Kerala
കൊച്ചി: സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ആറ് ഗൾഫ് സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഫ്ലൈനാസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളുടെ സർവീസുകളാണ് റദ്ദാക്കിയത്. 12ന് ആകാശ എയറിന്റെ മൂന്ന് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് റദ്ദാക്കിയ സർവീസുകൾ
ഫ്ലൈനാസ് എക്സ് വൈ 399/400 - കൊച്ചി-റിയാദ്-കൊച്ചി
എയർ ഇന്ത്യ എക്സ്പ്രസ് IX 476 - ദോഹ-കൊച്ചി
എയർ ഇന്ത്യ എക്സ്പ്രസ് IX 475 - കൊച്ചി-ദോഹ
ആകാശ എയർ ക്യൂപി 523 - കൊച്ചി-റിയാദ്
ആകാശ എയർ ക്യൂപി 550 - കൊച്ചി-ജിദ്ദ
ശനിയാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്.
കഴിഞ്ഞ ആറിനും ഏഴിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയും ആക്രമണങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജിഎസിഎ വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രകൾക്ക് തടസം നേരിടുന്നുണ്ട്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് വിവരങ്ങൾ ഉറപ്പാക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ അറിയിച്ചു
International
റിയാദ്: റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹൂതികൾ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ചില രോഗികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്.
സൗദി അറേബ്യയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന എസ്വി 764/763 വിമാനം ആദ്യം പുനഃക്രമീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ആകാശ എയറിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന ക്യുപി 551, ക്യുപി 550 വിമാനങ്ങളും റദ്ദാക്കി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ഐഎക്സ്522 വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ എയർലൈൻസുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത വിമാന സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെയും പ്രധാന എണ്ണ ഉത്പാദനകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സൈനികനടപടി ആരംഭിച്ചശേഷം സൗദി മണ്ണിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
തെക്കൻ പ്രവിശ്യകളായ അബ്ഹ, ഖമീസ് മുഷൈത്തിലെ വ്യോമസേനാ താവളം, നജ്റാൻ, ചെങ്കടൽ തീരനഗരമായ ജിസാൻ എന്നിവിടങ്ങളിലെ സൗദി അരാംകോയുടെ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എണ്ണ ഉത്പാദനകേന്ദ്രങ്ങളിൽ വൻ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ചില മേഖലകളിൽ ഉത്പാദനം താത്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
വടക്കൻ യെമനിലെ അൽ-ജൗഫിൽ പ്രിസണിനുനേരേ സൗദി നടത്തിയ വ്യോമാക്രമണത്തിൽ കുട്ടിയടക്കം ഏഴുപേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഈ തിരിച്ചടി.
എണ്ണവില വർധിച്ചു
ഹൂതി ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം വർധിച്ച് ബാരലിന് 99 ഡോളറിന് മുകളിലെത്തി. ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദേബ് വഴിയുള്ള സൗദിയുടെ ബദൽ എണ്ണ ഗതാഗത പാതകളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇത് ആഗോളവിപണിയിൽ എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
തിരിച്ചടിച്ച് സൗദി
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത സൈനിക നടപടികളിലേക്ക് കടക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യെമനിൽ സൗദി നടത്തിയ 120ലധികം വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണു ഹൂതി വക്താവ് യഹ്യ സാരീ അവകാശപ്പെട്ടത്.ഹൂതി ആക്രമണം കടുക്കുകയും സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേന തിരിച്ചടി ശക്തമാക്കുകയും ചെയ്തതോടെ യെമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ചു കൊണ്ട് ഇസ്രയേൽ സൈനിക താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്കും ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണം ആഗോള എണ്ണ വിപണിയെയും വ്യാപാര മേഖലയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ബാബ് അൽ-മന്ദബ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിൽ ഇസ്രയേൽ സൈനിക താവളം ലക്ഷ്യമിട്ടാണ് ഹൂതികൾ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. മേഖലയിലെ ഇസ്രയേൽ സൈനിക സാന്നിധ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്.
ആഗോള ക്രൂഡ് ഓയിൽ നീക്കത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലുണ്ടായ ആക്രമണം ചരക്ക് കപ്പലുകളുടെ യാത്രയെ ബാധിച്ചു. ഇതേത്തുടർന്ന് ചരക്ക് നീക്കത്തിനുള്ള ഇൻഷുറൻസ് നിരക്കുകൾ വർധിക്കാനും വിതരണ ശൃംഖല തടസപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതകളിലൂടെയാണ് കടന്നുപോകുന്നത്.