പ്രതീകാത്മക ചിത്രം.
ലോകത്ത് അഞ്ചു കോടിയിലേറെ ആളുകൾ അൽഷിമേഴ്സ് രോഗത്താൽ പ്രയാസമനുഭവിക്കുന്നതായാണു കണക്ക്. മറവിരോഗത്തെ അതിജീവിക്കാൻ പതിറ്റാണ്ടുകളായി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, പ്രതീക്ഷ നൽകുന്ന പല പഠനങ്ങളും ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് മെഡിക്കൽ ജേണലുകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോൾ റേഡിയേഷൻ, അൽഷിമേഴ്സിനു കാരണമായേക്കാമെന്നു ഗവേഷകരുടെ പുതിയ പഠനം പറയുന്നു.
അയോണൈസിംഗ് റേഡിയേഷനുമായി സമ്പർക്കത്തിൽ വരുന്നതു മസ്തിഷ്ക്കത്തിൽ അൽഷിമേഴ്സ് രോഗത്തിനു സമാനമായ ജൈവമാറ്റങ്ങൾക്കും വീക്കത്തിനും വഴിവച്ചേക്കാമെന്ന് യുഎസ് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. റേഡിയേഷനും അൽഷിമേഴ്സ് രോഗാസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ന്യൂയോർക്കിലെ ഹോഫ്സ്ട്ര സർവകലാശാലയിലെയും നോർത്ത്വെൽ ഹെൽത്തിലെയും ഗവേഷകർ നടത്തിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. 'ഫ്രോണ്ടിയേഴ്സ് ഇൻ ഇമ്യൂണോളജി' എന്ന ശാസ്ത്ര മാസികയിലാണു ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
മെഡിക്കൽ ഇമേജിംഗ് പരിശോധനകൾ, ന്യൂക്ലിയർ വ്യവസായ മേഖലയിലെ വളർച്ച, ബഹിരാകാശ ഗവേഷണങ്ങൾ എന്നിവ വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യരിൽ റേഡിയേഷൻ സമ്പർക്കം മുൻപത്തെക്കാൾ കൂടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, റേഡിയേഷൻ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കും, അൽഷിമേഴ്സ് സാധ്യത വർധിക്കുമോ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ നൂറിലേറെ പഠനങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
പഠനങ്ങൾ പ്രകാരം, ശരീരത്തിൽ ഏൽക്കുന്ന 100 മില്ലിസീവർട്ട് റേഡിയേഷന് ഡിമൻഷ്യ വരാനുള്ള സാധ്യത പതിനൊന്നു ശതമാനം വർധിപ്പിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. റേഡിയേഷൻ ഏൽക്കുമ്പോൾ കോശങ്ങളിലെ ഡിഎൻഎയ്ക്ക് തകരാർ സംഭവിക്കുകയും ഇതു തലച്ചോറിലെ പ്രതിരോധ കോശങ്ങളിൽ പ്രതികരണമുണ്ടാക്കി 'eCIRP' എന്ന പ്രോട്ടീൻ പുറന്തള്ളാൻ കാരണമാവുകയും ചെയ്യുന്നു. ഈ പ്രോട്ടീൻ പിന്നീട് തലച്ചോറിലെ 'Tau' പ്രോട്ടീനുകളിൽ രാസമാറ്റങ്ങൾ വരുത്തുന്നു. അൽഷിമേഴ്സ് ബാധിച്ച ആളുകളുടെ തലച്ചോറിൽ ഉണ്ടാകുന്ന കേടുപാടുകൾക്കു സമാനമായ മാറ്റങ്ങളാണു സംഭവിക്കുകയെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, സാധാരണ എക്സ്-റേ പരിശോധനകൾ നടത്തുന്നതു നേരിട്ട് അൽഷിമേഴ്സിന് കാരണമാകുമെന്ന ധാരണ തെറ്റാണെന്നു ഗവേഷകർ വ്യക്തമാക്കുന്നു. ഭാവിയിലെ അൽഷിമേഴ്സ് പഠനങ്ങൾക്കും രോഗപ്രതിരോധ ചികിത്സകൾക്കും പുതിയ വാതിലുകൾ തുറക്കുന്ന ഒന്നാണ് ഈ കണ്ടെത്തൽ.
നിലവിൽ ലോകമെമ്പാടുമായി അഞ്ച് കോടിയിലധികം ആളുകൾ ഡിമൻഷ്യ, അൽഷിമേഴ്സ് രോഗങ്ങളാൽ വലയുന്നുണ്ട്. പതിറ്റാണ്ടുകളായി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായി ഫലപ്രദമായ പ്രതിരോധ ചികിത്സകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ഇത്തരം പഠനങ്ങൾ രോഗത്തെക്കുറിച്ചുള്ള അവബോധത്തിനു വളരെ പ്രധാനമാണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
Tags : HealthNews Radiation Alzheimers USResearchers BrainInflammation IonisingRadiation FrontiersinImmunology DNA