തൃശൂർ: കുരുക്കഴിഞ്ഞ് തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത. കഴിഞ്ഞദിവസം നിർമാണം അവസാനഘട്ടത്തിലായിരുന്ന പുഴയ്ക്കലിലെ രണ്ടു പാലങ്ങളും അതോടനുബന്ധിച്ച റോഡും ടാറിട്ട് തുറന്നുകൊടുത്തതോടെ ദീർഘകാലമായി നീണ്ട ഗതാഗതക്കുരുക്കിനു പൂർണമായ പരിഹാരമായി.
29 കിലോമീറ്റർ ബിഎം ആൻഡ് ബിസി ടാറിടൽ, 4.23 കിലോമീറ്റർ കോണ്‍ക്രീറ്റ് റോഡ് എന്നിവയും ചെറിയ മൂന്നു പാലങ്ങളും നിർമിച്ചു. 12 കലുങ്കുകളും 5.6 കിലോമീറ്റർ അഴുക്കുചാലുകളും ഇതോടൊപ്പം പണിതീർത്തു.
957 തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്. മരങ്ങൾ മുറിച്ചുനീക്കി. 22 കിലോമീറ്റർ ജലവിതരണ പൈപ്പുകളും മാറ്റിസ്ഥാപിച്ചു. ഡിവൈഡറുകളുടെ നിർമാണവും നടത്തി. 11 ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിച്ചു. വൈദ്യുതി പോസ്റ്റുകളും മാറ്റി.
കഴിഞ്ഞവർഷം ജൂണ്‍ അവസാനത്തോടെ തകർന്ന റോഡുകൾ ടാറിട്ടു. ഒക്ടോബറിൽ രണ്ടാംഘട്ട ടാറിടലും നടത്തി. പിന്നീടാണ് പുഴയ്ക്കലിലെ രണ്ടു പാലങ്ങളുടെ പണികൾ ആരംഭിച്ചത്. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കരാർ ഏറ്റെടുത്തതിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പണികൾ തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ തൃശൂർ മുതൽ കല്ലുംപുറം വരെയുള്ള 33.24 കിലോമീറ്റർ റോഡ് പുനർനിർമിച്ചു.
നടപ്പാതകളുടെ പണികൾ, വഴിവിളക്കുകൾ, ദിശാബോർഡുകൾ സ്ഥാപിക്കൽ, അഴുക്കുചാലുകൾ പൂർത്തിയാക്കൽ തുടങ്ങിയ ചെറിയ ജോലികൾമാത്രമാണ് ബാക്കിയുള്ളത്.
Tags : nattu vishesham Thrissur-Kuttipuram Highway