International
കയ്റോ: ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 350 പേർ കൊല്ലപ്പെട്ടത് ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷമാണ്.
ശനിയാഴ്ച ഖാൻ യൂനിസിൽ ഇസ്രേലി സേന രണ്ടു പലസ്തീൻ സഹോദര ബാലന്മാരെ വെടിവച്ചുകൊന്നു. ഇതിൽ ഒരാൾക്ക് എട്ടും രണ്ടാമന് പത്തോ, പതിനൊന്നോ വയസും പ്രായമുണ്ടെന്നാണു റിപ്പോർട്ട്.
ഇസ്രേലി സേനയുടെ മേഖലയിൽ അതിക്രമിച്ചു കയറിയതിനെത്തുടർന്നാണ് വെടിവച്ചതെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ബാലന്മാർ വിറകുശേഖരിക്കാൻ പോയതാണെന്നു ബന്ധുക്കൾ പറഞ്ഞു.
International
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 70,000ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയി ഉയർന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറിൽ ഗാസ മുനമ്പിലെ ആശുപത്രികളിൽ രണ്ട് മൃതദേഹങ്ങൾ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിൽ ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിൽ 354 പലസ്തീനികൾ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഹമാസ് 20 ബന്ദികളെയും 28 പേരുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
ഇതിനുപകരമായി ഇസ്രയേൽ ബന്ദികളാക്കിയിരുന്ന 2,000 പലസ്തീനികളെ മോചിപ്പിക്കുകയും നൂറുകണക്കിന് മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു.
International
ലണ്ടൻ: ഹമാസിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്പിലാകമാനം ഹമാസ് തങ്ങളുടെ ശൃംഖല വർധിപ്പിക്കുന്നതായും രഹസ്യ സെല്ലുകളായി പ്രവർത്തിക്കുന്നുവെന്നും മൊസാദ് വ്യക്തമാക്കി.
യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും സാധിച്ചതായി മൊസാദ് അറിയിച്ചു. ഇസ്രയേൽ-ജൂത സമൂഹത്തെ ലക്ഷ്യമാക്കിയ പദ്ധതികൾ തകർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സഹായിച്ചതായും പ്രസ്താവനയിലൂടെ മൊസാദ് പറയുന്നു.
ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം ഗൂഢാലോചനകളെ തകർക്കാൻ സഹായിച്ചു. ഓസ്ട്രിയയുടെ ഡിഎസ്എൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉൾപ്പെട്ട ആയുധശേഖരം കണ്ടെത്തിയിരുന്നതായും മൊസാദ് അറിയിച്ചു.
സംഭവത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് മൊസാദ് സ്ഥിരീകരിച്ചു. ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ് നയീം.
ജർമ്മനിയും ഓസ്ട്രിയയും ഹമാസിനെതിരായ നിലപാട് സ്വീകരിക്കുന്നതിനെ പ്രശംസിച്ച മൊസാദ് ഖത്തറിലെ ഹമാസ് പ്രവർത്തനങ്ങളെ വിമർശിച്ചു. സെപ്റ്റംബറിൽ ഖത്തറിൽ മുഹമ്മദ് നയിമും പിതാവും തമ്മിൽ കൂടിക്കാഴ്ച നടന്നതായും മൊസാദ് കൂട്ടിച്ചേർത്തു.
International
ഗാസ: ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
സൈന്യത്തിന് നേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്നാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഗാസ മുനമ്പിലുടനീളം ഹമാസ് കേന്ദ്രങ്ങളിൽ ഐഡിഎഫ് ആക്രമണം ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഗാസയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ബുധനാഴ്ചയുണ്ടായത്. ഗാസ സിറ്റിയിൽ 12 പേരും തെക്കൻ ഖാൻ യൂനിസ് പ്രദേശത്ത് പത്ത് പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 10 മുതൽ ഗാസയിൽ വെടിനിറുത്തൽ കരാർ നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനുശേഷം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 280ൽ അധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
International
ജറുസലേം: ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം നൽകിയ യുഎൻ നടപടിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു.
എന്നാൽ, യുഎൻ പ്രമേയത്തെ ഹമാസ് തള്ളി. വിദേശ നിയന്ത്രണത്തിനുള്ള ഉപകരണമാണിതെന്നും ഹമാസ് വിമർശിച്ചു. ഗാസയുടെ സമ്പൂർണ നിരായുധീകരണം, അപസൈനികവത്കരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനാൽ ട്രംപിന്റെ പദ്ധതി സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് വിശ്വസിക്കുന്നതായി നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
അതിർത്തികളുടെ മേൽനോട്ടം, സുരക്ഷ, ഗാസയുടെ അപസൈനികവൽക്കരണം എന്നിവയുൾപ്പെടെ അന്താരാഷ്ട്ര സേനയ്ക്കു വിപുലമായ അധികാരമാണ് പ്രമേയം നൽകുന്നത്. സമാധാന ബോർഡിനും അന്താരാഷ്ട്ര സേനയ്ക്കുമുള്ള അംഗീകാരം 2027 അവസാനത്തോടെ കഴിയും.
നിരായൂധീകരണത്തിനുൾപ്പെടെ അന്താരാഷ്ട്രസേനയ്ക്കു നൽകുന്ന പരമാധികാരം അതിന്റെ നിഷ്പക്ഷതയെ ഇല്ലാതാക്കുമെന്നു ഹമാസ് കുറ്റപ്പെടുത്തി. പ്രമേയം പലസ്തീൻ ജനതയുടെ രാഷ്ട്രീയവും മാനുഷികവുമായ ആവശ്യങ്ങളെയും അവകാശങ്ങളെയും തൃപ്തിപ്പെടുത്തുന്നതല്ല.
യുഎൻ മേൽനോട്ടത്തിൽ അന്താരാഷ്ട്ര സേന ഉണ്ടാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ നിരീക്ഷിക്കാൻ ഗാസയുടെ അതിർത്തികളിൽ മാത്രം സേനയെ വ്യന്യസിക്കണമെന്നും ഹമാസ് നിർദേശിച്ചു. എന്നാൽ, പലസ്തീൻ അഥോറിറ്റി പ്രമേയത്തെ സ്വാഗതം ചെയ്തു. പ്രമേയത്തിലെ നിർദേശങ്ങൾ ഉടൻ താഴേത്തട്ടിൽ നടപ്പാക്കാൻ തയാറാണെന്നും അവർ അറിയിച്ചു.
International
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ വെള്ളിയാഴ്ച രാത്രി കൈമാറിയ മൂന്നു മൃതദേഹ സാന്പിളുകൾ ബന്ദികളുടേതല്ലെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രേലി സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി റെഡ് ക്രോസ് മുഖാന്തിരം മൂന്നു മൃതദേഹങ്ങളുടെ ഭാഗങ്ങൾ ഹൈമാസ് കൈമാറുകയായിരുന്നു. ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇവ ബന്ദികളുടേതല്ലെന്നു സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാത്രി ഹമാസ് കൈമാറിയ രണ്ട് മൃതദേഹങ്ങൾ ബന്ദികളുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി 11 ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഹമാസ് കൈമാറാനുണ്ട്.
International
ടെൽ അവീവ്: ഹമാസ് ഭീകരർ വ്യാഴാഴ്ച കൈമാറിയ മൃതദേഹങ്ങൾ ബന്ദികളുടേതാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
അമിരാം കൂപ്പർ (84), സഹർ ബാറൂക്ക് (25) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇരുവരെയും ഹമാസ് ഭീകരർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയതാണ്. ഇരുവരെയും പിന്നീട് കസ്റ്റഡിയിൽ വധിച്ചതായി ഇസ്രയേൽ അനുമാനിക്കുന്നു.
അമിരാം കൂപ്പറിനെ 2024 ഫെബ്രുവരിയിലും സഹർ ബാറൂക്കിനെ 2023 ഡിസംബർ എട്ടിനും ഹമാസ് ഭീകരർ കൊലപ്പെടുത്തിയെന്നാണു നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവരുടെ മൃതദേഹങ്ങൾക്കു പകരമായി 30 പലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ റെഡ് ക്രോസ് മുഖാന്തിരം കൈമാറി.
വെടിനിർത്തൽ ധാരണ പ്രകാരം ഒരു ഇസ്രേലി മൃതദേഹത്തിന് 15 പലസ്തീൻ മൃതദേഹങ്ങളാണു കൈമാറുക. ഇനി 11 ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഗാസയിൽനിന്നു ലഭിക്കാനുണ്ട്.
International
ഗാസ: ബന്ദിയുടെ മൃതദേഹമെന്ന പേരിൽ രണ്ട് വർഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗം കൈമാറിയെന്ന് ആരോപിച്ച് ഇസ്രയേൽ. ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹമെന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറി.
എന്നാൽ ഇത് രണ്ട് വർഷം മുന്‍പ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളാണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഇത് വെടിനിർത്തൽ കരാർ ലംഘനമെന്ന് കാട്ടി തുടർ നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നതന്യാഹു സുരക്ഷാ തലവന്മാരുമായി ചർച്ചയും നടത്തി.
പിന്നാലെ ഒരു വീഡിയോ ഇസ്രയേൽ സേന പുറത്തുവിട്ടു. മൃതദേഹം കുഴിച്ചെടുത്തതായി കാണിക്കാൻ കെട്ടിടത്തിൽനിന്ന് എടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ട് മൂടിയ ശേഷം റെഡ് ക്രോസിനെ അറിയിച്ച് പുറത്തെടുത്തു എന്നാണ് ആരോപണം.
മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ലെന്നും കഴിച്ചെടുക്കാൻ സമയം വേണമെന്നും കാണിക്കാനാണ് ഇതെന്നാണ് ആരോപണം. ഹമാസ് ആരോപണം നിഷേധിച്ചു. ഇസ്രയേൽ ബോംബിംഗ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.
International
ടെൽ അവീവ്: ഇസ്രയേലി ബന്ദികളെ മുഴുവനായും വിട്ടയച്ച് ഹമാസ്. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്.
ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ മോചനത്തിന് പകരമായി ഗാസ നിവാസികളടക്കമുള്ള രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും.
2023ലെ ആക്രമണത്തില്‍ ഹമാസ് 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരെ പിന്നീട് പല ഘട്ടങ്ങളായി വിട്ടയക്കുകയും ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കും.
International
ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഘട്ടംഘട്ടമായി 20 ഇസ്രേയേൽ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരെ ഹെലികോപ്റ്റർ മാർഗം ഇസ്രയേലിൽ എത്തിക്കും.
അതേസമയം, ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.
Leader Page
ഹമാസിനുമേൽ ഇസ്രയേൽ
ഗാസാ മുനമ്പിൽനിന്ന് ഹമാസ് ഭീകരർ ഇസ്രയേലിനു നേരേ കര, കടൽ, വ്യോമ ആക്രമണം നടത്തിയപ്പോൾ ആരംഭിച്ചതാണ് ഇപ്പോഴത്തെ ഇസ്രയേൽ-ഹമാസ് യുദ്ധം. 2023 ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണം. അടുത്ത ദിവസം, ഹമാസ് ഭീകരരെ തകർക്കാനും അവർ ബന്ദികളാക്കിയ 251 പേരെ തിരികെ കൊണ്ടുവരാനുമായി ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു.
യുദ്ധം ഗാസ മുനമ്പിലുടനീളം വ്യാപകമായ നാശം വിതച്ചു. കുറഞ്ഞത് 67,160 പേർ കൊല്ലപ്പെടുകയും 1,69,679 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, 2025 പകുതിയോടെ യുദ്ധം ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വിനാശകരമായ തലത്തിലെത്തി. ഗാസ നഗരത്തിൽ ക്ഷാമം സ്ഥിരീകരിച്ചു.
വർധിച്ചുവരുന്ന പ്രതിസന്ധിക്കിടയിലും യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യതകൾ അവ്യക്തമായി തുടർന്നു. ഇതോടെ സ്ഥിരമായ വെടിനിർത്തലിനായി സമ്മർദം ശക്തമാകുകയും സെപ്റ്റംബർ അവസാനത്തോടെ അമേരിക്ക രാജ്യാന്തര പിന്തുണയോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ഗാസയിൽ ഇനിയും ആയിരക്കണക്കിനു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.
2023 ഒക്ടോബർ ഏഴിന്, ജൂത അവധിദിനത്തിലായിരുന്നു ഹമാസ് ഭീകരാക്രമണം. പുലർച്ചെ 6.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. നിരവധി സൈനികർ അവധിയിലായിരുന്നതിനാൽ ഇസ്രയേൽ സൈന്യത്തിന്റെ ശ്രദ്ധ തെക്ക് ഗാസ മുനമ്പിനേക്കാൾ ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലായിരുന്നു.
ഒക്ടോബർ ഏഴിനു രാവിലെ 8.23ന് ഇസ്രയേൽ സേന യുദ്ധമുന്നറിയിപ്പ് പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുശേഷം അവരുടെ യുദ്ധവിമാനങ്ങൾ ഗാസ മുനമ്പിൽ വ്യോമാക്രമണം ആരംഭിച്ചു. ഒക്ടോബർ ഒന്‍പതിന് ഇസ്രയേൽ ഗാസ മുനമ്പ് ‘പൂർണമായി ഉപരോധിക്കാൻ’ ഉത്തരവിടുകയും അവിടേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവ നിർത്തലാക്കുകയും ചെയ്തു.
വിദേശികളും ഉൾപ്പെട്ടതിനാൽ ബന്ദിമോചനം രാജ്യാന്തര പരിശ്രമമായി മാറി. ആക്രമണം തുടരുന്പോഴും ബന്ദികളെ മോചിതരാക്കാൻ രാജ്യാന്തര ശ്രമം നടക്കുന്നുണ്ടായിരുന്നു. ഖത്തർ സുപ്രധാന ഇടനിലക്കാരായി. ഹമാസ് ആക്രമണത്തിനു മൂന്നാഴ്ചകൾക്കുശേഷം, ഗാസ മുനമ്പിലെ 1.4 ദശലക്ഷത്തിലധികം പലസ്തീനികൾ പലായനം ചെയ്തു.
ആയിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ അവസാനത്തോടെ ഇസ്രേലി കരസേന ഗാസ മുനമ്പിലേക്കു മുന്നേറി. പ്രദേശത്തെ ആശയവിനിമയ സംവിധാനം പരിമിതമാക്കി. ഇത് തീവ്രവാദികളുടെ ഏകോപനം തടസപ്പെടുത്തി. എന്നാൽ, അടിയന്തര വൈദ്യസഹായമെത്തിക്കുന്നതും ഇതുമൂലം തടസപ്പെട്ടു.
ഏകദേശം 23,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി 2024 ജനുവരി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു എങ്കിലും ഹമാസ് ഭീകരരും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. കൃത്യമായ ലക്ഷ്യം നിർണയിച്ച് യുദ്ധതന്ത്രം മാറ്റുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ജനുവരി അവസാനത്തോടെ, ദിവസേനയുള്ള മരണങ്ങളുടെ ശരാശരി എണ്ണം ഒക്ടോബറിലേതിനേക്കാൾ മൂന്നിലൊന്നായിരുന്നു. ജൂലൈ അവസാനത്തോടെ, യുദ്ധത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 40,000 ആയി.
ഫെബ്രുവരിയിൽ ഇസ്രയേൽ റാഫയിലേക്കും യുദ്ധം വ്യാപിപ്പിച്ചു. റാഫയിലെ ആക്രമണം ഹമാസ് ബറ്റാലിയനുകളുടെ ‘അവസാന കോട്ട’യെ വേരോടെ പിഴുതെറിയുമെന്ന് നെതന്യാഹു തറപ്പിച്ചുപറഞ്ഞു. ഏപ്രിൽ ഒന്നിന് ഷെഫ് ജോസ് ആൻഡ്രേസിന്റെ വേൾഡ് സെൻട്രൽ കിച്ചണിലെ സഹായികളുമായി പോയ നിരവധി വാഹനങ്ങൾ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു. ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മരണങ്ങളുടെ ഉത്തരവാദിത്വം ഇസ്രേലി സേന ഏറ്റെടുത്തു. “ഭയാനകമായ പിഴവുകളുടെ ഒരു ശൃംഖല” എന്നാണ് സർക്കാർ വക്താവ് ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്.
മേയ് അഞ്ചിന് സമാധാനചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. മണിക്കൂറുകൾക്കകം, മാനുഷിക സഹായത്തിനുള്ള പ്രധാന വഴിയായ കെരെം ഷാലോം അതിർത്തി ക്രോസിംഗിന് സമീപം നിലയുറപ്പിച്ചിരുന്ന ഇസ്രേലി സൈനികർക്കുനേരേ ഹമാസ് റോക്കറ്റുകൾ തൊടുത്തു. നാല് സൈനികർ കൊല്ലപ്പെട്ടു. അതോടെ ക്രോസിംഗ് അടച്ചു. അടുത്ത ദിവസം, റാഫയിൽനിന്ന് ഒരു ലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടു.
അതേസമയം, റാഫ അതിർത്തി ക്രോസിംഗിന്റെയും ഫിലാഡൽഫി ഇടനാഴിയുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ സൈന്യം നീക്കം തുടങ്ങി. മേയ് 14ന് അവർ നഗരത്തിൽ പ്രവേശിച്ചു. മേയ് ആറു മുതൽ റാഫയിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. അവർ എത്തിച്ചേർന്ന പ്രദേശത്ത് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലായിരുന്നു. സമാധാനചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോഴും ഇസ്രയേൽ ഗാസയിൽ ആക്രമണം കടുപ്പിച്ചു.
ജൂലൈ 13ന് ഖാൻ യൂനിസിൽ ഹമാസിന്റെ ഉന്നത സൈനിക കമാൻഡറായ മുഹമ്മദ് ദെയ്ഫിനെ ഇസ്രയേൽ ലക്ഷ്യമിട്ടു. ആക്രമണത്തിൽ ദെയ്ഫും തൊണ്ണൂറോളം പലസ്തീനികളും കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ പ്രതിനിധിസംഘത്തെ നയിച്ചിരുന്ന വിദേശ ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മയിൽ ഹനിയെ ജൂലൈ 31ന് ടെഹ്റാനിൽ കൊല്ലപ്പെട്ടു.
അതേസമയം, ജൂലൈയിൽ ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ഭക്ഷണം, വെള്ളം, സുരക്ഷിതമായ പാർപ്പിടം എന്നിവയുടെ ദൗർലഭ്യം എന്നിവ മൂലം നേരിട്ടുള്ള ഒരു മരണത്തിന് ആനുപാതികമായി ഏകദേശം നാല് പരോക്ഷ മരണങ്ങൾ സംഭവിക്കുന്നതായി വിലയിരുത്തി. നേരിട്ടുള്ളതും പരോക്ഷവുമായി മരിച്ചവരുടെ എണ്ണം 1,86,000 എന്നായിരുന്നു കണക്ക്. ആ മാസം അവസാനം, മലിനജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയത് കാര്യങ്ങൾ കൂടുതൽ ദുരിതപൂർണമാക്കി.
നസ്രുള്ളയുടെ കൊലപാതകത്തിൽ പ്രകോപിതരായി ഇറാൻ ഒക്ടോബർ ഒന്നിന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി. കുറഞ്ഞ നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒക്ടോബർ ഏഴിലെ ആക്രമണവാർഷികം ഹമാസ്, ഹിസ്ബുള്ള, ഹൂതി ഭീകരരുടെ ബോംബാക്രമണത്തോടെ കടന്നുപോയി. റാഫ പ്രദേശത്ത് നടത്തിയ ഒരു ഓപ്പറേഷനിൽ സിൻവാറിനെ കൊലപ്പെടുത്തിയതായി ഒക്ടോബർ 17ന് ഇസ്രയേൽ പ്രഖ്യാപിച്ചു.
2025 ജൂൺ 13 മുതൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചതോടെ ഗാസ മുനമ്പിൽനിന്ന് ശ്രദ്ധ ഇറാനിലേക്കായി. ജൂൺ 22ന് ഇറേനിയൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണങ്ങൾക്കു ശേഷമാണ് 12 ദിവസത്തെ സംഘർഷം അവസാനിച്ചത്.
ജൂലൈ അവസാനത്തോടെ, ഭക്ഷണവിതരണ കേന്ദ്രത്തിൽ വരിനിൽക്കുകയായിരുന്ന ആയിരത്തിലധികം ഗാസ നിവാസികൾ വെടിയേറ്റു മരിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സെപ്റ്റംബർ ഒന്‍പതിന്, അമേരിക്കൻ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ഖത്തറിലെ ദോഹയിൽ യോഗം ചേർന്നപ്പോൾ, അവരെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി വിജയിക്കുമോ എന്ന ആകാംക്ഷയ്ക്കിടയിലും യുദ്ധത്തിന്റെ ഫലമായി നേരിട്ട് കൊല്ലപ്പെട്ട ഗാസക്കാരുടെ എണ്ണം 65,000 ആയെന്ന വസ്തുത സമാധാനം ആഗ്രഹിക്കുന്നവരെ അലട്ടുന്നുണ്ട്.
കുരുന്നുകളുടെ തലയറത്തു; പെണ്‍കുട്ടികളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ ലോകം പഴിക്കുന്പോഴും ഇസ്രയേലിനെതിരേ ഹമാസ് ഭീകരരും അവരുടെ പിണിയാളുകളായ പലസ്തീന് തീവ്രവാദ സംഘടനകളും ചേര്‍ന്നു നടത്തിയ കൊടുംക്രൂരതകള്‍ മറക്കാനാകില്ല. 2023 ഒക്ടോബർ ഏഴ് ഇസ്രയേലിന് ഒരിക്കലും മറക്കാനാകാത്ത ദിനമാണ്.
അന്നു രാവിലെ 6.30 മുതൽ 20 മിനിറ്റിൽ പാഞ്ഞെത്തിയത് ഹമാസിന്റെ 5,000 റോക്കറ്റുകളാണ്. ഇത്രയധികം റോക്കറ്റുകൾ കുതിച്ചെത്തിയതോടെ ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനംപോലും സ്തംഭിച്ചു. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 38 കുട്ടികളടക്കം 1,200 ഓളം ഇസ്രയേലികളെയാണു വധിച്ചത്. 251 പേരെ ബന്ദികളാക്കി.
തീമഴപോലെയാണു ഹമാസിന്റെ റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചത്. പാർക്കിലും പാതയോരത്തും തെരുവോരങ്ങളിലുമെല്ലാം മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറി. ആക്രമണത്തിൽ കിബുട്സ് റെയിം നഗരത്തിനു സമീപമുള്ള നെഗെവ് മരുഭൂമി ശ്മശാനഭൂമിയായി മാറി. 378 മൃതദേഹങ്ങളാണ് ഇവിടെ കണ്ടെത്തിയത്. കൂടുതലും യുവാക്കളായിരുന്നു. ഇവിടെ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിലേക്ക് ഇരച്ചുകയറിയ ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളടക്കം 44 പേരെ ബൈക്കുകളിലും മറ്റുമായി ഗാസയിലേക്കു കടത്തി.
ഹമാസ് ഭീകരർ തടവിലാക്കിയ പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ഒമ്പത് മാസം പ്രായമുള്ള ക്ഫിർ ബിബാസ്. നാലുവയസുള്ള സഹോദരൻ ഏരിയലിനെയും മാതാപിതാക്കളായ യാർഡനെയും ഷിരിയെയും ഹമാസ് ബന്ദികളാക്കി. ക്ഫിറും സഹോദരനും അമ്മയും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടു. യാർഡനെ ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു.
ഹമാസിന്റെ തോക്കിൻമുനയിൽ ഭയന്നു നിൽക്കുന്ന ബന്ദികളുടെ ദൃശ്യം ലോകത്തെ ഞെട്ടിച്ചു. പട്ടിണിമൂലം തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം മെലിഞ്ഞ നിലയിലുള്ള ബന്ദിയുടെ വീഡിയോ ഓഗസ്റ്റിൽ ഹമാസ് പുറത്തുവിട്ടിരുന്നു.
ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയത് ഞെട്ടിക്കുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. തെക്കന്‍ ഇസ്രയേലില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ നിരവധി കുരുന്നുകളുടെ തലയറത്തും പെണ്‍കുട്ടികളെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയും കൊലപ്പെടുത്തി. നിരായുധരായ പലരെയും വെടിവച്ചു വീഴ്ത്തി. നിരപരാധികളായ ആളുകളെ ജീവനോടെ തീയിട്ട ഭീകരർ വീടുകളിലേക്ക് ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തു.
ബന്ദികളെ വെള്ളംപോലും നൽകാതെ പട്ടിണിക്കിട്ടശേഷം അതിക്രൂരമായി കൊലപ്പെടുത്തല്‍, മനുഷ്യത്വരഹിതമായ പെരുമാറ്റം, ലൈംഗികപീഡനം, മൃതദേഹങ്ങള്‍ വികൃതമാക്കല്‍, കൊള്ള, മനുഷ്യരെ പരിചകളാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളും അവർ ചെയ്തു. ഗാസയ്ക്കു ചുറ്റുമുള്ള ഇസ്രേലി പ്രദേശങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയ്ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അവിശ്വസനീയമാംവിധം സംഘടിതവും ഏകോപിതവുമായിരുന്നു. തീവ്രവാദികള്‍ കണ്ണില്‍ക്കണ്ടവര്‍ക്കെല്ലാം നേരേ വെടിയുതിര്‍ത്തു.
ഹമാസ് ഭീകരർ ഇസ്രയേലിലെ സാധാരണക്കാർക്കു നേരേ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രേലി പ്രതിരോധ സേനയും പലകുറി പങ്കുവയ്ക്കുകയുണ്ടായി. സൈന്യം പുറത്തുവിട്ട ഹമാസിന്റെ ക്രൂരതകൾ തുറന്നുകാട്ടുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ ദൃശ്യങ്ങൾ മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഈ വീഡിയോ പകർത്തിയ ഭീകരനെ സൈനികർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ഈ ദൃശ്യങ്ങൾ കണ്ടെടുത്തത്.
ബന്ദിമോചനത്തിനും സമാധാനത്തിനുമായി നിരന്തരം ശബ്ദിച്ച് മാർപാപ്പമാർ
ഭീകരതയ്ക്കെതിരേയും, ഗാസയിലും വിശുദ്ധ നാട്ടിലും സമാധാനത്തിനായും കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ നിരന്തരം ശബ്ദമുയർത്തിയിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് ഭീകരർ കരയിലൂടെയും ആകാശത്തിലൂടെയും ഇരച്ചെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും 251ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് ലോകനേതാക്കൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ അപലപിച്ചത്. ഭീകരതയും യുദ്ധവും ഒന്നിനും പരിഹാരമല്ലെന്നും ഇസ്രയേലിൽ സംഭവിച്ച കാര്യങ്ങളിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ആക്രമണത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മാർപാപ്പ വ്യക്തമാക്കുകയുണ്ടായി. ആയുധങ്ങൾ താ
International
കയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചു. ഇസ്രായേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്.
എന്നാൽ മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു. ഇന്ത്യൻസമയം ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച വൈകുന്നേരം ആറിനകം സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. അല്ലെങ്കിൽ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിലെ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ചില ഹമാസ് നേതാക്കൾ പറഞ്ഞു.
നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും തടവുകാരെ കൈമാറാനും അടിയന്തര സഹായങ്ങളെത്തിക്കാനും അറബ്, ഇസ്ലാമിക, രാജ്യാന്തരരംഗവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചതുമായ എല്ലാ ബന്ദികളെയും വിട്ടുനൽകാം. ട്രംപിന്റെ പദ്ധതിയിലെ നിർദേശം അനുസരിച്ചുള്ള സാഹചര്യം ഒരുക്കിയാൽ ബന്ദികളെ വിട്ടു നൽകുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ