പ്രതീകാത്മകചിത്രം
പാർക്കിൻസൺസ് രോഗം പാരമ്പര്യമാണോ?
മിക്ക കേസുകളും നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നതല്ല. എന്നാൽ ചിലരിൽ ജനിതക ഘടകങ്ങൾക്ക് (genetic factors) പങ്കുണ്ട്.
എങ്ങനെ നേരത്തെ കണ്ടെത്താം?
ഒറ്റ രക്തപരിശോധന (blood test) കൊണ്ട് രോഗം സ്ഥിരീകരിക്കാനാവില്ല. ന്യൂറോ ഡോക്ടറുടെ വിശദമായ പരിശോധന (clinical examination) ആണ് പ്രധാനപ്പെട്ടത്. ആവശ്യമായപ്പോൾ MRI, DaT-SPECT തുടങ്ങിയ പരിശോധനകളും സഹായിക്കും.
പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ ?
അല്ല. ചെറുപ്പത്തിലും പാർക്കിൻസൺസ് രോഗം ഉണ്ടാകാം.
സംസാരത്തെയും ബാധിക്കുമോ?
അതെ. ശബ്ദം താഴ്ന്നുപോകുകയും സംസാരത്തിന്റെ വ്യക്തത കുറയുകയും ചെയ്യാം.
നടത്തത്തിൽ മാറ്റമുണ്ടാകുമോ?
ചെറിയ ചുവടുകൾ, കൈകളുടെ സ്വാഭാവിക ആട്ടം (arm swing) കുറയുക, തിരിയാൻ ബുദ്ധിമുട്ട്, പിന്നീട് നടക്കുമ്പോൾ കാലുകൾ മരവിക്കുന്നതുപോലെ തോന്നൽ (freezing of gait) എന്നിവ ഉണ്ടാകാം.
ഓർമശക്തിയെ ബാധിക്കുമോ?
ചിലരിൽ പിന്നീട് ബുദ്ധിശക്തിയിലും ഓർമയിലും കുറവ് (cognitive impairment), ഡിമെൻഷ്യ (dementia) എന്നിവ ഉണ്ടാകാം. എന്നാൽ ഓർമക്കുറവ് മാത്രം ഉണ്ടായാൽ Parkinson’s എന്ന് കരുതരുത്.
മലബന്ധവും ഇതിന്റെ ഭാഗമാണോ?
അതെ. മലബന്ധം (constipation), ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക (reduced smell), ചില ഉറക്കവൈകല്യങ്ങൾ എന്നിവ ചലനേതര ലക്ഷണങ്ങളാണ് (non-motor symptoms).
പൂർണമായി സുഖപ്പെടുത്താനാകുമോ?
നിലവിൽ പൂർണമായ രോഗമുക്തിക്കുള്ള ചികിത്സയില്ല. എന്നാൽ മരുന്നുകളും വ്യായാമവും ഫിസിയോതെറാപ്പിയും (physiotherapy) സ്പീച്ച്/ഒക്കുപ്പേഷണൽ തെറാപ്പിയും (speech/occupational therapy) വഴി ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാം.
Levodopa എന്ന മരുന്ന് രോഗം വഷളാക്കുമോ?
ഇല്ല. ഇത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ്. ചലനലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണിത്.
മരുന്നുകൾ മതിയാകാതെ വന്നാൽ?
തിരഞ്ഞെടുത്ത രോഗികളിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation – DBS) പരിഗണിക്കാം.
എപ്പോഴാണ് DBS പരിഗണിക്കുന്നത്?
മരുന്നുകൾ കൊണ്ട് നല്ല ഫലം ലഭിക്കുന്നുണ്ടെങ്കിലും ചലനത്തിലെ ഏറ്റക്കുറച്ചിലുകൾ (motor fluctuations), അനിയന്ത്രിത ചലനങ്ങൾ (dyskinesia) അല്ലെങ്കിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര വിറയൽ (disabling tremor) ഉണ്ടാകുമ്പോൾ, അനുയോജ്യരായ രോഗികളിൽ DBS പരിഗണിക്കാം.
വ്യായാമം സഹായിക്കുമോ?
തീർച്ചയായും. ഏറോബിക് വ്യായാമം (aerobic exercise), പേശീബല പരിശീലനം (strength training), ബാലൻസ് പരിശീലനം (balance training) എന്നിവ ചലനശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Tags : Parkinsons Desease HealthNews FamilyHealth HealthAwareness