പ്രതീകാത്മക ചിത്രം.
പ്രപഞ്ചത്തിന് അഞ്ചു ശതകോടി വർഷം മാത്രം പഴക്കമുള്ള കാലഘട്ടത്തിലെ, ഹൈഡ്രജന്റെ ആദ്യകാല സൂചനകൾ കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ അടങ്ങുന്ന അന്താരാഷ്ട്ര ഗവേഷകസംഘം. ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കാനഡ-യുഎസ് ഗവേഷകരുമായി ചേർന്ന് ഈ ചരിത്ര നേട്ടം കൈവരിച്ചത്. പ്രപഞ്ചോത്പത്തിയുടെ ആദ്യഘട്ടങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക വഴിത്തിരിവാണിതെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
പ്രപഞ്ചത്തിന്റെ വികാസത്തിനു കാരണമാകുന്ന 'ഡാർക്ക് എനർജി'യെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ ഇതു സഹായിക്കുമെന്നു ശാസ്ത്രലോകം വെളിപ്പെടുത്തി. പ്രമുഖ ശാസ്ത്ര മാസികയായ 'ദി ആസ്ട്രോഫിസിക്കൽ ജേണലിലാണ്' ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന കനേഡിയൻ ഹൈഡ്രജൻ ഇന്റൻസിറ്റി മാപ്പിംഗ് എക്സ്പെരിമെന്റ് (CHIME - Canadian Hydrogen Intensity Mapping Experiment) റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ചാണു സുപ്രധാന കണ്ടെത്തൽ നടത്തിയത്. സാധാരണയായി മറ്റ് ഗാലക്സികളെ ആശ്രയിച്ചാണ് പ്രാചീന ഹൈഡ്രജൻ സാന്നിധ്യം കണ്ടെത്താറുള്ളത്. എന്നാൽ, ബാഹ്യ ഡാറ്റകളുടെ സഹായമില്ലാതെ CHIME ടെലിസ്കോപ്പിൽനിന്നുള്ള വിവരങ്ങൾ മാത്രം ഉപയോഗിച്ചു കൃത്യമായി ഹൈഡ്രജൻ സാന്നിധ്യം തിരിച്ചറിഞ്ഞു എന്ന പ്രത്യേകതയും ഈ ഗവേഷണത്തിനുണ്ട്. നൂറോളം രാത്രികളിൽ നടത്തിയ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെയാണു ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും നക്ഷത്രങ്ങളുടെ രൂപീകരണത്തിന് ആധാരവുമായ മൂലകമാണ് ഹൈഡ്രജൻ. പ്രപഞ്ചത്തിലെ പദാർഥങ്ങൾ എങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നുവെന്നു മനസിലാക്കാൻ ഹൈഡ്രജന്റെ റേഡിയോ തരംഗങ്ങൾ സഹായിക്കുമെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ ടൊറോന്റോ സർവകലാശാലയിലെ ഗവേഷകൻ അർണബ് ചക്രവർത്തി വ്യക്തമാക്കി. പ്രപഞ്ചത്തിന്റെ എഴുപതു ശതമാനത്തോളം വരുന്നതും, അതിന്റെ വികാസവേഗം കൂട്ടുന്നതുമായ അജ്ഞാത ഊർജരൂപമാണ് 'ഡാർക്ക് എനർജി'. ഈ പ്രതിഭാസത്തെക്കുറിച്ചു വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ ഹൈഡ്രജന്റെ ഈ മാപ്പിംഗ് സഹായിക്കും.
ആകാശത്തിന്റെ വലിയൊരു ഭാഗം ദിവസേന കൃത്യമായി നിരീക്ഷിക്കാൻ ശേഷിയുള്ള റേഡിയോ ടെലിസ്കോപ്പാണ് CHIME. കഴിഞ്ഞ ഏഴു വർഷമായി ടെലിസ്കോപ്പ് ശേഖരിച്ച വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും, പ്രപഞ്ചത്തിനു മൂന്നു ശതകോടി വർഷം മാത്രം പഴക്കമുള്ള ഘട്ടത്തിലെ ഡാറ്റ കൂടി അപഗ്രഥിക്കാനുള്ള ശ്രമങ്ങളിലാണു തങ്ങളെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
Tags : ScienceNews SpaceNews Hydrogen RRI DarkEnergy TheAstrophysicalJournal CHIME