District News
ചുള്ളി: കോളിച്ചാൽ-ചെറുപുഴ മലയോരഹൈവേയിലെ റോഡ് തകർന്ന ഭാഗത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തിഴന്റെ നേതൃത്വത്തിൽ നാട്ടുകാർ കോൺക്രീറ്റ് പ്രവൃത്തി നടത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതു വഴിയുള്ള യാത്ര ദുരിതപൂർണമെന്ന് വാഹന ഉടമസ്ഥരും ഇരുചക്ര വാഹന യാത്രക്കാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഇങ്ങനെ പ്രവ്യത്തി ഏറ്റെടുത്ത് നടത്താൻ കാരണമായത്. ദിനംപ്രതി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവായിരുന്നു .വാർഡ് മെംബർ മിനി ആന്റണി, പി.കെ. ബാലചന്ദ്രൻ , ബെന്നി കിഴക്കേൽ, കെ ഡി.മോഹനൻ , കെ.കെ.യോഗേഷ്, ജിജി, മാർട്ടിൻ ജോർജ് , സാബു ആഗസ്റ്റിൻ, രാജേഷ്, ബിജോ അറയ്ക്കൽ, ഗിരീഷ് കൂക്കൾ, ബിനോയി, പ്രദീപൻ , രഞ്ജിത് എന്നിവർ നേതൃത്വം നൽകി.
National
ജമ്മു: മേഘവിസ്ഫോടനത്തെത്തുടർന്ന് ജമ്മു കാഷ്മീരിലെ ദോഡ- കിഷ്ത്വാർ ഹൈവേ റോഡ് ഒലിച്ചുപോയി. നിർമാണത്തിലിരുന്ന മണ്ണുമാന്തിയന്ത്രങ്ങൾ മണ്ണിനടിയിലായി.
റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും കാണാതായി. ഇന്നലെ വെളുപ്പിനായിരുന്നു ദുരന്തം. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ഇല്ല.
ദോഡയ്ക്കും കിഷ്ത്വാറിനുമിടയിൽ 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണപ്രവൃത്തികൾ നടന്നുവരികയായിരുന്നു.
District News
ആലുവ: ദേശീയപാതയിൽ ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ ദേശം ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾ. ഇന്നലെ രാവിലെ മുതൽ ആലുവ മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ പാലം എന്നിവ കടക്കാൻ ആംബുലൻസുകൾ പോലും ഏറെ കഷ്ടപ്പെട്ടു.
ദേശീയപാതയിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരുടേതടക്കം യാത്രമുടങ്ങുന്ന സാഹചര്യമുണ്ടെന്ന് അൻവർ സാദത്ത് എംഎൽഎ ദീപികയോട് പറഞ്ഞു. എലവേറ്റഡ് ഹൈവേ, സമാന്തരമായി മൂന്നാം പാലം എന്നീ ആശയങ്ങൾ പലവട്ടം ഉയർന്നുവന്നെങ്കിലും ഒന്നും നടപ്പിലായില്ല.
ബജറ്റിൽ ഉൾപ്പെടുത്തണം
ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പുതിയ പാലമോ, അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേയോ നിർമിക്കുന്നതിന് വിശദമായ പഠനം നടത്തുന്നതിനായി തുക ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് അൻവർ സാദത്ത് നിയമസഭയിൽ ആവശ്യപ്പെട്ടു.
രോഗികളുമായി ആശുപത്രികളിലേക്ക് പോകുന്നവർക്കും ആലുവകടന്നു പോകേണ്ടവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.മാർത്താണ്ഡവർമ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുകയോ, പുളിഞ്ചോടു കവല മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നും, എം എൽ എ ആവശ്യപ്പെട്ടു.
കേന്ദ്രവുമായി ചർച്ച
നിലവിൽ സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ പരിഗണയിൽ ഈ വിഷയം ഇല്ലെന്നും, എന്നാൽ ജൂലൈ ഏഴിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തുന്ന ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നും സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സഭയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേശീയ പാത നിർമാണത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തുണ്ടായ പ്രശ്നങ്ങളും അതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകളും പരിഹരിക്കുന്നതിന്റെ ഭാഗമായി ജിയോ ടെക്നിക്കൽ വിദഗ്ധരെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.
ദേശീയ പാതാ അതോറിറ്റി (എൻഎച്ച്എഐ ) അധികൃതരും മന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം. ദേശീയ പാത 66 ൽ, വിവിധ സ്ഥലങ്ങളിൽ എട്ട് ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചതായി എൻഎച്ച്എഐ അധികൃതർ മന്ത്രിയെ അറിയിച്ചു.
പ്രഫ. ജി.വി. റാവു (ഐ ഐ ടി ഡൽഹി), ടി.കെ.സുഭാഷ് (ഐഐടി പാലക്കാട്) എന്നീ സാങ്കേതിക വിദഗ്ദർ ഈ ഏജൻസികൾ നടത്തുന്ന പരിശോധനകൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66ൽ ആകെയുള്ള 642 കിലോമീറ്റർ റോഡിൽ 519 കിലോമീറ്റർ (81 ശതമാനം) പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കേരളത്തിൽ കൂടുതൽ ദേശീയ പാതകൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രിയുമായി ഉടനേ തന്നെ ചർച്ച ചെയ്യുമെന്ന് ബഷീർ പറഞ്ഞു. സ്ഥലമെറ്റെടുക്കൽ കേസുകളിൽ സമയ ബന്ധിതമായി തീരുമാനമെടുക്കാനും ഇതിനായി ഓരോ ജില്ലകളിലെയും കളക്ടർമാർ മുഴുവൻ സമയ ടീമിനെ നിയമിക്കാനും മന്ത്രി നിർദേശിച്ചു.
ദേശീയ പാത റീജിയണൽ ഓഫീസർ കേണൽ എ.കെ. ജാൻപാസ് പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, സംസ്ഥാനത്തെ എല്ലാ കളക്ടർമാരും എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്ടർമാർ, ദേശീയ പാത ചീഫ് എഞ്ചിനീയർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
Kerala
ആലപ്പുഴ: ചേര്ത്തലയില് വെള്ളത്തില് കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില് വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്മ്മാണത്തിലെ അപാകതയാണ് വീടുകള് വെള്ളത്തിലാകാന് കാരണമെന്ന് നാട്ടുകാര് പറയുന്നു.
ചേര്ത്തലയില് ഏറെ നാളുകളായി ഈ പ്രശ്നം നിലനില്ക്കുന്നുണ്ട്. ഹൈവേ നിര്മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം. ദേശീയ പാത നിര്മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള് ദുരിതത്തിലായത്.
തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകലമാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളില് കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളില് സ്വസ്ഥമായിരിക്കാനോ ജനങ്ങള്ക്ക് കഴിയുന്നില്ല.
വാര്ത്ത പുറത്തുവന്നതോടെ അധികൃതര് നടപടിയുമായി എത്തി. വൈകുന്നേരം ഏഴിന് തോട്ടിലെ തടസങ്ങള് പൊളിച്ചു നീക്കുമെന്ന് അധികൃതര് അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രവര്ത്തി ചെയ്യാമെന്ന് ഉറപ്പ് നല്കി. തടസം നീക്കിയില്ലെങ്കില് നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയര്പേഴ്സണ് ഉറപ്പ് നല്കി. ദേശീയപാത അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
International
റോം: നിർമാണപ്രവർത്തനം മൂലമോ മറ്റേതെങ്കിലും വിധത്തിലോ ഗതാഗതതടസമുണ്ടായാൽ ഇറ്റലിയിലെ ദേശീയപാതകളിൽ ഇനി ടോൾ നൽകേണ്ടതില്ല. രാജ്യത്തെ ട്രാൻസ്പോർട്ടേഷൻ റെഗുലേറ്ററി അഥോറിറ്റിയുടെ തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു.
ടോൾ അടച്ചശേഷം ഗതാഗതതടസം നേരിടുകയാണെങ്കിൽ ഡ്രൈവർമാർക്ക് റീഫണ്ടിനായി ബന്ധപ്പെട്ട ഹൈവേ അഡ്മിനിസ്ട്രേറ്റർമാരെ സമീപിക്കാം.
റൂട്ടിന്റെ ദൈർഘ്യവും ഗതാഗതക്കുരുക്കിന്റെ ദൈർഘ്യവുമനുസരിച്ച് റീഇംബേഴ്സ്മെന്റുകൾ വ്യത്യസ്തമായിരിക്കും.
District News
ചക്കിട്ടപാറ: കാലവർഷം ആരംഭിക്കുന്നതിനു മുൻപ് ചക്കിട്ടപാറ ടൗണിൽ മുടങ്ങിക്കിടക്കുന്ന മലയോര ഹൈവേയുടെ പണി പൂർത്തീകരിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി മുൻ കൈയെടുക്കണമെന്നും അഭ്യർത്ഥിച്ചു.പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബേബി കാപ്പുകാട്ടിൽ ഉദ്ഘാടനം ചെയ്തു.
എ.എസ്. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ, ബേബി കുരിശുംമൂട്ടിൽ, ബിനേഷ് ജോൺ, സാംസൺ ഉദിന്താനത്ത്, സജി ചെറുവുള്ളാട്ട്, വിൻസന്റ് പോൾ, കെ. എസ്. സിന്റോ, ജോയൽ ബേബി, പ്രസാദ് ചടയംമുറി എന്നിവർ പ്രസംഗിച്ചു.
Kerala
തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമാണ/നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണി നടക്കുന്നതിനാൽ ഈ റൂട്ടിൽ താത്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പൊള്ളാച്ചി, വാൽപ്പാറ ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.
തമിഴ്നാട്ടിൽനിന്ന് തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരികെ യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് - മണ്ണുത്തി ദേശീയപാത വഴിയുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണം. റോഡ് നിർമാണം പൂർത്തിയാകുന്നത് വരെ പൊതുജനങ്ങളും വിനോദ സഞ്ചാരികളും നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Kerala
കൊല്ലം: നിർമാണം നടക്കുന്ന ദേശീയപാത 66-ൽ വീണ്ടും വിള്ളൽ. കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് വിള്ളൽ കണ്ടത്. തുടർന്ന് കോർപ്പറേഷൻ കൗൺസിലർ ദീപു ഗംഗാധരനെ വിവരം അറിയിക്കുകയായിരുന്നു. വിള്ളൽ വീണ ഭാഗത്ത് ചൊവ്വാഴ്ച കൂടുതൽ വീണ്ടുകീറുകയും ചെയ്തു. ഇവിടെ ടാറും മണലും ഉപയോഗിച്ച് വിള്ളൽ അടയ്ക്കാനും ശ്രമം നടത്തി.
രണ്ടുമാസംമുൻപ് ഇതേഭാഗത്ത് മണ്ണുനിറച്ചു നിർമ്മാണം നടക്കുന്നതിനിടയിൽ മണ്ണ് താഴേക്കിറങ്ങി ഭിത്തി തള്ളിവന്നിരുന്നു. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതോടെ അത്രയുംഭാഗത്തെ മണ്ണുനീക്കിവീണ്ടും ബലപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.
District News
കരിമണ്ണൂര്: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ കോട്ടറോഡിന്റെ നിര്മാണ പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേര്ന്നു. പ്രദേശത്തിന്റെ ഗതാഗത വികസനത്തിനും യാത്രാസൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും നിര്ണായകമായ ഈ റോഡ് പ്രവര്ത്തനങ്ങള് എത്രയും വേഗത്തില് പൂര്ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദീര്ഘകാല ആവശ്യമായ ഈ പാതയുടെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവര്ത്തിക്കാനും തീരുമാനിച്ചു. കരിമണ്ണൂര് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില് ചേര്ന്ന യോഗത്തില് കോട്ടറോഡ് ഉള്പ്പെടുന്ന പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പങ്കെടുത്തു. പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട് വീടുകള് ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുടെയും വീട് ലഭിച്ചിട്ട് ഒഴിവാകാത്തവരുടെയും ഉള്പ്പെടെയുള്ള പ്രശ്നങ്ങള് യോഗം ചര്ച്ച ചെയ്തു.
ബജറ്റ് അലോക്കേഷന്റെ ഭാഗമായി കോടിക്കുളം മേഖലയിലെ നിലവിലെ പ്രവൃത്തികള് പൊതുമരാമത്ത് വകുപ്പ് എൻജിനിയര് വിശദീകരിച്ചു. തുടര് യോഗങ്ങളില് ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലെ എംഎല്എമാരെയും എംപിയേയും പങ്കെടുപ്പിച്ച് റോഡ് നിര്മാണ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും തീരുമാനമായി.
ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി സുരേന്ദ്രന്, അനു ജിജോ, ജോമി മാത്യു, ജിന്സ് ജോണ്, വണ്ണപ്പുറം ഡിവിഷന്ജില്ലാപഞ്ചായത്തംഗം ഷൈനി റെജി, നൈറ്റ്സി ഡെനില് തുടങ്ങിയവര് പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലു കൊയ്ത്താനം, ജോസുകുട്ടി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ റീന സോജന്, ഷമീന നവാസ്, മാത്യു തോമസ്, ഷമീന അസിസ്, വി.എം. ഹബീബ് , റ്റിജോ ജോസഫ് , ബിജു മാനുവല്, സന്ധ്യ ജോജി, ദീപുമോന് കണ്ണംപുഴ, എ.ജെ. മാനുവല് ഉള്പ്പെടെയുള്ള മെംബര്മാര് ചര്ച്ചയ്ക്ക് നേതൃത്വം നല്കി.
International
ബെയ്ജിംഗ്: അതിവേഗ പാതയിൽ രാത്രി ഡ്രൈവറില്ലാ ടാക്സി നിന്നുപോയാൽ എന്തുചെയ്യും? അതും ഇരുവശവും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ.
ചൈനയിലെ വുഹാനിലാണ് യാത്രക്കാർക്ക് റോബോ ടാക്സി പണികൊടുത്തത്. ഒന്നും രണ്ടുമല്ല നൂറിലേറെ റോബോ ടാക്സികളാണ് ഒറ്റയടിക്ക് വഴിയിൽ പണിമുടക്കിയത്.
സിസ്റ്റം തകരാറാണ് കാരണമെന്ന് വുഹാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
പോലീസ് എത്തിയാണ് പലരെയും രക്ഷപ്പെടുത്തിയത്. ചില യാത്രക്കാർക്ക് ടാക്സികളിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു.
എന്നാൽ ഇരുവശത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന റിംഗ് റോഡിന്റെ മധ്യഭാഗത്ത് വാഹനം നിർത്തിയതിനാൽ പലരും കാറിൽനിന്ന് പുറത്തിറങ്ങാൻ ഭയപ്പെട്ടു. ഒരു വളവ് തിരിഞ്ഞപ്പോൾ തങ്ങളുടെ വാഹനം നിന്നുപോയതായി ഒരു യാത്രക്കാരൻ ചൈനീസ് മാധ്യമത്തോട് പറഞ്ഞു.
സിസ്റ്റം തകരാർ, ജീവനക്കാർ അഞ്ച് മിനിറ്റിനുള്ളിലെത്തുമെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. എന്നാൽ, ആരും എത്താത്തതിനെത്തുടർന്ന് എമർജൻസി ബട്ടൺ അമർത്തിയപ്പോൾ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.
കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനായി -യാത്രക്കാരൻ ദുരനുഭവം വിവരിച്ചു. പെട്ടെന്ന് കാറുകൾ തിരക്കുള്ള റോഡിൽനിന്നുപോയപ്പോൾ പിന്നാലെ എത്തിയ വാഹനങ്ങൾ ഇടിക്കുന്ന സ്ഥിതിയുണ്ടായി.
ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത എലവേറ്റഡ് റോഡുകളാണ് റിംഗ് റോഡുകൾ. ചൈനയിൽ ഇതാദ്യമായാണ് റോബോ ടാക്സികൾ കൂട്ടമായി പണിമുടക്കുന്നത്.
ചൈനയിലെ പ്രമുഖ എഐ കമ്പനിയായ ബൈഡുവാണ് വുഹാനിലെ റോബോ ടാക്സികൾ പ്രവർത്തിപ്പിക്കുന്നത്. സംഭവത്തിൽ കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
District News
വൈപ്പിൻ: ലോകബാങ്ക് ധനസഹായത്തോടെ 36 കോടി രൂപ ചെലവിൽ കെഎസ്ടിപി - 2 പദ്ധതിയിൽ നവീകരിച്ച വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിനു സമർപ്പിച്ചു. ഇതിന്റെ ഭാഗമായി എടവനക്കാട് നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.
25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മാര്ക്കിംഗുകള്, സുരക്ഷാ മുന്നറിയിപ്പ് ബോഡുകള്, നിരീക്ഷണ കാമറകള്, നടപ്പാതകള് ഉള്പ്പെടെ പ്രധാനപ്പെട്ട ജംഗ്ഷനുകളില് കാല്നടക്കാരുടെ സുരക്ഷ ഉറപ്പാക്കാന് സീബ്ര ക്രോസിംഗുകളും സുരക്ഷാ വേലികളും സ്ഥാപിച്ചിട്ടുണ്ട്.
പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ കെ.എം. തോമസ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ജില്ലാ പഞ്ചായത്തംഗം കെ. എസ്.നിബിൻ, ബ്ലോക്ക് അംഗം ഹരിത ബൈജു, പൊതുമരാമത്ത് എഎക്സ്ഇ പി. സിനോജ് ജോയി എന്നിവർ സംസാരിച്ചു.
District News
മാലോം: മലയോരഹൈവേയുടെ അശാസ്ത്രീയമായ നിർമാണം മൂലം അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും അവശേഷിച്ച ഭാഗങ്ങളിലെ നിർമാണവും സുരക്ഷാ ക്രമീകരണങ്ങളും ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് മൂന്നു പഞ്ചായത്തുകളിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തിയ 24 മണിക്കൂർ ഉപവാസസമരം സമാപിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉപവാസത്തിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും നാരങ്ങാനീര് നൽകി.
ബളാൽ മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കൊന്നക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഏലിയാസ് എടൂകുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
സമരസമിതി ചെയർമാൻ ടോമി പ്ലാച്ചേരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, എളേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയ് ജോസഫ് കിഴക്കരക്കാട്ട്, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് പ്രമോദ് മക്കാക്കോടൻ, വി.ജെ. അൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
National
ഗോഹട്ടി: ആസാമിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് സൗകര്യത്തിൽ സി-130 ജെ വിമാനത്തിൽ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ആസാമിലെത്തിയത്. ചബുവ എയർഫീൽഡിൽ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാൻഡ് ചെയ്തത്.
100 കോടി രൂപ ചെലവിൽ നിർമിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകും. യുദ്ധവിമാനങ്ങൾക്കും ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ റൺവേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവർത്തിക്കും.
40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ലാൻഡിംഗിന് ശേഷം തേജസ്, സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
തുടർന്ന് ഗോഹട്ടിയെയും നോർത്ത് ഗോഹട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നിർണായകമായ പാലം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു.
ബംഗോറയിൽ ഐഐഎം ഗോഹട്ടിയുടെ താത്കാലിക കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: യുഎസിലെ ജോർജിയയിലുള്ള ഗെയിൻസ്വില്ലിൽ തിരക്കേറിയ റോഡിൽ വിമാനം ഇറക്കുന്നതിനിടെ വാഹനങ്ങളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എൻജിൻ തകരാറിനെത്തുടർന്ന് റോഡിലിറക്കിയ വിമാനം നിരവധി കാറുകളുമായി ഇടിച്ചെങ്കിലും നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു.
ഗെയിൻസ്വില്ലയിലെ ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജണൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് തിരികെ ഇറക്കാൻ ശ്രമിച്ചെങ്കിലും റൺവേയിൽ എത്താൻ കഴിയാത്തതിനാലാണ് റോഡിൽ ഇറക്കിയത്. അപകടത്തെ തുടർന്ന് റോഡ് അടച്ചിടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
District News
തിരുവനന്തപുരം: നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ ജില്ലാ കളക്ടർക്ക് എഴുതി നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പരാതി ലഭിച്ചാൽ ജില്ലാ കളക്ടർ അതു പരിശോധിച്ചു നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയുടെ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അതു റദ്ദുചെയ്യാൻ കമ്മീഷന് അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതിയിലാണ് അതു ചോദ്യം ചെയ്യേണ്ടതെന്നും ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രദേശവാസികൾ ഉന്നയിച്ചിരിക്കുന്ന ആശങ്കകളുടെ നിജസ്ഥിതി പ്രദേശവാസികളെ അറിയിക്കുന്നതിലേക്കായി വിശദമായ ഒരു റിപ്പോർട്ട് ലഭ്യമാക്കാൻ നിർവഹണ ഏജൻസിയായ നാറ്റ്പാക്കിനു നിർദേശം നൽകിയിട്ടുണ്ടന്നു റിപ്പോർട്ടിൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സേവ് കോസ്റ്റൽ ലാന്റ് ആക്ഷൻ കൗണ്സിൽ വലിയവേളി പ്രതിനിധികളെയും എക്സിക്യൂട്ടീവ് എൻജിനീയറെയും നാറ്റ്പാക് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിക്കാൻ ജില്ലാ കളക്ടറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പദ്ധതി നടപ്പിലായാൽ തീരദേശവാസികൾക്കു ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു പരാതിക്കാർ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനു വിഘാതമായി നിൽക്കുന്ന തീരദേശ ഹൈവേ പദ്ധതി ഒഴിവാക്കണമെന്നു പരാതിക്കാരനായ സേവ് കോസ്റ്റൽ ലാന്റ് ആക്്ഷൻ കൗണ്സിൽ കണ്വീനർ മാഗ്ലിൻ പീറ്ററുടെ നേതൃത്വത്തിൽ 1352 പേർ ഒപ്പിട്ട് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
District News
കണ്ണൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോട്ടക്കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അപകട സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അഥോറിറ്റി ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ കെ.വി. സുമേഷ് എംഎൽഎയാണ് യോഗത്തിൽ ഉന്നയിച്ചത്. ഇതേത്തുടർന്നാണ് നടപടി. കോട്ടക്കുന്ന് ഭാഗത്തെ അപകടസാധ്യത ഒഴിവാക്കാൻ വയാഡക്ട് സ്പാനുകൾ ദീർഘിപ്പിക്കണമെന്ന് എംഎൽഎ നിർദേശിച്ചു. തലശേരി-മാഹി ബൈപ്പാസിലെ കൊളശേരി ടോൾ ബൂത്ത് അടിയന്തരമായി മാറ്റണമെന്ന് ഷാഫി പറമ്പിൽ എംപി നിർദേശിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഡീസൽ ചോർന്ന് സമീപത്തുള്ള കിണറുകൾ മലിനമാക്കുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ജലജീവൻ പദ്ധതിയുടെ കാലതാമസം പരിഗണിച്ച് എസ് സി, എസ്ടി കോളനികളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന സജീവ് ജോസഫ് എംഎൽഎയുടെ മുൻ യോഗത്തിലെ നിർദേശത്തിന്മേൽ വിവിധ വകുപ്പുകൾ നടപടി ആരംഭിച്ചു. ആറളം പുനരധിവാസ മേഖലയിലെ എടപ്പുഴ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ 45 ലക്ഷം അനുവദിച്ചതായും അംബേദ്കർ നഗറിൽ പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കുമെന്നും ഐടിഡിപി അറിയിച്ചു.
പയ്യാവൂർ, ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ, ഭൂപ്രകൃതി കാരണം പദ്ധതി പ്രായോഗികമല്ലാത്ത ലോവർ ചീക്കാട് ഭാഗത്ത് പ്രാദേശിക സ്രോതസ് ഉപയോഗിച്ച് പരിഹാരം കാണാൻ നിർദേശിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളിലെ പദ്ധതികൾക്കായി കിഫ്ബി മുഖേനയുള്ള ഉത്പാദന ഘടകങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് വാട്ടർ അഥോറിറ്റിയും റിപ്പോർട്ട് ചെയ്തു.
നിയോജക മണ്ഡലങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ഉടൻ സജ്ജമാക്കണമെന്ന സജീവ് ജോസഫ് എംഎൽഎയുടെ നിർദേശത്തിന്മേൽ, സിവിൽ പ്രവൃത്തികൾ പൂർത്തിയായ പഴയങ്ങാടി, ഒടുവള്ളിത്തട്ട് എന്നിവിടങ്ങളിൽ വൈദ്യുതി-ജല കണക്ഷനുകൾ ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി ഡിഎംഒ അറിയിച്ചു. കണക്ഷനുകൾ ലഭിക്കുന്നതിലെ സാങ്കേതിക തടസങ്ങളാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതെന്നും ഇക്കാര്യം കെഎംഎസ് സിഎല്ലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തു.
District News
തൃശൂർ: കുരുക്കഴിഞ്ഞ് തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത. കഴിഞ്ഞദിവസം നിർമാണം അവസാനഘട്ടത്തിലായിരുന്ന പുഴയ്ക്കലിലെ രണ്ടു പാലങ്ങളും അതോടനുബന്ധിച്ച റോഡും ടാറിട്ട് തുറന്നുകൊടുത്തതോടെ ദീർഘകാലമായി നീണ്ട ഗതാഗതക്കുരുക്കിനു പൂർണമായ പരിഹാരമായി.
29 കിലോമീറ്റർ ബിഎം ആൻഡ് ബിസി ടാറിടൽ, 4.23 കിലോമീറ്റർ കോണ്ക്രീറ്റ് റോഡ് എന്നിവയും ചെറിയ മൂന്നു പാലങ്ങളും നിർമിച്ചു. 12 കലുങ്കുകളും 5.6 കിലോമീറ്റർ അഴുക്കുചാലുകളും ഇതോടൊപ്പം പണിതീർത്തു.
957 തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്. മരങ്ങൾ മുറിച്ചുനീക്കി. 22 കിലോമീറ്റർ ജലവിതരണ പൈപ്പുകളും മാറ്റിസ്ഥാപിച്ചു. ഡിവൈഡറുകളുടെ നിർമാണവും നടത്തി. 11 ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിച്ചു. വൈദ്യുതി പോസ്റ്റുകളും മാറ്റി.
കഴിഞ്ഞവർഷം ജൂണ് അവസാനത്തോടെ തകർന്ന റോഡുകൾ ടാറിട്ടു. ഒക്ടോബറിൽ രണ്ടാംഘട്ട ടാറിടലും നടത്തി. പിന്നീടാണ് പുഴയ്ക്കലിലെ രണ്ടു പാലങ്ങളുടെ പണികൾ ആരംഭിച്ചത്. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കരാർ ഏറ്റെടുത്തതിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പണികൾ തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ തൃശൂർ മുതൽ കല്ലുംപുറം വരെയുള്ള 33.24 കിലോമീറ്റർ റോഡ് പുനർനിർമിച്ചു.
നടപ്പാതകളുടെ പണികൾ, വഴിവിളക്കുകൾ, ദിശാബോർഡുകൾ സ്ഥാപിക്കൽ, അഴുക്കുചാലുകൾ പൂർത്തിയാക്കൽ തുടങ്ങിയ ചെറിയ ജോലികൾമാത്രമാണ് ബാക്കിയുള്ളത്.
District News
കോഴിക്കോട്: നഗരത്തിലെ ഗതാഗതത്തിൽ സമഗ്ര മാറ്റം വരുത്താൻ ലക്ഷ്യമിടുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണം ഉടന് പൂര്ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും കടമ്പകള് ഏറെ.
നിലവില് പ്രവൃത്തി മെല്ലെപ്പോക്കിലാണ്. ഇന്നലെഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തിയെങ്കിലും രൂക്ഷമായ ഗതാഗത കുരുക്കും പ്രവൃത്തിയുടെ ഭാഗമായി കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള് നീക്കുന്നതും കാലതാമസം വരുത്തുന്നതായി ഉദ്യോഗസ്ഥര് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് തന്നെ റോഡ് നവീകരണംതീര്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡിനോടു ചേർന്നുള്ള ഓടയുടെ നിർമാണം ഈ മാസത്തോടെ പൂർത്തിയാകും. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ നീക്കുന്നതും ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതും മരങ്ങൾ മുറിച്ചു നീക്കുന്നതും കേബിളുകൾ മാറ്റുന്നതും അടക്കമുള്ള ജോലികൾ പുരോഗമിക്കുന്നു. ഇതും കാലതാമസം വരുത്തുന്നുണ്ട്.മലാപ്പറമ്പ് ഭാഗത്ത്, റോഡ് വീതി കൂട്ടി നിർമിക്കുന്നതിനുള്ള പ്രാരംഭ ജോലികള് തുടങ്ങിയിട്ടേയുള്ളു.
കേരള റോഡ് ഫണ്ട് ബോർഡിനാണു നിർമാണ ചുമതല. മിഡ്ലാൻഡ് ആണ് നിർമാണ കരാറുകാർ. 24 മീറ്റർ വീതിയിൽ, 5.320 കിലോമീറ്റർ റോഡിന് 76.90 കോടിയാണ് അടങ്കൽ. രണ്ട് വരിയിൽ ഗതാഗതം സാധ്യമാക്കി, 8.5 മീറ്റർ വീതിയാണ് ഒരു ഭാഗത്തു പാതയ്ക്കുണ്ടാകുക. 2 മീറ്റർ വീതിയിൽ മീഡിയനും ഇരുവശത്തും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഇരുഭാഗത്തും റോഡരികിൽ അര മീറ്റർ മണ്ണിട്ടു നിരപ്പാക്കും.
നടപ്പാതയ്ക്ക് അടിയിലായാണ് ഓടയും കേബിളുകൾക്കും പൈപ്പുകൾക്കുമായി യൂട്ടിലിറ്റി ഡക്റ്റുമുണ്ടാകുക. നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നും കേബിളും പൈപ്പുമിടാൻ പാത മുറിക്കേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്നും അധികൃതർ പറയുന്നു.
സിഎസ്ഐ, സിഎച്ച് ഫ്ലൈ ഓവർ, മാവൂർ റോഡ്, വൈഎംസിഎ ക്രോസ് റോഡ്, ക്രിസ്ത്യൻ കോളജ്, മനോരമ, നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് എന്നിവിടങ്ങളിലാണു ട്രാഫിക് ജംഗ്ഷനുകള്. എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരിക്കും വലിയ ജംഗ്ഷനുകൾ. ഇടറോഡുകളിൽ നിന്ന് പ്രവേശനമുണ്ടാകും. പ്രധാന സ്ഥാപനങ്ങൾക്കു സമീപം യു ടേൺ അനുവദിക്കും.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
Kerala
പാലക്കാട്: മൂന്നു ദിവസം മുമ്പ് നിരത്തിലിറക്കിയ ഥാർ ജീപ്പ് ഓട്ടത്തിനിടെ കത്തിനശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ ശനിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു സംഭവം.
മൂന്ന് ദിവസം മുമ്പാണ് മണ്ണാർക്കാട് സ്വദേശി പുതിയ ഥാർ വാങ്ങിയത്. തീപിടിച്ച സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇരുവരും ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വാഹനം പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂർ: ബംഗളൂരുവില്നിന്ന് 75 ലക്ഷം രൂപയുമായി ബസില് വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയുടെ പണം തട്ടിയെടുത്ത് കവർച്ചാ സംഘം. എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നുമാണ് ഒരു സംഘം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പുലര്ച്ചെ നാലരയോടെയാണ് കവര്ച്ച നടന്നത്.
ബസ് വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക്ക് പോലീസിന് നല്കിയ മൊഴി. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച.
തൊപ്പിവച്ച യുവാവ് ബാഗ് എടുത്ത് വാഹനത്തിനടുത്തേക്ക് നടന്നു. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപ്പെട്ടു. ഇതോടെ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പോലീസില് പരാതി നല്കി. പോലീസെത്തി സിസിടിവി ദൃശ്യങ്ങള് ശേഖരിച്ചിട്ടുണ്ട്.
മോഷണ സംഘമെത്തിയ വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈവേ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കുന്ന കുഴല്പ്പണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുബാറക്കിന്റെ സാമ്പത്തിക ശ്രോതസുകളും പരിശോധിക്കുന്നുണ്ട്.
Kerala
ഇടുക്കി: മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണതിനെ തുടർന്ന് ഇടുക്കി അടിമാലിയിൽ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. അടിമാലി കൂമ്പൻപാറ ലക്ഷംവീട് കോളനിക്ക് സമീപമുണ്ടായ അപകടത്തിൽ ബിജു, ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അപകട ഭീഷണിയെത്തുടർന്ന് ഉന്നതിക്ക് സമീപത്തായി 22 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. അതില് ബിജുവും ഭാര്യയും ഉണ്ടായിരുന്നു.
ചില രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. സന്ധ്യയുമായി ഫോണില് ബന്ധപ്പെട്ടെന്നും വീടിന്റെ കോണ്ക്രീറ്റ് മാറ്റി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.