Health
കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരൾവീക്കം എന്നും ഇത് അറിയപ്പെടുന്നു. മദ്യം, വൈറസ്, ചിലതരം മരുന്നുകൾ, വിഷ പദാർഥങ്ങൾ, മയക്കുമരുന്നുകളുടെ ഉപയോഗം, ചില രോഗങ്ങൾ, ദഹനപചന അവയവങ്ങളിലെ കുഴപ്പങ്ങൾ എന്നിവ കാരണമാണ് ഇത് ഉണ്ടാകുന്നത്. ഏറ്റവും സാധാരണയായി കാണുന്നത് വൈറസ് കാരണം ഉള്ളവയാണ്. ഇതിൽ ഒരു ലക്ഷണമായി മഞ്ഞപ്പിത്തവും കാണാം.
അക്യൂട്ട് & ക്രോണിക് ഹെപ്പറ്റൈറ്റിസ്
കരളിനെ ബാധിച്ച് ആറുമാസങ്ങൾക്കുള്ളിൽ ശരീരത്തിലെ സ്വാഭാവിക രോഗ പ്രതിരോധ പ്രവർത്തനം കാരണം പൂർണമായും ശമിക്കാവുന്ന രോഗമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ്. ആറു മാസങ്ങൾക്കു ശേഷവും തുടർന്നു നിൽക്കുന്നതിനെ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നാണ് പറയുന്നത്.
രോഗം പകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ പലതുണ്ടെങ്കിലും പകർച്ച സ്വഭാവത്തോടെ സാധാരണ കാണുന്നത് ഹെപ്പറ്റൈറ്റിസ് എ ആണ്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് മലിനമായ ആഹാരം, വെള്ളം എന്നിവയിലൂടെ പകരാം. മഞ്ഞപ്പിത്തം ലക്ഷണമായി കാണുകയും ചെയ്യും. രോഗബാധിതനായ വ്യക്തിയിൽ മഞ്ഞപ്പിത്തം കാണുന്നതിന് മൂന്നാഴ്ച മുമ്പുമുതൽ മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെട്ട് ഒന്നോ രണ്ടോ ആഴ്ച കൂടി വളരെ വലിയ അളവിൽ മലത്തിലൂടെ വൈറസ് പുറത്തേക്ക് വരും. രോഗപ്രതിരോധശേഷി കുറവുള്ളവരിലും കുട്ടികളിലും നാലഞ്ച് മാസം വരെ ഇത് നീണ്ടു നിന്നേക്കാം.
രോഗബാധിതരുടെ മലത്തിന്റെ സാന്നിധ്യമുള്ള കുടിവെള്ളം, കടൽ വെള്ളം, ഭക്ഷണമായി ഉപയോഗിക്കുന്ന ചിലതരം കടൽ ജീവികൾ, പച്ചയായും ശരിയായി പാകം ചെയ്യാതെയും ഉപയോഗിക്കുന്ന ആഹാര വസ്തുക്കൾ, മൂത്രം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെ രോഗം പകരുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും വ്യക്തി ശുചിത്വം കുറവുള്ളവർക്കും മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവർക്കും ഭക്ഷ്യനിർമാണ യൂണിറ്റുകളിൽ ഭക്ഷ്യവസ്തുക്കളും വെള്ളവും കൈകാര്യം ചെയ്യുന്നവർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മാലിന്യ നിർമാർജന പ്രവർത്തനം നടത്തുന്നവർക്കും ആശുപത്രിയിൽ കിടന്നു ചികിത്സിക്കുന്നവർക്കും രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD റിട്ടയേർഡ് മെഡിക്കൽ ഓഫീസർ
Health
കൊക്കോ കുരു പൊടിച്ചാണ് കൊക്കോപ്പൊടി തയാറാക്കുന്നത്. പ്രോട്ടീൻ, മഗ്നീഷ്യം, നാരുകൾ, ഇരുമ്പ്, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, ഫ്ലവനോൾസ് തുടങ്ങിയ പോഷകങ്ങൾ കൊക്കോ പൊടിയിൽ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവാണ്, പക്ഷെ പോഷകങ്ങൾ വളരെ കൂടുതലും. മധുരം ചേർക്കാത്ത കൊക്കോ പൊടി നോക്കി വാങ്ങി ഉപയോഗിക്കാം.
പോളിഫീനോൾസ് ധാരാളം
കൊക്കോയിൽ പോളിഫീനോൾസ് എന്ന ആന്റിഓക്സിഡന്റുകൾ ധാരാളം. ഇത് നീർവീക്കം, രക്തസമ്മർദം എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായകം.
ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നു
കൊക്കോയിലെ ഫ്ലവനോൾസ് രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടും. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി രക്തസമ്മർദം കുറയ്ക്കും.
കൊക്കോ അധികമായി ചൂടാക്കി പ്രോസസ് ചെയ്താൽ ഈ ഗുണങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. അതിനാൽ സാധാരണ ചോക്ലേറ്റ് ബാറിൽ ഈ ഗുണം ഉണ്ടാകാനിടയില്ല.
ഹൃദയാഘാതം, സ്ട്രോക്ക് സാധ്യത കുറയ്ക്കും
ഫ്ലവനോൾസ് അടങ്ങിയ കൊക്കോ രക്തക്കുഴലുകളെ അയവുള്ളതാക്കി രക്തസഞ്ചാരം കൂട്ടും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം മെച്ചപ്പെടുത്തും
കൊക്കോയിലെ പോളിഫീനോൾസ് തലച്ചോറിലേക്കുള്ള രക്തസഞ്ചാരം കൂട്ടി ഓർമശക്തി മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായകം
ശരീരഭാരം നിയന്ത്രിക്കുന്നതിന്
മിതമായ അളവിൽ കൊക്കോ കഴിക്കുന്നത് ശരീരത്തിലെ ഊർജ ഉപയോഗം ക്രമീകരിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായകം.
കാൻസർ പ്രതിരോധത്തിന്
കൊക്കോയിൽ ഫ്ലവനോൾസ് ധാരാളം. ഫ്ലവനോൾസ് സന്പന്നമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കാൻ സഹായകം
ആസ്ത്മയ്ക്ക് ആശ്വാസം
കൊക്കോയിൽ അടങ്ങിയ തിയോബ്രോമിൻ, തിയോഫിലിൻ എന്നിവ ആസ്ത്മ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായകം
നെഗറ്റീവ് ചിന്ത കുറയും
2022ലെ ഒരു പഠനത്തിൽ 85% കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് 3 ആഴ്ച കഴിച്ചവരിൽ നെഗറ്റീവ് ചിന്തകൾ കുറഞ്ഞതായി കണ്ടു.
ദിവസം എത്രത്തോളം കഴിക്കാം?
സാധാരണ ഒരാൾക്ക് 1 മുതൽ 2 ടീസ്പൂൺ വരെ, അതായത് 5 മുതൽ 10 ഗ്രാം വരെ ശുദ്ധമായ, മധുരം ചേർക്കാത്ത കൊക്കോ പൊടി കഴിക്കാം.
സാധാരണ ആരോഗ്യമുള്ളവർക്ക്:
കഴിച്ചു തുടങ്ങുന്നവർ: ദിവസം 1 ടീസ്പൂൺ (2.5 ഗ്രാം) മതി
പതിവായി കഴിക്കുന്നവർ: ദിവസം 1 - 2 ടേബിൾസ്പൂൺ (5 - 10 ഗ്രാം) വരെ ആകാം. ഇതിൽ നിന്ന് ഏകദേശം 40 മില്ലിഗ്രാം ഫ്ലവനോൾസ് ലഭ്യമാകും
എപ്പോൾ കുറയ്ക്കണം ?
എന്തുകൊണ്ട് കൂടുതൽ പാടില്ല?
കൊക്കോയിൽ നേരിയ തോതിൽ കഫീൻ (100 ഗ്രാമിൽ 230മില്ലിഗ്രാം) ഉം തിയോബ്രോമിനും ഉണ്ട്. 10 ഗ്രാമിൽ കൂടുതൽ കഴിച്ചാൽ
- ഹൃദയമിടിപ്പ് കൂടുക
- തലവേദന
- വയറിളക്കം
- ഉറക്കം നഷ്ടപ്പെടുക
എങ്ങനെ കഴിക്കണം?
10 ഗ്രാം ഒരുമിച്ച് കഴിക്കരുത്. രണ്ടു ഭാഗങ്ങളാക്കി കഴിക്കുക
- രാവിലെ: ചൂടുവെള്ളത്തിലോ ബ്ലാക്ക് കോഫിയിലോ ഓട്സിലോ 1 ടീസ്പൂൺ
- വൈകിട്ട്: സ്മൂത്തിയിലോ പാലിലോ 1 ടീസ്പൂൺ
പഞ്ചസാര ചേർക്കരുത്. ശർക്കരയോ തേനോ ചെറിയ അളവിൽ ആവാം.
- 70% അല്ലെങ്കിൽ 85% കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുക
- സ്മൂത്തിയിൽ ചേർക്കുക, പുഡ്ഡിംഗിൽ ചേർക്കുക
- പഴങ്ങൾക്ക് മുകളിൽ (വാഴപ്പഴം, സ്ട്രോബെറി) വിതറി കഴിക്കുക
ചോക്ലേറ്റ് കഴിച്ചാലും മതിയോ?
ചോക്ലേറ്റ് നിർമാണത്തിനാണു കൊക്കോപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ ചോക്ലേറ്റിൽ കൊക്കോ പൊടിക്കൊപ്പം പഞ്ചസാരയും കൊഴുപ്പും കൂടുതലായി ചേർത്തിട്ടുള്ളതിനാൽ ചോക്ലേറ്റ് മിതമായ അളവിൽ മാത്രം കഴിക്കുക.
Health
ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്ക്ക് മുന്പ്) ജനിക്കുന്ന ശിശുക്കളില്, ശരീരോഷ്മാവ് നിശ്ചിത അളവില് ക്രമീകരിക്കുന്നത് അവരുടെ ദീര്ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്ഹിക്കുന്ന ശരീരോഷ്മാവ് ലഭിക്കുന്നതിനായി അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള് ചേര്ന്നിരിക്കുന്ന വിധത്തില് പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ. അമ്മക്കംഗാരു തന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകര്ന്നു നല്കി, ഊര്ജനഷ്ടം കുറയ്ക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്ന അതേ രീതിയാണ് മനുഷ്യക്കുഞ്ഞുങ്ങളിലും പ്രയോഗിക്കുന്നത്.
കംഗാരു മദർ കെയറിനായുള്ള ഒരുക്കം
- കംഗാരു മദർ കെയർ നല്കുന്നവർക്കു മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .
- മുഴുവന് കുടുംബാംഗങ്ങള്ക്കും ഈ രീതിയെകുറിച്ച് പറഞ്ഞു കൊടുക്കുക.
- സംശയങ്ങള് ദൂരീകരിച്ച് ആത്മവിശ്വാസം വളര്ത്തുക.
- കംഗാരു മദർ കെയർ നല്കിക്കൊണ്ടിരിക്കുന്ന മറ്റ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുമായി സംസാരിക്കാന് സാഹചര്യം നല്കുക.
- മുന്ഭാഗം തുറക്കാവുന്ന അയഞ്ഞ വസ്ത്രമാണ് അമ്മമാര് ധരിക്കേണ്ടത്.
- കുഞ്ഞിന് തുണിതൊപ്പി, കാലുറ, മുന്ഭാഗം തുറക്കുന്ന
കുഞ്ഞുടുപ്പ് എന്നിവ അണിയിക്കാം.
- അരയില് കെട്ടാനുള്ള തുണിയും കരുതുക.
45 ഡിഗ്രി ചാരിയിരുന്ന്...
സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില് ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്കാം.
* അമ്മയുടെ സ്തനങ്ങള്ക്കിടയിലായി കുഞ്ഞിനെ കമഴ്ത്തി കിടത്തുന്നു.
* തല ഒരു വശത്തേയ്ക്കും അല്പം മുകളിലേയ്ക്കും ചരിഞ്ഞിരിക്കാന് ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന് സഹായിക്കും.
* കുഞ്ഞിന്റെ കാലുകള് 'W 'ആകൃതിയില് വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തേക്കുമാണെന്ന് ഉറപ്പുവരുത്തണം.
* കുഞ്ഞിന്റെ അരമുതല് കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കാവുന്നതാണ്.
ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടാവുന്ന രീതിയിലെ വസ്ത്രം ധരിയ്ക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടാതിരിക്കാന് ശ്രദ്ധിക്കണം.
എത്ര സമയം നല്കാം ?
ഏറ്റവും കുറഞ്ഞത് 1 മണിക്കൂര് മുതല് 2 മണിക്കൂര് വരെയും തുടര്ച്ചയായി നല്കിയാല് മാത്രമേ കംഗാരു മദർ കെയർ ഫലപ്രദമാകൂ. ഒരു ദിവസത്തില് 24 മണിക്കൂര് വേണമെങ്കിലും കംഗാരു മദർ കെയർ നല്കാവുന്നതാണ്. അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴോ ഒന്നില് കൂടുതല് കുഞ്ഞുങ്ങള് ഉള്ളപ്പോഴോ (Twins, Triplets) അച്ഛനോ കുടുംബത്തിലെ മറ്റു ബന്ധുക്കള്ക്കോ കംഗാരു മദർ കെയർ നല്കാവുന്നതാണ്. കംഗാരു മദർ കെയർ നല്കുമ്പോഴും അമ്മയ്ക്ക് ദൈനംദിന പ്രവര്ത്തികള് ചെയ്യുന്നതിന് (ഉറങ്ങുക, നടക്കുക, ഭക്ഷണം കഴിക്കുക, വര്ത്തമാനം പറയുക) ഒരു തടസവുമില്ല.
കംഗാരു മദർ കെയറിന്റെ ഗുണങ്ങള്
- കുഞ്ഞിന്റെ ശരീരോഷ്മാവ് താഴ്ന്നു പോകാതെ തടയുന്നു.
- മുലപ്പാല് നല്കുന്നത് അനായാസമാക്കുന്നു.
- ആശുപത്രിവാസം കുറയ്ക്കുന്നു.
- അണുബാധ, ശ്വസനത്തിലെ തകരാറുകള് എന്നിവ കുറയ്ക്കുന്നു.
- അമ്മയ്ക്കും കുഞ്ഞിനും മാനസിക സംഘര്ഷം കുറയ്ക്കുന്നു.
- അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം ബലപ്പെടുത്തുന്നു.
- കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്ച്ച ത്വരിതപ്പെടുത്തുന്നു.
നമ്മുടെ നാട്ടില് കഴിഞ്ഞ കുറേ വര്ഷങ്ങളായി സര്ക്കാര് മെഡിക്കല് കോളേജുകളിലും ചില സ്വകാര്യ ആശുപത്രികളിലും നവജാത ശിശു വിഭാഗങ്ങളില് ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്. ഇതിനായി ആരോഗ്യ പ്രവര്ത്തകര്ക്ക് പരിശീലനവും നല്കുന്നു. നവജാത ശിശുക്കളുടെ പരിചരണ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന് ഈ ചികിത്സാരീതിക്കു കഴിയും എന്നതില് തര്ക്കമില്ല.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
നിസാരമായ രോഗസാഹചര്യത്തില്നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കുവരെ എത്തിച്ചേക്കാവുന്നതാണ് അമീബിക് മെനിഞ്ജോ എന്സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്ക ജ്വരം. കൂടുതലും കുട്ടികളില് കണ്ടുവരുന്ന ഈ രോഗം പിടിപെട്ടാല് മരണം വരെ സംഭവിച്ചേക്കാം.
ബ്രെയിന് ഈറ്റര് എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി വിഭാഗത്തില്പെടുന്ന അമീബ തലച്ചോറില് എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബ തലച്ചോറിനെ ബാധിച്ചതിനുശേഷമേ ലക്ഷണങ്ങള് കാണിച്ചു തുടങ്ങുകയുള്ളൂ എന്നതിനാല് ചികിത്സിച്ച് ഭേദമാക്കുക എളുപ്പമല്ല.
വളരെ അപൂര്വമായി മാത്രം കണ്ടുവരുന്ന രോഗാവസ്ഥയാണിതെങ്കിലും 99 ശതമാനം രോഗികളും മരിക്കുന്നു എന്നതാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ ഭയപ്പെടുന്നതാക്കുന്നത്.
ചൂടുകാലത്താണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ദീര്ഘനാളായി വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങള്, തോടുകള്, വെള്ളക്കെട്ടുകള് തുടങ്ങിയവയില് മുങ്ങിക്കുളിക്കുന്നതുവഴിയാണ് സാധാരണയായി രോഗം പിടിപെടുക.
കെട്ടിക്കിടക്കുന്ന വെള്ളത്തില് നേഗ്ലെറിയ ഫൗലേറി എന്ന സൂക്ഷ്മ ജീവിയുടെ സാന്നിധ്യം ഉണ്ട്.
മൂക്കിലൂടെ വെള്ളം കയറുമ്പോള് നേഗ്ലെറിയ ഫൗലേറിയും ശരീരത്തിലുള്ളില് കടക്കും. ഇവ മണം അറിയാന് സഹായിക്കുന്ന നാഡീഞരമ്പുകളിലൂടെ നേരേ തലച്ചോറിലെത്തും. തലച്ചോറിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന മെനിഞ്ചസുകളെ തകര്ത്തശേഷം തലച്ചോറിനുള്ളിലേക്കു കയറും. ഈ ഘട്ടത്തില് മാത്രമാകും ലക്ഷണങ്ങള്പോലും കണ്ടുതുടങ്ങുക. വളരെപ്പെട്ടെന്നു തന്നെ സൂക്ഷ്മാണുക്കള് തലച്ചോറില് ആകെ വ്യാപിക്കുകയും കോശങ്ങള്ക്ക് തകരാര് സംഭവിച്ച് മരണപ്പെടുകയുമാണ് സംഭവിക്കുന്നത്.
ലക്ഷണങ്ങൾ
കഠിനമായ പനി, തലവേദന, ഛര്ദ്ദി, തളര്ച്ച എന്നിവയാണ് രോഗലക്ഷണങ്ങള്. മൂര്ധന്യാവസ്ഥയില് ബോധക്കേടും ചിലരില് അപസ്മാരവും കാണാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്നിന്ന് രോഗം ഉണ്ടാകുന്നു എന്നതിനാലാകണം 12-15 വയസുവരെയുള്ള ആണ്കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടിട്ടുള്ളത്. രോഗം തിരിച്ചറിയാന് കഴിഞ്ഞിട്ട് ഏതാനം വര്ഷങ്ങള് മാത്രമേ ആയിട്ടുള്ളൂ എന്നതിനാല് മരുന്നുകള് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ആന്റി ബയോട്ടിക്കുകളും ആന്റില് ഫംഗല്സും കൂട്ടിച്ചേര്ത്തുള്ള കോമ്പിനേഷന് മരുന്നുകളാണ് രോഗികള്ക്ക് നല്കാറുളളത്. പാര്ശ്വഫലങ്ങള് ഏറെ ഉണ്ടാകാനിടയുള്ളതിനാല് പലരിലും ചികിത്സ പൂര്ത്തീകരിക്കാനാകാറില്ല. മരണനിരക്ക് കൂടുന്നതിന്റെ ഒരു കാരണവും ഇതാണ്. മരുന്നിന് വീര്യം കൂടുതലായതിനാല് രോഗികളില് പൊട്ടാസ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുന്ന സാഹചര്യങ്ങള് ഉണ്ടാകാറുണ്ട്. മാത്രമല്ല വൃക്കയും കരളും തകരാറിലാകുന്ന സന്ദര്ഭങ്ങളും ഉണ്ടാകാറുണ്ട്. മരുന്നുകള് എല്ലായിടത്തും ലഭ്യമല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പകരില്ല, പക്ഷേ ശ്രദ്ധ വേണം
മുന്കാലങ്ങളെ അപേക്ഷിച്ച് രോഗം കണ്ടുപിടിക്കാന് കഴിയുന്നു എന്നതുകൊണ്ടാകാം അമീബിക് മസ്തിഷ്ക ജ്വരം ഇപ്പോള് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രതിരോധ ശക്തി കുറവുള്ളവരിലാണ് രോഗം വേഗത്തില് പിടിപെടുന്നത്. ഒരുകൂട്ടം കുട്ടികള് ഒരേ സമയം കുളത്തില് മുങ്ങിക്കുളിക്കുമ്പോള് ഇവരില് ഒന്നോ രണ്ടോ പേരില് മാത്രം രോധബാധ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.
രോഗം സ്ഥിരീകരിച്ചാല് തന്നെ അതിനുതകുന്ന മരുന്ന് നല്കാന് കഴിയുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും വൈറല് പനിയാണ് എന്നു കരുതി സ്വയംചികിത്സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാകും ഡോക്ടര്മാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാകും.
മനുഷ്യനില്നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നത് മാത്രമാണ് ഒരാശ്വാസം. രോഗ സാധ്യതകളെ കുറിച്ച് സ്വയം ബോധവാന്മാരുകുന്നതോടൊപ്പം കെട്ടിക്കിടക്കുന്ന വെള്ളത്തില് കുളിക്കാതിരിക്കാനും മൂക്കില് വെള്ളം കയറുന്ന സാഹചര്യങ്ങള് ഒഴിവാക്കാനും ശ്രദ്ധിക്കണം. രോഗം വരാതെ നോക്കുകമാത്രമാണ് ഇത്തരം മാരക രോഗാവസ്ഥയില്നിന്നു രക്ഷപ്പെടാനുള്ള മാര്ഗം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. മധുകര്
സീനിയര് ന്യൂറോളജിസ്റ്റ്, ലിറ്റിൽ ഫ്ളവര് ആശുപത്രി
അങ്കമാലി.
Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
ലക്ഷണങ്ങൾ
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ടത്...
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണരീതിയാണ് പ്രമേഹരോഗി പിന്തുടരേണ്ടത്.
തേങ്ങ, ഉപ്പ്, എണ്ണ - കുറയ്ക്കണം
* ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
* മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം.
* ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
* തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക.
* കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
* ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക.
* ജങ്ക് ഫുഡ്,ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
* പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ സവാരി, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്. ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്ക്ക് മുന്പ്) ജനിക്കുന്ന ശിശുക്കളില്, ശരീരോഷ്മാവ് നിശ്ചിത അളവില് ക്രമീകരിക്കുന്നത് അവരുടെ ദീര്ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള് വളരെ നാളായി പ്രചാരത്തിലുണ്ട്. പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്ക്ക് പ്രചാരം ഏറിവരുന്നു.
തുടക്കം...
1970 കളില് ‘കൊളംബിയ'യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്. ക്രമേണ ഇതിനു പ്രചാരമേറി. 1996 ല് ഇറ്റലിയില് നടന്ന ആദ്യ അന്താരാഷ്്ട്ര ശില്പ്പശാലയില് കംഗാരു മദർ കെയർ (Kangaroo Mother Care) എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെട്ടു.
കംഗാരു മദർ കെയർ
അമ്മ കംഗാരു തന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകര്ന്നു നല്കി, ഊര്ജനഷ്ടം കുറയ്ക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്ന അതേ രീതിയാണ് മനുഷ്യക്കുഞ്ഞുങ്ങളിലും പ്രയോഗിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള് ചേര്ന്നിരിക്കുന്ന വിധത്തില് പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
കംഗാരു മദർ കെയർ -പ്രധാന ഘടകങ്ങൾ
1) കുഞ്ഞിന്റെയും പരിചരിക്കുന്ന ആളുടേയും ത്വക്കുകള് തമ്മില് ചേര്ന്നിരിക്കുന്ന അവസ്ഥ.
(Skin to Skin Contact)
2) കുഞ്ഞിന് മുലപ്പാല് മാത്രം നല്കല്.
( Exclusive Breast Feeding)
3) വീട്ടിലും കംഗാരു മദർ കെയർ തുടരുന്നതിനുള്ള മാനസിക തയാറെടുപ്പ്.(Psychological Support for the Family Members)
കംഗാരു മദർ കെയർ ആര്ക്കെല്ലാം ?
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ഇല്ലെങ്കില് 2.5 കിലോഗ്രാമിൽ(2500 gm) യില് കുറവ് ഭാരമുള്ള എല്ലാ കുഞ്ഞുങ്ങള്ക്കും കംഗാരു മദർ കെയർ നല്കാവുന്നതാണ്. സങ്കീര്ണ ചികിത്സകള് ആവശ്യമുള്ള കുഞ്ഞുങ്ങള്ക്കും അതീവ ശ്രദ്ധ നല്കി കംഗാരു മദർ കെയർ നല്കാന് കഴിയും.
എപ്പോൾ മുതൽ?
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും തൂക്കവും അനുസരിച്ച് ജനിച്ച ദിവസം മുതലോ, അതിനടുത്ത ദിവസങ്ങളിലോ കംഗാരു മദർ കെയർ തുടങ്ങാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
ആരോഗ്യത്തിനു ഗുണകരമായ കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ഫലമാണ് അവക്കാഡോ. വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അവക്കാഡോയിലുണ്ട്.
ഹൃദയാരോഗ്യത്തിന്
അവക്കാഡോയിൽ പ്രധാനമായും ശരീരത്തിനു ഗുണകരമായ മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പാണുള്ളത്. പൂരിത കൊഴുപ്പിനു പകരം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരം.
കൊളസ്ട്രോൾ നിയന്ത്രണം
അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പും നാരുകളും രക്തത്തിലെ എൽഡിഎൽ എന്ന മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. എന്നാൽ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നിനു പകരം അവക്കാഡോ മാത്രം കഴിക്കുന്നത് മതിയാകില്ല. ഇക്കാര്യത്തിൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം.
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന്
അവക്കാഡോയിൽ കാർബോഹൈഡ്രേറ്റ് താരതമ്യേന കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ സാധാരണയായി രക്തത്തിലെ പഞ്ചസാര വളരെ വേഗത്തിൽ ഉയർത്തുന്ന ഭക്ഷണമല്ല. അതിലെ നാരുകൾ ഭക്ഷണത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കും. എന്നിരുന്നാലും, പ്രമേഹമുള്ളവർ അവക്കാഡോ കഴിക്കുന്നതിലെ അളവ് ശ്രദ്ധിക്കണം. കാരണം അവക്കാഡോയിൽ കലോറി കൂടുതലാണ്. പ്രമേഹത്തിനുള്ള മരുന്നിനോ ചികിത്സയ്ക്കോ ഇത് പകരമല്ല.
മലബന്ധം കുറയ്ക്കാൻ സഹായകം
അവക്കാഡോയിലെ ഡയറ്ററി നാരുകൾ മലബന്ധം കുറയ്ക്കാനും കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും സഹായകം.
രക്തസമ്മർദം സാധാരണ തോതിൽ നിലനിർത്തുന്നു
അവക്കാഡോയിൽ പൊട്ടാസ്യം നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവകസന്തുലനം, പേശികളുടെ പ്രവർത്തനം, നാഡികളുടെ പ്രവർത്തനം, സാധാരണ രക്തസമ്മർദം എന്നിവയിൽ പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന്
അവക്കാഡോയിൽ ല്യൂട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയ്ഡുകളുണ്ട്. ഇവ കണ്ണിലെ ചില കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനു ഗുണകരം. എന്നാൽ കണ്ണുരോഗങ്ങൾക്കുള്ള മരുന്നായി അവക്കാഡോയെ കാണരുത്.
വിശപ്പ് നിയന്ത്രിക്കാൻ സഹായകം
കൊഴുപ്പും നാരുകളും ഉള്ളതിനാൽ അവക്കാഡോ കഴിച്ചാൽ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സാധ്യതയുണ്ട്. അതിനാൽ ശരിയായ അളവിൽ ഉപയോഗിച്ചാൽ അനാവശ്യമായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതു കുറയ്ക്കാം.
എങ്ങനെ കഴിക്കാം?
അവക്കാഡോ പച്ചയായി തന്നെ കഴിക്കാം. പഞ്ചസാര, തേൻ, ഐസ്ക്രീം തുടങ്ങിയവ ചേർത്ത് കഴിക്കുന്നതിനേക്കാൾ, സാലഡ് പോലുള്ള ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഗുണകരം.
*സാലഡിൽ ചേർക്കാം
*ചപ്പാത്തിയോടൊപ്പം കഴിക്കാം
* ബ്രെഡിൽ തേച്ച് ഉപയോഗിക്കാം
* തൈരിനൊപ്പം ചേർക്കാം
* പഞ്ചസാര ചേർക്കാതെ സ്മൂത്തിയിൽ ഉപയോഗിക്കാം
അമിതമാകരുത്....
അവക്കാഡോ പോഷകസമ്പന്നമാണെങ്കിലും എത്ര കൂടുതൽ കഴിച്ചാലും നല്ലത് എന്നല്ല. 100 ഗ്രാം അവക്കാഡോയിൽ ഏകദേശം 160 കിലോകലോറി ഊർജം ഉണ്ട്. അതിനാൽ അമിതമായി കഴിച്ചാൽ ശരീരത്തിലെത്തുന്ന മൊത്തം കലോറി കൂടുതലാകും. ദിവസം പകുതി അവക്കാഡോ കഴിക്കാം.
Health
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ
- ഗർഭകാലത്ത്
- പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച്.
- മുലയൂട്ടുന്ന സമയത്ത്
- ആർത്തവ സമയത്ത്, സുഖമില്ലെങ്കിൽ
രക്തം ദാനം ചെയ്യുന്നതിന് മുമ്പു ശ്രദ്ധിക്കേണ്ടത്
- രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം/ഉറക്കം അനിവാര്യമാണ്.
- രക്തദാനത്തിനുമുമ്പ് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
- മാനസികമായി തയാറാകുക.
- രക്തം ദാനംചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക.
രക്തദാനത്തിനുശേഷം പാലിക്കേണ്ട നിർദേശങ്ങൾ
- അടുത്ത 24 മണിക്കൂർ ധാരാളം
വെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക.
- കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക.
- ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക.
- രക്തദാനത്തിനുശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്.
- വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.
- തലകറക്കം തോന്നുന്നുവെങ്കിൽ, കിടന്ന് കാലുകൾ ഉയർത്തി വയ്ക്കുക. 5-10 മിനിറ്റിനുള്ളിൽ ശരിയാകും.
- 4 മണിക്കൂറിന് ശേഷം ബാൻഡ് എയ്ഡ് നീക്കംചെയ്യുക.
പതിവ് രക്തദാനത്തിലൂടെ ആരോഗ്യ നേട്ടം എപ്രകാരം
(വർഷത്തിൽ 2-4 തവണ)
- കൊളസ്ട്രോൾ, ലിപിഡ് അളവ് കുറയ്ക്കുന്നു.
- ഹൃദയാഘാത സാധ്യത കുറയുന്നു.
- സ്ട്രോക്ക് സാധ്യത കുറയുന്നു.
- ചില അർബുദങ്ങളിൽ നിന്നുള്ള സംരക്ഷണം.
- ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
സ്ത്രീകൾക്ക് എത്ര ഇടവേളയിൽ...
രക്തദാനം ശീലമാക്കുക. ഓരോ 3 മാസത്തിലും ആരോഗ്യവാനായ വ്യക്തിക്ക് രക്തം ദാനം ചെയ്യാൻ കഴിയും (സ്ത്രീകൾക്ക് - ഓരോ 4 മാസത്തിലും). രക്തം ദാനംചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക. ഓർക്കുക, നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപനി ഇതിന്റെ ലക്ഷണമായി കാണാറുണ്ട്. തീവ്ര വേദനയും ഓക്കാനവും ചർദിയും ഉണ്ടാകും. കടുത്ത തലവേദനയും വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർധിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്.
കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടും. സാധാരണയായി ശരിയായ വിശ്രമവും ആഹാരവും ചെറിയ ചികിത്സകളും കൊണ്ട് ഡെങ്കിപനി മാറുന്നതാണ്.
ഡെങ്കി ഹെമറജിക് ഫിവർ
എന്നാൽ, ഒന്നിലധികം സീറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് കാരണമാകാവുന്നതും സങ്കീർണവുമായ അവസ്ഥയും ഉണ്ടാകാം. രോഗത്തിന്റെ രണ്ടാം ഘട്ടമായ ഇതിനെ ഡെങ്കി ഹെമറജിക് ഫിവർ എന്നാണ് പറയുന്നത്. ഇതിന് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ ആവശ്യമാണ്.
ഡെങ്കിപനി ആണെന്ന് തിരിച്ചറിഞ്ഞാൽ രക്തത്തിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് പരിശോധിക്കുകയും തീരെ താഴ്ന്നു പോയിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം. പ്ലേറ്റ് കൗണ്ട് വളരെ കുറഞ്ഞു പോയിട്ടില്ലെങ്കിൽ സാധാരണ പനിയുടെ ചികിത്സ മതിയാകും.
ഈ അവസ്ഥയിൽ സാധാരണ ലക്ഷണങ്ങളെ കൂടാതെ പെട്ടെന്നുള്ള പനി, മുഖം ചുവന്ന് തുടുക്കുക, വളരെ കടുത്ത വേദന, ക്ഷീണം, മോണയിൽ നിന്നും മൂക്കിൽ നിന്നും ചോര വരിക, രക്തം തുപ്പുകയും ഛർദിക്കുകയും ചെയ്യുക, മലത്തിലൂടെ രക്തം പോവുക , കരൾ വീക്കം എന്നിവയും കാണുന്നു. രോഗം വർധിച്ച് രക്തചംക്രമണം തടസപ്പെടുന്നതിലൂടെ രക്തസമ്മർദം കുറഞ്ഞു മരണം സംഭവിക്കാം.
ഡെങ്കി ഷോക്ക് സിൻഡ്രോം
ഡെങ്കിപ്പനിയുടെ മൂന്നാം ഘട്ടമായി സംഭവിക്കാവുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഡെങ്കി ഷോക്ക് സിൻഡ്രോം. ആന്തരിക രക്തസ്രാവം കൂടുതൽ വേഗത്തിൽ സംഭവിച്ച് പെട്ടെന്ന് രക്തസമ്മർദം കുറഞ്ഞ് രോഗി മരണമടയാൻ സാധ്യതയുണ്ട്.
ആശുപത്രികളിൽ കിടത്തിയുള്ള അടിയന്തര ചികിത്സ അനിവാര്യമാണ്. ഡെങ്കിപ്പനിയുള്ളവർക്ക് രക്തസമ്മർദം വളരെ കുറഞ്ഞതായി കണ്ടാൽ മറ്റു പരിശോധനകൾ കൂടി നടത്തി രോഗിയുടെ യഥാർഥ സ്ഥിതി മനസിലാക്കേണ്ടതാണ്.
ഡെങ്കിപ്പനി ഏതു പ്രായക്കാരെയും ബാധിക്കുന്നതാണ്. രോഗവാഹകരായ കൊതുക് കടിച്ചാൽ 3 മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ ആരംഭിക്കും. ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കിഷോക്ക് സിൻഡ്രോം എന്നിവ സംശയിക്കുന്ന രോഗികളെ ആശുപത്രികളിൽ കിടത്തിചികിത്സിക്കുകയാണ് വേണ്ടത്.
പെട്ടെന്ന് രോഗം കുറയ്ക്കുവാൻ ഡോക്ടറെ നിർബന്ധിക്കുന്നതും ചികിത്സയുടെ ഇടയ്ക്ക് രോഗിയെ മറ്റിടങ്ങളിലേയ്ക്ക് മാറ്റുന്നതും പലപ്പോഴും രോഗിയുടെ അവസ്ഥ വഷളാക്കുന്നതായി കണ്ടുവരുന്നു.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD, റിട്ട. മെഡിക്കൽ ഓഫീസർ
Health
കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്. എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ
ഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർധിക്കാൻ കാരണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിൽ ടെറസ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൊതുകിനെ തുരത്താൻ...
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ ഇവ 5:3:1 എന്ന അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക.
* കടുക് ,മഞ്ഞൾ, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് പുകയ്ക്കാൻ ഉപയോഗിക്കുക.
* തുളസിയോ തുമ്പയോ അല്പം ചതച്ച് വീടിനു സമീപം തൂക്കിയിടുക.
* പുൽത്തൈലം, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂര തൈലം തുടങ്ങിയവ കൊതുക് വന്നിരിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ തുടയ്ക്കുന്നതിന് ഉപയോഗിക്കുക.
* കൊതുകു ബാറ്റ് ഉപയോഗിക്കുക.
* കൊതുകുതിരി , ആധുനിക ലേപനങ്ങൾ എന്നിവ പരമാവധി കുറച്ച് പ്രകൃതിദത്ത മാർഗങ്ങൾ അവലംബിക്കുക.
അപരാജിത ധൂമ ചൂർണം
ഡെങ്കി പകരുന്നതിന് കൊതുകിന്റെ സാന്ദ്രത ഒരു പ്രധാന ഘടകമാണ്. കൊതുകിന്റെ സാന്ദ്രത കുറയ്ക്കാൻ ഉപയോഗിക്കാവുന്ന അപരാജിത ധൂമ ചൂർണം എന്ന മരുന്ന് പുകയ്ക്കാം.
പ്രശ്നബാധിത പ്രദേശങ്ങളിലും ജനസാന്ദ്രതയുള്ള ഇടങ്ങളിലുമുള്ള എല്ലാ വീടുകളിലും ഒരേസമയം പുകയ്ക്കുക .
ലാർവകളെ നശിപ്പിക്കാം
കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ ചെറിയ പാത്രങ്ങളിൽ ബോധപൂർവ്വം ജലം സംഭരിച്ചുവച്ച് കൊതുക് മുട്ടയിട്ട് ലാർവ യായിരിക്കുമ്പോൾ തന്നെ (വെള്ളം വെച്ച് അഞ്ച് ദിവസത്തിനുള്ളിൽ) ചൂടുള്ള തറയിലോ മറ്റോ ചോർത്തിക്കളയുക. ഇത് മറക്കാതെ ചെയ്യാൻ ശ്രദ്ധിക്കണം.
മൂന്നോ നാലോ ദിവസങ്ങൾ മാത്രം ജീവിച്ചിരുന്ന കൊതുകുകൾ മ്യൂട്ടേഷന് വിധേയമായി മൂന്നോ നാലോ മാസം വരെ ജീവിച്ചിരിക്കുന്നതായി ശാസ്ത്ര വേദികളിൽ ചർച്ച ഉണ്ട്. ആയതിനാൽ കൊതുകിനെ നിസാരനായി അവഗണിക്കരുത്
വിവരങ്ങൾക്കു കടപ്പാട് - ഡോ. ഷർമദ് ഖാൻ BAMS, MD, റിട്ട. മെഡിക്കൽ ഓഫീസർ
Health
ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക.
▪️ഈഡിസ് കൊതുകുകള് സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്, വെളളം കെട്ടിനില്ക്കാവുന്ന സാധനങ്ങള് തുടങ്ങിയവ ശരിയായ രീതിയില് സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില് സൂക്ഷിക്കുകയോ ചെയ്യുക.
▪️മഴക്കാലത്ത് ടെറസിനു മുകളിലും സണ്ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്.
▪️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില് വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല് പൂര്ണമായും നീക്കം ചെയ്യണം.
▪️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക്
കടക്കാത്ത വിധം മൂടിവയ്ക്കുക.
▪️ഇവയിലെ വെളളം ആഴ്ചയിലൊരിക്കല് ചോര്ത്തിക്കളഞ്ഞ് ഉള്വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക.
▪️മരപ്പൊത്തുകള് മണ്ണിട്ട് മൂടുക.
എലി, അണ്ണാന് തുടങ്ങിയവ തുരന്നിടുന്ന നാളികേരം, കായകള് എന്നിവ ആഴ്ചയിലൊരിക്കല് കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
▪️മുളംകുറ്റികള് വെളളം കെട്ടി നില്ക്കാത്ത വിധത്തില് വെട്ടിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യുക.
▪️ടാര്പോളിന്, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയില് വെളളം കെട്ടി നില്ക്കാതെ ശ്രദ്ധിക്കുക.
▪️വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള് മണ്ണിട്ട് മൂടുക. അല്ലെങ്കില് ചാല് കീറി വെളളം വറ്റിച്ചുകളയുക.
▪️ഓടകളിലും ചാലുകളിലും വെളളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും യഥാസമയം നീക്കുക.
സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല ഉപയോഗിച്ച് കെട്ടുക.
▪️സ്ലാബിനടിയിലെ വിടവുകള്, സുഷിരങ്ങള് എന്നിവ സിമന്റ് കൊണ്ട് അടയ്ക്കുക.
▪️വീടിനുചുറ്റുമുളള പാഴ്ചെടികള്, ചപ്പ് ചവറുകള് എന്നിവ നീക്കണം.
▪️കിണറുകള്, കുളങ്ങള്, ടാങ്കുകള്, ഫൗണ്ടനുകള്, താത്ക്കാലിക ജലാശയങ്ങള് മുതലായവയില് കൂത്താടി ഭോജി മത്സ്യങ്ങളായ മാനത്തു കണ്ണി, ഗപ്പി, ഗംബൂസിയ എന്നിവ നിക്ഷേപിക്കുക.
▪️ഈഡിസ് കൊതുകിന്റെ കടിയേല്ക്കാതിരിക്കാന് പകല് സമയത്ത് ഉറങ്ങുന്നവര് കൊതുകുവല ഉപയോഗിക്കുക.
▪️കീടനാശിനിയില് മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.
▪️കൊതുകിനെ അകറ്റാന് കഴിവുളള ലേപനങ്ങള് ദേഹത്ത് പുരട്ടുക.
▪️ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക.
▪️ജനല്, വാതില്, വെന്റിലേറ്റര് മുതലായവയില് കൊതുക് കടക്കാതെ വല പിടിപ്പിക്കുക.
▪️പനി വന്നാല് സ്വയം ചികിത്സ നടത്താതെ സമീപമുളള ആശുപത്രിയില് ചികിത്സ തേടുക.
▪️റബര് തോട്ടങ്ങളിലെ ചിരട്ടകള്, കമുകിന് തോട്ടങ്ങളിലെ പാളകള് എന്നിവയില് വെളളം കെട്ടി നിന്ന് കൊതുക് വളരാനുളള സാഹചര്യം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
നിയന്ത്രണം
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യമെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.
പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ:
1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ
ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം
2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും
3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന ചികിൽസയുടെ സങ്കീർണത കുറയും.
4. പല്ലിന്റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.
5. പല്ലിന്റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്റീന്റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.
7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.
കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.
എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.
സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്.
രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും
രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും:
1. രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്?
- അപകടാനന്തര രോഗികൾ
- കാൻസർ രോഗികൾ
- ബ്ലഡ് ഡിസോർഡർ രോഗികൾ
- ശസ്ത്രക്രിയ രോഗികൾ
- പ്രീ ടേം കുഞ്ഞുങ്ങൾ
2. ആർക്കാണ് രക്തം ദാനം ചെയ്യാൻ കഴിയുക?
- നല്ല ആരോഗ്യമുള്ള വ്യക്തികൾ
- പ്രായം: 18 - 60 വയസിനു ഇടയിലുള്ളവർ
- ശരീരഭാരം:> 50 കിലോ
- ഹീമോഗ്ലോബിൻ ലെവൽ:
പുരുഷന്മാർക്ക് 12 g/dL
സ്ത്രീകൾക്ക് 12.5 g/dL
3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?
- അസാധാരണമായ രക്തസ്രാവം
- ഹൃദയം, വൃക്ക, കരൾ തകരാറ്
- തൈറോയ്ഡ് ക്രമക്കേടുകൾ
- അപസ്മാരം
- മാനസിക വൈകല്യങ്ങൾ
- ക്ഷയം, കുഷ്ഠം,
ആസ്ത്്മ, കാൻസർ
- ഇൻസുലിൻ ആശ്രിത പ്രമേഹം (Type 1 Diabetes Mellites)
- അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദം.
* ഒരു വർഷത്തേക്ക് ഇനി പറയുന്ന വ്യക്തികൾ
രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
-ശസ്ത്രക്രിയ ഉടനെ കഴിഞ്ഞവർ, ടൈഫോയ്ഡ്, നായ കടിയേറ്റ വ്യക്തികൾ, വിശദീകരിക്കാൻ കഴിയാത്ത ഭാര നഷ്ടം, തുടർച്ചയായ ലോ ഗ്രേഡ് പനി എന്നിവ ബാധിച്ചവർ.
* 6 മാസത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
പച്ചകുത്തൽ അല്ലെങ്കിൽ ശരീരം തുളയ്ക്കൽ, ഡെന്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചികിത്സ എന്നിവ ചെയ്തവർ.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. ഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം.
സ്ട്രസ് കുറയ്ക്കാം
ബി കോംപ്ലക്സ് വിറ്റാമിനുകൾ സീതപ്പഴത്തിൽ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാൽ സ്ട്രസ്, ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം
ചർമസംരക്ഷണം
സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം.
സീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചർമത്തിൽ പാടുകളും മറ്റും രൂപപ്പെടുന്നതു കുറയ്ക്കുന്നു. യുവത്വം നിലനിർത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളിൽ നിന്നു ചർമം സംരക്ഷിക്കുന്നു. പുതിയ ചർമകോശങ്ങൾ രൂപപ്പെടുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്സിഡന്റുകൾ സഹായകം.
മുഖക്കുരു കുറയ്ക്കാം
മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്സിഡൻറുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ഇതു ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെൻ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിൻ സി സഹായകം. അതിൽ ഉയർന്ന തോതിൽ അടങ്ങിയ കോപ്പർ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു. മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
(സീതപ്പഴം എത്രത്തോളം കഴിക്കാം എന്നതിൽ ഗർഭിണികൾക്കു ഡോക്ടറുടെ നിർദേശം തേടാവുന്നതാണ്)
National
രാജ്യത്തെ കോർപറേറ്റ് ജീവനക്കാരുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു പുറത്തുവന്ന റിപ്പോർട്ട് വലിയ ആശങ്കയ്ക്കു വഴിതുറന്നിരിക്കുകയാണ്. പ്രമുഖ ഇൻഷുറൻസ് കമ്പനികൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹസാധ്യതയും വിറ്റാമിൻ കുറവും മാനസിക സമ്മർദവും വർധിക്കുന്നതായി വ്യക്തമാക്കുന്നു. സാധാരണയായി പ്രായമായവരിൽ കണ്ടുവരാറുള്ള ആരോഗ്യപ്രശ്നങ്ങളും രോഗസാധ്യതകളും ഇപ്പോൾ മുപ്പതുകളിലെ ചെറുപ്പക്കാരിലും വ്യാപകമായി കണ്ടുവരുന്നുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ്, 30-40 നും ഇടയിൽ പ്രായമുള്ള ജീവനക്കാരിൽ മൂന്നിൽ ഒരാൾക്ക് എന്ന ഉയർന്ന നിലയിലാണ്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ, ഉയർന്ന രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് മുംബൈയിലാണ് (46.8 ശതമാനം). തൊട്ടുപിന്നിൽ പുനെ (43.2 ശതമാനം) നിലകൊള്ളുന്നു. ബംഗളൂരുവിലാണ് അഞ്ച് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് ഏറ്റവും കുറവ് (30.7 ശതമാനം).
ഡയബറ്റിക് പരിധിയിലുള്ള നിരക്ക് പുരുഷന്മാരിൽ 10.3 ശതമാനവും സ്ത്രീകളിൽ 4.3 ശതമാനവുമാണ്. എന്നാൽ രക്തക്കുറവ് (അനീമിയ) സ്ത്രീകളിലാണ് കൂടുതൽ. ഇരുപതുകളിലുള്ളവരിൽ 30.6 ശതമാനം സ്ത്രീകളിലും ഹീമോഗ്ലോബിൻ നിരക്ക് കുറവാണെന്ന് കണ്ടെത്തി (പുരുഷന്മാരിൽ ഇത് 4.0 ശതമാനം മാത്രമാണ്).
വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയുടെ കുറവും ചെറുപ്പക്കാരിൽ വ്യാപകമാണ്. കൂടാതെ, ഉയർന്ന മാനസിക സമ്മർദവും കൃത്യമായ ചികിത്സയോ മുൻകരുതലുകളോ തേടുന്നതിൽ ജീവനക്കാർ വരുത്തുന്ന വീഴ്ചയും റിപ്പോർട്ടിൽ ഗൗരവകരമായി ചൂണ്ടിക്കാണിക്കുന്നു.
രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും ചെറുപ്പക്കാരുടെ ജീവിതരീതിക്കും പ്രായത്തിനും അനുയോജ്യമായ ചികിത്സയും വ്യായാമക്രമങ്ങളും കൃത്യസമയത്ത് നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2026-ലെ 11,427 ഹെൽത്ത് റിപ്പോർട്ടുകൾ, 9,097 സർവേ പ്രതികരണങ്ങൾ, എട്ട് ലക്ഷത്തിലധികം (8,16,003) മറ്റു പരിശോധനകൾ എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
Health
ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ, കേരള സർവകലാശാല മുൻ വി.സി
വയോജനങ്ങളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ വയോജനക്ഷേമം ഒരു ക്ഷേമപദ്ധതിയുടെ പരിധിയിൽ ഒതുങ്ങേണ്ട വിഷയമല്ല; അത് ആരോഗ്യ-സാമൂഹിക നയങ്ങളുടെ കേന്ദ്രഭാഗമായി മാറേണ്ട കാലമാണിത്. വയോജന ദിനത്തിന്റെ ഭാഗമായി സർക്കാർ അടിയന്തര പരിഗണന നൽകേണ്ട മൂന്ന് പ്രധാന പദ്ധതികൾ സമർപ്പിക്കുന്നു.
ഒന്ന്: മുതിർന്ന പൗരന്മാർക്ക് ‘സമഗ്ര
ശ്വാസകോശ സുരക്ഷാകവചം’ - വയോജന വാക്സിനേഷൻ
കേരളത്തിലെ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്നാകണം വയോജന വാക്സിനേഷൻ. നിലവിലെ സാർവത്രിക വാക്സിനേഷൻ പരിപാടി പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ വയോജന ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും മുതിർന്നവർക്കും രോഗപ്രതിരോധ വാക്സിനുകൾ ലഭ്യമാക്കുന്നുണ്ട്. കേരള സർക്കാർ നിയോഗിച്ച വാക്സിൻ നയരൂപീകരണ സമിതി മുതിർന്നവർക്കുള്ള വാക്സിനേഷനെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് 65 വയസിനു മുകളിലുള്ളവർക്ക് വർഷംതോറും ഫ്ലൂ വാക്സിനും ശ്വാസകോശ രോഗാണുബാധകൾ തടയുന്നതിനായി ഒറ്റത്തവണ ന്യൂമോകോക്കൽ വാക്സിനും ലഭ്യമാക്കുന്നത് പരിഗണിക്കേണ്ടതാണ്.
മുതിർന്നവർക്കുള്ള വാക്സിനേഷൻ സർക്കാർ നയമായി പ്രഖ്യാപിക്കുന്നതുതന്നെ വാക്സിനുകളുടെ വില കുറയ്ക്കുന്നതിനും അവ കൂടുതൽ വ്യാപകമായി ലഭ്യമാക്കുന്നതിനും സഹായകമായേക്കാം. ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ കാര്യത്തിലെ അനുഭവം ഇതിന് ഒരുദാഹരണമാണ്. സർക്കാർ ആശുപത്രികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും വാക്സിനുകൾ ലഭ്യമാക്കണം. വാക്സിൻ നിർമാതാക്കളുമായി സർക്കാർ നേരിട്ട് ചർച്ച നടത്തി കുറഞ്ഞ വില ഉറപ്പാക്കാനും, സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ നിരക്കിൽ വാക്സിനേഷൻ ലഭ്യമാക്കാൻ നിർദേശം നൽകാനും കഴിയും. നിലവിലുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വയോജന വാക്സിനേഷൻ ഉൾപ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്. അതോടൊപ്പം, വയോജന വാക്സിനേഷൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെടുകയും വേണം.
രണ്ട്: പൊതുവിടങ്ങളിൽ ശാസ്ത്രീയവും ശുചിത്വപൂർണവുമായ ശൗചാലയ ശൃംഖല
കേരളത്തിൽ മുതിർന്ന സ്തീകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അറിയാതെ മൂത്രം പോകുന്ന ഗുരുതരമായ ശാരീരികാവസ്ഥ (Incontinence of urine). ഇതിനു കാരണം പൊതുവിടങ്ങളിൽ വൃത്തിയുള്ള ശൗചാലയങ്ങളുടെ അഭാവമാണ്. സ്തീകൾ വൃത്തിയുള്ള ശൗചാലയങ്ങൾ മാത്രമാണ് ഉപയോഗിക്കുക. ഇവ ലഭ്യമല്ലാത്തതിനാൽ മണിക്കൂറുകളോളം മൂത്രവിസർജനം തടഞ്ഞുവയ്ക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. ഇത് സ്ത്രീകളിൽ ആവർത്തിച്ചുള്ള മൂത്രാശയ രോഗാണുബാധയ്ക്ക് (Recurrent UTI) കാരണമാവുന്നു. ഇതാണ് പിൽക്കാലത്ത് പ്രായമാകുമ്പോൾ അറിയാതെ മൂത്രം പോകുന്ന അവസ്ഥക്ക് കാരണമാവുന്നത്.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണവും അന്തസും മുൻനിർത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനവ്യാപകമായി ആധുനികവും വൃത്തിയുള്ളതുമായ സ്ത്രീസൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. ഇവയുടെ ദീർഘകാല പരിപാലനത്തിനായി (Maintenance) കൃത്യമായ ഒരു മാനേജ്മെന്റ് മാതൃകയും വിഭാവനം ചെയ്യേണ്ടതുണ്ട്.
മൂന്ന്: മുതിർന്ന പൗര വകുപ്പ് കീഴിൽ മുതിർന്ന വനിതകൾക്കായി പ്രത്യേക വിഭാഗം
കേരളത്തിലെ വയോജന ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. സ്ത്രീകളുടെ ഉയർന്ന ആയുർദൈർഘ്യവും വിവാഹപ്രായത്തിലെ വ്യത്യാസവും പരിഗണിക്കുമ്പോൾ, വയോജന സ്ത്രീകൾക്ക് ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ദീർഘകാലം ഏകാന്തമായി കഴിയേണ്ടിവരുന്ന സാഹചര്യം കൂടുതലാണ്. ലഭ്യമായ കണക്കുകൾ പ്രകാരം 60 വയസിന് മുകളിലുള്ളവരിൽ 58.6 ശതമാനം പേർ വിധവകളാണ്. എന്നാൽ 9.7 ശതമാനം പേർ മാത്രമാണ് വിഭാര്യർ. വിധവകളായി ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന സ്ത്രീകളിൽ ഏകാന്തത, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കൊപ്പം, സാമ്പത്തിക സുരക്ഷ, പരിചരണം, സ്വത്തിന്മേലുള്ള നിയന്ത്രണം, സാമൂഹിക സുരക്ഷ തുടങ്ങിയ നിരവധി പ്രശ്നങ്ങളും ഉണ്ടാകാം.
മധ്യവയസിൽ സ്ത്രീകളുടെ ആരോഗ്യനില പലപ്പോഴും പുരുഷന്മാരേക്കാൾ മെച്ചപ്പെട്ടിരിക്കാമെങ്കിലും, പ്രായം കൂടുമ്പോൾ വയോജന സ്ത്രീകളുടെ ആരോഗ്യവും പരിചരണാവശ്യങ്ങളും കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. അതിനാൽ വയോജന സ്ത്രീകളുടെ പ്രത്യേക സാമൂഹിക, സാമ്പത്തിക, ആരോഗ്യ ആവശ്യങ്ങൾ പൊതുവായ വയോജന നയത്തിനുള്ളിൽ മറഞ്ഞുപോകാതെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
ഇതിനായി മുതിർന്ന പൗര വകുപ്പിന് കീഴിൽ മുതിർന്ന വനിതകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണം. ആരോഗ്യപരിചരണം, മാനസികാരോഗ്യം, സാമൂഹിക സുരക്ഷ, നിയമസഹായം, സ്വത്തവകാശ സംരക്ഷണം, ഏകാന്തത പരിഹരിക്കുന്ന സാമൂഹിക പിന്തുണ തുടങ്ങിയ മേഖലകളിൽ ഏകോപിതമായ ഇടപെടലുകൾ ഈ വിഭാഗത്തിലൂടെ ആവിഷ്കരിക്കാം. വയോജന ദിനം ഒരു ആചരണദിനം മാത്രമാകാതെ, വയോജന സൗഹൃദ കേരളത്തിനായുള്ള പുതിയ നയപരമായ ഇടപെടലുകളുടെ തുടക്കമാകട്ടെ എന്നാശംസിക്കുന്നു.
Health
ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിന്റെ(എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്നായി മെറ്റബോളിക് സിൻഡ്രോം എന്നു വിളിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വരുന്നതു കൊറോണറി ആർറി രോഗം(ഹൃദയരോഗം), മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു. മെറ്റബോളിക് സിൻഡ്രോമിനു കാരണങ്ങൾ പലത്. എന്നാൽ എല്ലാ അമിതവണ്ണവുമായി ബന്ധമുളളതാണ്.
മെറ്റബോളിക് സിൻഡ്രോം:
റിസ്ക് ഘടകങ്ങൾ
1. ശരീരത്തിന്റെ മധ്യഭാഗത്തും മുകൾഭാഗത്തും അമിതഭാരം ഉണ്ടാകുന്ന അവസ്ഥ (സെൻട്രൽ ഒബീസിറ്റി)
2. ഇൻസുലിനോടു ശരീരം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൃത്യമായ തോതിൽ നിയന്ത്രിച്ചു നിർത്തുകയാണ് ഇൻസുലിന്റെ ധർമം. ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാതെ വരുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ തോത് അനിയന്ത്രിതമായി വർധിക്കുന്നു.
മറ്റു ഘടകങ്ങൾ
1. പ്രായമാകുന്ന സ്ഥിതി
2. പാരന്പര്യഘടകങ്ങൾ
3. ഹോർമോണ് വ്യതിയാനം
4. വ്യായാമമില്ലായ്മ
മെറ്റബോളിക് സിൻഡ്രോം ഉളളവരിൽ വർധിച്ച തോതിൽ രക്തം കട്ടിയാകുന്ന അവസ്ഥ കാണപ്പെടാറുണ്ട്.
ലക്ഷണങ്ങൾ
* അരക്കെിനും വയറിനും ചുറ്റും അധികഭാരം. വലിയ അരക്കെട്ട്: പുരുഷന്മാർക്ക് 40 ഇഞ്ചിൽ കൂടുതലും സ്ത്രീകൾക്ക് 35 ഇഞ്ചിൽ കൂടുതലും.
* രക്തസമ്മർദം 130/85 mm Hg യിൽ കൂടുതൽ ആകുന്ന അവസ്ഥ.
* ആഹാരത്തിനു മുന്പുളള രക്തപരിശോധനയിൽ പഞ്ചസാരയുടെ തോത് 100 mg/dLനു തുല്യമോ അതിൽ കൂടുതലോ ആകുന്ന സ്ഥിതി
* അരയ്ക്കു ചുറ്റുമുളള അളവ്: പുരുഷൻ
101.6 സെൻറിമീറ്ററിൽ കൂടുതൽ
സ്ത്രീ 88.9 സെൻറിമീറ്ററിൽ കൂടുതൽ
* നല്ല കോളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവിലുണ്ടാകുന്ന കുറവ്
പുരുഷൻ 40 mg/dLനു താഴെ
സ്ത്രീ 50 mg/dL നു താഴെ
* രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് 150 mg/dLനു തുല്യമോ അതിൽ കൂടുതലോ ആവുക
പരിശോധനകൾ
1. ബിപി പരിശോധന
2. ഗ്ലൂക്കോസ് ടെസ്റ്റ്
3. എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ്
4. എൽഡിഎൽ കൊളസ്ട്രോൾ അളവ്
5. ആകെ കൊളസ്ട്രോൾ അളവ്
6. ട്രൈഗ്ലിസറൈഡ്സ് നില
ചികിത്സ
ചികിത്സയുടെ പ്രധാന ഉദ്ദേശ്യം ഹൃദയരോഗങ്ങളുടെയും പ്രമേഹത്തിെന്റെയും സാധ്യത കുറയ്ക്കുക എന്നതാണ്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾക്കൊപ്പം ജീവിതശൈലിയിലുളള മാറ്റവും അനിവാര്യം. ഇതു രക്തത്തിലെ പഞ്ചസാര, എൽഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ തോതു കുറയ്ക്കുന്നതിനു ഫലപ്രദം.
ചില നിർദേശങ്ങൾ
1. ഭാരം കുറയ്ക്കുക. നിലവിലുളള ഭാരത്തിന്റെ 7 മുതൽ 10 ശതമാനം വരെ കുറയ്ക്കുക. ദിവസവും 500 - 1000 കലോറിയിൽ കൂടുതൽ ഉൗർജം ശരീരത്തിന് ആവശ്യമില്ല.
2. ദിവസവും 30 മിനിട്ട് വ്യായാമം ശീലമാക്കുക
3. കൊളസ്ട്രോൾ കുറയ്ക്കാനുളള വിവിധ മാർഗങ്ങൾ സ്വീകരിക്കുക. എണ്ണ ഏതായാലും മിതമായി ഉപയോഗിക്കുക.
4. ഭാരം കുറയ്ക്കൽ, വ്യായാമം, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ എന്നിവയുടെ സഹായത്തോടെ രക്തസമ്മർദം കുറയ്ക്കുക.
5. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
മെറ്റബോളിക് സിൻഡ്രോം:സങ്കീർണാവസ്ഥകൾ
1. ആർട്ടീരിയോസ്ക്ളീറോസിസ്
2. കടുത്ത പ്രമേഹം
3. ഹൃദയാഘാതം
4. കിഡ്നി രോഗങ്ങൾ
5. നോണ് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങൾ
ശ്രദ്ധിക്കുക
1. കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവ ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തുക.
2. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക
3. ബോഡി മാസ് ഇൻഡക്സ് 25 ൽ കുറയ്ക്കുക
4. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രണവിധേയമാക്കുക
5. പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക.
6. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകൾ(മത്തി, അയല...) കറിവച്ചു കഴിക്കുക. എണ്ണയിൽ മുക്കി വറുത്ത വിഭവങ്ങൾ ഒഴിവാക്കുക
Health
കലോറി കുറഞ്ഞ ഫലമാണ് ഓറഞ്ച്; കൊഴുപ്പു കുറഞ്ഞ പോഷകങ്ങളുടെ ഉറവിടവും. ഓറഞ്ചിൽ വിറ്റാമിൻ സിയും നാരുകളും ധാരാളം. നാരുകളടങ്ങിയ വിഭവങ്ങൾ കഴിച്ചയുടൻ വയറു നിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ കൊഴുപ്പടങ്ങിയ മറ്റുവിഭവങ്ങൾ അളവിൽ കുറച്ചുകഴിച്ചാൽ മതി. മാത്രമല്ല അതിലുളള വിറ്റാമിൻ സി ശരീരത്തിലുളള ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റുന്നു. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീങ്ങുന്നു.
യുവത്വം നിലനിർത്തുന്നു
ഓറഞ്ചിലെ ആന്റി ഓക്സിഡന്റുകൾ യുവത്വം നിലനിർത്തുന്നു. അതിലുളള വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും ചർമത്തിൽ അകാലത്തിൽ ചുളിവുകളുണ്ടാകുന്നതു തടയുന്നു. ശരീരത്തിന് ദിവസവും ആവശ്യമുളള വിറ്റാമിൻ സിയുടെ അഞ്ചിലൊന്ന് ഒരു കപ്പ് ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്നു.
ഓറഞ്ച് ഫ്ളവറുളള ജ്യൂസ് ശീലമാക്കിയാലും പോരേ?
അവയിൽ കൃത്രിമമധുരവും പ്രിസർവേറ്റീവുകളും ഏറെയാണ്. അവ ശീലമാക്കിയാൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. അത്തരം കൃത്രിമ ജ്യൂസ് ശീലമാക്കുന്നത് ആരോഗ്യകരമല്ല.
ആന്റി ഓക്സിഡന്റ്
ഓറഞ്ചിലുളള ആന്റി ഓക്സിഡൻറ് സംയുക്തങ്ങളായ ഹെസ് പെരിഡിൻ (hesperidin), നാരിംഗ്ജെനിൻ(naringenin) എന്നിവ കാൻസറിനിടയാക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു. കൂടാതെ സീസാന്തിൻ, കരോട്ടിനോയ്ഡു കൾ (Zeaxanthin, carotenoids) എന്നിവ വിവിധതരം കാൻസറുകൾ, പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. ഓറഞ്ചിലുളള ലിമോണോ യ്ഡ്സ് (limonoids) വായ, സ്തനം, ശ്വാസകോശം, ചർമം, ആമാശയം, കുടൽ എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.
കണ്ണുകൾക്കു കരുതൽ
ഓറഞ്ചിൽ ബീറ്റാ കരോട്ടിൻ ഇഷ്ടംപോലെ. മറ്റു കരോട്ടിനോയ്ഡുകളും ധാരാളം. ശരീരം ഇവയെ വിറ്റാമിൻ എ ആക്കി മാറ്റുന്നു. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രായമായവരുടെ കണ്ണുകൾക്കുണ്ടാകുന്ന മാകുലാർ ഡീജനറേഷൻ എന്ന രോഗാവസ്ഥയുടെ വ്യാപനം കുറയ്ക്കുന്നു.
സന്ധിവേദന കുറയ്ക്കാം
ഓറഞ്ച് ജ്യൂസിലുളള വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റ് സന്ധികളിലെ നീരും വേദനയും കുറയ്ക്കാൻ സഹായകം. ഓറഞ്ചിലുളള സീസാന്തിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ (zeaxanthin, beta-cryptoxanthin) എന്നീ പോഷകങ്ങളും റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷണം നല്കുന്നു.
വൃക്കകളുടെ ആരോഗ്യത്തിന്
ഓറഞ്ചിലുളള വിറ്റാമിൻ സി വൃക്കകളുടെ ആരോഗ്യത്തിനും ഗുണപ്രദം. ഓറഞ്ചിൽ സിട്രേറ്റ് ധാരാളം. ഓറഞ്ച് കഴിക്കുന്നവരിൽ മൂത്രത്തിലെ സിട്രേറ്റിന്റെ തോതു കൂടുന്നു. അത് മൂത്രത്തിലെ ആസിഡിനെ നിർവീര്യമാക്കുന്നു. അങ്ങനെ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നതു തടയുന്നു.
Health
ആർത്തവവിരാമ ശേഷം സ്ത്രീകൾ ഡോക്ടർമാർ നിർദേശിക്കുന്ന സമയങ്ങളിൽ രക്തപരിശോധന നടത്തുകയും പരിശോധനയുടെ ഫലങ്ങളിൽ കാണുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.
പുകവലി, പുകയില മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കണം. ഒപ്പം നീർക്കെട്ട് വരാതിരിക്കാൻ സഹായിക്കുന്ന ചില ലളിതമായ കാര്യങ്ങൾ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് തുടരുകയുമാവാം. ആർത്തവ വിരാമത്തിനുശേഷം സ്ത്രീകൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം പെരുമാറ്റ രീതികളിലും ചില മാറ്റങ്ങൾക്കു സാധ്യതയുണ്ട്.
സ്ത്രീകളിൽ ഹൃദ്രോഗസാധ്യത
ശാരീരികമായി ഒട്ടും അധ്വാനിക്കാതിരിക്കുക, വ്യായാമം ചെയ്യാതിരിക്കുക, അമിതമായി ആഹാരം കഴിക്കുക, ജനിതക പ്രശ്നങ്ങൾ എന്നിവ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളിൽ ഹൃദ്രോഗമുണ്ടാകുമ്പോൾ
കൂടുതൽ ശ്രദ്ധിക്കണം. കാരണം, ആദ്യത്തെ ഹൃദയാഘാതത്തിൽ നിന്ന് അവർ രക്ഷപ്പെട്ടാലും ഒരു കൊല്ലത്തിനുള്ളിൽ തന്നെ അടുത്ത ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും എന്നാണു പറയുന്നത്.
ജീവിതശൈലിയിൽ
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. അമിത ശരീരഭാരം ഉള്ളവർ അത് കുറയ്ക്കാൻ ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ആഹാരത്തിൽ ചില ക്രമീകരണങ്ങൾ ആവശ്യമായി വരുന്നതാണ്. വ്യായാമവും പ്രധാനം.
പിരിമുറുക്കം വേണ്ട
നീണ്ട കാലം മാനസിക സംഘർഷം അനുഭവിക്കുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ വ്യക്തമായ കാരണമാണ്. അതുകൊണ്ട് സംഘർഷം ഒഴിവാക്കിയ മാനസികാവസ്ഥ സൂക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. വീട്ടമ്മമാരിലും ഉദ്യോഗസ്ഥകളിലും ഹൃദ്രോഗ സാധ്യത ഒരുപോലെ ആണെന്നാണ് പറയുന്നത്. എന്നാൽ, മാനസിക സംഘർഷം ഉണ്ടാകാനുള്ള കാരണങ്ങൾ ഇരു കൂട്ടരിലും വ്യത്യസ്തമായിരിയ്ക്കും എന്നും പറയുന്നുണ്ട്.
സാമ്പത്തിക പ്രശ്നങ്ങൾ, വിരസത എന്നിവ ആയിരിക്കും വീട്ടമ്മമാരിൽ മാനസിക സംഘർഷത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ഉദ്യോഗസ്ഥരിൽ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ, മത്സരം, പ്രമോഷൻ തുടങ്ങിയവയായിരിക്കും കാരണങ്ങൾ.
ആഹാരത്തിൽ ശ്രദ്ധിക്കണം
സ്ത്രീകൾ ആഹാരത്തിൽ ശ്രദ്ധിക്കണം. ആവശ്യമുള്ള അളവിൽ ഊർജം ലഭിക്കുന്നതായിരിക്കണം അവരുടെ ആഹാരം. ശരീരഭാരം കൂടാൻ ആഹാരം കാരണമാകയും അരുത്. മാംസം കഴിയുന്നത്ര ഒഴിവാക്കുകയാണു നല്ലത്. കോഴിമുട്ട പുഴുങ്ങി അതിന്റെ വെള്ള കഴിക്കുന്നതു നല്ലതാണ്. കൊഴുപ്പ് നീക്കം ചെയ്ത പാൽ ഉപയോഗിക്കാവുന്നതാണ്. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം.
20 മിനിറ്റ് വ്യായാമം
വെറുതെ ഇരിക്കരുത്. എപ്പോഴും പ്രവർത്തനനിരതമായിരിക്കുകയാണ് നല്ലത്. എപ്പോഴും മനസിൽ സംതൃപ്തി സൂക്ഷിക്കാനാവണം. ഇരുപത് മിനിറ്റ് സമയമെങ്കിലും ദിവസവും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്ന
ശീലം ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും. മാത്രമല്ല, അസ്ഥികളിൽ കാത്സ്യത്തിന്റെ സാന്ദ്രത കുറയുന്നതിന്റെ ഫലമായി സ്ത്രീകളിൽ കൂടുതലായി കണ്ടുവരാ റുള്ള ഓസ്റ്റിയോ പൊറോസിസ് എന്ന സന്ധിവാത രോഗം ഉണ്ടാകാതിരിക്കുവാനും ഉണ്ടായവരിൽ അതിന്റെ തീവ്രത കുറയാനും വ്യായാമം ഏറെ സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
International
ലോകത്ത് അഞ്ചു കോടിയിലേറെ ആളുകൾ അൽഷിമേഴ്സ് രോഗത്താൽ പ്രയാസമനുഭവിക്കുന്നതായാണു കണക്ക്. മറവിരോഗത്തെ അതിജീവിക്കാൻ പതിറ്റാണ്ടുകളായി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, പ്രതീക്ഷ നൽകുന്ന പല പഠനങ്ങളും ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് മെഡിക്കൽ ജേണലുകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോൾ റേഡിയേഷൻ, അൽഷിമേഴ്സിനു കാരണമായേക്കാമെന്നു ഗവേഷകരുടെ പുതിയ പഠനം പറയുന്നു.
അയോണൈസിംഗ് റേഡിയേഷനുമായി സമ്പർക്കത്തിൽ വരുന്നതു മസ്തിഷ്ക്കത്തിൽ അൽഷിമേഴ്സ് രോഗത്തിനു സമാനമായ ജൈവമാറ്റങ്ങൾക്കും വീക്കത്തിനും വഴിവച്ചേക്കാമെന്ന് യുഎസ് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. റേഡിയേഷനും അൽഷിമേഴ്സ് രോഗാസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ന്യൂയോർക്കിലെ ഹോഫ്സ്ട്ര സർവകലാശാലയിലെയും നോർത്ത്വെൽ ഹെൽത്തിലെയും ഗവേഷകർ നടത്തിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. 'ഫ്രോണ്ടിയേഴ്സ് ഇൻ ഇമ്യൂണോളജി' എന്ന ശാസ്ത്ര മാസികയിലാണു ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
മെഡിക്കൽ ഇമേജിംഗ് പരിശോധനകൾ, ന്യൂക്ലിയർ വ്യവസായ മേഖലയിലെ വളർച്ച, ബഹിരാകാശ ഗവേഷണങ്ങൾ എന്നിവ വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യരിൽ റേഡിയേഷൻ സമ്പർക്കം മുൻപത്തെക്കാൾ കൂടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, റേഡിയേഷൻ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കും, അൽഷിമേഴ്സ് സാധ്യത വർധിക്കുമോ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ നൂറിലേറെ പഠനങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
പഠനങ്ങൾ പ്രകാരം, ശരീരത്തിൽ ഏൽക്കുന്ന 100 മില്ലിസീവർട്ട് റേഡിയേഷന് ഡിമൻഷ്യ വരാനുള്ള സാധ്യത പതിനൊന്നു ശതമാനം വർധിപ്പിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. റേഡിയേഷൻ ഏൽക്കുമ്പോൾ കോശങ്ങളിലെ ഡിഎൻഎയ്ക്ക് തകരാർ സംഭവിക്കുകയും ഇതു തലച്ചോറിലെ പ്രതിരോധ കോശങ്ങളിൽ പ്രതികരണമുണ്ടാക്കി 'eCIRP' എന്ന പ്രോട്ടീൻ പുറന്തള്ളാൻ കാരണമാവുകയും ചെയ്യുന്നു. ഈ പ്രോട്ടീൻ പിന്നീട് തലച്ചോറിലെ 'Tau' പ്രോട്ടീനുകളിൽ രാസമാറ്റങ്ങൾ വരുത്തുന്നു. അൽഷിമേഴ്സ് ബാധിച്ച ആളുകളുടെ തലച്ചോറിൽ ഉണ്ടാകുന്ന കേടുപാടുകൾക്കു സമാനമായ മാറ്റങ്ങളാണു സംഭവിക്കുകയെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, സാധാരണ എക്സ്-റേ പരിശോധനകൾ നടത്തുന്നതു നേരിട്ട് അൽഷിമേഴ്സിന് കാരണമാകുമെന്ന ധാരണ തെറ്റാണെന്നു ഗവേഷകർ വ്യക്തമാക്കുന്നു. ഭാവിയിലെ അൽഷിമേഴ്സ് പഠനങ്ങൾക്കും രോഗപ്രതിരോധ ചികിത്സകൾക്കും പുതിയ വാതിലുകൾ തുറക്കുന്ന ഒന്നാണ് ഈ കണ്ടെത്തൽ.
നിലവിൽ ലോകമെമ്പാടുമായി അഞ്ച് കോടിയിലധികം ആളുകൾ ഡിമൻഷ്യ, അൽഷിമേഴ്സ് രോഗങ്ങളാൽ വലയുന്നുണ്ട്. പതിറ്റാണ്ടുകളായി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായി ഫലപ്രദമായ പ്രതിരോധ ചികിത്സകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ഇത്തരം പഠനങ്ങൾ രോഗത്തെക്കുറിച്ചുള്ള അവബോധത്തിനു വളരെ പ്രധാനമാണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
Health
പിസിഒഡി ഉള്ളവർ സാധാരണ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ആറ് നേരമായി കഴിച്ചാൽ ശരീരത്തിലുള്ള ഇൻസുലിന്റെ അതിപ്രസരം കുറയ്ക്കുന്നതിനു സഹായകമാകും. ഇൻസുലിന്റെ അതിപ്രസരം മൂലം മറ്റ് ഹോർമോണുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ആണ് പ്രധാനമായും പിസിഒഡിക്കു കാരണം.
പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമം
അതിരാവിലെ
- കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.
പ്രഭാതഭക്ഷണം
- ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.
* കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.
* ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.
* സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.
11 മണിക്ക്
ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.
ഉച്ചഭക്ഷണം
മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി). അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.
* കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്
(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക )
* സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.
* ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.
* തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.
* മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.
നാലുമണി
- കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം
അത്താഴം
പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം.(നാട്ടിൻപുറങ്ങളിൽ സുലഭമായ പഴവർഗങ്ങളായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം)
* ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.
ഒഴിവാക്കേണ്ട മറ്റു ഭക്ഷണങ്ങൾ
* കിഴങ്ങുവർഗങ്ങൾ പരമാവധി ഒഴിവാക്കുക, മധുരക്കിഴങ്ങ് ചെറിയ അളവിൽ കഴിക്കാം.
* എണ്ണയിൽ വറുത്ത ഭക്ഷണം പരമാവധി ഒഴിവാക്കുക
* ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിൽ ആവിയിൽ പുഴുങ്ങിയത് കഴിക്കാൻ ശ്രമിക്കുക.
* സോഫ്റ്റ് ഡ്രിങ്കുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതുകൊണ്ട് അതും ഒഴിവാക്കുക.
* പാക്കറ്റിൽ വരുന്ന ചിപ്സുകൾ ഒഴിവാക്കുക. ഇതിൽ ഉപ്പിന്റെ അളവ് കൂടുതലാണ്.
വ്യായാമവും ഉറക്കവും പ്രധാനം...
പുതുതലമുറയുടെ പ്രധാന പ്രശ്നം വ്യായാമക്കുറവും ഉറക്കക്കുറവും ആണ്. കുട്ടികളുടെ പഠനകാലയളവിൽ രാത്രി ഉറക്കമിളച്ചു പഠിക്കുന്ന ശീലക്കാരാണ് പലരും. അതു ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പിസിഒഡിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്തിരിക്കണം (നടക്കുക, ചെറുതായി ഓടുക, സ്കിപ്പിംഗ് ചെയ്യുക )
* കൂടാതെ സ്ട്രസ് കുറയ്ക്കാനായി യോഗയും പരീക്ഷിക്കാവുന്നതാണ്..
വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ& ഡയബറ്റിക്ക് എജ്യുക്കേറ്റർ.
ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു.
ഫോൺ: 8921564266
Health
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്
പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല് ഇപ്പോള് ലേസര് ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.
വജൈനൽ ലാക്സിറ്റിക്കു പരിഹാരം
പല സ്ത്രീകളും അനുഭവിക്കുകയും എന്നാല് പുറത്തുപറയാന് വിഷമിക്കുകയും ചെയ്യുന്ന പ്രശ്നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള് തകരുകയും അതിനു പരിഹാരം തേടാന് കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു.
ലേസര് ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്റിമേറ്റ് ഹെല്ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല് ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.
സ്ത്രീകളുടെ ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്
സ്ത്രീകളുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില് ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്ഷണം. ഇതെല്ലാം പലര്ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്ക്കാന് ആരും തയാറാകുന്നുമില്ല.
സ്ത്രീകള് ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്, ഇന്ന് ഇതിനെല്ലാം കോസ്മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.
ആത്മവിശ്വാസം നേടാം
കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള് മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള് അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പേവിഷബാധയുള്ള മൃഗത്തിന്റെ കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില് (ടാപ്പിനു ചുവടെയെങ്കില് അത്യുത്തമം) 15 മുതല് 20 മിനിട്ട് വരെ നന്നായി കഴുകുക. മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തില് ചികിത്സയ്ക്ക് എത്തുക.
1. കണ്ണ് അല്ലെങ്കിൽ വായ പോലുള്ള അയഞ്ഞ ചർമത്തിൽ മൃഗങ്ങളുടെ സ്രവങ്ങൾ വീണിട്ടുണ്ടെങ്കിൽ, അത് കഴുകി ഡോക്ടറെ അറിയിക്കുക.
2. മുറിവ് പരിശോധിക്കുമ്പോൾ മികച്ച ദൃശ്യപരതയ്ക്കായി ഒരു ടോർച്ച് ഉപയോഗിക്കുക.
3. രോഗ പ്രതിരോധത്തിന് മുറിവ് ശരിയായി കഴുകുന്നത് വളരെ പ്രധാനമാണ്.
4. മുറിവുകൾ 15 മുതൽ 20 മിനിറ്റ് വരെ ഒഴുകുന്ന വെള്ളത്തിൽ കഴുകുക. ഇത് നല്ലൊരു ശതമാനം രോഗാണുക്കളെ കഴുകി കളയുന്നു.
5. മുറിവ് കഴുകാൻ സോപ്പ് തേച്ച് ഉപയോഗിക്കുക; മുറിവ് ഉരയ്ക്കരുത്.
6. കഴുകിയ ശേഷം, മുറിവിൽ ഒരു ആന്റി സെപ്റ്റിക് ലായനി (ഉദാ: ബെറ്റാഡിൻ) പുരട്ടുക.
7. ശരീരം ശരിയായി വൃത്തിയാക്കാൻ വൃത്തിയുള്ള തുണി മാത്രം ഉപയോഗിക്കുക, ഡ്രസിംഗ് വസ്തുക്കൾ ഉപയോഗിക്കുക.
8. ആവശ്യമുള്ളപ്പോഴെല്ലാം ആരോഗ്യ പ്രവർത്തകരുടെ സഹായം തേടുക.
9. മുറിവ് വൃത്തിയായി സൂക്ഷിക്കുക.
10. മുറിവിനു ചുറ്റും കുത്തിവയ്പ്പുകൾ എടുത്ത ശേഷം 24 മണിക്കൂർ നേരത്തേക്ക് മുറിവ് കഴുകരുത്.
പേവിഷ ബാധയേറ്റാൽ, രോഗം തലച്ചോറിനെ ബാധിക്കാൻ ഒരാഴ്ച മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കും. തലച്ചോറിനെ ബാധിച്ചാൽ മരണം ഉറപ്പായ രോഗമാണ് പേവിഷബാധ. അതിനാൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുൻപ് എത്രയും വേഗം വാക്സിൻ എടുക്കുന്നത് പ്രധാനമാണ്.
വിവരങ്ങൾ - നാഷണൽ ഹെൽത്ത് മിഷൻ, ഇടുക്കി, സംസ്ഥാന ആരോഗ്യ വകുപ്പ്
Health
പൂച്ച, നായ, പെരുച്ചാഴി, കുരങ്ങൻ, വവ്വാൽ തുടങ്ങിയ മൃഗങ്ങളുടെ കടിയേറ്റാൽ വാക്സസിൻ എടുക്കേണ്ട ദിവസങ്ങളാണ് 00 , 03, 07, 28.
സീറോ ഡോസ് വാക്സിനൊപ്പം...
നായ, പൂച്ച, പെരുച്ചാഴി, കുരങ്ങൻ, വവ്വാൽ തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ, മാന്തുകയോ ചെയ്താൽ ആദ്യദിനം എത്രയുംവേഗം എടുക്കുന്നതാണ് സീറോ ഡോസ് വാക്സിൻ. ശേഷം 3, 7, 28 എന്നീ ദിവസങ്ങളിൽ കൂടി വാക്സിൻ എടുക്കുക. കടിയുടെ സ്വഭാവമനുസരിച്ച് വാക്സിനോടോപ്പം ഇമ്മ്യൂണോ ഗ്ലോബുലിൻ ഡോക്ടർ നിർദ്ദേശിച്ചാൽ അത് കൂടി എടുക്കണം.
വളർത്തുമൃഗത്തിന്റെ കടിയേറ്റ് ചോര പൊടിഞ്ഞാൽ..
വളർത്തുമൃഗത്തിന്റെ കടിയേറ്റ് ചോര പൊടിഞ്ഞാൽ, മൃഗത്തിനെ പത്തു ദിവസം മുതൽ ഒരു മാസം വരെ കെട്ടിയിട്ടു പൂർണമായും നിരീക്ഷിക്കണം. ഈ കാലയളവിൽ മൃഗത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഒന്നും കാണുന്നില്ല എന്നും മൃഗം നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തണം.
രോഗം തലച്ചോറിനെ ബാധിക്കുന്നത്...
പേവിഷ ബാധയേറ്റാൽ, രോഗം തലച്ചോറിനെ ബാധിക്കാൻ ഒരാഴ്ച മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കും. തലച്ചോറിനെ ബാധിച്ചാൽ മരണം ഉറപ്പായ രോഗമാണ് പേവിഷബാധ. അതിനാൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുൻപ് എത്രയും വേഗം വാക്സിൻ എടുക്കുന്നത് പ്രധാനമാണ്.
വിവരങ്ങൾ - നാഷണൽ ഹെൽത്ത് മിഷൻ, ഇടുക്കി
Health
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട് . ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത്
എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടി
രിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി
ബാധിക്കുന്നു.
‘പട്ടിണി’ മോഡ് !
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു. ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല. ഉദാഹരണത്തിന്...ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
സ്ത്രീകളില് ആര്ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്ത്തവവിരാമം (Menopause). തുടര്ച്ചയായി 12 മാസം വരെ ആര്ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്ത്തവവിരാമം സ്ഥിരീകരിക്കാന് സാധിക്കുന്നത്. ഈ സാഹചര്യത്തില് അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.
45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്റെതായ കാരണങ്ങളാല് ഗര്ഭാശയത്തിലെ അണ്ഡാശയത്തില് അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്, പ്രോജസ്ട്രോണ് തുടങ്ങിയ ഹോര്മോണുകളുടെ അളവ് ശരീരത്തില് കുറയുകയും ആര്ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആര്ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന
ദീര്ഘകാല ആരോഗ്യ പ്രശ്നങ്ങള്
ആര്ത്തവവിരാമ ഘട്ടത്തില് ശരീരത്തിലെ ഈസ്ട്രജന് ഹോര്മോണിന്റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം , മാനസികാരോഗ്യം, മാംസപേശികള് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ആര്ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്ഗ്ഗങ്ങളില് ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന് സാധിക്കുന്നു.
ഓസ്റ്റിയോപൊറോസിസ്
(അസ്ഥി ബലക്ഷയം)
ആര്ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല് അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള് ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില് പോലും എല്ലുകള് ഒടിയാനുള്ള സാധ്യത കൂടുന്നു.
ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള് ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.
വിവരങ്ങൾ - ശ്രീദേവി, എച്ച്ഒഡി, ഫിസിയോതെറാപ്പി വിഭാഗം
എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്. ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
കൃത്യമായ കാരണം കണ്ടെത്തണം
വായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുന്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും.
വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ.
എന്താണു പോംവഴി?
ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
മരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ട്. വിളർച്ചയുണ്ടെങ്കിലും ഇത്തരത്തിൽ വ്രണങ്ങളുണ്ടെങ്കിലും ചികിത്സിക്കണം.
വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളായും ഉള്ളിൽ കഴിക്കുന്ന മരുന്നുകളായും ഇവ ലഭ്യമാണ്.
ഹൈഡ്രോകോർട്ടിസോണ്, ട്രയാംസിനലോണ്, ഫ്ജവോ സിനോനൈഡ്, ക്ലോർഹെക്സിഡിൻ, ടെട്രാസൈക്ലിൻ, സോഡിയം ക്രോമോഗ്ലൈക്കേറ്റ്, ഡാപ്സോണ്, കോൾച്ചിസിൻ, ലിവാമിസോൾ, അസാത്തിയോപ്രിൻ എന്നിവ ഇവയിൽ ചിലതാണ്. ശരിയായ രോഗനിർണയംപോലെ പ്രധാനമാണ് മരുന്നുകളുടെ ഉപയോഗവും. അതുകൊണ്ടുതന്നെ സ്വയംചികിത്സ ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾ: ഡോ. ജയേഷ് പി (MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്, പാനൂര്, കണ്ണൂര് ജില്ല
Health
‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പരമ്പരയ്ക്കായി കൊച്ചിയിലെത്തിയ പ്രസിദ്ധ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയുടെ സംഘത്തിലെ രണ്ടുപേരെ യെല്ലോ ഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നും പിന്നീട് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പ്രവേശനാനുമതി നൽകിയെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പകർച്ചവ്യാധികളുടെ രാജ്യാതിർത്തി കടന്നുള്ള വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര യാത്രാനിയമങ്ങളുടെ പ്രാധാന്യം ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.
ഗുരുതരമായ വൈറസ് രോഗം
യെല്ലോ ഫീവർ (Yellow Fever) കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ്. പ്രധാനമായും ആഫ്രിക്കയിലെയും മധ്യ-ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് രോഗവ്യാപനം കാണപ്പെടുന്നത്. രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളാണുണ്ടാകുന്നത്. എന്നാൽ ചിലരിൽ രോഗം ഗുരുതരമാവുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും രക്തസ്രാവത്തിനും മരണത്തിനും കാരണമാവുകയും ചെയ്യാം.
ഗുരുതരരോഗികളിൽ മരണനിരക്ക് 30–60 ശതമാനം വരെയാകാം. യെല്ലോ ഫീവറിന് പ്രത്യേകമായി അംഗീകരിക്കപ്പെട്ട ആന്റി വൈറൽ ചികിത്സയില്ല. എന്നാൽ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണ്.
ഒരു ഡോസ് വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നു; അന്താരാഷ്ട്ര യാത്രയ്ക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാധാരണയായി കുത്തിവയ്പ്പിന് 10 ദിവസം കഴിഞ്ഞാണു പ്രാബല്യത്തിൽ വരുന്നത്.
ഏതു രാജ്യങ്ങളിലാണ് രോഗസാധ്യത?
ആഫ്രിക്കയിൽ അംഗോള, നൈജീരിയ, ഘാന, ഉഗാണ്ട, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കൻ ഭൂഖണ്ഡത്തിൽ ബ്രസീൽ, കൊളംബിയ, പെറു, ബൊളീവിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലുമാണ് യെല്ലോ ഫീവർ പകരാനുള്ള സാധ്യതയുള്ള പ്രദേശങ്ങൾ.
കേരളം എന്തുകൊണ്ട് ജാഗ്രത പുലർത്തണം?
ലോകരാജ്യങ്ങളൂമായി അടുത്ത ബന്ധമുള്ള കേരളം ഭയത്തോടെ കാണുന്ന രോഗമാണ് യെല്ലോ ഫീവർ. കാരണം രോഗം പരത്തുന്ന ഈഡിസ് ഈജ്പ്റ്റൈ (Aedes aegypti ) കൊതുകിന്റെ സാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഫലമായി കൊതുകിന്റെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഡങ്കി പനിയാണ് ഈ കൊതുകുകൾ പരത്തുന്ന പ്രധാന രോഗം. ഡങ്കി പനി കേരളത്തിൽ വ്യാപകമാണ്.
ഈഡിസ് ഈജിപ്റ്റൈ കൊതുകൾ നിയന്ത്രണ വിധേയമാക്കാത്തതിനാൽ കേരളത്തിലേക്ക് ഇതേ കൊതുക് പരത്തുന്ന സിക്ക വൈറസ് രോഗം എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരും ഗൗരവമായെടുത്തില്ല. 2022 ൽ സീക്കാ വൈറസ് രോഗം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് കാലമായത് ഇതാരും ശ്രദ്ധിച്ചില്ല. ഗർഭിണികൾക്ക് സിക്ക രോഗം വന്നൽ ഗർഭസ്ഥശിശുകൾക്ക് ഗുരുതമായ ജന്മവൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
സീക്ക കേരളത്തിൽ എത്തിയ സാഹചര്യത്തിൽ യെല്ലോ ഫീവറും എത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും കേരളം കർശനമായി സ്വീകരിക്കേണ്ടതാണ്.
പ്രതിരോധം: യാത്രാനിയമങ്ങൾക്കപ്പുറം
യെല്ലോ ഫീവർ ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നവരും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരും വാക്സിനേഷൻ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രാരോഗ്യ പരിശോധനകൾ ഫലപ്രദമാക്കണം.
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സമയബന്ധിതമായി തിരിച്ചറിയാനും ആവശ്യമായ പരിശോധനയും തുടർനടപടികളും ഉറപ്പാക്കാനും സംവിധാനങ്ങൾ സജ്ജമായിരിക്കണം.
അതോടൊപ്പം, കൊതുകുനിയന്ത്രണം, രോഗനിരീക്ഷണം ശക്തിപ്പെടുത്തൽ, ആരോഗ്യപ്രവർത്തകരുടെ പരിശീലനം, പൊതുജന ബോധവൽക്കരണം എന്നിവയ്ക്കും മുൻഗണന നൽകണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ.
Health
കരളിനുണ്ടാകുന്ന വീക്കത്തെയും (Inflammation) അതുമൂലമുണ്ടാകുന്ന രോഗാവസ്ഥയെയുമാണ് ഹെപ്പറ്റൈറ്റിസ് (Hepatitis) എന്ന് പറയുന്നത്. വൈറസ് അണുബാധയാണ് ഇതിനു പ്രധാന കാരണമെങ്കിലും, മദ്യപാനം, ചില മരുന്നുകൾ, വിഷപദാർത്ഥങ്ങൾ, ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിലെ തകരാറുകൾ (Autoimmune) എന്നിവയും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നു.
ഹെപ്പറ്റൈറ്റിസ് എ, ഇ തടയാം
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ശരിയായി കൈ കഴുകാം
· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
ടോയ്ലറ്റ് ശുചിത്വം
· മലമൂത്ര വിസര്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള് വൃത്തിയാക്കുക
· മലമൂത്ര വിസര്ജനം കക്കൂസില് മാത്രം നിര്വഹിക്കുക.
രക്തപരിശോധന
· പാചകത്തൊഴിലാളികള്, ഹോട്ടലുകള്, തട്ടുകടകള്, എന്നിവിടങ്ങളില് പാചകം ചെയ്യുന്നവര്, വിതരണക്കാര് തുടങ്ങിയവര് രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
കരുതലോടെ ആഘോഷങ്ങൾ
· ആഘോഷങ്ങള്, ഉത്സവങ്ങള് എന്നിവയില് വിതരണം ചെയ്യുന്ന പാനീയങ്ങള്, ഐസ് എന്നിവ ശുദ്ധജലത്തില് മാത്രം തയാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി തടയാം
· ഗര്ഭിണിയായിരിക്കുമ്പോള് ഹെപ്പറ്റൈറ്റിസ് പരിശോധന നിര്ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്ക്ക് ജനിച്ച ഉടന് തന്നെ പ്രതിരോധ കുത്തിവയ്പ് നല്കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള് അംഗീകൃത രക്തബാങ്കുകളില് നിന്നു മാത്രം സ്വീകരിക്കുക.
സുരക്ഷിതമാക്കാം ലൈംഗിക ജീവിതം
· ലൈംഗിക ബന്ധത്തില് ഏര്പ്പെടുമ്പോള് സുരക്ഷാ മാര്ഗങ്ങള് സ്വീകരിക്കുക.
പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
അണുവിമുക്തമാക്കാം
· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള് അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.
എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു.
മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് വ്രണങ്ങൾ?
സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം.
തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള 48 - 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.
മരുന്നുകളുടെ ഉപയോഗം...
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആൻറിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) ഉണ്ടാക്കാം.
വായ്ക്കകത്തെ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു.
വിവരങ്ങൾ: ഡോ. ജയേഷ് പി (MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്, പാനൂര്, കണ്ണൂര് ജില്ല
Health
മദ്യപാനം ശീലമുള്ളവരിൽ ഉണ്ടാകുന്ന രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം ഇല്ലാത്തവരിലാണ് കരൾരോഗങ്ങൾ കൂടുതൽ കണ്ടുവരുന്നത് എന്നതാണു വാസ്തവം.
വർഷങ്ങൾക്കുമുന്പ് കരൾരോഗങ്ങളിലെ ഗുരുതരാവസ്ഥയായ "ലിവർ സിറോസിസ്' ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ കൂടിയ അളവിലുള്ള മദ്യപാനവും ചില അണുബാധകളും ആണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. കാലം മാറി, കഥയും മാറി. ലിവർ സിറോസിസ് ഉണ്ടാകുന്നതിന് ഇപ്പോൾ കൂടുതൽ പേരിലും കാരണമായി കാണുന്നതു ഫാറ്റി ലിവറാണ്.
കൊഴുപ്പ്
കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ. സാധാരണയായി അഞ്ച് ശതമാനത്തിൽ കുറഞ്ഞ നിലയിൽ കരളിൽ കൊഴുപ്പ് ഉണ്ടായിരിക്കും. ഇതിന്റെ നില അഞ്ച് ശതമാനത്തിൽ നിന്ന് ഉയരുമ്പോഴാണ് ഫാറ്റി ലിവർ ആകുന്നത്.
ആ അവസ്ഥ സാധാരണയായി മുഴുവൻ പേരിലും എന്നുതന്നെ പറയാം, മനസിലാക്കാൻ കഴിയാറില്ല. അതിന്റെ മുന്നറിയിപ്പുകളായി അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് അതിന്റെ കാരണം. മാത്രമല്ല, ഈ കൊഴുപ്പുശേഖരം 30 ശതമാനം ആകുമ്പോൾ മാത്രമാണ് അൾട്രാസൗണ്ട് സ്കാനിംഗിൽ പോലും കാണാനും കഴിയുകയുള്ളു. അപ്പോഴും കൂടുതൽ പേരിലും ആരോഗ്യപ്രശ്നങ്ങൾ കാര്യമായ രീതിയിൽ ഒന്നും ഉണ്ടാകാറില്ല.
കരളിന്റെ ആരോഗ്യത്തിനു ഗുണകരമല്ലാത്ത, കൂടുതൽ കൊഴുപ്പുള്ള ആഹാരം കഴിക്കുന്നതു തന്നെയാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിനു പ്രധാന കാരണമാകുന്നത്.
പൊണ്ണത്തടി
ഫാറ്റി ലിവർ ഉള്ളവരിൽ പൊണ്ണത്തടി ഉണ്ടാകും. ഈ അവസ്ഥയിൽ ചികിത്സയുടെ പ്രധാന ഭാഗമായി ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നുള്ളതാണ്. ശരിയായ രീതിയിൽ ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തുകയും പതിവായി വ്യായാമം ശീലിക്കുകയും ചെയ്യുന്നതിലൂടെ തന്നെ ബഹുഭൂരിപക്ഷം പേരിലും പൊണ്ണത്തടിയും അമിത ശരീരഭാരവും കുറയ്ക്കാൻ കഴിയും. അപ്പോൾ ഫാറ്റി ലിവർ എന്ന പ്രശ്നത്തിനും പരിഹാരമാകും.
ആഹാരം-എങ്ങനെ, എപ്പോൾ?
ആഹാര ക്രമീകരണങ്ങളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രാവിലെ ആഹാരം നിർബന്ധമായും കഴിക്കണം എന്നുള്ളതാണ്. രാവിലെ ആഹാരം ഒഴിവാക്കരുത്. ഉച്ചയ്ക്ക് മിതമായ ആഹാരം. ഉപ്പ്, എണ്ണ എന്നിവയുടെ ഉപയോഗം ഏറ്റവും കുറഞ്ഞ അളവിൽ മതി. രാത്രിയിലെ ആഹാരം സന്ധ്യ കഴിഞ്ഞ് അധികം വൈകാതെ കഴിക്കാം. ലഘുഭക്ഷണം ആയിരിക്കും അഭികാമ്യം. അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടാകാതെ ശ്രദ്ധിച്ചാൽ ഫാറ്റിലിവർ സാധ്യത കുറയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
കാല്മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല് ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്വയ്പ്പാണ്. റോബോട്ടുകള് ഓപ്പറേഷനില് എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയറ്ററിന്റെ ഉള്ളിലേക്കു പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു.
രോഗിയുടെ കാല്മുട്ടിന്റെ പൊസിഷന് മനസിലാക്കാന് വേണ്ടിയുള്ള കാമറകള്, സര്ജനോ അല്ലെങ്കില് സഹായിക്കോ കാര്യങ്ങള് നിയന്ത്രിക്കാന് ആവശ്യമായ മോണിറ്റര്, എല്ലുകള് ആവശ്യാനുസരണം മുറിക്കാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്രക്കൈ എന്നിവയാണ് റോബോട്ടിന്റെ
പ്രധാന ഭാഗങ്ങള്.
എല്ലുകളുടെ അഗ്രഭാഗങ്ങള് ഏതളവില് കട്ട് ചെയ്യണം എന്നുള്ളത് നിജപ്പെടുത്തുന്നതു സര്ജനാണ്. റോബോട്ടിക് സംവിധാനത്തില് ഉള്പ്പെടുന്ന കംപ്യൂട്ടര് നാവിഗേഷന് സോഫ്റ്റ് വെയര് ഇതില് സര്ജനെ സഹായിക്കുന്നു.
സര്ജറിയുടെ ആദ്യഘട്ടത്തില് സര്ജനും സഹായികളും ചേര്ന്ന് മുട്ട്, ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്ഭാഗം പരിശോധിച്ച് എല്ലുകളില് സെന്സറുകള് സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിനുവേണ്ടി സെന്സര് പെന് ഉപയോഗിച്ച് മാര്ക്ക് ചെയ്യുകയും വേണം. തുടര്ന്ന് റോബോട്ടിന്റെ യന്ത്ര ക്കൈ കാല്മുട്ടിലേക്ക് അടുപ്പിച്ചുകൊടുക്കുമ്പോള്, നേരത്തെ നിജപ്പെടുത്തിയ അളവില് എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്ജന് ആവശ്യാനുസരണം നിയന്ത്രിക്കാം.
ഇംപ്ലാന്റുകള് താല്ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില് എല്ലുകള് മുറിച്ചതിന്റെ അളവ്, ആംഗിള് എന്നിവ സൂക്ഷ്മമായ തോതില് വീണ്ടും മാറ്റാവുന്നതാണ്. കാല്മുട്ട് ശസ്ത്രക്രിയ വിജയിക്കാന് ഈ അളവുകളില് കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല് സര്ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു.
റോബോട്ടിന്റെ ചലനങ്ങള് കംപ്യൂട്ടര് നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്ജന്റെ മേല്നോട്ടം ഉള്ളതിനാലും എല്ലുകള്ക്കു ചുറ്റുമുള്ള ഞരമ്പുകള്, രക്തക്കുഴലുകള്, ലിഗമെന്റുകള് മുതലായവയ്ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കുറയുന്നു.
കാല്മുട്ട് ശസ്ത്രക്രിയയില് റോബോട്ടുകളുടെ ഉപയോഗത്തിന് പ്രചാരം കൂടുന്നുണ്ട് എന്നിരുന്നാലും, രോഗികള്ക്ക് അതുമൂലം ദീര്ഘകാല അടിസ്ഥാനത്തില് പ്രയോജനമുണ്ടോ എന്ന വിഷയത്തില് പഠനങ്ങള് ഇനിയും ആവശ്യമാണ്. മെഷീന് ലേണിംഗ്/ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് എന്നീ സാങ്കേതിക വിദ്യകള് കൂടി ചേരുമ്പോള് ഭാവിയില് റോബോട്ടിക് സര്ജറിയുടെ സാധ്യത വിപുലമാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ ഡി.
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി
ഹോസ്പിറ്റൽ, പട്ടം,രുവനന്തപുരം
Health
ഹൃദയാഘാതം ഉണ്ടാകുന്ന സാഹചര്യങ്ങളില് ഉടന് തന്നെ മെഡിക്കല് സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഹൃദയപേശികള്ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാന് സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള് നല്കുക, അടഞ്ഞ ഹൃദയധമനികള് തുറക്കുന്നതിനുള്ള ആൻജിയോപ്ലാസ്റ്റി അല്ലെങ്കില് ബൈപാസ് സർജറികള് തുടങ്ങിയവയാണ് ചികിത്സാരീതികളില് ഉള്പ്പെടുന്നത്.
ബയോ റിസോർബബിള് സ്റ്റെന്റ്
ഹൃദയസംരക്ഷണത്തില് അടുത്തകാലത്തായി ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ് ബയോ റിസോർബബിള് സ്റ്റെന്റുകള്. കാലക്രമേണ അലിഞ്ഞുപോകുന്ന തരത്തില് രൂപകല്പന ചെയ്തിട്ടുള്ള ഇവ ഹൃദയധമനികള്ക്ക് താത്കാലികമായി ഘടനാപരമായ സപ്പോര്ട്ട് നല്കുകയും ധമനികള് ചുരുങ്ങുന്നത് തടയാനുള്ള മരുന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്നു.
മാറ്റങ്ങൾ ഉൾക്കൊള്ളാം
നീണ്ട ജോലിസമയവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം, പരിഹരിക്കാനുള്ള ഒരു പ്രശ്നമായി മാത്രമല്ല കാണേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടില് നാം എങ്ങനെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ജീവിതത്തില് അഭിവൃദ്ധി നേടുന്നു എന്നുള്ള കാര്യങ്ങള് പുനർവിചിന്തനം ചെയ്യാനുള്ള ഒരു അവസരമായി കൂടി കാണണം. ജോലിസ്ഥലം മുതല് വ്യക്തിഗത ആരോഗ്യ പരിപാലം വരെ, മെഡിക്കല് മുന്നേറ്റങ്ങള് മുതല് നഗരാസൂത്രണം വരെ, വ്യത്യസ്ത മേഖലകളില് മാറ്റങ്ങള് ഉള്ക്കൊള്ളാം. അതുവഴി വരുംതലമുറയ്ക്ക് ആരോഗ്യകരവും കൂടുതല് സംതൃപ്തവുമായ ജീവിതം വാഗ്ദാനം ചെയ്യാം.
മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്
പതിവായി ചെക്കപ്പുകള് നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോള് എന്നിവ സാധാരണനിലയില് നിലനിർത്താൻ സാധിക്കും.
വിവരങ്ങൾ: ഡോ. രാജശേഖർ വർമ, സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി, ആസ്റ്റർ മെഡിസിറ്റി, കൊച്ചി.
Health
പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ
* കടിയേറ്റ സ്ഥലത്തുനിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
* കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും.
* കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വയ്ക്കുക. ചലിപ്പിക്കാതിരിക്കുക.
*കടിയേറ്റ കൈകാലുകളിൽ നിന്നു ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചുമാറ്റുക.
* കടിയേറ്റയാളിനെ തല ചരിച്ചുവച്ച്, കൈകൊണ്ട് മുഖത്തെ താങ്ങി നിർത്തുന്ന രീതിയിൽ, ഇടത്തോട്ട് ചരിച്ച് വലതു കാൽ മടക്കി കിടത്തുക.
* വാഹന സൗകര്യം ലഭ്യമായാലുടൻ കടിയേറ്റയാളെ അടിയന്തിര ചികിത്സക്കായി തൊട്ടടുത്ത വിഷ ചികിത്സാസൗകര്യം ഉള്ള ആശുപത്രിയിലേക്ക് മാറ്റുക.
പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ
* കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കാതിരിക്കുക.
* പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കുന്നതിനിടയാക്കും.
* കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ അരുത്.
* കടിയേറ്റ ഭാഗത്തിനു മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും ആ ഭാഗം പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്.
* കടിയേറ്റയാളിനെ മലർത്തിക്കിടത്തരുത്. അത് ശ്വാസതടസം ഉണ്ടാക്കാനിടയുണ്ട്.
* അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകൾ ചെയ്യരുത്.
വിവരങ്ങൾ-ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യ കേരളം, ഇടുക്കി
Health
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സിഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യജീവിതത്തിനു സഹായകം.
വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.
ചർമത്തിന്റെ അഴകിന്
ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച കുറയ്ക്കുന്നു
മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.
വിഷാദം കുറയ്ക്കുന്നതിന്
മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.
നീരും വേദനയും കുറയ്ക്കുന്നു
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.
കൃമികടിക്കു പരിഹാരം
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
എല്ലുകളുടെ കരുത്തിന്
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.
നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
( മരുന്ന് എന്ന രീതിയിൽ മഞ്ഞൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദേശം തേടണം)
Health
ശരീരത്തിന്റെ ശേഷി, ഉൗർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.
പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.
അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും. പ ുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത
ഇല്ലാതാകും.
ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം. എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.
കിടക്കുമ്പോൾ
* നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.
എണ്ണ പുരട്ടാം
* നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ് കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക. ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
വ്യായാമം ചെയ്യുമ്പോൾ...
*വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.
ആയാസകരമായ ജോലി ചെയ്യുമ്പോൾ
* ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇരുന്നു ജോലി ചെയ്യുന്നവർ
* ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.
വെയിൽ കൊള്ളണം
* ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.
എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...
* സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ് എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.
പുൽത്തൈലം
* വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം
* ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാൻ ഉപയോഗിക്കുന്നതാണു നല്ലത്.
* നന്നായി ഉറങ്ങുക. ധാരാളം പാട്ടു കേൾക്കുക. തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
പുറംവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. ചെറുപ്പക്കാരിലും ഇപ്പോൾ പുറംവേദന കാണാൻ തുടങ്ങിയിരിക്കുന്നു. വലിയ പ്രശ്നങ്ങളില്ലാത്ത നടുവേദനകൾക്കു ലളിതമായ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. സ്വയംചികിത്സ ചെയ്യാതിരിക്കുകയാണു നല്ലത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണു നല്ലത്. പുറംവേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.
നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും. പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക.
പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്.
ഡിസ്ക് സ്ഥാനംതെറ്റൽ
കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും.
ഒരുപാടു പുറംവേദനക്കാരിൽ പുറംവേദനയ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ ഒരു ഡോക്ടറെ കാണുകയാണു നല്ലത്. രക്തപരിശോധന, എക്സ്റേ എന്നീ പരിശോധനകളിലൂടെ രോഗം നിർണയിക്കുകയും വേണം.
മാനസിക സംഘർഷം
പുതിയ പഠനങ്ങളിൽനിന്ന് അറിയുന്നത് കുറെയേറെ പുറംവേദനക്കാരിൽ വേദനയ്ക്കു കാരണമാകുന്നത് മാനസിക സംഘർഷം ആണെന്നാണ്. ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്നവരും ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവരും മാനസിക സംഘർഷം അനുഭവിക്കുന്നവരാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്പോൾ യഥാർഥത്തിൽ സംഭവിക്കുന്നത് ശരീരത്തിലെ എല്ലാ അസ്ഥി സന്ധികളിലും കുലുക്കം അനുഭവപ്പെടുകയാണ്. നട്ടെല്ലിനു താങ്ങായി നിലനിൽക്കാൻ മറ്റു സന്ധികളിലുള്ളതുപോലെ കൂടുതൽ പേശികൾ ഇല്ലാത്തതിനാൽ ഈ കുലുക്കത്തിന്റെ ദൂഷ്യഫലം നട്ടെല്ലിനെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയുംചെയ്യും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
അധികമായ ശരീരഭാരം, സന്ധികളില് ഏല്ക്കുന്ന പരിക്ക്, സന്ധികള്ക്ക് ചുറ്റുമുള്ള മാംസ പേശികള്ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല് സന്ധികളില് സമ്മര്ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല് സന്ധികള്ക്ക് ഇരുവശവുമുള്ള എല്ലുകള് തമ്മില് ഉരസാന് ഇടയാകും.
രോഗപ്രതിരോധ സംവിധാനത്തില്
സംഭവിക്കുന്ന വ്യത്യാസങ്ങൾ
രോഗങ്ങള്ക്കെതിരെ ചെറുത്തു നില്ക്കാന് നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില് വരുന്ന വ്യത്യാസങ്ങള് കൊണ്ടും ആര്ത്രൈറ്റിസ് ഉണ്ടാകാം. അതില് ഉള്പ്പെടുന്നതാണ് ആമവാതം, ആന്കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്ത്രൈറ്റിസ് എന്നിവയെല്ലാം.
ഇന്ഫ്ളമേറ്ററി ആര്ത്രൈറ്റിസ്
ആമവാതം പോലുള്ള ഇന്ഫ്ളമേറ്ററി ആര്ത്രൈറ്റിസുകളില്(സന്ധിവാതം) രാവിലെ എഴുന്നേല്ക്കുമ്പോള് ആയിരിക്കും വേദനയും കാഠിന്യവും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുന്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആര്ത്രൈറ്റിസുകളില് കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
ഗൗട്ട്
ഗൗട്ട് എന്ന ആര്ത്രൈറ്റിസില്(സന്ധിവാതം) ചില പ്രത്യേക ആഹാര പദാര്ഥങ്ങള് കഴിച്ചതിനു ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല് മീനുകള്, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്, ചീര, കൂണ് എന്നിവ ഇതില് ഉള്പ്പെടുന്നു.
ആദ്യഘട്ടങ്ങളില് വേദനയുണ്ടാകുന്നത് ഒരു സന്ധിയില് മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്ക് ഇവ പടരുകയും ശരീരം തീരെ അനക്കാന് സാധിക്കാത്ത സ്ഥിതി വരികയും ചെയ്തേക്കാം.
ഗൗട്ട് ഉണ്ടാകുന്നത്....
ശരീരത്തിലുള്ള ഡിഎന്എയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്. പ്യൂരിന്റെയും മറ്റുചില ആഹാര പദാര്ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോത്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില് അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം
Health
ഒരു സ്ത്രീയ്ക്ക് ആര്ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഏകോപിത പ്രവര്ത്തനം അത്യാവശ്യമാണ്. തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അണ്ഡാശയം, ഗര്ഭപാത്രം, ഇവയെല്ലാം തന്നെ കൃത്യമായി പ്രവര്ത്തിച്ചാല് മാത്രമേ ആര്ത്തവ ചക്രം തുടങ്ങുകയുള്ളു. അതുകൊണ്ടു തന്നെ കൗമാര പ്രായക്കാരില് ആര്ത്തവം തുടങ്ങുന്ന സമയം കുറച്ച് അപാകതകള് കാണാറുണ്ട്. ഒരു പെണ്കുട്ടിക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാല് അത് മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇതിന്റെ പ്രവര്ത്തനങ്ങള് കൃത്യമായി നടക്കണം.
ശരിയായ ആര്ത്തവക്രമം
സാധാരണ ഗതിയില് ഒരു സ്ത്രീയ്ക്ക് മാസമുറ വരുന്നത് കൃത്യമായ ദിവസങ്ങളിലാണ്. പലര്ക്കും ഇതൊരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ പോയെന്നു വരാം. അങ്ങനെ നോക്കുകയാണെങ്കില് 28 ദിവസം തുടങ്ങി 32 ദിവസത്തിനകം മാസമുറ വന്നിരിക്കണം. ശാസ്്ത്രീയമായി പറയുകയാണെങ്കില് 24 തുടങ്ങി 38 ദിവസത്തിനകം കൃത്യമായി വരുന്ന മാസമുറയെ സാധാരണ ആര്ത്തവ ക്രമത്തില് പെടുത്താവുന്നതാണ്.
രക്തസ്രാവം 5 ദിവസം തുടങ്ങി 8 ദിവസം വരെ നീണ്ടു നില്ക്കാം. അതില് 5 ദിവസം കഴിഞ്ഞ് രക്തസ്രാവം വളരെ കുറയുന്നതായിട്ടാണ് കാണുന്നത്. ഒരു ദിവസം 3 പാഡ് വരെ സാധാരണ ഗതിയില് ഉപയോഗിക്കാം. കട്ടകട്ടയായി പോകുന്നത് ആര്ത്തവ സമയത്തുള്ള അമിത രക്തസ്രാവത്തെയാണ് കാണിക്കുന്നത്. ആദ്യ ദിവസങ്ങളില് അടിവയറിലും നടുവിനും കാലിലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.
ഹോർമോൺ കൂടിയാലും കുറഞ്ഞാലും..
സാധാരണ ഒരു പെണ്കുട്ടി വളര്ന്നു വലുതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ വര്ഷങ്ങളില് (അതായത് ആര്ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്ഷങ്ങളില്) പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്ണമായും പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല.
ആദ്യമേ ഒരു മാസമുറ വന്നാലും പിന്നീട് ഇവയില് നിന്നും വരുന്ന ഹോര്മോണുകളുടെ ഉത്തേജനം വഴിയാണ് തുടര്ന്നുള്ള മാസമുറ മുന്നോട്ടു പോകുന്നത്. അപ്പോള് പൂര്ണ വളര്ച്ച എത്തിയിട്ടില്ല എന്നുണ്ടെങ്കില് അവിടെ നിന്നുമുള്ള ഹോര്മോണ് ചിലപ്പോള് കുറഞ്ഞ അളവില് വരും, അല്ലെങ്കില് ചിലപ്പോള് ദ്രുതഗതിയില് വരും. അങ്ങനെ അപാകതകള് ഉണ്ടാകാം.
ആര്ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്ഷങ്ങളില് പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്ണമായും പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല. അങ്ങനെ വരുമ്പോള് ഒരു മാസം ആർത്തവം വന്നു കഴിഞ്ഞാല് ചിലപ്പോള് മാസങ്ങളോളം ചിലപ്പോള് ആർത്തവം വരില്ല.
മാസമുറ 45 - 60 ദിവസം വരെ വൈകി ആയിരിക്കും വരുന്നത്. ഇത്തരത്തില് വൈകി വരുമ്പോഴുണ്ടാകുന്ന രക്തസ്രാവം ചിലപ്പോള് വളരെ കൂടുതല് ആയിരിക്കാം, അല്ലെങ്കില് സാധാരണ ഗതിയിലോ താരതമ്യേന കുറവോ ആയിരിക്കാം. ക്രമം തെറ്റി വരുന്ന മാസമുറയില് രക്തസ്രാവം കൂടുതലല്ലാ എന്നുണ്ടെങ്കില് അതില് പരിഭ്രമിക്കേണ്ട കാര്യമില്ല.
വിവരങ്ങൾ: ഡോ.ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.
Health
വായുവിലൂടെയും ശ്വാസകോശ സ്രവങ്ങളിലൂടെയും, കുമിളകളിലെ ദ്രവവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്ന അത്യന്തം പകർച്ചശേഷിയുള്ള വൈറസ് രോഗമാണ് ചിക്കൻപോക്സ് .
രോഗിയുടെ ചുമ/തുമ്മൽ എന്നിവയിൽ നിന്നുള്ള സ്രവങ്ങളിലൂടെയും കുമിളകളിലെ ദ്രവവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 2-3 ദിവസം മുമ്പ് മുതൽ എല്ലാ കുമിളകളും ഉണങ്ങുന്നത് വരെ രോഗിയിൽ നിന്നും അസുഖം പകരാൻ കഴിയും.
രോഗലക്ഷണങ്ങൾ
പനി, ശരീരത്തിൽ ചൊറിച്ചിലോടുകൂടിയ കുമിളകൾ, പാടുകൾ, തലവേദന, ശരീരവേദന, ക്ഷീണം. സമ്പർക്കത്തിനുശേഷം സാധാരണയായി 10–21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ
* കുട്ടികളെയും മുതിർന്നവരെയും സ്കൂൾ, ജോലി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് അയക്കരുത്. മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
* രോഗിയെ സാധ്യമെങ്കിൽ നല്ല വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ പാർപ്പിക്കുക. മറ്റുള്ളവരുമായി ഇടപഴകേണ്ട സാഹചര്യമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക.
* കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
* രോഗിയുടെ വസ്ത്രങ്ങൾ, തൂവാല, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടരുത്; സാധാരണ ഡിറ്റർജന്റ് ഉപയോഗിച്ച് നന്നായി കഴുകുക.
* ആവശ്യത്തിന് പോഷകാഹാരവും ധാരാളം വെള്ളവും നൽകുക. എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ സ്കൂൾ/ജോലി/പൊതുസ്ഥലങ്ങൾ ഒഴിവാക്കുക.
ചികിത്സ
ചിക്കൻപോക്സ് സ്ഥിരീകരിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക (സ്വയം ചികിത്സ ഒഴിവാക്കുക).
പകരുന്നത് തടയാം
ചിക്കൻപോക്സ് പകരുന്നത് തടയാനുള്ള ഏറ്റവും പ്രധാന മാർഗം രോഗിയെ നേരത്തെ തിരിച്ചറിഞ്ഞ്, എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ മറ്റുള്ളവരിൽ നിന്ന് അകറ്റിനിർത്തുന്നതാണ്. മാസ്ക് ഉപയോഗിക്കുന്നത് പ്രായോഗിക തലത്തിൽ വളരെ ഗുണകരമായ ചെലവ് കുറഞ്ഞ പ്രതിരോധമാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടത്
* രോഗിയുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
* രോഗം റിപ്പോർട്ട് ചെയ്ത വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്കും അയൽവീടുകളിലേക്കും അനാവശ്യ സന്ദർശനം ഒഴിവാക്കുക. രോഗിയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ/ഡോക്ടറെ ബന്ധപ്പെടുക. ഗർഭിണികൾ, ചെറിയ ശിശുക്കൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ ഉടൻതന്നെ വൈദ്യോപദേശം തേടുക.
വിദ്യാലയങ്ങളിൽ ശ്രദ്ധിക്കേണ്ടത്...
കുട്ടികൾ അടുത്തിടപഴകുന്നതിനുള്ള സാഹചര്യം കൂടുതലായതിനാൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
* പനി/കുമിളകൾ/ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്. രോഗബാധിത കുട്ടിയെ എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ വീട്ടിൽ തന്നെ പാർപ്പിക്കുക.
* കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം പ്രോത്സാഹിപ്പിക്കുക. വ്യക്തിഗത വസ്തുക്കൾ പരസ്പരം പങ്കിടുന്നത് ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ സംശയിക്കുന്ന കുട്ടിക്ക് സ്വയം മരുന്ന് നൽകരുത്; ഡോക്ടറുടെ നിർദ്ദേശം പാലിക്കുക. സ്കൂളുകളിൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി ആരോഗ്യപ്രവർത്തകരെ അറിയിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
സ്ത്രീകള്ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്ത്തവമുറയില് വരുന്ന വ്യതിയാനങ്ങള് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്റെ പ്രവര്ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്ച്ചയായും അതുകൊണ്ടുതന്നെ ഇതില് വരുന്ന വ്യത്യാസങ്ങള്ക്ക് സ്ത്രീകള് പ്രാധാന്യം കല്പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില് വരുന്ന വ്യത്യാസങ്ങള്ക്ക് പല അര്ഥങ്ങളാണ് ഉള്ളത്.
കൗമാരത്തിൽ...
നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്കുട്ടികള്ക്ക് ആര്ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില് 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള് കൊണ്ടാടുന്നത്.
മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്ത്തുന്ന കേരളീയരുടെ ഇടയില് ഈ ആഘോഷങ്ങള് വലുതായിട്ടില്ല എങ്കിലും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില് ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്ത്തവ ആരംഭം അവര് കൊണ്ടാടുന്നത്.
അമിത ശരീരഭാരം...
10 വയസിനു മുമ്പ് ആര്ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്കുട്ടികള്ക്കും 10 വയസിനു മുമ്പ് ആര്ത്തവം വരുന്നതായിട്ട് നമ്മള് കാണുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്കുട്ടികള്ക്കും ആണ്കുട്ടികള്ക്കും ചെറു പ്രായത്തില് തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള് അവര്ക്ക് ആര്ത്തവം നേരത്തേ വരാം.
എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള് ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.
Health
ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില് രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും.
വയറിളക്കരോഗങ്ങൾ
വയറിളക്കരോഗങ്ങള് മൂലമുള്ള നിര്ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്.
ഉപ്പും പഞ്ചസാരയും ചേര്ത്ത നാരങ്ങാവെള്ളം
മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില് നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന് കഴിയും. പാനീയചികിത്സ കൊണ്ട് നിര്ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന് സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള് പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഒആർഎസിൽ എന്തെല്ലാം?
ഒ.ആര്.എസില് ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.
രോഗികള്ക്ക് ലവണാംശമുള്ള ഒ.ആര്.എസ്. നല്കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന് സഹായിക്കുന്നു.
ഡോക്ടറുടെയോ ആരോഗ്യ പ്രവര്ത്തകരുടേയോ നിര്ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്. എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്ദ്ദി ഉണ്ടെങ്കില് അല്പാല്പ്പമായി ഒ.ആര്.എസ്. ലായനി നല്കണം.
വയറളിക്കരോഗങ്ങളുടെ തുടക്കത്തിൽ തന്നെ ഒ. ആർ. എസ്. (ഓറൽ റീഹൈ ഡ്രേഷൻ സാൾട്ട്)നൽകിയാൽ രോഗികളെ നിർജലീകരണമുണ്ടാകുന്നതിൽ നിന്നു രക്ഷിക്കാൻ സാധിക്കും. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
നിർജലീകരണ ലക്ഷണങ്ങൾ
ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം.
ഒആർഎസ് തയാറാക്കുന്നത്...
· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില് ഒ.ആര്.എസ്. പാക്കറ്റുകള് സൂക്ഷിക്കുക
· ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് നോക്കുക
· വൃത്തിയുള്ള പാത്രത്തില് ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക
· ഒരു പാക്കറ്റ് ഒ.ആര്.എസ്. വെള്ളത്തിലിട്ട് സ്പൂണ് കൊണ്ട് ഇളക്കുക
· വയറിളക്ക രോഗികള്ക്ക് ലായനി നല്കാം
· കുഞ്ഞുങ്ങള്ക്ക് ചെറിയ അളവില് നല്കാം. ഛര്ദിയുണ്ടെങ്കില് 5 മുതല് 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്കുക
· ഒരിക്കല് തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില് ഉപയോഗിക്കേണ്ടതാണ്.
സിങ്ക്
വയറിളക്ക രോഗമുള്ളപ്പോൾ ഒ. ആർ. എസിനൊപ്പം സിങ്കും നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും ദിവസം തോറും 14 ദിവസം വരെ സിങ്ക് നൽകുക. വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചോ, കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്.
വയറിളക്കം കുറയാതിരുന്നാൽ...
വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്ജലീകരണം, പാനീയങ്ങള് കുടിക്കാന് പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള് കണ്ടാല് എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില് ശീതള പാനീയ വില്പനാശാലകള് വര്ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാം.
ബാക്ടീരിയകൾ
മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള് വലിയ തോതില് കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.
കുടിവെള്ളത്തിലൂടെ..
ജലജന്യ രോഗങ്ങളില് ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. അതിനാല് ജലനഷ്ടം ഒഴിവാക്കാന് രോഗിക്ക് വീട്ടില് ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം എന്നിവയോ ഒ.ആര്.എസ്. ലായനിയോ നല്കേണ്ടതാണ്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
വയറിളക്ക രോഗങ്ങള്
ശരീരത്തില് നിന്ന് അമിത ജലനഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള് അഥവാ അക്യൂട്ട് ഡയേറിയല് ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസില് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഒരുദിവസം മൂന്നോ അതില് കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില് അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന് ധാരാളം പാനീയങ്ങള് നല്കുകയാണ് ഏറ്റവും പ്രധാനം.
മഞ്ഞപ്പിത്തം
ഉഷ്ണകാലത്ത് കൂടുല് കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്തം.. വെള്ളത്തില് കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്ജ്ജനം, മനുഷ്യ വിസര്ജ്യത്താല് മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു. ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള് ശരീരത്തില് കയറി രണ്ട് മുതല് ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള് പൂര്ണമായും പ്രകടമാകൂ. ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കണ്വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്. ഇത് ഗുരുതരമായാല് കരളിന്റെ പ്രവര്ത്തനത്തെ സാരമായി ബാധിക്കും.
ശ്രദ്ധിച്ചില്ലെങ്കില് വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്. വൃത്തിഹീനമായതും തുറന്നു വച്ചതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടക്കുക. ജലജന്യ രോഗങ്ങളെല്ലാം പൂര്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല് എന്തെങ്കിലും രോഗലക്ഷണങ്ങള് കണ്ടാല് ഉടനടി ചികിത്സ തേടാൻ ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
നിത്യജീവിതത്തില് ഇന്ന് വെല്ലുവിളി ഉയര്ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്ത്രൈറ്റിസ് അഥവാ സന്ധിവാതം. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധിവാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്ണയിക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
എന്താണ് ആര്ത്രൈറ്റിസ്?
സന്ധിവാതം(ആര്ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്.
കാരണങ്ങൾ പലത്. നൂറിലേറെ തരം ആര്ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം.
അതില് ചിലതു ഓസ്റ്റിയോ ആര്ത്രൈറ്റിസ്, ഇന്ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്ത്രൈറ്റിസ്, ആന്കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.
രോഗലക്ഷണങ്ങള്
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള് സന്ധിവേദനയും സന്ധികള്ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില് വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.
ഒസ്റ്റിയോ ആര്ത്രൈറ്റിസ് ലക്ഷണങ്ങൾ
ഒസ്റ്റിയോ ആര്ത്രൈറ്റിസ് ആണെങ്കില് സാധാരണയിലും അധികമായി നടക്കുക, പടികള് കയറുക തുടങ്ങിയ പ്രവര്ത്തികള്ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തില് പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവില് ഇത് രോഗിയുടെ ദൈനംദിന പ്രവര്ത്തികളെ തടസപ്പെടുത്തുന്ന അളവില് വഷളാവുകയും ചെയ്യും.
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം
Health
ദീര്ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിലോ ദൂരയാത്ര ചെയ്യുന്നവരിലോ ആണ് പൈലോനിഡല് സൈനസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. 'ജീപ്പ് ഡ്രൈവേഴ്സ് ഡിസീസ്' (Jeep Driver's Disease) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ശരീരത്തിന്റെ പുറകുവശത്തെ അഗ്രഭാഗത്തുള്ള അസ്ഥിയുടെ ഭാഗത്തെ (tail bone area) ബാധിക്കുന്ന ഈ രോഗം പ്രായഭേദമന്യേ വരാന് സാധ്യതയുണ്ടെങ്കിലും കൗമാരക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പൈലോനിഡല് സൈനസ്
'പൈലോനിഡല്' എന്ന വാക്കി ന്റെ അര്ഥം ഒരു സഞ്ചിക്കുള്ളില് രോമം കൂടിയിരിക്കുക എന്നതാണ്. എന്നാല് 'Sinus tract' എന്നത് ശരീരത്തില് എവിടെയെങ്കിലും ഇടുങ്ങിയ ദ്വാരം പോലെയുള്ള ഘടന ഉണ്ടാകുന്നതാണ്. അപ്പോള് പൈലോനിഡല് സൈനസ് എന്നത് പൃഷ്ഠ ഭാഗങ്ങളുടെ തൊട്ടുമുകളിലായി ഉണ്ടാകുന്ന മുഴയോ, ഇടുങ്ങിയ ദ്വാരമോ ആണ്. ഈ മുഴകളില് രോമവളര്ച്ചയും മറ്റ് അവശിഷ്ടങ്ങളും ഉണ്ടാകും.
കാരണങ്ങള്
ഇത് സാധാരണയായും ആണുങ്ങളിലാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാരില്. ദീര്ഘനേരം ഇരിക്കുന്ന ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഉദാഹരണത്തിന് വിദ്യാര്ത്ഥികള്, ഐടി മേഖലയില് ജോലി ചെയ്യുന്നവര്, വാഹനം ഓടിക്കുന്നവര്. ചുരുണ്ടതും കട്ടി കൂടിയതും പരുപരുത്തതുമായ ശരീരരോമം ഉള്ള ആള്ക്കാരില് രോഗസാധ്യത കൂടുതലാണ്. പൃഷ്ഠങ്ങൾക്ക് ഇടയിലെ ഭാഗം (cleft) ആഴത്തില് ഉള്ളവരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. അമിതവണ്ണവും പാരമ്പര്യവുമാണ് മറ്റു കാരണങ്ങള്.
ലക്ഷണങ്ങള്
ടെയിൽ ബോൺ ഭാഗത്ത് നിരന്തരമായി വേദനയും നീരും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ആ ഭാഗത്ത് നിന്ന് ദുര്ഗന്ധത്തോടു കൂടി മഞ്ഞനിറത്തില് പഴുപ്പോ രക്തമോ പുറത്തേക്ക് വരാം. ചിലരില് ഇതുപോലെ പഴുപ്പോ രക്തമോ ഒന്നും പുറത്തേക്ക് വരാതെ തൊലിക്കടിയില് വേദനയുള്ള മുഴ ഉണ്ടാകുന്നു. വാഹനം ഓടിക്കാനോ ഇരുന്നിട്ട് എഴുന്നേല്ക്കാനോ ഒക്കെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
ചികിത്സാരീതികള്
വൈദ്യശാസ്ത്ര മേഖലയിലെ പുരോഗതി ഈ രോഗത്തിന്റെ ചികിത്സയിലും വളരെയധികം ഗുണം ചെയ്തു. ലേസര് സംവിധാനത്തിന്റെ സഹായത്തോടെ പൈലോനിഡല് സൈനസിന് മികച്ച രീതിയിലുള്ള ചികിത്സ ഇന്ന് ലഭ്യമാണ്. ഈ ചികിത്സാരീതിയെ 'ലേസര് പൈലോനിഡല് അബ്ലേഷന്' (Laser Pilonidal Ablation) എന്നാണു പറയുന്നത്. മുമ്പ് ഓപ്പണ് ശസ്ത്രക്രിയയിലൂടെ ആയിരുന്നു പൈലോനിഡല് സൈനസ് ചികിത്സിച്ചിരുന്നത്.
എന്നാല് മിനിമലി ഇൻവാസിവ് രീതിയിലൂടെ പെട്ടെന്ന് സുഖപ്പെടുന്ന തരത്തിലുള്ള ചെറിയ മുറിവുണ്ടാക്കിയുള്ള ചികിത്സയാണ് നിലവിലുള്ളത്. ലേസര് ചികിത്സയ്ക്കുശേഷം അടുത്ത ദിവസം തന്നെ ആശുപത്രി വിടാനും ഉടനെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കുന്നു. പട്ടം എസ്യുറ്റി ആശുപത്രിയില് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'ലേസര് പ്രോക്റ്റോളജിയും' (Laser Proctology) യും തുടര്ന്നുള്ള പരിചരണവും സജ്ജമാണ്.
വിവരങ്ങൾ: ഡോ. കോശി മാത്യു പണിക്കർ, കൺസൾട്ടന്റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം
പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല് ഇപ്പോള് ലേസര് ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.
വജൈനൽ ലാക്സിറ്റിക്കു പരിഹാരം
പല സ്ത്രീകളും അനുഭവിക്കുകയും എന്നാല് പുറത്തുപറയാന് വിഷമിക്കുകയും ചെയ്യുന്ന പ്രശ്നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള് തകരുകയും അതിനു പരിഹാരം തേടാന് കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര് ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്റിമേറ്റ് ഹെല്ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല് ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.
നിസാരമല്ല...
സ്ത്രീകള്ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന് അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില് ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്ഷണം. ഇതെല്ലാം പലര്ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്ക്കാന് ആരും തയാറാകുന്നുമില്ല. സ്ത്രീകള് ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്, ഇന്ന് ഇതിനെല്ലാം കോസ്മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.
ആത്മവിശ്വാസം നേടാം
കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള് മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള് അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന. നമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്. കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്. നെറ്റിയിൽ മധ്യഭാഗത്താണു ഫ്രോണ്ടൽ സൈനസുകളുടെ സ്ഥാനം. കണ്ണുകളുടെ ഇടയിലായി മൂക്കിന്റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്. കണ്ണിന്റെ പിൻ ഭാഗത്താണു സ്ഫിനോയിഡ് സൈനസ്.
അതുകൊണ്ടുതന്നെയാണ് ഒാരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളിൽ വായുവാണുണ്ടായിരിക്കുക. അവയുടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്കുന്നത്. സൈനസിന്റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം.
ഈ എല്ലിൻ ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളിൽ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്. എല്ലിൻ ഗുഹകളായതിനാൽ പുറത്തേക്കു വികസിക്കാൻ സാധിക്കാത്തതിനാൽ ശക്തമായ വിങ്ങലും വേദനയും അനുഭവപ്പെടും. സൈനസുകൾ ഗുഹകൾ പോലെയാണ്. അകത്തേക്കുള്ള വഴിയിലൂടെ തന്നെ വേണം പുറത്തേക്കിറങ്ങാനും. രോഗാണുക്കൾക്കും ഇതു ബാധകമാണ്.
ജലദോഷം മുതൽ വളഞ്ഞ പാലം വരെ...
സാധാരണ ജലദോഷം, അലർജി കൊണ്ടുള്ള ജലദോഷം, മൂക്കിലെ ദശ, പോളിപ്പ്, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക എന്നതൊക്കെ സൈനസൈറ്റിസ് ഉണ്ടാകാൻ കാരണമാകുന്നു.
സൈനസൈറ്റിസ് തുടങ്ങിയാൽ ചിലരിൽ വേഗത്തിൽ പോകാം. മറ്റു ചിലരിൽ മാസങ്ങൾ നീണ്ടുനില്ക്കാം. പൊടിയും തണുപ്പും പുകയും പുകവലിയും തീക്ഷ്ണഗന്ധങ്ങളും പുഴയിൽ മുങ്ങിക്കുളിയും രോഗകാരണമായേക്കാം.
മൂക്കടപ്പും മുഖത്തു വേദനയും
മുഖത്ത് വേദന തോന്നുകയും ചിലരിലത് പല്ലിലേക്കു വ്യാപിക്കുകയും മൂക്കടപ്പും മണമറിയാതിരിക്കുകയും മൂക്കിൽ നിന്നു പഴുപ്പു കലർന്ന കഫം മഞ്ഞ നിറത്തിലോ പച്ചകലർന്ന മഞ്ഞ നിറത്തിലോ വരികയും അതിനു ദുർഗന്ധം തോന്നുകയും രോഗം കൂടുന്പോൾ പനിയും കുളിരും തോന്നുകയും ഒക്കെയാണു സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ.
ഓപ്പറേഷനിൽ ചെയ്യുന്നത്
ചില രോഗികളിൽ എക്സ്റേയെടുത്ത് രോഗം ഉറപ്പിക്കാറുണ്ട്. ഓപ്പറേഷനിൽ ചെയ്യുന്നത് സൈനസുകളുടെ പുറത്തേക്കുള്ള ദ്വാരം വലുതാക്കി കൊടുക്കുകയാണ്. അപ്പോൾ സൈനസൈറ്റിസ് വന്നാൽ വേഗം പഴുപ്പ് ഒഴുകി പുറത്തു പോകും എന്നതാണു ഗുണം. എന്നാൽ, ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്നപോലെ സൈനസിലേക്ക് രോഗാണുക്കൾ കയറുന്നതും വേഗത്തിലാകുന്നു!
ചില നാടൻ വഴികൾ
*ചൂടുവെള്ളമോ ചൂട് ചിക്കൻ സൂപ്പോ ഇടയ്ക്കിടയ്ക്ക് കുടിച്ചു കൊണ്ടിരിക്കുക.
*പച്ചമഞ്ഞളും തുളസിയിലയും ഇട്ട് ആവി
പിടിക്കുന്നത ു നല്ലതാണ്.
*ധാരാളം വെള്ളം കുടിക്കുക.
*കുറച്ച് ദിവസത്തേക്ക് വെയിലും പൊടിയും ഏൽക്കാതെ നോക്കുക.
* ഉറങ്ങുന്പോൾ തല ഉയർത്തി വച്ച് കിടക്കുക. മുഖത്ത് വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കുക... എന്നിവയൊക്കെ പരീക്ഷിക്കാം.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് രോഗത്തെ ശമിപ്പിക്കാനും രോഗം ഇടയ്ക്കിടെ വരുന്നത് തടയാനും സാധിക്കും.
വിവരങ്ങൾ - ഡോ: റ്റി.ജി. മനോജ് കുമാർ, മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ ഫോൺ - 9447689239 [email protected]
Health
എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലപ്പോഴും ഈച്ച ഒഴിവാകാറില്ല. കൊച്ചുകുട്ടികളുള്ള വീടാണെങ്കിൽ ഈച്ചയെ ഒഴിവാക്കാൻ കെമിക്കൽ പ്രയോഗങ്ങൾ നടത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പ്രധാനമായും അടുക്കള, ഡൈനിംഗ് ഹാൾ എന്നിവിടങ്ങളിലാണ് ഈച്ചകളെക്കൊണ്ടു പൊറുതിമുട്ടുക. പ്രിയപ്പെട്ട അതിഥി വീട്ടിലെത്തുന്പോൾ വീടിന്നകത്ത് ഈച്ചയെ കണ്ടാൽ വീട്ടുകാരുടെ അവസ്ഥയെന്താകും. അതിഥിക്കുമുന്പിൽ അവർക്കു തലകുനിക്കേണ്ടിവരും. ഈച്ചകളെ തടയാൻ പല മാർഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കൽ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താൻ കഴിയുമെന്നു ചിലർ അവകാശപ്പെടുന്നു.
വീടിന്നുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ വെള്ളം നിറച്ച് അതിൽ നാണയങ്ങളിട്ടു തൂക്കിയിട്ടാൽ ഈച്ച വരില്ലെന്ന് അനുഭവസ്ഥർ പറയുന്നു. വീടുകളിൽ മാത്രമല്ല, കടകളിലും ചെറിയ ഭക്ഷണശാലകളിലും ഈ മാർഗം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതു യഥാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു പലർക്കും സംശയമാണ്. എന്നാൽ, ഈച്ചശല്യം അകലുമെന്നതു വാസ്തവമാണ്. പ്ലാസ്റ്റിക് ബാഗിൽ വെള്ളംനിറച്ചു നാണയമിട്ടു വീടിനുള്ളിൽ കെട്ടിത്തൂക്കുന്ന ജനപ്രിയമാർഗം നമ്മൾ മാത്രമല്ല, വിദേശരാജ്യങ്ങളിലുള്ളവരും ഉപയോഗിക്കാറുണ്ട്.
വെള്ളംനിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുന്നു. ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം നാണയത്തിൽത്തട്ടി പ്രതിഫലിക്കുന്പോൾ ഇച്ചകളെ ആശയക്കുഴപ്പത്തിലാക്കുകയും മറ്റേതെങ്കിലും ഭാഗത്തേക്കു പോകാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രകാശം പ്രതിഫലിക്കുന്ന പ്ലാസ്റ്റിക് ബാഗ് മറ്റൊരു പ്രാണിയുടെ കണ്ണാണെന്നു തെറ്റദ്ധരിച്ചാണ് ഈച്ച ദിശമാറിപ്പോകുന്നതെന്നും ചിലർ പറയുന്നു.
അതേസമയം, ഇത്തരം മാർഗങ്ങൾ യഥാർഥത്തിൽ ആശ്രയിക്കാവുന്നതല്ലെന്ന് മേഖലയിലെ വിദഗ്ധർ വെളിപ്പെടുത്തുന്നു. ശുചിത്വമാണ് ഈച്ചശല്യത്തിനു ശാശ്വതപരിഹാരം. ഈച്ചകൾ ചത്തതോ ചീഞ്ഞളിഞ്ഞതോ ആയ ജൈവവസ്തുക്കളാണ് ആഹാരമാക്കുന്നത്. ഇത്തരം വസ്തുക്കളുള്ളിടത്താണ് ഈച്ചകൾ പ്രത്യക്ഷപ്പെടുന്നത്. അവിടങ്ങളിൽ മുട്ടയിടുകയും കൂടുതൽ ഈച്ചകൾ വിരിയുകയും ചെയ്യുന്നു. ഇതിനെല്ലാം ഫലപ്രദമായ മാർഗം ശുചിത്വം തന്നെ!
Health
സ്ത്രീകളുടെ ഹോര്മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ചികിത്സിച്ചില്ലെങ്കില് കാലക്രമേണ പ്രമേഹം, ഗര്ഭാശയ ഭിത്തിയിലെ അര്ബുദബാധ എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. നേരത്തേയുള്ള രോഗനിര്ണയവും ചികിത്സയും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ദീര്ഘകാല പ്രശ്നങ്ങള് തടയാനും സഹായിക്കു. പിസിഒഡി ക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില് പൊണ്ണത്തടിയാണ്. അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പി സി ഒ ഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
ആഹാരക്രമത്തിൽ ശ്രദ്ധിക്കാം
കാര്ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം.തവിട് നീക്കാത്ത ധാന്യങ്ങള്, തൊലിയോടു കൂടിയ millet (ചെറുധാന്യങ്ങള്) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്മോണ് വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും.
മുഴുധാന്യങ്ങളില് ധാരാളം ആന്റിഓക്സിഡന്റുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്സ്, സ്റ്റാനോളുകള്, സ്റ്റിറോളുകള് എന്നിവ ഹോര്മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു.
തൊലി കളയാത്ത പയറു വര്ഗങ്ങള് ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്ലേവോണുകള് പ്രത്യുല്പ്പാദന ക്ഷമത വര്ദ്ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്ഗങ്ങള് ദിവസേനയുള്ള ഭക്ഷണത്തില് ഉള്പ്പെടുത്തണം.
പ്രോട്ടീനുകള്
പിസിഒഡി യുടെ ആഹാരപരിപാലനത്തില് പ്രധാനമായും ഉള്പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്), തൊലി നീക്കിയിട്ടുള്ള കോഴിയിറച്ചി, പയര് വര്ഗ്ഗങ്ങള് എന്നിവ തിരഞ്ഞെടുക്കാം. കശുവണ്ടി, ബദാം, വാള്നട്സ് എന്നിവ നിയന്ത്രണവിധേയമായി ഉള്പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്നീഷ്യം എന്നീ ലവണങ്ങള് ഹോര്മോണ് വ്യതിയാനം കുറയ്ക്കാന് സഹായിക്കുന്നു. കാര്ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള് ഉയര്ന്ന പ്രോട്ടീന് ഭക്ഷണങ്ങള് ഇന്സുലിന് ഉല്പാദനം വര്ദ്ധിപ്പിക്കും.
കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്
ആന്റിഓക്സിഡന്റുകള് സമ്പുഷ്ടമായ പഴങ്ങള് (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്വിംഗ് പഴങ്ങളെങ്കിലും കഴിക്കണം. പഴങ്ങള് അഡ്രിനല് ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള് അണ്ഡോല്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
ആവശ്യ വിറ്റാമിനുകളും ധാതുക്കളും
പച്ച ഇലക്കറികളും പച്ചക്കറികളിലും വിറ്റമിന് കെ, ഫോളേറ്റ്, ഇരുമ്പ് ഉള്പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള് എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള് ഉപയോഗിക്കാം. കിഴങ്ങ് വര്ഗ്ഗങ്ങള് (മരിച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
പാടനീക്കിയ പാലുല്പ്പന്നങ്ങള്
പാടനീക്കിയ പാലുല്പ്പന്നങ്ങള് 200ml എന്ന ക്രമത്തില് മാത്രമേ ഉപയോഗിക്കാവൂ. പാലുല്പ്പന്നങ്ങളായ തൈര്, മോര് എന്നിവയില് കാല്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.
ഒഴിവാക്കേണ്ട ആഹാരങ്ങള്
* സംസ്കരിച്ച ഭക്ഷണങ്ങള്, മധുരമുള്ള ലഘുഭക്ഷണങ്ങള്, ഫാസ്റ്റ് ഫുഡുകള്, കാര്ബണേറ്റഡ് ബിവറേജസുകള്, കൊഴുപ്പ് കൂടുതലുള്ള ആഹാരങ്ങള്, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്, എനര്ജി ഡ്രിങ്കുകള് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
*കേക്കുകള്, മിഠായികള്, മറ്റു മധുര പലഹാരങ്ങള് എന്നിവ വളരെ കുറച്ചു മാത്രമേ കഴിക്കാന് പാടുള്ളൂ.
* കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല.
*ചുവന്ന മാംസം, സോസേജുകള് എന്നിവയുടെ ഉപയോഗം പിസിഒഡി സാദ്ധ്യത വര്ദ്ധിപ്പിക്കുന്നു.
* ഉയര്ന്ന ഗ്ലൈസീമിക് ഇന്ഡക്സ് ഉള്ള ഭക്ഷണങ്ങളും ഡയറ്റില് നിന്നും ഒഴിവാക്കണം.
* പിസിഒഡി ഉള്ള സ്ത്രീകളില് മദ്യം കരളിന്റെ പ്രവര്ത്തനം, ഹോര്മോണ് ബാലന്സ്, ഇന്സുലിന് പ്രതിരോധം എന്നിവയെ ദോഷകരമായി ബാധിക്കും.
ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കുക.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Health
കോസ്മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്, വര്ത്തമാനകാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാരീതിയാണ്. സ്ത്രീകളുടെ ഗര്ഭാശയ രോഗങ്ങള്ക്കും പ്രസവ സംബന്ധമായ പ്രശ്നങ്ങള്ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നത്.
കോസ്മെറ്റിക് ഗൈനക്കോളജിയില് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്ത്തനത്തിനും പ്രാധാന്യം നല്കുന്നു. അതുവഴി അവരുടെ ആത്മവിശ്വാസം വര്ധിക്കുകയും ചെയ്യുന്നു.
പിസിഒഡി, ഹോർമോൺ പ്രശ്നങ്ങൾ
സ്ത്രീകളില് എപ്പോഴൊക്കെയാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്കുട്ടികള്ക്ക് പിസിഒഡി കൊണ്ടും ഹോര്മോണ് സംബന്ധമായ പ്രശ്നങ്ങള് കൊണ്ടും സ്വകാര്യ ഭാഗങ്ങള്ക്ക് പല വ്യത്യാസങ്ങള് ഉണ്ടാകാം.
വലിപ്പ വ്യത്യാസങ്ങള്, നിറ വ്യത്യാസങ്ങള്, അമിത രോമ വളര്ച്ച എന്നിങ്ങനെ. ഇത് അവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങള് നമ്മള് കരുതലോടെ കേള്ക്കുകയും മനസിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദനരഹിതമായും നമുക്ക് കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം. ഇതു ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്ധിക്കും.
ഗര്ഭധാരണ സമയത്തും പ്രസവശേഷവും
അടുത്തതായി കോസ്മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്ഭധാരണ സമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്ക്കാണ്. ഈ മാറ്റങ്ങള് കാലക്രമേണ മാറാം, മാറാതിരിക്കാം.
സ്ട്രച്ച് മാർക്ക്
സ്ട്രച്ച് മാർക്ക് പലരുടെയും പ്രശ്നമാണ്. ഇതെല്ലാം ലേസര് ഉപയോഗിച്ച് വേദന രഹിതമായി ഒപി രീതിയിൽ ചെയ്തു കുറയ്ക്കാനും ആകാരഭംഗി വീണ്ടെടുക്കാനും സാധിക്കും.
വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പാർക്കിൻസൺസ് രോഗം പാരമ്പര്യമാണോ?
മിക്ക കേസുകളും നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നതല്ല. എന്നാൽ ചിലരിൽ ജനിതക ഘടകങ്ങൾക്ക് (genetic factors) പങ്കുണ്ട്.
എങ്ങനെ നേരത്തെ കണ്ടെത്താം?
ഒറ്റ രക്തപരിശോധന (blood test) കൊണ്ട് രോഗം സ്ഥിരീകരിക്കാനാവില്ല. ന്യൂറോ ഡോക്ടറുടെ വിശദമായ പരിശോധന (clinical examination) ആണ് പ്രധാനപ്പെട്ടത്. ആവശ്യമായപ്പോൾ MRI, DaT-SPECT തുടങ്ങിയ പരിശോധനകളും സഹായിക്കും.
പാർക്കിൻസൺസ് രോഗം പ്രായമായവർക്കു മാത്രമാണോ ?
അല്ല. ചെറുപ്പത്തിലും പാർക്കിൻസൺസ് രോഗം ഉണ്ടാകാം.
സംസാരത്തെയും ബാധിക്കുമോ?
അതെ. ശബ്ദം താഴ്ന്നുപോകുകയും സംസാരത്തിന്റെ വ്യക്തത കുറയുകയും ചെയ്യാം.
നടത്തത്തിൽ മാറ്റമുണ്ടാകുമോ?
ചെറിയ ചുവടുകൾ, കൈകളുടെ സ്വാഭാവിക ആട്ടം (arm swing) കുറയുക, തിരിയാൻ ബുദ്ധിമുട്ട്, പിന്നീട് നടക്കുമ്പോൾ കാലുകൾ മരവിക്കുന്നതുപോലെ തോന്നൽ (freezing of gait) എന്നിവ ഉണ്ടാകാം.
ഓർമശക്തിയെ ബാധിക്കുമോ?
ചിലരിൽ പിന്നീട് ബുദ്ധിശക്തിയിലും ഓർമയിലും കുറവ് (cognitive impairment), ഡിമെൻഷ്യ (dementia) എന്നിവ ഉണ്ടാകാം. എന്നാൽ ഓർമക്കുറവ് മാത്രം ഉണ്ടായാൽ Parkinson’s എന്ന് കരുതരുത്.
മലബന്ധവും ഇതിന്റെ ഭാഗമാണോ?
അതെ. മലബന്ധം (constipation), ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക (reduced smell), ചില ഉറക്കവൈകല്യങ്ങൾ എന്നിവ ചലനേതര ലക്ഷണങ്ങളാണ് (non-motor symptoms).
പൂർണമായി സുഖപ്പെടുത്താനാകുമോ?
നിലവിൽ പൂർണമായ രോഗമുക്തിക്കുള്ള ചികിത്സയില്ല. എന്നാൽ മരുന്നുകളും വ്യായാമവും ഫിസിയോതെറാപ്പിയും (physiotherapy) സ്പീച്ച്/ഒക്കുപ്പേഷണൽ തെറാപ്പിയും (speech/occupational therapy) വഴി ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാം.
Levodopa എന്ന മരുന്ന് രോഗം വഷളാക്കുമോ?
ഇല്ല. ഇത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ്. ചലനലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണിത്.
മരുന്നുകൾ മതിയാകാതെ വന്നാൽ?
തിരഞ്ഞെടുത്ത രോഗികളിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation – DBS) പരിഗണിക്കാം.
എപ്പോഴാണ് DBS പരിഗണിക്കുന്നത്?
മരുന്നുകൾ കൊണ്ട് നല്ല ഫലം ലഭിക്കുന്നുണ്ടെങ്കിലും ചലനത്തിലെ ഏറ്റക്കുറച്ചിലുകൾ (motor fluctuations), അനിയന്ത്രിത ചലനങ്ങൾ (dyskinesia) അല്ലെങ്കിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര വിറയൽ (disabling tremor) ഉണ്ടാകുമ്പോൾ, അനുയോജ്യരായ രോഗികളിൽ DBS പരിഗണിക്കാം.
വ്യായാമം സഹായിക്കുമോ?
തീർച്ചയായും. ഏറോബിക് വ്യായാമം (aerobic exercise), പേശീബല പരിശീലനം (strength training), ബാലൻസ് പരിശീലനം (balance training) എന്നിവ ചലനശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
പേവിഷബാധയുള്ള മൃഗത്തിന്റെ കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില് (ടാപ്പിനു ചുവടെയെങ്കില് അത്യുത്തമം) 15 മുതല് 20 മിനിട്ട് വരെ നന്നായി കഴുകുക. മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തില് ചികിത്സയ്ക്ക് എത്തുക.
വാക്സിനേഷൻ രീതി...
മുറിവിന്റെ സ്വഭാവം, തലച്ചോറില് നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങള് പരിശോധിച്ച് ഡോക്ടര്മാര് വാക്സിനേഷന്റെ രീതി നിശ്ചയിക്കുന്നു. രോഗം സങ്കീര്ണമാകുന്നത് മുറിവിന്റെ ആഴവും തലച്ചോറില് നിന്നുള്ള അകലവും അനുസരിച്ചാണ്. മുറിവിന്റെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ കടിയോ മാന്തലോ ഏറ്റ ഉടന് തന്നെയും മൂന്നാം ദിവസവും ഏഴാം ദിവസവും 28 ം ദിവസവും തീര്ച്ചയായും വാക്സിനെടുക്കണം. എല്ലാ സര്ക്കാര് ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭിക്കും. മുറിവിന്റെ സ്വഭാവമനുസരിച്ച് ഡോക്ടര് നിര്ദേശിക്കുന്നതു പ്രകാരം പേവിഷബാധ തടയാനുള്ള ഇമ്മ്യൂണോഗ്ലോബുലിന് (മുറിവിലും മുറിവിന്റെ ചുറ്റുവട്ടത്തും നല്കുന്ന ഇൻജക്്ഷന്) സ്വീകരിക്കുക.
നേരിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
- പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ
Health
ജലദോഷപ്പനി (H1N1, H3 N2, H5N1 ഇൻഫ്ളുവൻസ A,B വകഭേദങ്ങൾ)
ലക്ഷണങ്ങൾ
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ശ്വാസതടസം
ജലദോഷപ്പനി ഗുരുതരമായാൽ ന്യൂമോണിയ പോലുള്ള ഗുരുതര ശ്വാസകോശരോഗങ്ങൾ മുതൽ മരണം വരെ സംഭവിക്കാം
പ്രതിരോധ മാർഗങ്ങൾ
. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ തുണിയോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക.
. മൂക്കും വായും മൂടുന്ന വിധം മാസ്ക് ശരിയായി ധരിക്കുക.
. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക/സാനിറ്റൈസർ പുരട്ടുകയോ ചെയ്യുക.
. സാമൂഹിക അകലം പാലിക്കുക.
ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുക.
ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, കിടപ്പുരോഗികൾ, മറ്റ് ഗുരുതര രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കുക.
സ്വയം ചികിത്സ പാടില്ല
അതിജാഗ്രത പാലിക്കേണ്ടവർ ആരൊക്കെ?
ഗർഭിണികൾ
2 വയസ് വരെയുള്ള കുഞ്ഞുങ്ങൾ
മുതിർന്ന (60 വയസിനു മുകളിൽ) പൗരന്മാർ
നിയന്ത്രണാതീതമായ (പ്രമേഹമുള്ള രോഗികൾ
വിവിധ രോഗങ്ങൾമൂലം പ്രതിരോധശേഷി കുറഞ്ഞവർ
ഇവർക്ക് ജലദോഷം, പനി എന്നിവ ബാധിച്ചാൽ നിർബന്ധമായും
സ്വയം ചികിത്സ ഒഴിവാക്കുക; ഉടൻ വിദഗ്ധ ചികിത്സ തേടണം.
ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങിക്കഴിക്കരുത്.
ശ്രദ്ധിക്കുക
* പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
* ഇളം ചുടുള്ള പാനീയങ്ങൾ ധാരാളം കുടിക്കുകയും വീട്ടിൽ വിശ്രമിക്കുകയും ചെയ്യുക .
* കുറഞ്ഞത് 1 മീറ്റർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. സ്കൂൾ, തൊഴിലിടങ്ങൾ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക; അത്യാവശ്യ ഘട്ടങ്ങളിൽ സന്ദർശനത്തിന് മാസ്ക് ധരിക്കുക.
* ഹസ്തദാനം ഒഴിവാക്കുക
* ഭക്ഷണം കഴിക്കുന്ന പാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്
* മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക
ഇൻഫ്ലുവൻസ എ(H1N1), മറ്റ് ജലദോഷ രോഗങ്ങൾ
എന്നിവ ബാധിക്കുന്നത് എങ്ങനെ തടയാം?
അടച്ചുപിടിക്കുക:
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പർ കൊണ്ടോ വായും മൂക്കും അടച്ചുപിടിക്കുക.
ഒഴിവാക്കുക:
കൈകളിലേക്ക് തുമ്മുന്നത് ഒഴിവാക്കുക
കഴുകുക:
ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്
തൊടരുത്:
കഴുകാത്ത കൈകൾ കൊണ്ട് മൂക്കും കണ്ണും വായയും തൊടരുത്
വിവരങ്ങൾ -ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യകേരളം പാലക്കാട്
Health
ആഡഡ് ഷുഗറും ടോട്ടൽ ഷുഗറും തമ്മിലുള്ള വ്യത്യാസമെന്താണ്?
നാം വാങ്ങുന്ന പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ കവറുകളിൽ ടോട്ടൽ ഷുഗർ, ആഡഡ് ഷുഗർ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ എഴുതിയിരിക്കുന്നത് കാണാറില്ലേ? പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഇത് ശ്രദ്ധിക്കാറുണ്ടോ? ഇവ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് അറിയാം:
ടോട്ടൽ ഷുഗർ
- Total Sugars (ആകെ പഞ്ചസാര): ഭക്ഷണത്തിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന മധുരവും (ഉദാഹരണത്തിന് പഴങ്ങളിലെയും പാലിലെയും മധുരം) പുറമെ നിന്ന് ചേർക്കുന്ന മധുരവും ചേർന്ന ആകെ അളവാണിത്.
ആഡഡ് ഷുഗർ -
Added Sugars (ചേർത്ത പഞ്ചസാര): ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുമ്പോഴോ പാകം ചെയ്യുമ്പോഴോ രുചിക്കും കേടാവാതിരിക്കാനുമായി പുറമെ നിന്ന് ചേർക്കുന്ന മധുരമാണിത്. ആരോഗ്യത്തിന് ഏറ്റവും ഹാനികരമാകുന്നതും ഇതാണ്.
ലേബൽ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആഡഡ് ഷുഗർ പ്രത്യേകം നോക്കുക: ഫുഡ് ലേബലുകളിൽ ടോട്ടൽ ഷുഗർ മാത്രം നോക്കാതെ ' ആഡഡ് ഷുഗർ എത്രത്തോളമുണ്ടെന്ന് പ്രത്യേകം പരിശോധിക്കുക.
FSSAI (Food Safety and Standards Authority of India) നിയമപ്രകാരം പാക്കറ്റ് ഭക്ഷണങ്ങളുടെ ന്യുട്രീഷൻ പാനലിൽ ടോട്ടൽ ഷുഗർ, ആഡഡ് ഷുഗർ എന്നിവയുടെ അളവ് നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
ഒരു സാധാരണ വ്യക്തിക്ക് (2000 kcal ഡയറ്റ് അടിസ്ഥാനമാക്കി) ഒരു ദിവസം ഉപയോഗിക്കാവുന്ന ആഡഡ് ഷുഗറിന്റെ പരമാവധി അളവ് 50 ഗ്രാം മാത്രമാണ്.
നല്ല ആരോഗ്യം ഉറപ്പാക്കാൻ പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബൽ വായിക്കാൻ ഏതാനും നിമിഷങ്ങൾ മാറ്റിവയ്ക്കൂ. നിങ്ങളുടെ ഈ ചെറിയ ശ്രദ്ധ മികച്ചൊരു ആരോഗ്യകരമായ തീരുമാനത്തിലേക്കുള്ള ആദ്യപടിയാണ്!
വിവരങ്ങൾ- ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ്, കേരളം സർക്കാർ.
Health
പേവിഷബാധയുള്ളവര് വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില് നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്.
ലക്ഷണങ്ങൾ
നായകളില് രണ്ടുതരത്തില് രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില് കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല് കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന് കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില് അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല് സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന് ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള് കണ്ടുകഴിഞ്ഞാല് 3-4 ദിവസങ്ങള്ക്കുള്ളില് ചത്തുപോകും.
പൂച്ചയെ സൂക്ഷിക്കുക!
പേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള് അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള് ഉണ്ടാക്കുകയും ചെയ്യും.
കന്നുകാലികളിൽ
കന്നുകാലികളില് അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള് കാണുന്നു. കാളകളില് അമിതമായ ലൈംഗികാസക്തിയും കാണാം.
നായകളാണ് രോഗവാഹകരില് പ്രധാനികള്. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില് അധികവും.
രോഗനിര്ണയം
മുന്കൂട്ടിയുള്ള രോഗനിര്ണയത്തിന് ഒരു പരിശോധനയും നിലവിലില്ല. പോസ്റ്റ്മോര്ട്ടം സമയത്ത് തലച്ചോറിലെ ഹൈപ്പോതലാമസില് നിന്നു സാമ്പിള് ശേഖരിച്ച് ഫ്ളൂറസന്റ് ആന്റി ബോഡി ടെസ്റ്റ് നടത്തി തലച്ചോറില് വൈറസിന്റെ ആന്റി ബോഡി സാന്നിധ്യം നോക്കുകയാണു ചെയ്യുന്നത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില് ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില് നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള് കണ്ടുകഴിഞ്ഞാല് ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന് കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്ച്ച
രോഗം ബാധിച്ച മൃഗങ്ങള് നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള് മുറിവുകള് വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില് പ്രവേശിക്കുന്നു. ഈ അണുക്കള് നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള് അവിടെ പെരുകി ഉമിനീരിലൂടെ വിസര്ജിക്കപ്പെടുന്നു.
നായ, പൂച്ച
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്ക്ക് പ്രധാനമായും പേവിഷബാധയേല്ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില് 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള് ഒന്നുതന്നെയാണ്.
പലതരം വൈറസുകൾ
ആര്.എന്.എ വൈറസ് ആയ ലിസ വൈറസ് ജനുസില്പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്ഹേജ് വൈറസ്.
കടിയേറ്റാല് രോഗമുണ്ടാകുന്നതിന് എത്രസമയം?
മനുഷ്യശരീരത്തില് രോഗാണു പ്രവേശിച്ചുകഴിഞ്ഞാല് രോഗലക്ഷണം നാലാം ദിവസം മുതല് പ്രകടമായേക്കാം. ചിലപ്പോള് വര്ഷങ്ങള് കഴിഞ്ഞും രോഗലക്ഷണങ്ങള് പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല് 90 ദിവസം വരെയാണ് ശരാശരി. നായകളില് ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില് മാറ്റമുണ്ടാകാം.
മുഖത്തും കഴുത്തിലും കടിയേറ്റാൽ
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്പോളകളിലും ചെവികളിലും കടിയേല്ക്കുന്നത് കൂടുതല് അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള് മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ രോഗത്തിനുണ്ട്. സ്ത്രീകള് രോഗവാഹകര് (carriers) ആയിരിക്കും. സ്ത്രീകളിലുള്ള രണ്ട് 'X' ക്രോമസോമില് ഒരെണ്ണത്തിന്റെ ജനിതക പരിവര്ത്തനമാണ് രോഗ കാരണം.
ഹീമോഫിലിയ A, ഹീമോഫിലിയ B
സാധാരണ ശരീരത്തില് മുറിവ് സംഭവിച്ചാല് ഏതാനും നിമിഷങ്ങള്ക്കകം മുറിഞ്ഞ സ്ഥലത്തെ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നില്ക്കുന്നു (clot). ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ പ്രധാന ഭാഗമായ Factor viii - ഓ Factor ix - ഓ രോഗിയുടെ രക്തത്തില് ഇല്ലാത്തതുകൊണ്ടാണ് രക്തസ്രാവം സംഭവിക്കുന്നത്. Factor viii ന്റെ കുറവു കൊണ്ടുവരുന്ന രോഗത്തെ 'ഹീമോഫിലിയ A' എന്നും ix - ന്റെ കുറവുകൊണ്ട് വരുന്നതിനെ 'ഹിമോഫിലിയ B' എന്നും പറയുന്നു.
രാജകീയ ചരിത്രമുള്ള രോഗം
ഹീമോഫീലിയ പ്രാചീനകാലം മുതല് അറിയപ്പെട്ടിരുന്ന രോഗമാണ്. യൂറോപ്യന് രാജകുടുംബങ്ങളിലേയ്ക്ക് (റഷ്യ, ഡെന്മാര്ക്ക്, നോര്വെ, ജര്മ്മനി, സ്പെയിന്, ഫ്രാന്സ്) ഈ രോഗം പകര്ന്നത് 63 കൊല്ലം ഇംഗ്ലണ്ട് ഭരിച്ച ജര്മന്കാരിയായ വിക്ടോറിയാ രാജ്ഞിയില് നിന്നായിരുന്നു (1838 - 1901). വിക്ടോറിയയുടെ പൂര്വികന്മാര്ക്ക് ഈ രോഗം ഉണ്ടായിരുന്നതായി രേഖകള് ഇല്ല. വിക്ടോറിയയുടെ എട്ടാമത്തെ പുത്രന് ലിയോപോള്സ് ഹീമോഫിലിയ കൊണ്ട് 31 - മത്തെ വയസ്സില് മരിച്ചു. രോഗവാഹിക ആയിരുന്ന സ്പെയിന് രാജ്ഞി ബിയാട്രിസിന്റെ (ഏറ്റവും ഇളയ മകള്) രണ്ട് ആണ്മക്കള് 19-ാം വയസിലും 31-ാം വയസിലും ഹീമോഫിലിയ രോഗം കൊണ്ട് മരിച്ചു. റഷ്യന് വിപ്ലവ സമയത്തെ ചക്രവര്ത്തിയായിരുന്ന വിക്ടോറിയയുടെ വേറൊരു മകള് അലക്സാന്ഡ്രയുടെ മകനായ അലക്സ് രാജകുമാരന് തുടര്ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന രക്തസ്രാവം തന്റെ മാന്ത്രിക ശക്തികൊണ്ട് നിയന്ത്രിച്ചതിന്റെ പേരിലാണല്ലോ ഗ്രിഗറി റസ് പുട്ടിന് (1872 - 1916) എന്ന കപടസന്യാസിക്ക് റഷ്യന് രാജകൊട്ടാരത്തില് പ്രവേശന സ്വാതന്ത്ര്യം ലഭിച്ചത്. ഒന്പതു മക്കളുടെ മാതാവായ ഇന്ത്യന് എംപറസ് ആയിരുന്ന (5 പെണ്ണും 4 ആണും) വക്ടോറിയയുടെ ഒരു പുത്രനും രണ്ടു പൗത്രന്മാരും ആറു പ്രപൗത്രന്മാരും (great grandsons) ഹീമോഫിലിയ രോഗികളായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. വിക്ടോറിയയും അവരുടെ മൂന്ന് പെണ് മക്കളും രോഗവാഹകരായിരുന്നു (Carriers).
1963-ലാണ് 'വേള്ഡ് ഫെഡറേഷന് ഓഫ് ഹീമോഫിലിയ' എന്ന സംഘടന മോണ്ട്രിയലില് (കാനഡ) ഹീമോഫിലിയ രോഗിയായിരുന്ന ബിസിനസുകാരന് ഫ്രാന്ക് ഷ്നാബെന്റെ നേതൃത്വത്തിലാണ് ഉടലെടുത്തത്. 1987 ല് ആരംഭിച്ച 'ഹിമോഫിലിക് സൊസൈറ്റി ഓഫ് കേരള' യുടെ ബ്രാഞ്ചുകള് കേരളത്തില് പലയിടത്തും ഉണ്ട്. ഭാരതത്തില് ഒരു ലക്ഷം ഹീമോഫിലിയ രോഗികള് ഉണ്ടെന്നാണ് കണക്ക്. കേരളത്തില് 2000 ഹീമോഫിലിയ രോഗികള് ഹിമോഫിലിയ സൊസൈറ്റിയില് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
ഗര്ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ...
രക്തസ്രാവം നിര്ത്താന് പണ്ട് നിരന്തരമായ രക്തസംചരണം (blood transfusion) ചെയ്തിരുന്നതു കൊണ്ട് ഹീമോഫിലിയ രോഗികള്ക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള് വന്നിരുന്നു. എന്നാല് 1992-ല് ജനിതക പ്രക്രിയ കൊണ്ട് നിര്മ്മിച്ച Factor viii - ix വിപുലമായി വിപണിയില് വന്നതോടെ ഹീമോഫിലിയ രോഗികളുടെ ശരാശരി ജീവിത ദൈര്ഘ്യം 1960-കളില് 11 വര്ഷമായിരുന്നെങ്കില് ഇപ്പോള് 60 വര്ഷമാണ്. മൂന്നില് ഒന്ന് രോഗികള് മരിക്കുന്നത് തലച്ചോറിലെ രക്തസ്രാവം (Brain bleeding) കൊണ്ടാണ്. അതുപോലെ ഗര്ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ എന്ന് ഗര്ഭിണികളിലെ അമ്നിയോട്ടിക് ദ്രാവകം പരിശോധിച്ചാല് മനസിലാക്കാം. ഹീമോഫിലിയ രോഗമുള്ള കുടുംബങ്ങളിലെ ഗര്ഭിണികള്ക്ക് കൗണ്സലിംഗും ആവശ്യമാണ്. ഹീമോഫിലിയ A, Bയെക്കാളും നാലിരട്ടി കൂടുതലായികാണുന്നു. ഹീമോഫിലിയ രോഗത്തിന് ചികിത്സിക്കുന്ന 96 കേന്ദ്രങ്ങള് കേരളത്തിലുണ്ട്.
സ്ത്രീകളില് രോഗസാധ്യതയുണ്ടോ..?
ഹീമോഫിലിയ രോഗം സ്ത്രീകളില് വരാമോ? അപൂര്വം സന്ദര്ഭങ്ങളില് വരാം. അച്ഛന് ഹീമോഫിലിയ രോഗിയും അമ്മ രോഗവാഹകയുമാണെങ്കില് അവര്ക്ക് ജനിക്കുന്ന പെണ്കുട്ടികളില് ചിലര്ക്ക് ഹീമോഫിലിയ രോഗം വരാം. പെണ്കുട്ടിയില് രോഗഹേതുവായ രണ്ട് X ലൈംഗിക ക്രോമസോമുകള് ഉള്ളതുകാരണമാണ് രോഗമുണ്ടാകുന്നത്.
വിവരങ്ങൾ -ഡോ. പൗലോസ് കെ.പി, പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യുറ്റി ആശുപത്രി, തിരുവനന്തപുരം
Health
“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”
“എഴുത്ത് ചെറുതാകുന്നു…” “ശബ്ദം കുറഞ്ഞുവരുന്നു…” ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക. കാരണം കൃത്യമായി കണ്ടെത്തുക.ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക. കാരണം പാർക്കിൻസൺസ് -നെ നേരിടുന്നതിലെ ആദ്യ വിജയം-രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
• ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
• എഴുത്ത് ചെറുതാകുക — (micrographia)
• ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
• മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
• ചെറിയ ചുവടുകളോടെ നടക്കുക
• വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
• ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
• മലബന്ധം (constipation)
• ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
പാർക്കിൻസോണിസം കൈവിറയൽ മാത്രമല്ല. ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു. എഴുത്ത് ചെറുതാകുന്നു. ചലനങ്ങൾ പതുക്കെയാകുന്നു. ശബ്ദം താഴ്ന്നുപോകുന്നു. നടത്തത്തിൽ മാറ്റം വരുന്നു. ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം. അതുകൊണ്ട്, “കൈ വിറയ്ക്കുന്നു = 'പാർക്കിൻസൺസ് ' എന്നതും തെറ്റ്.
ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. “വിറയൽ ഇല്ല = 'പാർക്കിൻസൺസ് ' ഇല്ല” എന്നതും തെറ്റ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
സാധാരണയായി കൊതുക് അല്ലെങ്കില് പ്രാണി കടിച്ചാല് ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല് ചിലരില് ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില് insect bite reaction - IBR -എന്ന് പറയുന്നത്.
2 - 10 വയസ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല് അറ്റോപി Atopy അല്ലെങ്കില് അലര്ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്ക്കോ ഈ പ്രശ്നം കൂടുതല് കാലം നീണ്ടു നില്ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്കാലത്തും ആണ് കൂടുതല് വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്ക്കോ, ബന്ധുക്കള്ക്കോ ഈ പ്രശ്നം വന്നിട്ടുള്ളവരും വേറെ ആര്ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന് കാണുന്ന രീതിയും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില് മാറിമാറി താമസിക്കുന്നവരില് IBR വരാനുള്ള സാധ്യതകള് കൂടുതലാണ്.
പ്രതിരോധ മാര്ഗ്ഗങ്ങള്
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്പ്പ് പ്രാണികളെ ആകര്ഷിക്കുന്നതിനാല് രണ്ട് നേരം കുളിക്കുക, മൈല്ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര് ഇടുക.
· ഇൻസക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream) ഇടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്ത്തു മൃഗങ്ങളുണ്ടെങ്കില് ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന് ചികിത്സ എടുക്കുക.
ചികിത്സാ രീതി
· ഡ്രൈ സ്കിന് ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല് മോയിസ്ചുറൈസർ-moisturizer രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില് ഉണ്ടെങ്കില് ഡോക്ടറുടെ നിര്ദ്ദേശാനുസരണം ആന്റി ഹിസ്റ്റമിന് ഗുളിക കഴിക്കുകയും, ചുവന്ന തിണര്പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് mild steroid cream പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള് കാലക്രമേണ മങ്ങി പോകുമെന്നതിനാല് പ്രത്യേകിച്ച് Treatment / ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന് സാധ്യതയുള്ളതിനാല് പനിയോ, ശരീര വേദനയോ ഉണ്ടെങ്കില് ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം