മൂവാറ്റുപുഴ: അറിവിനും പഠനത്തിനും പ്രായം തടസമല്ലെന്നു തെളിയിച്ച് അച്ഛനും മകനും ഒരേസമയം മെഡിക്കല്‍ ബിരുദാനന്തര ബിരുദം നേടി ചരിത്രത്താളുകളില്‍ ഇടം നേടി.
ഷഷ്ടിപൂര്‍ത്തിക്ക് തൊട്ടുപിന്നാലെ പ്രശസ്ത കവിയും അധ്യാപകനുമായ ജെ.കെ.എസ്. വീട്ടൂര്‍ (ഡോ. ജീമോന്‍ കെ. സാം) തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് ഫിസിയോളജിയില്‍ എംഡി കരസ്ഥമാക്കിയപ്പോള്‍, മകന് ഡോ. പ്രിന്‍സ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍നിന്ന് കമ്യൂണിറ്റി മെഡിസിനില്‍ എംഡി ബിരുദം നേടി.
പഠനകാലത്ത് തന്റെതന്നെ രചനയായ എസന്‍സ് ഓഫ് ഹ്യൂമണ്‍ ഫിസിയോളജി എന്ന പുസ്തകം പഠനവിഷയമായിരുന്നു എന്നത് ഡോ. ജീമോന്റെ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു. ക്ലാസില്‍ സ്വന്തം പുസ്തകം പഠിപ്പിക്കുമ്പോള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വലിയ കൗതുകമായിരുന്നു ഇത്. 1983-88 കാലഘട്ടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡോ. ജീമോന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പിന്നീട് വിവിധ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. മകന് ഡോ. പ്രിന്‍സ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠിക്കുമ്പോള്‍ അച്ഛനായിരുന്നു ഫിസിയോളജി അധ്യാപകന്. 2022ല്‍ എംഡി പ്രവേശനപരീക്ഷ എഴുതാനുള്ള പ്രായപരിധി 45 വയസില്‍ നിന്ന് ഉയര്‍ത്തിയത് ഡോ. ജീമോന്‍ വഴിത്തിരിവായി.
57-ാം വയസില്‍ പ്രവേശനപരീക്ഷ എഴുതി മികച്ച റാങ്കോടെ 2023ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടി. പ്രായോഗിക പരിചയസമ്പത്താണ് എന്ട്രന്സും ബിരുദപഠനവും എളുപ്പമാക്കിയതെന്ന് ഡോ. ജീമോന്‍ പറഞ്ഞു.
മൂവാറ്റുപുഴ വീട്ടൂര്‍ സ്വദേശിയായ ഡോ. ജീമോന്‍ - ജെകെഎസ് വീട്ടൂര്‍ എന്ന പേരില്‍ എട്ട് കവിതാ സമാഹാരങ്ങളും നാല് കഥാ സമാഹാരങ്ങളും ഒരു മഹാകാവ്യവും ഉള്‍പ്പടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജീമോന്റെ കവിതകള്‍ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഇടംപിടിക്കുകയും നിരവധിയായ പുരസ്കാരങ്ങള്‍ തേടിയെത്തുകയും ചെയ്തിട്ടുണ്ട്. അക്ഷരങ്ങളെയും വൈദ്യശാസ്ത്രത്തെയും ഒരുപോലെ സ്നേഹിച്ച അച്ഛന്റെയും മകന്റെയും ഈ അപൂര്‍വനേട്ടം നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.