കോഴിക്കോട്: നഗരത്തിലെ ഗതാഗതത്തിൽ സമഗ്ര മാറ്റം വരുത്താൻ ലക്ഷ്യമിടുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും കടമ്പകള്‍ ഏറെ.
നിലവില്‍ പ്രവൃത്തി മെല്ലെപ്പോക്കിലാണ്. ഇന്നലെഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും രൂക്ഷമായ ഗതാഗത കുരുക്കും പ്രവൃത്തിയുടെ ഭാഗമായി കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കുന്നതും കാലതാമസം വരുത്തുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ റോഡ് നവീകരണംതീര്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡിനോടു ചേർന്നുള്ള ഓടയുടെ നിർമാണം ഈ മാസത്തോടെ പൂർത്തിയാകും. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ നീക്കുന്നതും ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതും മരങ്ങൾ മുറിച്ചു നീക്കുന്നതും കേബിളുകൾ മാറ്റുന്നതും അടക്കമുള്ള ജോലികൾ പുരോഗമിക്കുന്നു. ഇതും കാലതാമസം വരുത്തുന്നുണ്ട്.മലാപ്പറമ്പ് ഭാഗത്ത്, റോഡ് വീതി കൂട്ടി നിർമിക്കുന്നതിനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങിയിട്ടേയുള്ളു.
കേരള റോഡ് ഫണ്ട് ബോർഡിനാണു നിർമാണ ചുമതല. മിഡ്ലാൻഡ് ആണ് നിർമാണ കരാറുകാർ. 24 മീറ്റർ വീതിയിൽ, 5.320 കിലോമീറ്റർ റോഡിന് 76.90 കോടിയാണ് അടങ്കൽ. രണ്ട് വരിയിൽ ഗതാഗതം സാധ്യമാക്കി, 8.5 മീറ്റർ വീതിയാണ് ഒരു ഭാഗത്തു പാതയ്ക്കുണ്ടാകുക. 2 മീറ്റർ വീതിയിൽ മീഡിയനും ഇരുവശത്തും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഇരുഭാഗത്തും റോഡരികിൽ അര മീറ്റർ മണ്ണിട്ടു നിരപ്പാക്കും.
നടപ്പാതയ്ക്ക് അടിയിലായാണ് ഓടയും കേബിളുകൾക്കും പൈപ്പുകൾക്കുമായി യൂട്ടിലിറ്റി ഡക്റ്റുമുണ്ടാകുക. നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നും കേബിളും പൈപ്പുമിടാൻ പാത മുറിക്കേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്നും അധികൃതർ പറയുന്നു.
സിഎസ്ഐ, സിഎച്ച് ഫ്ലൈ ഓവർ, മാവൂർ റോഡ്, വൈഎംസിഎ ക്രോസ് റോഡ്, ക്രിസ്ത്യൻ കോളജ്, മനോരമ, നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് എന്നിവിടങ്ങളിലാണു ട്രാഫിക് ജംഗ്ഷനുകള്‍. എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരിക്കും വലിയ ജംഗ്ഷനുകൾ. ഇടറോഡുകളിൽ നിന്ന് പ്രവേശനമുണ്ടാകും. പ്രധാന സ്ഥാപനങ്ങൾക്കു സമീപം യു ടേൺ അനുവദിക്കും.
Tags : nattu vishesham Mananchira-Malaparamba highway