നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കാത്തിരുന്ന ആദ്യ വ്യക്തിഗത സ്വർണം വെടിവച്ചിട്ട് ഹരിയാനയുടെ നീരു ധണ്ഡ. ഇന്നു രാവിലെ നടന്ന വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗ് ഫൈനലിൽ ഏഷ്യൻ റിക്കാർഡ് തകർത്താണ് 26 കാരിയായ നീരു ഇന്ത്യക്കായി പൊന്നണിഞ്ഞത്.
ഫൈനലിൽ 28 പോയിന്റ് നേടി മികച്ച പ്രകടനം പുറത്തെടുത്ത നീരു, മുൻ ഏഷ്യൻ റിക്കാർഡായ 24 പോയിന്റാണു പഴങ്കഥയാക്കിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻതാരം എന്ന ചരിത്രനേട്ടവും നീരു സ്വന്തമാക്കി.
ടൂർണമെന്റിലെ എട്ടുപേർ പങ്കെടുത്ത ഫൈനലിലേക്ക് യോഗ്യതാറൗണ്ടിൽ ഖത്തറിന്റെ റേ ബാസിലിനൊപ്പം 118 പോയിന്റോടെ ഗെയിംസ് റിക്കാർഡ് കുറിച്ചാണ് നീരു യോഗ്യത നേടിയത്. നേരത്തേ, ആഷിമ അഹ്ലാവത്, മനീഷ കീർ എന്നിവർക്കൊപ്പം വനിതകളുടെ ട്രാപ്പ് ടീം ഇനത്തിലും നീരു ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു.
ട്രാപ്പ് ഇനത്തിൽ ഇതിനുമുമ്പ് പുരുഷ വിഭാഗത്തിൽ മാത്രമാണ് ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത സ്വർണം ലഭിച്ചിട്ടുള്ളത്. 1978ൽ രൺധീർ സിംഗും 2010ൽ ഡബിൾ ട്രാപ്പിൽ രോഞ്ചൻ സോധിയുമാണ് മുന്പ് സ്വർണം നേടിയത്. ഈ വർഷം ജൂലൈയിൽ ഇറ്റലിയിൽ നടന്ന ഷോട്ട്ഗൺ ലോകകപ്പിലും സ്വർണം നേടി നീരു ചരിത്രം കുറിച്ചിരുന്നു.
ഈ ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വർണം ആണ് നീരു ധണ്ഡനേടിയത്. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 47 ആയി.
Tags : Asian Games 2026 Neeru Dhanda wins shooting gold