പ്രതീകാത്മകചിത്രം
രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
സ്ഥിരമായ (Fixed) അലര്‍ജി
പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അലര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത് സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.
സൈക്ലിക് അഥവാ ചാക്രിക അലര്‍ജി
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.
ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്. മൂക്ക്, ചെവി, അണ്ണാക്ക് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ് മൂലമുള്ള തലവേദന, ചെവി അടപ്പ്, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.
Tags : Allergy FamilyHealth FixedAllergy Healthnews