണ്ടു വൃക്കകളിലും സിസ്റ്റ് ഉണ്ടെങ്കില്‍ വൃക്ക തകരാറിന് കാരണമാവുകയും ചിലപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ടതായും വരാം. 5 - 10 വയസ് പ്രായമുള്ളവരില്‍ ആണെങ്കില്‍ അത് Autosomal Recessive Polycystic Kidney Disease (ARPKD) എന്ന അവസ്ഥയാകാം. ഈ സാഹചര്യത്തില്‍ വൃക്കകളില്‍ മാത്രമല്ല കരളിലും മുഴകള്‍ ഉണ്ടാകാം.
മറ്റൊരു അവസ്ഥയാണ് Medullary Cystic Kidney Disease, വൃക്കകളുടെ വലിപ്പം കുറഞ്ഞ് പല മുഴകള്‍ ഉണ്ടാകുന്നു. കൂടാതെ വൃക്കകളുടെ നടുക്കുള്ള ഭാഗത്തായിരിക്കും മുഴകള്‍ കാണുന്നത്. ഈ അവസ്ഥയുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ മൂത്രം പോകുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളർച്ച വരാം, ക്രിയാറ്റിനിന്‍ കൂടുതലാകാം, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് Medullary Cystic Kidney Disease ന്റെ ലക്ഷണങ്ങള്‍.
ചിലപ്പോള്‍ Kidney cyst ഉള്ളവരില്‍ മുഖക്കുരുവും, ശരീരത്തില്‍ പാടുകളും ഉണ്ടാകാം. ഇത് Tuberous sclerosis എന്ന അസുഖം ആകാം. ഇവരിൽ ചിലപ്പോള്‍ ജന്നി (Seizure / fits) എന്നിവ വരാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.
വിവരങ്ങൾ -ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം
Health
“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”
“എഴുത്ത് ചെറുതാകുന്നു…” “ശബ്ദം കുറഞ്ഞുവരുന്നു…” ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക. കാരണം കൃത്യമായി കണ്ടെത്തുക.ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക. കാരണം പാർക്കിൻസൺസ് -നെ നേരിടുന്നതിലെ ആദ്യ വിജയം-രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
• ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
• എഴുത്ത് ചെറുതാകുക — (micrographia)
• ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
• മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
• ചെറിയ ചുവടുകളോടെ നടക്കുക
• വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
• ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
• മലബന്ധം (constipation)
• ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
പാർക്കിൻസോണിസം കൈവിറയൽ മാത്രമല്ല. ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു. എഴുത്ത് ചെറുതാകുന്നു. ചലനങ്ങൾ പതുക്കെയാകുന്നു. ശബ്ദം താഴ്ന്നുപോകുന്നു. നടത്തത്തിൽ മാറ്റം വരുന്നു. ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം. അതുകൊണ്ട്, “കൈ വിറയ്ക്കുന്നു = 'പാർക്കിൻസൺസ് ' എന്നതും തെറ്റ്.
ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. “വിറയൽ ഇല്ല = 'പാർക്കിൻസൺസ് ' ഇല്ല” എന്നതും തെറ്റ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില്‍ insect bite reaction - IBR -എന്ന് പറയുന്നത്.
2 - 10 വയസ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല്‍ അറ്റോപി Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടു നില്ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടുള്ളവരും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന് കാണുന്ന രീതിയും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ IBR വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര് ഇടുക.
· ഇൻസക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream) ഇടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.
ചികിത്സാ രീതി
· ഡ്രൈ സ്കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോയിസ്ചുറൈസർ-moisturizer രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് mild steroid cream പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പോകുമെന്നതിനാല്‍ പ്രത്യേകിച്ച് Treatment / ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
എല്ലാ അർത്ഥത്തിലും മനുഷ്യരാശിയെ ദുരിതത്തിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവാതരോഗങ്ങൾ. ചില ചെള്ളുകൾ, ചില അണുബാധകൾ എന്നിവ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് സന്ധിവാത രോഗങ്ങളിൽ ലഭിച്ചിട്ടുള്ള പുതിയ അറിവുകളിൽ പറയുന്നത്.
രക്തപരിശോധന
സന്ധിവാത രോഗങ്ങൾ നിരവധി തരത്തിലുണ്ട്. ലളിതമായ രക്തപരിശോധനയിലൂടെ ഏത് തരത്തിലുള്ള സന്ധിവാത രോഗമാണ് എന്ന് ഇപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. രക്തപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ കൈകാര്യം ചെയ്യുകയാണ് എങ്കിൽ ലളിതമായ മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രോഗശമനം എളുപ്പമാകുകയും ചെയ്യും.
ശരിയായ രീതിയിലല്ല രോഗനിർണയവും ചികിത്സയും നടക്കുന്നതെങ്കിൽ രോഗശമനം ലഭിക്കുകയില്ല എന്ന് മാത്രമല്ല ഭാവിയിൽ അംഗവൈകല്യങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും വരെ കാരണമാവുകയും ചെയ്യാം.
സന്ധിവാത രോഗങ്ങൾ ആരംഭിക്കുന്നതിന്റെ ആദ്യ ഭാഗമായി ഏതെങ്കിലും സന്ധിയിൽ നീർക്കെട്ടും വേദനയും അനുഭവപ്പെടുമ്പോൾ കൂടുതൽ പേരും അത് വേണ്ടത്ര ഗൗരവത്തോടു കൂടി കാണാറില്ല. അതെല്ലാം തനിയെ മാറും എന്നാണ് പലരും പറയാറുള്ളത്. ആദ്യമായി ഏതെങ്കിലും സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് ചികിത്സ ഒന്നും തന്നെ ചെയ്തില്ല എങ്കിലും തനിയെ മാറുകയും ചെയ്യുന്നതായിരിക്കും. കുറച്ച് ദിവസത്തിന് ശേഷം വേറെ ഒരു സന്ധിയിൽ നീർക്കെട്ടും വേദനയും വരും. അതും ചിലപ്പോൾ തനിയെ മാറി എന്ന് വരാം. പിന്നെ പല സന്ധികളിലും നീർക്കെട്ടും വേദനയും ഉണ്ടാകും. ഒപ്പം പല തരത്തിലുള്ള പ്രശ്നങ്ങളും
സ്വയംചികിത്സ !
വേദന പ്രശ്നമാകുമ്പോൾ കുറേയേറെ പേർ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നവരാണ്. വേറെ കുറേ പേരുണ്ട്, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉപദേശം അനുസരിച്ച് നടക്കുന്നവരും ആയിരിക്കും.
ഇങ്ങനെയുള്ള ചികിത്സ സമ്പത്തും ആരോഗ്യവും ഒരുപോലെ നശിപ്പിക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല.
സന്ധിവാത രോഗങ്ങൾ നിരവധിയാണ്. ഓരോ സന്ധിവാത രോഗത്തിന്റെയും രസതന്ത്രവും വേറെ വേറെയാണ്. ഓരോരുത്തരിലും ഉള്ളത് ഏത് സന്ധിവാത രോഗമാണ് എന്ന് രക്ത പരിശോധനയിലൂടെ ഇപ്പോൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുകയും ചെയ്യും. സന്ധിവാത രോഗങ്ങൾ അലസമായാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, ഭാവിയിൽ ഗുരുതരമാകാനുള്ള സാധ്യതയും അംഗവൈകല്യങ്ങളും ഉണ്ടാകാവുന്നതാണ്. മറ്റ് സങ്കീർണ്ണതകളും ഗുരുതരാവസ്ഥകളും വേറെയും.
സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിൽ
സന്ധിവാത രോഗങ്ങൾ ലളിതമായ ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ലഭ്യമാണ്. സന്ധിവാത രോഗങ്ങൾ നീണ്ട കാലമായി അനുഭവിക്കുന്നവരിൽ കുറേയേറെ പേരിൽ അവരുടെ രോഗത്തിനു പിന്നിൽ മാനസിക സംഘർഷത്തിനുള്ള സ്വാധീനം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി പരീക്ഷണ സിദ്ധമായ തെളിവുകൾ വിവരിച്ചത് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരായിരുന്ന ജോർജ് എഫ് സോളമനും റുഡോൾഫ് മുസും ആയിരുന്നു. പാരമ്പര്യമായി സന്ധിവാത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന പലരിലും പ്രത്യേകിച്ച് സ്ത്രീകളിൽ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന് അവർ കണ്ടുപിടിച്ചു.
ഇങ്ങനെ രോഗം വരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും രോഗം വരാത്തവരിൽ പൊതുവെ മാനസിക പിരിമുറുക്കങ്ങളോ വിഷാദമോ ഇല്ലായിരുന്നു എന്നും അവർ തെളിയിക്കുകയുണ്ടായി.
അതുകൊണ്ട്, സന്ധിവാത രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കുമ്പോൾ ചികിത്സയോടൊപ്പം മനശ്ശാസ്ത്ര സമീപനവും കൂടി സ്വീകരിക്കുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ വളരെ വേഗം രോഗശമനം ഉണ്ടാകുന്നതാണ്. ആശുപത്രിയിൽ കിടക്കേണ്ടി വരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസിലാക്കുക. ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തി ന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്.
കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് - അതിനുള്ള ആദ്യപടിയാണ് ലേബൽ വായന.
ലേബൽ വായിക്കാം, ഹെൽത്തിയായിരിക്കാം
നമ്മൾ മലയാളികൾ വലിയ ഭക്ഷണപ്രിയരാണ്, എന്ത് പുതിയ രുചി വന്നാലും അത് എവിടെയാണെങ്കിലും നമ്മൾ അത് തേടിപ്പോകും. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് എത്ര നല്ല ബ്രാൻഡായിക്കോട്ടെ, നല്ല പാക്ക് ആയിക്കോട്ടെ, ഇനി മുതൽ എങ്കിലും പാക്കേജ് ഭക്ഷണം വാങ്ങും മുൻപ് ആ ലേബൽ ഒന്ന് വായിച്ചു നോക്കാം.
നാം വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളെയും (Ingredients) അവയുടെ ഗുണനിലവാരത്തെയും കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്. മായം കലർന്നതും കാലഹരണപ്പെട്ടതുമായ (Expired) ഭക്ഷണസാധനങ്ങൾ തിരിച്ചറിയാനും, കൃത്യമായ ലേബലിംഗ് പരിശോധിച്ചു മാത്രം വാങ്ങുക.
ട്രാൻസ് ഫാറ്റ് എന്ന നിശബ്ദ കൊലയാളി!
നിങ്ങളുടെ പ്രിയപ്പെട്ട പലഹാരങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാവാം. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: കവറിലെ 'Nutrition Facts' ലേബലിൽ ട്രാൻസ് ഫാറ്റിന്റെ അളവ് എത്രയാണെന്ന് കൃത്യമായി പരിശോധിക്കുക.
ചേരുവകൾ ശ്രദ്ധിക്കുക: ചേരുവകളുടെ ലിസ്റ്റിൽ (Ingredients List) "Partially Hydrogenated Vegetable Oil" (ഭാഗികമായി ഹൈഡ്രജനേറ്റഡ് പച്ചക്കറി എണ്ണ) അല്ലെങ്കിൽ "വനസ്പതി" (Vanaspati) എന്ന് കണ്ടാൽ അത് ഒഴിവാക്കുന്നതാണു നല്ലത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് 2006 പ്രകാരം, ഒരു ഭക്ഷണ പദാർഥത്തിലെ മൊത്തം എണ്ണ/കൊഴുപ്പിന്റെ 2%-ൽ കൂടുതൽ ട്രാൻസ് ഫാറ്റ് ഉണ്ടാകാൻ പാടില്ല. 100 ഗ്രാം അല്ലെങ്കിൽ 100 മില്ലി ലിറ്ററിൽ 0.2 ഗ്രാമിൽ താഴെ മാത്രമാണ് ട്രാൻസ് ഫാറ്റ് എങ്കിൽ മാത്രമേ ഉൽപ്പന്നങ്ങളിൽ TRANS FAT FREE എന്ന് രേഖപ്പെടുത്താൻ അനുമതിയുള്ളൂ.
ട്രാൻസ് ഫാറ്റ് ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്! സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1800 425 1125
വിവരങ്ങൾ -ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള സർക്കാർ
Health
ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല് മരവിപ്പ് / കാല് തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല് കടച്ചില്(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം.
ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാം?
പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല് തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നഴ്സുമാര്‍, അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നതു വഴി കാലിലെ പ്രഷർ ഗ്രേഡിയന്റ് ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചുകൊണ്ടുവരാനാവും.
സ്റ്റോക്കിംഗ്സിനു പകരം crape bandages ഉം ഉപയോഗിക്കാം. രണ്ടിനും pressure gradient ക്രമീകരിക്കാനാകുമെങ്കിലും, അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് Stockings ആണ്. പകല്‍ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. രാത്രികാലങ്ങളില്‍ കാല് പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയും ഒക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്റെ കാല് തടി കക്ഷണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.
ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. 'Buerger's Exercise' ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്റെ നിലയില്‍ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനു ശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്പാദം അനക്കുകയാണെങ്കില് ആശ്വാസകരമായി തോന്നും.
ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ കാല് പെരുപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
ഇതു കൂടാതെ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്നീഷ്യത്തിന്റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകള്‍, നട്സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ കാല് പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കും.
വിവരങ്ങൾ - അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Health
ഓറല്‍ അള്‍സറുകള്‍ എന്നത് വായുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായുടെ മുകള്ഭാഗം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ 1 - 2 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും.
വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിനു താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന് ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇന്‍ഫ്ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് കേടുപാടുകള്‍ക്കു കാരണമാകുന്നത്.
തടയാന്‍ കഴിയുന്ന കാരണങ്ങള്‍
· കവിളിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക.
· മൂര്‍ച്ചയുള്ള പല്ലുകള്‍, ബ്രേസസ്, തെറ്റായ രീതിയില്‍ ഫില്ലിംഗുകള്‍ ചെയ്യുന്നത്, ശരിയായിരിക്കാത്ത കൃത്രിമ പല്ലുകള്‍.
· ഫുഡ് അലര്‍ജി / എരിവോ ചൂടോ കൂടുതലുള്ള ഭക്ഷണം
· ഭക്ഷണമോ പാനീയമോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍
· മാനസിക സമ്മര്‍ദവും ഉത്കണ്ഠയും
· പല്ല് തേയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍.
തടയാന്‍ കഴിയാത്ത കാരണങ്ങള്‍
· കുടുംബപരമായ പ്രവണത / ജനിതകം.
· പോഷകക്കുറവ് - അയണ്‍, സിങ്ക്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി.
· ചില മരുന്നുകള്‍ - ഉദാ: എന്‍ എസ് എ ഐ ഡി, ബീറ്റ ബ്ലോക്കറുകള്‍.
· ഹോര്‍മോണ്‍ മാറ്റങ്ങള്‍ - ഉദാ: ഗര്‍ഭധാരണം.
· പുകയില ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അള്‍സറുകള്‍.
ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങള്‍
· കൈകാലുകളുടെയും വായുടെയും അസുഖങ്ങള്‍.
· ഓറല്‍ ലൈക്കണ് പ്ലാനസ്.
· Crohn's Disease / സീലിയാക് രോഗം.
· പ്രതിരോധശേഷിയില്ലായ്മ - എച്ച്ഐവി, ലൂപസ്.
വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Health
അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമാണ്. അലര്‍ജിയുടെ ലക്ഷണങ്ങള്‍ വളരെ വിശാലമാണ്. ഇത് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
മൂക്കിലെ ചൊറിച്ചിൽ
മൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക് മുകളിലേക്ക് തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്" എന്ന് വിളിക്കുന്നു. ഇത് മൂക്കിന് കുറുകെ തിരശ്ചീനമായ ചുളിവ് ഉണ്ടാക്കുന്നു.
ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ
ചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ് വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം. ചില അവസരങ്ങളില്‍ ഇവ ജീവനു ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം.
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.
രോഗനിർണയം
രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക), അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഡോക്ടറോട് അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവയാണ്.
രക്തപരിശോധന
നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ നിർദേശിക്കാറുണ്ട്.
വിവരങ്ങൾ: ഡോ. ടിനു ആൽബി, കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
Health
പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാതീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാം.
എങ്ങനെ ചികിത്സിക്കാം?
ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള് ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.
സ്വയം ചികിത്സ അരുത്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ അണുബാധയിലേക്ക് നയിക്കുന്നു.
ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.
· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.
· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
ഒരുപാടുപേരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോളിന്റെ ഉയർന്ന നില താഴുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ‘ഡയോസ്ജെനിൻ' എന്ന രാസഘടകമാണ് കൊളസ്ട്രോളിന്റെ ഉയർന്ന നില കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിട്ടുള്ളത്. അപൂർവമായി ചിലരിൽ ഉലുവ കഴിക്കുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നും മനസിലായിട്ടുണ്ട്.
സ്തനങ്ങളുടെ ആരോഗ്യത്തിന്
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ ഉലുവ സഹായിക്കും എന്ന വിശ്വാസം തലമുറകളായി പല രാജ്യങ്ങളിലും നിലവിലുള്ളതാണ്. ഡയോസ്ജെനിൻ എന്ന രാസപദാർഥത്തിന് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. സ്തനങ്ങളിലെ കോശങ്ങൾ വർധിപ്പിച്ച് സ്തനങ്ങളുടെ വലിപ്പം കൂടുന്നത് അങ്ങനെയാണ്.
അമിതഭാരം കുറയ്ക്കാൻ
രാവിലത്തെ ആഹാരത്തിന്റെ കൂടെ ഉലുവ വേവിച്ചതു കഴിച്ചവരിൽ പലരിലും അമിത ശരീരഭാരം കുറയുന്നതായി മനസിലായിട്ടുണ്ട്. വിശപ്പ് ഉണ്ടാകുന്നില്ല എന്നു പറയുന്നവർക്ക് ഉലുവ വേവിച്ചു കഴിക്കാൻ കൊടുക്കുന്നത് ജർമനിയിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്ന് വായിച്ചിട്ടുണ്ട്.
ലൈംഗിക ശേഷിക്ക്
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ആസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഉലുവ ഉപയോഗിച്ച് തയാറാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കഴിച്ച കുറേ പേരിൽ ലൈംഗിക ശേഷി വളരെ നല്ല നിലയിലാകുന്നതായി കാണുവാൻ കഴിഞ്ഞു എന്നാണ്. പേശികളുടെ ദൃഢത കൂടുകയും ചെയ്യുകയുണ്ടായി എന്നും പറയുന്നുണ്ട്. ഹോർമോണുകളുടെ നില നല്ല അവസ്ഥയിൽ ആകാൻ സഹായിക്കുന്ന ചില രാസപദാർത്ഥങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതായിരിക്കണം ഈ നല്ല ഫലങ്ങൾ ലഭിക്കുന്നതിനു സഹായിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ഒരുപാട് പഠനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
വിളർച്ചയ്ക്കു പരിഹാരം
മലബന്ധം അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ ഉലുവയുടെ ഇല നല്ലതാണ്. വിളർച്ചയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഇതുതന്നെ മതിയാകും. പ്രായപൂർത്തി ആകുന്ന സമയത്ത് പെൺകുട്ടികളിൽ പല അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും വളർച്ച ത്വരിതപ്പെടുത്താനും സഹായകം.
സ്വയംചികിത്സ വേണ്ട
ഇങ്ങനെയൊക്കെ ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് കരുതി നാളെ മുതൽ തന്നെ ധാരാളം ഉലുവ തിന്നു തുടങ്ങാം എന്നൊന്നും ആരും തീരുമാനം എടുക്കരുത്. കാരണം, ഈ വിഷയത്തിൽ പഠനങ്ങൾ പൂർണമായും നടന്നിട്ടുണ്ട് എന്ന് പറയാറായിട്ടില്ല. മാത്രമല്ല, ഉലുവ കൂടിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ശാസ്ത്രീയമായി അറിയില്ല. എന്തായാലും ഗർഭിണികളും ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. ഉലുവ ഔഷധമാണ്. അത് ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ചു വിവരം പറയണം. ഡോക്ടർ എന്തെങ്കിലും പരിശോധനകൾ നിർദ്ദേശിക്കുകയാണെങ്കിൽ അത് ചെയ്യണം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉള്ള അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.
1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു. ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു.
1956 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
1 .അബ്രസീവ് -
പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകൾ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാൽസ്യം കാർബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങൾ. എന്നാൽ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറൽ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാ
കുന്നു
2.ഡിറ്റർജന്റ് -
കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാൻ സാധിക്കാത്ത കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സോഡിയം ലൊറൈൽ സൾഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നൽകുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായിൽ നിന്ന് ഊർന്നിറങ്ങി പോകാതെ നിലനിർത്താൻ കൂടിയാണ്.
3. ഫ്ലൂറൈഡ് -
സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. 1000 മുതൽ 1100 പാർട്സ് പെർ മില്യൻ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളിൽ പറഞ്ഞ മൂന്നുമാണ്
പേസ്റ്റിലെ പ്രധാന ഘടകങ്ങൾ.
മറ്റു ഘടകങ്ങൾ
a. ഹ്യൂമക്റ്റെന്റ് - ടൂത്ത്പേസ്റ്റിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോൾ, സോർബിറ്റോൾ, ഗ്ലിസറിൻ.
b. പ്രിസർവേറ്റീവ്സ് - സോഡിയം ബെൻസോയേറ്റ്, മീതൈൽ പാരബൻ മുതലായ പ്രിസർവേറ്റിവുകൾ പേസ്റ്റിൽ സൂക്ഷ്മജീവികളുടെ വളർച്ച തടയും. ഇതിനാൽ ഇത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് - പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോൾ, സാക്കറിൻ
d. ഫ്ളേവേഴ്സ് - ചേരുവകളുടെ അരുചി മാറ്റാനായി
ചേർക്കുന്നു. ഉദാഹരണം പെപ്പർമിൻറ്റ്, സിനമൺ, മെന്തോൾ.
e.തിക്കനിംഗ് ഏജന്റ്സ് - നാച്ചുറൽ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയൽ ഏജന്റ്സ് - രോഗാണുക്കൾ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോൺ അയഡിൻ, ക്ലോർഹെക്സിഡിൻ
g. വൈറ്റനിംഗ് ഏജന്റ്സ് - പല്ലുകൾക്ക് വെൺമ കൂട്ടാൻ. ഉദാഹരണം ഹൈഡ്രജൻ പെറോക്സൈഡ്. പല്ലുകൾക്കിടയിലെ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വിവരങ്ങൾ -ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ്‍ 9447219903
Health
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്കുന്ന വാക്സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കാന് സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ മുന്‍കരുതലുകള്‍
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക. ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക. സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
അറിയുക, പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്സിനേഷന്, ചികിത്സ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്സിന്, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കും.
വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങൾ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വനസ്പതി അമിതമാകരുത്...
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്യുമ്പോൾ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.
മുലപ്പാലിന്റെ പരിശുദ്ധിക്ക്
പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.
പൊണ്ണത്തടി കുറയാൻ
കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന്Br അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.
പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?
പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.
വേദനസംഹാരി
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.
എണ്ണ മിതമായി
വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
കനച്ചത് ഉപയോഗിക്കരുത്
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
ഒലീവ് എണ്ണ
ഒലീവ് എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ചില ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ എവിടെ പ്രസവിക്കണം എന്നു തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. പക്ഷേ, ആ തീരുമാനം അഭികാമ്യമാണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത്
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാര്‍ വീടുകളില്‍ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തില്‍ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 2000 അമ്മമാര്‍ക്കാണു മരണം സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് ആ നിരക്ക് ഒരു ലക്ഷത്തില്‍ 19 ആയി ചുരുങ്ങിയിരിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ഒരു അമ്മ പോലും മരിക്കാന്‍ പാടില്ല എന്നതാണു വസ്തുത. കേരളത്തിന്റെ കാര്യത്തില്‍ പ്രസവത്തെ തുടര്‍ന്നുള്ള അമ്മമാരുടെ മരണനിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇവിടെ പ്രസവം ആശുപത്രിയില്‍ നടക്കുന്നു എന്നതുകൊണ്ടാണ്.
ആശുപത്രിയില്‍ പ്രസവം
നടത്തുന്നതിന്റെ ഗുണങ്ങള്‍
ഗര്‍ഭം, പ്രസവം എന്നൊക്കെയുള്ളത് ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അത് അത്രത്തോളം ലളിതമായി കണക്കാക്കാന്‍ സാധിക്കില്ല. പ്രസവ സമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാം. അതു മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവത്തില്‍ ഉണ്ടാകുന്ന അമിതമായ കാലവിളംബം ഇതൊക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ലഭിക്കില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ.
അപ്രതീക്ഷിത രക്തസ്രാവം
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം. വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
Health
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
എണ്ണ അളന്ന് ഒഴിക്കണം
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം. അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഒരിക്കൽ ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും...
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന ശീലവും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. ആവർത്തിച്ചു ചൂടാക്കൽ -റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. അത്തരം എണ്ണ ആരോഗ്യത്തിന് ഹാനികരം.
* ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
* കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
* എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. മുതിർന്നവരും ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികൾക്കു മാതൃകയാവുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്.
പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ദിവസം ഒരാൾക്ക്...
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.
6-7 വയസാകുന്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും(ബിപിയും) ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ...
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
സോയാസോസിലും സോഡിയം കൂടുതൽ
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി.
സ്ട്രെസ് അമിതമായാൽ
പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കുട്ടികളിലെ മൈഗ്രേൻ
കുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു.
കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ്‍ മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലർജിയും ഛർദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും.
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്:
1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ!
ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം
- കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
3. ഹെമിപ്ലേജിക് മൈഗ്രേൻ
ഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
4. ബാസിലാർ മൈഗ്രേൻ
ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
5. അബ്ഡൊമിനൽ മൈഗ്രേൻ!
തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികൾ മുതിരുന്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു. ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation).
* ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്.
* അതു നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്കുപ്പേഷണൽ (occupational) ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.
പ്രശ്നങ്ങളും പരിഹാരങ്ങളും
1. സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു
നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതു പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായകമാകുന്നു. എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
* രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം.
* കാല് തട്ടി വീഴാന്‍ കാരണമാകുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്.
* തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. പാകമായതും കനം കുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.
2. ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്.
* ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക
* ഉച്ചത്തില്‍ വായിക്കുക
* പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക
* കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക
3. ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം
സ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്.
* ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാണ്.
* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കണം. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
* കിടന്നു കൊണ്ട് ഭക്ഷണം കഴിക്കരുത്.
4. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കുറവ്, ഓര്‍മക്കുറവ്
ഏകാഗ്രത വീണ്ടെടുക്കാം
* കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക
* ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക
* ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കുക
* ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക...
* ശാന്തമായി വിശ്രമിക്കുക
* ചെറിയ നടത്തത്തിനു പോകുക
* സംഗീതം ആസ്വദിക്കുക...
5. ജീവിതം നഷ്ടമായി എന്ന തോന്നൽ
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്.
വിഷാദം മാറ്റാന്‍
* സ്വയം സമാധാനപ്പെടുക
* എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക.
* മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക
* കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക
* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക
* മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...
1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.
6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.
9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ശിശുപരിപാലനം: ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശിശുപ്രായം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
1. കുഞ്ഞിന് സ്നേഹവും സുരക്ഷിതത്വവും നല്‍കുക
കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്യുക. ഇതിലൂടെ കുഞ്ഞിന് സുരക്ഷിതത്വബോധം ലഭിക്കുകയും നാഡീവ്യൂഹം ശാന്തമാകുകയും ചെയ്യും. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ രക്ഷിതാക്കളുമായുള്ള സുരക്ഷിതമായ ബന്ധം (Secure Attachment) കുഞ്ഞിന്റെ ആത്മവിശ്വാസത്തിന്റെയും വൈകാരിക വളര്‍ച്ചയുടെയും ശക്തമായ അടിത്തറയാണ്.
2. ശാന്തമായ കുടുംബാന്തരീക്ഷം ഒരുക്കുക
രക്ഷിതാക്കളുടെ പെരുമാറ്റവും വികാരങ്ങളും കുഞ്ഞിനെ നേരിട്ട് സ്വാധീനിക്കുന്നു. ശാന്തവും സ്നേഹപൂര്‍ണവുമായ കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികാരോഗ്യത്തിനും വ്യക്തിത്വവികസനത്തിനും ഗുണകരമാണ്. കുഞ്ഞുങ്ങള്‍ കണ്ടും കേട്ടും പഠിക്കുന്നവരായതിനാല്‍ അവരുടെ മുന്നില്‍ പരസ്പര ബഹുമാനത്തോടെയും ക്ഷമയോടെയും പെരുമാറാന്‍ ശ്രദ്ധിക്കണം.
3. 'പെര്‍ഫെക്റ്റ്' രക്ഷിതാവാകാന്‍ ശ്രമിക്കേണ്ടതില്ല
ശിശുപരിപാലനത്തില്‍ പൂര്‍ണത എന്ന ആശയം യാഥാര്‍ഥ്യമല്ല. കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും എല്ലാ സമയത്തും നിറവേറ്റുക എന്നതല്ല നല്ല രക്ഷാകര്‍തൃത്വം. പ്രായത്തിന് അനുയോജ്യമായ പരിധികള്‍ നിശ്ചയിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ 'ഇല്ല' എന്ന് പറയുകയും ചെയ്യുന്നത് കുട്ടിയുടെ സ്വയംനിയന്ത്രണവും ക്ഷമയും വളര്‍ത്താന്‍ സഹായിക്കും. രക്ഷിതാക്കളുടെ ജീവിതശൈലിയും സംസാരരീതിയും കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്നു.
4. കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക
ഓരോ കുഞ്ഞും വ്യത്യസ്തരാണ്. അവരുടെ ഉറക്കം, വിശപ്പ്, കളി, സ്വഭാവം എന്നിവ ഒരേ രീതിയിലായിരിക്കണമെന്നില്ല. അതിനാല്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ അനാവശ്യ പ്രതീക്ഷകള്‍ വയ്ക്കുകയോ ചെയ്യാതെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക. സ്നേഹപൂര്‍വമായ ആശയവിനിമയവും നല്ല ബന്ധവും കുഞ്ഞിന്റെ വൈകാരിക സുരക്ഷിതത്വം വര്‍ധിപ്പിക്കും.
5. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്ക്രീന്‍ ടൈം ഒഴിവാക്കുക
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ടാബ്ലെറ്റ് തുടങ്ങിയ സ്ക്രീനുകള്‍ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തില്‍ ഭാഷാവികസനത്തെയും ശ്രദ്ധാകേന്ദ്രത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കാം. അതിനുപകരം കുഞ്ഞിനോട് സംസാരിക്കുക, കഥ പറയുക, പാട്ടുപാടുക, കളിപ്പാട്ടങ്ങളിലൂടെ ഇടപഴകുക എന്നിവയാണ് കൂടുതല്‍ ഗുണകരം.
6. കുഞ്ഞിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയുടെ വേഗവും കഴിവുകളും വ്യത്യസ്തമാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, അപര്യാപ്തതാബോധം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം. പകരം, കുഞ്ഞിന്റെ വ്യക്തിഗത കഴിവുകളും ചെറിയ നേട്ടങ്ങളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് ആരോഗ്യകരമായ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും സഹായകമാകും.
ഒരു കുഞ്ഞിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളല്ല; മറിച്ച് സ്നേഹവും കരുതലും സമയവും സുരക്ഷിതമായ കുടുംബാന്തരീക്ഷവുമാണ്. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ ലഭിക്കുന്ന മികച്ച പരിചരണമാണ് ഭാവിയിലെ ആരോഗ്യകരമായ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിത്തറ. അതിനാല്‍ ഓരോ രക്ഷിതാവും അറിവോടെയും ക്ഷമയോടെയും സ്നേഹത്തോടെയും ശിശുപരിപാലനത്തെ സമീപിക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട് - രശ്മി മോഹൻ എ, ചൈൽഡ് ഡെവലപ്മെന്റ്
തെറാപ്പിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.
രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ...
വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.
ആന്റി ബയോട്ടിക്സ് മരുന്നുകൾ കഴിക്കുമ്പോൾ...
ആന്റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിമൈക്രോബിയൽ മരുന്നുകൾ വാങ്ങിക്കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്
മലേറിയ മരുന്നുകൾ മുടക്കരുത്
മലേറിയ ചികിത്സിക്കുന്നതിന് ആന്റി മലേറിയ മരുന്നുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആന്റി മലേറിയൽ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രകാരം ആന്റി മലേറിയൽ പൂർണമായും കഴിച്ച് ചികിത്സ പൂർത്തിയാക്കണം. മുടക്കിയാൽ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധശക്തി ആർജിക്കുകയും ചികിത്സ വിഫലമാവുകയും ചെയ്യും.
രോഗീപരിചരണത്തിനിടെയുള്ള അണുബാധ തടയാം
പത്തിൽ ഒരു രോഗിക്ക് അണുബാധയുണ്ടാകുന്നതു രോഗീപരിചരണത്തിനിടയിലാണ്. കൈകൾ, ഉപകരണങ്ങൾ, പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിലൂടെ അണുബാധ പകരുന്നതു കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കു കഴിയും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Health
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.
ഏത് ആശുപത്രിയിൽ..?
സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും അവരുടെ സ്ട്രോക്ക് ഹെല്പ് ലൈൻ നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞുവച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
വലുപ്പമുള്ള രക്തക്കട്ട മാറ്റുന്നതിന്
ത്രോമ്പോളിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി കഥീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോ വാസ്കുലര്‍ റിവാസ്ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ഇതു ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.
* തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ 24 മണിക്കൂര്‍ വരെ എടുക്കാം. സിടി സ്കാന്‍ വിശദമായി പരിശോധിക്കുകയോ അല്ലെങ്കില്‍ എംആര്‍ഐ സ്കാനിംഗിലൂടെയോ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്ട്രോക്ക് വരികയും ത്രോമ്പോളിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക്
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു.
പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
സ്ഥിരമായ (Fixed) അലര്‍ജി
പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അലര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത് സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.
സൈക്ലിക് അഥവാ ചാക്രിക അലര്‍ജി
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.
ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്. മൂക്ക്, ചെവി, അണ്ണാക്ക് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ് മൂലമുള്ള തലവേദന, ചെവി അടപ്പ്, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.
Health
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍.
തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂറ്ററി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് TSH. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം
സ്ക്രീനിംഗ് ടെസ്റ്റായ TSH രക്ത പരിശോധനയില്‍ നോർമലിൽ( Normal value) കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു. TSH കൂടാതെ T3, T4, ആന്റിബോഡി ടെസ്റ്റുകളും രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നതുവഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ്, ജനറൽ മെഡിസിൻ,
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്.
മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ്‍ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം.
റെറ്റിനോയ്ഡുകൾ എപ്പോഴും ഉപയോഗിക്കാമോ?
അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നുകഴിഞ്ഞ് കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം ഗർഭം ധരിക്കാൻ.
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
മുഖക്കുരുവിന് ദീർഘകാലം മരുന്ന് ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ലേപനങ്ങൾ, സോപ്പുകൾ, ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ടിവന്നേക്കാം. ആന്റിബയോട്ടിക് ലേപനങ്ങൾ ദീർഘകാലം ഉപയോഗിക്കണം. എന്നാൽ ഒരേ ലേപനംതന്നെ ദീർഘകാലം ഉപയോഗിച്ചാൽ മുഖക്കുരുവിന് കാരണമായ ബാക്ടീരിയകൾ പ്രസ്തുത ആന്റിബയോട്ടിക്കിനെതിരേ പ്രതിരോധശേഷി നേടുന്നു. ഇത് അസുഖം ഭേദമാകാതിരിക്കുന്നതിനു കാരണമാകുന്നു. ആയതിനാൽ ഇടയ്ക്കിടെ ഇവ മാറ്റുന്നത് അത്യാവശ്യമാണ്. എന്നാൽ മുഖക്കുരുവിന് ഒരേ ലേപനം തന്നെ വർഷങ്ങളോളം ചിലർ ഉപയോഗിക്കാറുണ്ട്. ഇത് ഗുണം ചെയ്യില്ല.
ഗുളികയും ലേപനവും ഒരുമിച്ച് വേണോ?
മ ുഖക്കുരു വളരെ കൂടുതലുള്ളവർക്ക് ഉള്ളിൽ ഗുളിക കഴിക്കേണ്ടിവരും. ഉള്ളിൽ ഗുളിക കഴിക്കുന്ന സമയം ലേപനങ്ങൾ ഉപയോഗിക്കാത്തതാണു നല്ലത്. ഒരേസമയം ഇവ രണ്ടും ഉപയോ ഗിച്ചാൽ മുന്‍പു സൂചിപ്പിച്ചപോലെ ആന്റിബയോട്ടിക്കിനെതിരേ ബാക്ടീരിയ പ്രതിരോധശേഷി നേടുന്നതിന് കാരണമാകും.
പെട്ടെന്നു ഭേദമാകുമോ?
ചർമത്തിൽ ലേപനങ്ങളോ ലോഷനുകളോ പുരട്ടിയാൽ സാധാരണഗതിയിൽ അവയുടെ ഒരുശതമാനം മാത്രമേ ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ചർമം വരണ്ടതാണെങ്കിൽ രോഗമുള്ള ഭാഗം തണുത്ത ശുദ്ധജലത്തിൽ അൽപ്പസമയം മുക്കിവച്ച ശേഷം ഓയിന്റ്മെന്റ് പുരട്ടുന്നത് മരുന്നിന്റെ ആഗിരണം വർധിപ്പിക്കുന്നതിനു സഹായകം. ചർമരോഗമുള്ള ഭാഗത്തുനിന്ന് നീരൊലിപ്പ് ഉണ്ടെങ്കിൽ ആ ഭാഗത്ത് രണ്ടു ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂണ്‍ ഉപ്പിട്ട ലായനിയിൽ മുക്കിയ കോട്ടണ്‍ തുണി അൽപനേരം ചുറ്റിവയ്ക്കുന്നത് നീരൊലിപ്പ് കുറയ്ക്കുന്നതിനു സഹായകം. പിന്നീട് ലേപനങ്ങൾ പുരട്ടിയാൽ എളുപ്പത്തിൽ ഗുണം കിട്ടുന്നതായിരിക്കും. അസുഖം മാറാതെ വരുന്പോൾ ഡോക്ടർമാരെ മാറ്റിമാറ്റി പരീക്ഷിക്കുന്നത് കേരളീയരുടെ പൊതുസ്വഭാവമാണ്. പലപ്പോഴും ശരിയായ വിധത്തിൽ മരുന്ന് ഉപയോഗിക്കാതെയായിരിക്കും ഇങ്ങനെ പുതിയ ഡോക്ടർമാരെ തേടിയിറങ്ങുന്നത്. ചർമരോഗങ്ങൾ ഭേദമാകുന്നതിന് അതിന്റേതായ സമയം കൊടുക്കുന്നതാണു നല്ലത്.
സ്വയംചികിത്സ പ്രശ്നമാകുമോ?
ദിവസങ്ങൾകൊണ്ടു ഭേദമാകുന്ന ചർമരോഗങ്ങളുണ്ട്. മുഖക്കുരുപോലുള്ള പ്രശ്നങ്ങൾക്ക് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. അതിനാൽ ഗുണം കിട്ടിയില്ലെന്നു പരാതി പറഞ്ഞ് പുതിയ ഡോക്ടറെ തേടിയിറങ്ങാതിരിക്കുന്നതാണു നല്ലത്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽനിന്ന് മരുന്നു നൽകാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ല. ഒടിസി മരുന്നു (ഓവർ ദ കൗണ്ടർ - കുറിപ്പടിയില്ലാതെ മരുന്നു വാങ്ങൽ)വില്പന കേരളത്തിൽ വ്യാപകമാണ്. സ്വകാര്യ ക്ലിനിക്കുകളിലോ സർക്കാർ ആശുപത്രികളിലോ വിദഗ്ധ രെ കണ്ട് ചികിത്സ നേടുന്നതാണു നല്ലത്. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. പണവും സമയവും ആരോഗ്യം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല ഫോൺ: 0490 2316330
Health
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.
പച്ചടി
പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന് എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം.
സാമ്പാര്‍
സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.
മോര്, രസം
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന് തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.
തോരന്‍
പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്ളമേറ്ററി
ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.
പായസം
പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം
ചുക്കുവെള്ളം
സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്.
ചോറ്
ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ - അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
പരിപ്പ്, പപ്പടം, നെയ്യ്
ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കിച്ചടി
വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.
ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം
ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.
ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകാറില്ല.
അജ്ഞാതജീനുകൾ
ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.
ജനിതകവിധി മാറ്റിമറിക്കാൻ
തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം
Health
ജീവിതശൈലീരോഗങ്ങൾ (നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്)
1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
2. ഹൃദ്രോഗങ്ങൾ
3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം (ഹൈപ്പർ ടെൻഷൻ)
4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
5. പക്ഷാഘാതം(സ്ട്രോക്ക്)
6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)
7. അർബുദ രോഗങ്ങൾ
8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ - ഭാരക്കുറവ്
18 മുതൽ 24 വരെ - ശരിയായ ഭാരം
24 മുതൽ 30 വരെ - ഭാരക്കൂടുതൽ
30 മുതൽ 35 വരെ - അമിതവണ്ണം
35 മുതൽ 40 വരെ - ഗുരുതരമായ അമിതവണ്ണം
40 ൽ കൂടുതൽ -അപകടകരമായ അമിതവണ്ണം
ജീവിതശൈലീ രോഗങ്ങൾ തടയാൻ വ്യായാമം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്നശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യാമവും ആഹാരത്തിനു പച്ചക്കറികളും നേടാം.
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാൻ
1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
ഹെപ്പറ്റൈറ്റിസ് എ, ഇ തടയാം
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ശരിയായി കൈ കഴുകാം
· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
ടോയ് ലറ്റ് ശുചിത്വം
· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
രക്തപരിശോധന
· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
കരുതലോടെ ആഘോഷങ്ങൾ
· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി തടയാം
· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
സുരക്ഷിതമാക്കാം ലൈംഗിക ജീവിതം
· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
അണുവിമുക്തമാക്കാം
· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
ഫിസിയോതെറാപ്പി ആരോഗ്യപരിചരണത്തിൽ മുഖ്യശാഖയായി വളർന്നുകഴിഞ്ഞു. പ്രധാനമായും പ്രാഥമിക ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യരുടെ ജീവിതകാലം മുഴുവൻ അവരുടെ ചലനശേഷിയും പ്രവർത്തനശേഷിയും വർധിപ്പിക്കുക, നിലനിർത്തുക, പുനഃസ്ഥാപിക്കുക, പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് ഫിസിയോതെറാപ്പിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചലനശേഷി വർധിപ്പിക്കുന്നതിന്
ഫിസിയോതെറാപ്പി ആരോഗ്യ സംരക്ഷണത്തിലും നിർണായക പങ്ക് വഹിക്കുന്നു. വ്യക്തികളുടെ ഉത്പാദനക്ഷമതയും ആയുസും വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും ഇത് വലിയസ്വാധീനം ചെലുത്തുന്നു. വ്യായാമ പരിപാടികൾ ക്രമമായി നടത്തൽ, ശരീരഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, നീന്തൽ, വേദന കുറയ്ക്കൽ, ചലനശേഷി വർധിപ്പിക്കൽ തുടങ്ങി പല മേഖലകളിലും ഫിസിയോതെറാപ്പിക്കു പങ്കുണ്ട്.
രോഗപ്രതിരോധത്തിന്
ഫിസിയോതെറാപ്പിക്ക് ഇപ്പോൾ അടിയന്തര ചികിൽസ മുതൽ പുനരധിവാസം വരെ എല്ലാ രോഗപ്രതിരോധ ഘട്ടങ്ങളിലും പങ്കാളിത്തമുണ്ട്. ദീർഘകാല രോഗങ്ങളുള്ള വ്യക്തികൾക്ക് ഫിസിയോതെറാപ്പിസ്റ്റുകളുടെ മാർഗനിർദേശത്തിൽ കൃത്യവും സുരക്ഷിതവുമായ വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യനില മെച്ചപ്പെടുത്താം.
വ്യായാമം
40% ഓക്സിജൻ ശേഷിയേക്കാൾ കൂടുതലുള്ള അനെയ്റോബിക് വ്യായാമം ഹൃദ്രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമാണ്. ഹൃദയക്ഷമത, രക്തപ്രവാഹം എന്നിവയുടെ മെച്ചപ്പെടുത്തൽ വഴിയാണ് ഇത് ലഭ്യമാകുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ വ്യായാമ പരിപാടികൾ ഫിസിയോതെറാപ്പിസ്റ്റുകൾ നിർദേശിക്കുന്നു.
ആർത്രൈറ്റിസ്(സന്ധിവാതം)പ്രതിരോധത്തിന്
ഈ രോഗമുള്ളവർക്ക് ഫിസിയോതെറാപ്പി പ്രവർത്തനശേഷി പുനഃസ്ഥാപിക്കുകയും വൈകല്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. വ്യക്തിഗത വ്യായാമ പരിപാടികൾ രൂപീകരിക്കുകയും രോഗത്തെ കുറിച്ചുള്ള അറിവ് നൽകുകയും ജീവിതശൈലീമാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.
വീഴ്ചകളും പരിക്കുകളും തടയൽ
വീഴ്ചകൾ, ആകസ്മികമായ മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണമാണെന്നാണ് കണക്കുകൾ. ഫിസിയോതെറാപ്പിസ്റ്റുകൾ ശരീര ചലനങ്ങളിലും പ്രവർത്തനത്തിലും വിദഗ്ധരാണ്. അതുകൊണ്ടുതന്നെ വീഴ്ചകൾ തടയാൻ വ്യക്തിഗത പരിപാടികൾ രൂപപ്പെടുത്തുന്നു. മൊബിലിറ്റി എയ്ഡുകൾ, വ്യായാമങ്ങൾ, വീട്ടിൽ അപകട സാധ്യത കുറയ്ക്കൽ തുടങ്ങിയവയും ഇതിലുണ്ട്.
വിവരങ്ങൾ: ഡോ. ഏഞ്ചൽ മേരി
BNYS, MD (Naturopathy Clinicals), ചീഫ് മെഡിക്കൽ
ഓഫീസർ, ഡോ. ഏഞ്ചല്‍സ് സീറീൻ ഹിൽസ് നേച്ചർ ക്യൂർ,
ഫിസിയോ തെറാപ്പി, യോഗ സെന്റർ, മീൻപറ്റി, കരുവഞ്ചാൽ, കണ്ണൂർ.
Health
ദന്ത, വായ ശുചിത്വം നമ്മുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. പല്ലുതേക്കുന്നതു കൃത്യമായി ചെയ്യാൻ പഠിച്ചാൽ അതിലൂടെ ഉദ്ദേശിക്കുന്ന ഗുണവും ലഭിക്കും. ദന്ത,വായ ശുചീകരണത്തിന്റെ ഉദ്ദേശം ദന്തക്ഷയം, മോണരോഗങ്ങൾ, അനുബന്ധ രോഗങ്ങൾ എന്നിവ ഉണ്ടാകാതിരിക്കുക എന്നതാണ്. പല്ലു തേക്കുന്നതിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ ഭക്ഷണ അവശിഷ്ടങ്ങൾ, ഉമിനീരിൽ നിന്നു പല്ലിനിടയിലും മോണയുടെ ഇടയിലും അടിഞ്ഞുകൂടുന്ന ചെത്തൽ, കക്ക എന്നിവയെ നീക്കം ചെയ്യാം.
പ്ലാക്ക്
പല്ലിന്റെ ഉപരിതലത്തിലും മോണയുടെ ഇടയിലുമായി രൂപപ്പെടുന്ന നേർത്തതും നഗ്നനേത്രങ്ങളാൽ കാണുവാൻ സാധിക്കാത്തതുമായ അംശമാണ് പ്ലാക്ക്. ഇത് രോഗാണുക്കളുടെ കോളനിയാണ്.
ഡെന്റൽ കാൽക്കുലസ്
ഇത് മോണയും പല്ലുമായി ചേരുന്ന സ്ഥലത്ത് കട്ടിയായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പല്ലുതേപ്പ് കൃത്യമല്ലാതെ ആകുന്നതുകൊണ്ടും വായ്ക്കുള്ളിലെ ഫ്ലൂയിഡുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്നതാണ് ഇത്. കൃത്യമായ പല്ലുതേപ്പിന്റെ അഭാവത്തിൽ കട്ടിയാക്കുന്ന അംശങ്ങളുമുണ്ട്. ഇത് ദീർഘകാലം നിലനിൽക്കുകയും കൂടിവരികയും മോണ വലിയുന്നതിനും എല്ല് ദ്രവിക്കുന്നതിനും കാരണമായി മാറുകയും ചെയ്യും. ഇതുകാരണം പല്ലിന്റെ അടിത്തറ ഇളകുകയും ക്രമേണ പല്ല് ഇളകിപ്പോകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.
പല്ലു ക്ലീനിംഗ് രണ്ടു രീതിയിൽ
ഹോം ക്ലീനിംഗ്
ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള കൃത്യമായ പല്ലുതേപ്പും ഫ്ലോസ്സിഗും. പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്.
പ്രൊഫഷണൽ ക്ലീനിംഗ്
ഇത് ഒരു ദന്ത ഡോക്ടറുടെ അടുത്തുചെന്ന് ക്ലീൻ ചെയ്യുന്ന രീതിയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. അൾട്രാസോണിക് ഡിവൈസ് ഉപയോഗിച്ച് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ള പദാർഥങ്ങൾ നീക്കംചെയ്യുന്നതു വഴി മോണയുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നു. ഇത് വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി നടത്തേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ ഡീപ് ക്ലീനിംഗും ആവശ്യമെങ്കിൽ ഫ്ലാപ്പ് സർജറിയും നടത്തേണ്ടത് മോണയുടെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമാണ്.
ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
പുത്തൻ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവോ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജനത്തിന്റെ ഗതിവിഗതികൾ.
പൈൽസ് രണ്ടു രീതിയിൽ
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.
രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്.
കാരണങ്ങൾ
1. പാരന്പര്യം: മാതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ
മക്കൾക്കും വരാൻ സധ്യതയുണ്ട്.
2. ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടർന്നു
വിസർജനത്തിനായി മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം,
അടിവയറ്റിൽ മർദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം
വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.
3. ദീർഘ നേരം ഇരുന്നു ചെയ്യുന്ന ജോലികൾ.
4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.
രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും
ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചിൽ അനുഭവപ്പെടുക, മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വീർത്ത സിരകളിലെ രക്തം കട്ടിയായാൽ അതിശക്തമായ വേദന വരാം. ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ കാൻസറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകൾ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്പോൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
ചികിത്സ
രോഗകാരണം അടിസ്ഥാനമാക്കിയാണു ചികിൽസ. മലബന്ധമാണു കാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അർഥമുള്ളു. വിസർജിക്കാൻ മലമുണ്ടാകണം. മാംസാഹാരം കഴിക്കുന്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും മറ്റുമാണ് കഴിക്കാവുന്ന ഭക്ഷണം.
ധാരാളം വെള്ളം കുടിക്കുക. മലബന്ധ വരാതിരിക്കും. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കൊ ക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക. ബാത്ത് റൂമിൽ പോകാൻ തോന്നുന്പോൾ പോവുക. പിടിച്ചുവയ്ക്കണ്ട.
എല്ലാ ചികിൽസാരീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണ്. ഏതു ചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലെങ്കിൽ രോഗം വീണ്ടും തിരികെ വരാം. ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്. രോഗം വീണ്ടും വരാതിരിക്കാനുള്ള മാർഗനിർദേശവും നല്‍കും. രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കുക.
· പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്തസമ്മര്‍ദം 125/75mmHg ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.
പ്രമേഹം നിയന്ത്രണവിധേയമാക്കണം
· പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക.
· പ്രോട്ടീനൂറിയ കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം വേണ്ടിവരും.
· ആഹാരത്തില്‍ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ഇമ്യൂണോ സപ്രസന്റ് മരുന്നുകള്‍
ചില തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉദാഹരണത്തിന്, ഗ്ലൊമെറുലോ നെഫ്രൈറ്റിസ്(Glomerulo nephritis), സ്എൽഇ(SLE), വാസ്കുലൈറ്റിസ്(Vasculitis) എന്നിവയ്ക്ക് ഇമ്യൂണോ സപ്രസെന്റ് (Immuno Suppressant) മരുന്നുകള്‍ ഫലപ്രദമായിരിക്കും.
വൃക്ക തകരാര്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
വൃക്ക തകരാര്‍ ള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് രോഗം മൂര്‍ച്ഛിക്കുന്നതു തടയാന്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധം നേടാം. രോഗം മൂര്‍ച്ഛിക്കുന്നതു തടയാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്,
സീനിയർ കൺസൾട്ടന്റ്, നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം
Health
വെളിച്ചെണ്ണയ്ക്കു മുലപ്പാലിനോളം ഗുണം
മുലപ്പാലിൽ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ബലം നൽകാനും സഹായിക്കുന്നു.
കാൻസർ പ്രതിരോധവും ചികിത്സയും
തേങ്ങാപ്പാലിൽ നിന്നു തയാറാക്കുന്ന വെർജിൻ കോക്കനട്ട് ഓയിൽ ഒരു ടിസ്പൂൺ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാൻസർ പ്രതിരോധത്തിനു സഹായിക്കുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാൻസർ രോഗിയുടെ ശരീരത്തിൽ പേശികളുടെ വിഭജനം അതിവേഗത്തിൽ നടക്കുന്നതിനാൽ കീറ്റോണുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉൽപ്പാദനത്തെ മന്ദഗതിയിലാക്കി കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
വില്ലനാവുന്നതെപ്പോൾ ?
ഇത്രയേറെ സവിശേഷഗുണമുള്ള വെളിച്ചെണ്ണ മാറ്റിനിർത്തി മറ്റു എണ്ണകൾ ഉപയോഗിക്കാൻ കാരണമെന്താണ്? അപൂരിത എണ്ണയിൽ പെട്ടതാണെങ്കിലും വെളിച്ചെണ്ണയ്ക്ക് പൂരിതഎണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. പാമോയിൽ, വനസ്പതി, മാംസാഹാരം, പാൽ, പാക്കറ്റ് ഫുഡ്സ് എന്നിവയാണ് പ്രധാനകാരണക്കാർ. എങ്കിലും സസ്യഎണ്ണയായ വെളിച്ചെണ്ണയുടെ അമിത പ്രയോഗവും കാരണമായേക്കാം. ഇതോടൊപ്പം മാറിയ ജീവിത രീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണ രീതികളും ജീവിത ശൈലീരോഗങ്ങൾക്ക് കാരണമാകുന്നു.
എങ്ങനെ സുഹൃത്താക്കാം ?
* നിയന്ത്രിത അളവിൽ വെളിച്ചെണ്ണയും ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേർത്ത മിക്സഡ് ഓയിൽ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്.
* ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം.
നിയന്ത്രിത അളവിൽ ഉപയോഗിക്കാം
നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പറഞ്ഞു ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ബുദ്ധിപൂർവ്വം പോഷകപ്രദമായി ഉപയോഗിക്കുക.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Health
മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് വെളിച്ചെണ്ണ. ലോകത്തിന്റെ ഏതു കോണിൽ പോയാലും വെളിച്ചെണ്ണ തേച്ചുള്ള കുളിയും വെളിച്ചെണ്ണ ചേർത്ത കറികളും മലയാളിയുടെ ഗൃഹാതുരത്വം കൈവിടാത്ത ശീലങ്ങളിൽ ചിലതാണ്.
നമുക്ക് ഇത്രയേറെ പ്രിയപ്പെട്ട വെളിച്ചണ്ണയെ ഇന്ന് പലവിധ ആരോപണങ്ങൾക്ക് വിധേയമാക്കി അകറ്റി നിർത്തിയിരിക്കുന്നു. ശരിക്കും വെളിച്ചെണ്ണയ്ക്കു വില്ലൻ പരിവേഷമുണ്ടോ? ആരോഗ്യകരമായ ഭക്ഷണശീല പാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുൻതൂക്കം കൊടുത്തു? അന്ന് വെളിച്ചെണ്ണ ആരോഗ്യത്തിന് ഭീഷണി വരുത്തിയില്ലേ? വെളിച്ചെണ്ണയുടെ സവിശേഷഗുണങ്ങളെക്കുറിച്ച്...
കൊഴുപ്പ്
ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോൾ കൊഴുപ്പ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വർധിപ്പിക്കുന്നതിനാണ് എണ്ണകൾ ഉപയോഗിക്കുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണകൾ ഇന്നു വിപണിയിൽ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയിൽ തരം തിരിക്കാം.
* പൂരിത എണ്ണകൾ (മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നുള്ളവ)
* അപൂരിത എണ്ണകൾ (സസ്യ എണ്ണകൾ)
അപൂരിത എണ്ണകൾ തന്നെ അവയുടെ ഘടനാപരമായ വ്യത്യാസം കൊണ്ട് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (poly unsaturated fatty acids - PUFA)എന്നും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ(Mono unsaturated fatty acids - MUFA)എന്നും രണ്ടുതരത്തിൽ.
PUFA - സൂര്യകാന്തി എണ്ണ, സോയ എണ്ണ, എള്ളെണ്ണ.
MUFA - ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ.
വെളിച്ചെണ്ണ എംസിറ്റി
എന്നാൽ, അപൂരിതഎണ്ണയിൽ ഉൾപ്പെട്ട വെളിച്ചെണ്ണ അവയുടെ ഘടനയിലെ പ്രത്യേകതകൾ കൊണ്ട് 60 ശതമാനം പൂരിതവും 40 ശതമാനം അപൂരിതവും ആയി മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ് (എംസിറ്റി) എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Health
വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്
ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത
കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ്
നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും -3
കൊതുകുജന്യ - വായുജന്യ -മലിനജലസമ്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്...
1. മലന്പനി, വെസ്റ്റ് നൈല്‍, ഡെങ്കി, ജപ്പാൻ ജ്വരം എന്നിവയ്ക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കുക
2. കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കൊതുക്, കൂത്താടി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
വായുജന്യ രോഗങ്ങൾ
1. ചിക്കൻപോക്സ്, എച്ച1എൻ1, വൈറൽ പനി - ആവശ്യമായ ബോധവത്കരണവും പരിചരണവും നല്‍കുക
2. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ മാറ്റിപ്പാർപ്പിച്ചു പ്രത്യേകമായി ചികിത്സ നല്‍കുക.
മലിനജലസന്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്...
1. കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക
2. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകുക
3. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പുവരുത്തുക
4. വളംകടി പോലെയുള്ള രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്
Health
കംപ്യൂട്ടറിനു മുന്നിൽ അധികനേരം ചെലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
* നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
* കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതെ തലത്തിൽ വയ്ക്കുക.
* കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
* അധികസമയം ഒരേരീതിയിൽ തന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ
കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്.
ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും.
കട്ടിയുള്ള തലയിണ ഉപയോഗിക്കുമ്പോൾ
നിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിൽ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും.
ഇരുന്നുറങ്ങിയാൽ
ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു. അതുപോലെ കാലുയർത്തി മേശയുടെ അതുപോലെ തന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകൾ കുറയ്ക്കാൻ
എന്തൊക്കെ ചെയ്യാം
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന തരത്തിൽ അംഗവിന്യാസം(posture) നിലനിർത്തുന്നതിനാണ്. അതിനാൽ
* എല്ലായ്പ്പോഴും ശരിയായ അംഗവിന്യാസം (posture) നിലനിർത്തുക.
* ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക.
* കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ശരിയായ മെത്ത തിരഞ്ഞെടുത്ത് അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ വാങ്ങാൻ ശ്രമിക്കുക.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.
എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.
പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.
അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.
തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ
തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:
വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.
കഫത്തിൽ രക്തത്തിന്റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.
കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.
ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.
കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.
ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.
പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും
പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.
വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.
ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.
കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.
മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും
ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.
ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.
ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ
ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്റെയും സമ്പൂർണ ആരോഗ്യത്തിന്റെയും അടിത്തറയാണ്.
ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.
രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.
Health
എല്ലാ വര്‍ഷവും ജൂലൈ 28ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള അവസരമാണ്.
2026ലെ പ്രമേയം "Hepatitis: Let's Break It Down' എന്നതാണ്. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പരിശോധനയിലും ചികിത്സയിലുമുള്ള പരിമിതികള്‍, ചികിത്സാച്ചെലവ്, സാമൂഹിക അപമാനം (സ്റ്റിഗ്മ) തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും അതിനെതിരായ ആദ്യ വാക്സിന് വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ഡോ. ബറൂച്ച് ബ്ലംബര്‍ഗിന്റെ ജന്മദിനം കൂടിയാണ് ജൂലൈ 28.
നിശബ്ദമായി കരളിനെ കീഴടക്കുന്ന രോഗം
കരളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്.
ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തില്‍ നിലനില്ക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവര്‍ത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലരില്‍ ഇത് കരള്‍ ചുരുങ്ങുന്ന സീറോസിസിലേക്കോ കരള്‍ കാന്‍സറിലേക്കോ വരെ നയിക്കാം.
അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
അഞ്ച് വൈറസുകള്‍, അഞ്ച് വ്യത്യസ്ത അപകടസാധ്യതകള്‍
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താത്കാലിക രോഗബാധയാണെങ്കിലും ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീര്‍ണതകള്‍ക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെയ്ക്കുക, സുരക്ഷിതമല്ലാത്ത ടാറ്റൂ അല്ലെങ്കില്‍ പിയേഴ്സിംഗ്, പ്രസവസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് ഫലപ്രദമായ വാക്സിന് ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സിയ്ക്ക് വാക്സിന് ഇല്ലെങ്കിലും ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളില്‍ എട്ട് മുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ഏറ്റവും വലിയ വെല്ലുവിളി - രോഗം അറിയാതെ ജീവിക്കുന്നവര്‍
ലോകത്ത് 35 കോടിയിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാല്‍ ചികിത്സയും ലഭിക്കുകയില്ല.
അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂ ചെയ്തവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന വളരെ പ്രധാനമാണ്.
രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ കൈകളിലുണ്ട്
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്കുന്ന വാക്സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കാന് സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സ്വീകരിക്കുക, അപകടസാധ്യതയുള്ളവര്‍ പരിശോധന നടത്തുക, ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക, രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല.
സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
അറിയിക, പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്സിനേഷന്, ചികിത്സ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.
പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വൈറല്‍ ഹെപ്പറ്റൈറ്റിസിനെ പൊതുജനാരോഗ്യ ഭീഷണിയില്‍ നിന്ന് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അത് സാദ്ധ്യമാകണമെങ്കില്‍ ശാസ്ത്രീയ പുരോഗതിക്കൊപ്പം ജനകീയ അവബോധവും, എളുപ്പത്തില്‍ ലഭ്യമാകുന്ന പരിശോധനയും ചികിത്സയും, സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും ആവശ്യമാണ്.
ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്സിന്, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കും.
വിവരങ്ങൾ: : ഡോ. ഡിൽമോ യെൽദോ
Junior Consultant Medical Gastroenterology SUT Hospital, Pattom.
Health
മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.
കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.
കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.
കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ
. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക
ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക
പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.
ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം
കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.
കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.
ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ