തിയറ്ററിൽ റിലീസ് ചെയ്ത ആശാൻ സിനിമ എല്ലാവരും പോയി കാണണം എന്ന അഭ്യർഥനയുമായി നടൻ ഇന്ദ്രൻസ്. ഗപ്പിക്ക് സംഭവിച്ചത് ആശാന് സംഭവിക്കരുത് എന്നാണ് ഇന്ദ്രൻസ് വീഡിയോയിൽ പറയുന്നത്.
ഇത് വരെയുള്ള സഹകരണത്തിന് നന്ദി. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഓക്കേ ആണെങ്കിൽ ഒരു ലൈക്ക് ഇട്ടേക്കണേ. എന്ന് നിങ്ങളുടെ സ്വന്തം ആശാൻ എന്ന അടികുറിപ്പോടെയാണ് ഇന്ദ്രൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്ദ്രൻസിനെ നായകനാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് ആശാൻ.
ഞാൻ ഇപ്പോൾ അടൂർ സാറിന്റെ ‘പദയാത്ര’ സിനിമയുടെ സെറ്റിൽ ആണ്. അതുകൊണ്ട് തിയറ്ററിൽ വന്ന് നിങ്ങളെ നേരിൽ കാണാൻ കഴിയുന്നില്ല. ഞാൻ അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇത്രയേറെ പബ്ലിസിറ്റിയോടെ ഒരു സിനിമയുടെ നായകനാകുന്നത് ആദ്യമായിട്ടാണ്.
സിനിമ നല്ലതാണെന്നും മനോഹരമാണെന്നും പറഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. ഞാൻ മാത്രമല്ല, നൂറിലേറെ പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
വേഫെററും ഗപ്പി സിനിമാസും ചേർന്ന് മനോഹരമായി ഈ സിനിമയുടെ പ്രൊമോഷൻ നടത്തുന്നുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്.
ഗപ്പി സിനിമാസ് എന്ന പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ തോന്നുന്നത്. ഗപ്പിയുടെ അവസ്ഥയിലേക്ക് ആശാനെ കൊണ്ടെത്തിക്കരുത്. അതുകൊണ്ടാണ് ആദ്യമായി ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. എന്നെ സഹായിക്കാൻ കൂടെ ആളുകളുണ്ട്. ആശാൻ കുറെ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്, സ്വപ്നമാണ്.
സിനിമ നല്ലതാണെന്ന് കേൾക്കുന്നുണ്ടെങ്കിലും തിയറ്ററിലേക്ക് ആളുവരുന്നില്ലെന്ന് കേൾക്കുമ്പോൾ ഒരു ആധിയാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും ഈ സിനിമ തിയറ്ററിൽ വന്നുതന്നെ കാണണം. ഇന്ദ്രൻസ് പറയുന്നു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ‘ആശാൻ’ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിറും നൂറ്റൻപതോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ചിത്രം തിയറ്ററിലെത്തിയത്.