ചടയമംഗലം: ചടയമംഗലം ഗ്രാമപഞ്ചായത്ത് അതിർത്തിയായ ആയുർ പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോഴഞ്ചേരി സ്വദേശിയായ റോബിനും പിതാവ് നൈനാനുമാണ് മരിച്ചത്. കോഴഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറിൽ തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള ലോറി ഇടിച്ചായിരുന്നു അപകടം.
ആയുർഭാഗത്ത് നിന്നും ചടയമംഗലത്തേക്കു വന്ന ലോറിയും ചടയമംഗലം ഭാഗത്തുനിന്ന് ആയൂരിലേക്കു പോയ കാറും തമ്മിൽ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച ശേഷം കോഴഞ്ചേരിയിലേക്കുള്ള വീട്ടിലേക്കുള്ള വഴി മധ്യേയാണ് കാറ് അപകടത്തിൽപ്പെട്ടത്.റോബിൻ നൈനാൻ ആണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവും മാതാവും രണ്ട് മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
റോബിന്റെ മാതാവ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബിന്റെ മക്കൾ രണ്ടുപേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരെ കാർ പൊളിച്ചാണ് പുറത്തെത്തിച്ചത്.
സംഭവസ്ഥലത്ത് അപകടം നടന്ന ഉടനെയെത്തിയ ചടയമംഗലം പോലീസും നാട്ടുകാരുടെയും ശ്രമഫലമായി ആണ് അപകടത്തിൽപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ സാധിച്ചത്. എന്നാൽ ഫയർഫോഴ്സ് എത്താൻ വൈകിയത് പ്രതിഷേധത്തിനിടയാക്കി.അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എംസി റോഡിൽ ഗതാഗതം നിലച്ചു തുടർന്ന് വാഹനങ്ങൾ എംസി റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
Tags : Father and son die in car-lorry collision