സുനിൽ
കഥാഗതിയിലും കാസ്റ്റിംഗിലും അവതരണത്തിലുമൊക്കെ പരീക്ഷണസ്വഭാവമുള്ള ചിത്രങ്ങളൊരുക്കുന്ന സംവിധായകനാണ് സുനില്‍ ഇബ്രാഹിം. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ, റോയ്...ആ നിരയില്‍ പുതിയൊരു സിനിമ കൂടി-ദ തേര്‍ഡ് മര്‍ഡര്‍. എം.എസ്. ഫൈസല്‍ ഖാന് എഴുതിയ "ഭയം നിര്‍ഭയം' എന്ന കഥയെ ആധാരമാക്കിയാണു തിരക്കഥ.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, അനന്യ, ഫറ ഷിബില, ജോണി ആന്റണി, ലിയോണ ലിഷോയ് തുടങ്ങിയവര്‍ സ്ക്രീനില്‍.
"ഭയം നിര്‍ഭയം തന്നെയായിരുന്നു ആദ്യത്തെ ടൈറ്റിൽ. ഫിയര്‍ പടമെന്ന് ആളുകള്‍ കരുതും. പക്ഷേ, ഇതിലുള്ളതു ഭയം മാത്രമല്ല. നമ്മുടെ ചിന്തകള്‍ അല്ലെങ്കില്‍ മനസ് എങ്ങനെയൊക്കെ തിരിഞ്ഞുപോകാം എന്നതിന്റെ വിവിധ ലെയറുകളാണു സിനിമ'-സുനില്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെ പുതുമ..?
ഇതില്‍ നായകനും നായികയും ഇല്ല; കുറെ കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. പതിവു പൊലിസ് സ്റ്റോറിയിലെന്നപോലെ കള്ളനെയോ കില്ലറെയോ പിടിക്കാനോടുന്ന പൊലിസിനൊപ്പം പ്രേക്ഷകരെയും കൊണ്ടുപോയി അവസാനം കുറ്റവാളിയെ കണ്ടെത്തുന്ന രീതിയല്ല.
ഇതില്‍ ക്രൈം, കൊലപാതകം, പൊലിസ് അന്വേഷണം എന്നിവയൊക്കെയുണ്ട്. സിനിമ തുടര്‍ന്നുകാണാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍ നിലനിര്‍ത്തിയാണ് ഇവയുടെ മിക്സിംഗ്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?

എഴുതിക്കഴിഞ്ഞപ്പോള്‍ ഇതിലൊരു മുഖ്യ കഥാപാത്രം ഇല്ലെന്നു മനസിലായി. സാധാരണ ഒരു സിനിമയില്‍ വില്ലനെ നമുക്ക് വെറുക്കാം, നായകനെ അമിതമായി സ്നേഹിക്കാം, അയാളുടെ വിജയം ആഗ്രഹിക്കാം. ആ
പാറ്റേണില്‍ ഈ സിനിമ ചെയ്യാനാവില്ല. കുറേ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കും അവസ്ഥകളിലേക്കും സാഹചര്യങ്ങളിലേക്കും അവരുടെ ചിന്തകളിലേക്കും സൈക്കോളജിയിലേക്കും പ്രേക്ഷകരെ കൊണ്ടുപോകേണ്ടി വരും. അതിനാല്‍ ഇതില്‍ കാമറ ഗിമ്മിക്കോ ഗ്രാഫിക്സോ ചടുലമായ മ്യൂസിക്കോ വച്ച് ഒന്നും ചെയ്യാനാവില്ല. കഥാപാത്രങ്ങളുടെ ആഴത്തിലുള്ള പെര്‍ഫോമന്‍സില്ലാതെ ഈ സിനിമ വര്‍ക്കാവില്ലെന്നും അതിനു മികച്ച കാസ്റ്റിംഗ് വേണമെന്നും ബോധ്യമായി.
ഇതില്‍ ഇന്ദ്രന്‍സും സൈജു കുറുപ്പും ഫറ ഷിബിലയും പൊലിസ് ഓഫീസേഴ്സാണ്. ടിവിയിൽ ക്രൈം പരിപാടികള്‍ നിര്‍മിക്കുന്ന കഥാപാത്രമാണ് ലിയോണയുടേത്. വിനയ് ഫോര്‍ട്ടിന്റെ പെയറാണ് അനന്യ. ഒരു സാധാരണ മിഡില്‍ ക്ലാസ് ഫാമിലിയുടെ പ്രതിനിധികളാണ് ഇവരുടെ കഥാപാത്രങ്ങൾ. കവിത-അതാണ് അനന്യയുടെ കഥാപാത്രം. മണികണ്ഠന് പട്ടാമ്പി, റിയാസ് നര്‍മകല, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന് തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍.
കഥാപശ്ചാത്തലം..?
മൂന്നാമത്തെ കൊലപാതകത്തിനാണു സിനിമയില്‍ പ്രാധാന്യം. ഒന്നും രണ്ടും ചെയ്ത രീതിയില്‍ തന്നെ അതു സംഭവിക്കുമോ അതോ തടയാനാകുമോ, പിന്നില്‍ സീരിയല്‍ കില്ലറാണോ...നിരവധി ചോദ്യ ചോദ്യങ്ങളിലൂടെയാണു കഥാസഞ്ചാരം. പൊലിസ് സ്റ്റോറി,
ക്രൈം ത്രില്ലര്‍ എന്നതിനപ്പുറം സൈക്കോളജിക്കല്‍ ത്രില്ലറാണിത്.
സസ്പെന്‍സ് ത്രില്ലറാണോ...?
പൊലിസ് പറയുന്നതു മാത്രമല്ല, ആരാണു ക്രൈം ചെയ്യുന്നത്, എന്തിനാണു ചെയ്യുന്നത് എന്ന കഥയും സമാന്തരമായി പറയുകയാണ്. നമ്മള് ഒരേപോലെ തന്നെ എല്ലാ കഥാപാത്രങ്ങള്‍ക്കൊപ്പവും സഞ്ചരിക്കും. സസ്പെന്‍സ് നിലനിര്‍ത്തിയാണു കഥപറച്ചിലെങ്കിലും അതിനുവേണ്ടി ഒരാളെ ഒളിപ്പിച്ചുവയ്ക്കുകയോ അവസാനം പുറത്തിറക്കുകയോ ഒന്നുമില്ല. കഥാപാത്രങ്ങളുടെ വൈകാരിക അവസ്ഥകളിലേക്ക്, അവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നതിലേക്ക് ആഴത്തില്‍ ഇറങ്ങുകയും അതിലൂടെ സിനിമയ്ക്ക് ഒരു മൂഡ് രൂപപ്പെടുകയുമാണ്.
എഴുത്തിലെ വെല്ലുവിളി..?
മുന്‍ സിനിമകളൊക്കെ എന്റെ തന്നെ ആശയങ്ങളായിരുന്നു. ഇതിന്റെ കഥ വേറൊരാളുടേതാണ്. അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചതല്ലാതെ ഞാന്‍ മറ്റെന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ലല്ലോ. അതു തന്നെയായിരുന്നു ആദ്യത്തെ ചലഞ്ച്. "റോയി'യിലെ റോയി എന്ന കഥാപാത്രവും അരികില്‍ ഒരാളിലെ "ഇച്ച'യും അസാധാരണമാണ്. ചിലപ്പോള്‍ നമ്മുടെ സമൂഹത്തില്‍ അങ്ങനെയുള്ളവര്‍ ഉണ്ടാവാം. പക്ഷേ, ഇതിലെ കഥാപാത്രങ്ങള്‍ ചുറ്റുമുള്ളവരാണ്. അവരുടെ കാര്യങ്ങള്‍ പറയുമ്പോള്‍ സിനിമാറ്റിക് രീതിക്കപ്പുറം അതില്‍ കൃത്യതയുണ്ടാവണം. അവരുടെ സൈക്കോളജി അറിയണം. അത്തരത്തില്‍ റിസേര്‍ച്ച് വേണ്ടിവന്നു.
യഥാര്‍ഥ സംഭവവുമായി ബന്ധമുണ്ടോ..?
ലോകത്ത് സംഭവിച്ചിട്ടുള്ള കുറെ കുറ്റകൃത്യങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ മനസിലാക്കിയാണ് ഇതിന്റെ മൂലകഥ എഴുതിയിരിക്കുന്നത്. എങ്ങനെയാണ് ക്രിമിനല്‍സ് ഉണ്ടാവുന്നത്, ക്രൈമില്‍ ഏതറ്റംവരെ ആളുകള്‍ പോയിട്ടുണ്ട്...അത്തരം ക്രിമിനല്‍ സൈക്കോളജി യഥാര്‍ഥ സംഭവങ്ങളില്‍ മനസിലാക്കിയാണു തിരക്കഥയുമൊരുക്കിയത്.
ഏതുതരം പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഈ സിനിമ..?
കഥയുടെ ഭാഗമായി ഇതില്‍ ക്രൈം ഉണ്ട്. പക്ഷേ, കാമറ വച്ച് അതിനെയൊരു എന്റര്‍ടൈന്‍മെന്റ് ആക്കിയിട്ടില്ല. വയലന്‍സ് പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും കാണാം.
അടുത്ത സിനിമ..?
"വൈ' പോലെ പുതിയ ആളുകളെ വച്ച് ഫെസ്റ്റിവല്സിനുവേണ്ടി ഒരു സിനിമ ചെയ്തുകഴിഞ്ഞു. ‘അരികില്‍ ഒരാളി’ന്റെ സ്പിന്‍-ഓഫ് പോലെ, അതേ ജോണറിലുള്ള ഒരു മിസ്റ്ററി സ്ക്രിപ്റ്റ് തീര്‍ത്തു. പക്ഷേ, സെക്കന്‍ഡ് പാര്‍ട്ട് അല്ല. ഇനി ആ സിനിമ ചെയ്യും. അത് ഇച്ചയുടെ സീക്വല്‍ അല്ല. അയാളുടെ കുട്ടിക്കാലം തൊട്ടുള്ള മിത്തുകളും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ട കഥയാണ്.
Tags : The Third Murder TheThirdMurder interview starchat sunil cinema indrans