കോട്ടയം നസീര്‍
സ്റ്റൈല്‍ മന്നന് രജനീകാന്തിനൊപ്പം ജയിലര്‍ 2 ല്‍ അഭിനയിച്ചത് ഒരു വർഷത്തോളം വീട്ടുകാരെപ്പോലും അറിയിച്ചിരുന്നില്ല കോട്ടയം നസീര്‍. കാരക്ടര്‍ പോസ്റ്ററിലെ ലുക്കും കിടിലന്‍ ഗെറ്റപ്പും കണ്ട് വീട്ടുകാരും നാട്ടുകാരും ഒരുപോലെ ഞെട്ടി. സുരാജ് വെഞ്ഞാറമൂടിന്റെ ദിലീപിനൊപ്പം ക്രൈം സംഘത്തിന്റെ ഭാഗമായ അമീർ- അതാണു കഥാപാത്രം.
അനന്തരം, കഥാഗതിയിലെ ട്വിസ്റ്റില്‍ അമീറിനുള്ള പ്രാധാന്യം നേരിട്ടറിയുന്പോൾ പ്രേക്ഷ കർ വിസ്മയഭരിതരാകുന്നു. കോട്ടയം നസീര്‍ സണ്‍ഡേ ദീപികയുമായി സംസാരിക്കുന്നു.
ജയിലര്‍ 2 ലേക്ക് എത്തിയത്..?
തമിഴ് സിനിമകളില്‍ ലൊക്കേഷന്‍ മാനേജരായ ഗിരീഷ് പാലക്കാടാണ് ജയിലറിലേക്കു പരിഗണിക്കുന്നതായി എന്നെ ആദ്യമറിയിച്ചത്. ആറു മാസം ഷൂട്ടിംഗ് ഉണ്ടാവും. അതില്‍ 30 ദിവസം വേണം. ഞാന്‍ ഓകെ പറഞ്ഞു. പിന്നീട് അതിന്റെ കണ്ട്രോളറും അസോസിയേറ്റുമൊക്കെ സംസാരിച്ചു. വാഴ, തലവന്‍ സിനിമകള്‍ കണ്ടിട്ടാണ് അവര്‍ എന്നെ കാസ്റ്റ് ചെയ്തതെന്നാണ് അറിഞ്ഞത്.
പേരുള്ള കഥാ പാത്രമാണ്, സ്ക്രീന്‍ സ്പേസ് ഉണ്ടാകും, സംഭാഷണം കുറവായിരിക്കും എന്നൊക്കെ ആദ്യമേ പറഞ്ഞു. പക്ഷേ, കഥാ പാത്രത്തിന്റെ ട്വിസ്റ്റ് അറിഞ്ഞപ്പോള്‍ കൂടുതൽ താത്പര്യമായി. അടുത്ത ഭാഗം വന്നാല്‍ അതിൽ ഉൾപ്പെടും വിധമാണ് ഇപ്പോള്‍
അമീറിനെ നിര്‍ത്തിയിരിക്കുന്നത്.
രജനീകാന്തുമായി കൂടിക്കാഴ്ച..?
ഞങ്ങളുടെ സങ്കേതം ഷൂട്ട് ചെയ്ത കോഴി ക്കോട്ടെ സെറ്റിൽ അദ്ദേഹം ഉണ്ടായിരുന്നു. അപ്പോള്‍ പരിചയപ്പെട്ടു. വളരെ സിംപിളായ മനുഷ്യന്. പിന്നീട് എന്റെ പെയിന്റിംഗിന്റെ ബുക്ക് അദ്ദേഹത്തിനു കൊടുക്കാനും അവസരമുണ്ടായി. അതുകണ്ട് ഇഷ്ടമായി എന്നെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റേതായ സ്പേസ് നിലനിർത്തിക്കൊണ്ടു തന്നെ നല്ല രീതിയിലുള്ള സൗഹൃദവും പെരുമാറ്റവും സംസാരവും തുടരാനായി.
മിമിക്രി, സിനിമയിൽ സപ്പോർട്ടാണോ..?
വേറൊരാള് ചെയ്തു ഹിറ്റായ ഡയലോഗോ മാനറിസമോ അനുകരിക്കുന്നതല്ലേ മിമിക്രി. അതു നമ്മള് എത്ര നന്നായി ചെയ്താലും അത് അവര്‍ക്ക് അവകാശപ്പെട്ടതാണ്.
പക്ഷേ, ഇതുപോലെ ഒരു കഥാപാത്രം സിനിമയില്‍ വിജയിക്കുമ്പോള്‍ അത് എന്റേതു മാത്രമാകും. ഇതിലെ അമീര്‍ എനിക്ക് എക്കാലവും ഓര്‍ക്കാനും പറയാനും പറ്റുന്ന കഥാപാത്രമാണ്.
ഇതില്‍ ഞാന്‍ വേറൊരാളെ അനുകരിക്കാനോ മിക്സ് ചെയ്യാനോ ശ്രമിച്ചിട്ടില്ല. മിമിക്രിയില്‍ അവതരിപ്പിച്ചിട്ടുള്ള താരങ്ങളുടെയും രാഷ്ട്രീയക്കാരുടേതുമല്ലാതെ, പുതിയ കഥാപാത്രങ്ങളുടെ മേക്കോവര്‍ പരീക്ഷിക്കാനുള്ള അവസരം സിനിമയിലുണ്ട്. അതിനു മിമിക്രിയുടെ വലിയ പിന്തുണയുണ്ട്.
അമീറിലേക്ക് എത്തിയത്..?
വളരെ ഷാര്‍പ്പ് ലുക്കാണ്, ചിരിയൊന്നും വേണ്ട എന്നു നിർദേശം തന്നിരുന്നു. വെറുതേ നോക്കി നിന്നാല്‍ പോലും ആ ലുക്കില്‍ ഒരു ക്രൂരതയുണ്ട്. ആ ലുക്ക് ഏറെ സഹായ കമായി.
പിന്നെ, സുരാജ് നമ്മുടെ കൂടെയുണ്ട്. എപ്പോഴും ഒരുമിച്ചു നില്ക്കുന്നയാള്. കാര്യങ്ങള്‍ പങ്കുവയ്ക്കാനും നമ്മുടെ കുറവുകൾ ചോദിച്ചറിയാനും സ്വാതന്ത്ര്യമുള്ള ഒരിടം. അതൊക്കെ ധൈര്യമായി. പരസ്പര സഹകരണത്തിലും ബഹുമാനത്തോടെയുമുള്ള ഇടപെട ലായിരുന്നു ഞങ്ങളുടേത്.
രജനീകാന്തിനൊപ്പം ഒരു സിനിമ ആഗ്രഹിച്ചിരുന്നോ..?

ഒരു നടനായി നില്ക്കുമ്പോള് വലിയ പ്രോജക്റ്റിന്റെ ഭാഗമാകണം,
ലെജന്‍ഡ്സിനൊപ്പം അഭിനയിക്കണം എന്നൊക്കെ ആഗ്രഹമുണ്ടാകുമല്ലോ. അതിനു ശ്രമിക്കാതിരുന്നിട്ടും അതു തേടിവന്നുവെങ്കില് അതിനുപിന്നില്‍ നമ്മുടെ അധ്വാനവും പ്രാര്‍ഥനയും ദൈവാനുഗ്രഹവുമൊക്കെയാണ്.
ഷംനയുടെ പാട്ടു സീനിലുള്ളതു കൂടാതെ രജനീകാന്തുമായി ലുക്ക് -വൈസ് കോംബിനേഷനുണ്ട്. സ്ട്രെയ്റ്റ് നില്‍ക്കുന്നില്ലെങ്കിലും സീനുകളിൽ അവിടവിടെ അദ്ദേഹമുണ്ടാവും.
എസ്. ജെ. സൂര്യയുമായുള്ള കോംബിനേഷന്‍ സീനിലെ ഞെട്ടിക്കല്‍ സംഭവമാണ് എന്റെ കഥാപാത്രത്തിനുള്ള ഡെപ്ത്. ഞാൻ ശ്രദ്ധിക്കപ്പെടുന്നതും ആ കഥാപാത്രത്തിന് മൂല്യമു ണ്ടാകുന്നതും ആ ഒരു സീനിലാണ്. യോഗി ബാബു, നമോ നാരായണ എന്നിവരുമായും സീനുകളുണ്ട്.
എന്തായിരുന്നു ചലഞ്ച്..?
ചലഞ്ച് എന്നതിനപ്പുറം, എനിക്കു കിട്ടിയ വലിയൊരവസരം എന്റെ പിഴവുകൊണ്ടും അവ തരണരീതികൊണ്ടും നഷ്ടമാകരുത് എന്നുണ്ടായിരുന്നു. ആ വേഷം ഏറ്റവും ഭംഗിയായി സംവിധായകനു തൃപ്തിയാകുംവിധം ചെയ്യു ക എന്നതു മാത്രമായിരുന്നു ചലഞ്ച്. മലയാളി തമിഴ് ഡബ്ബ് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന തെറ്റുകൾ വരരുത് എന്നുമുണ്ടായിരുന്നു.
തമിഴ് സെറ്റ് അനുഭവം..?
ഈ പ്രോജക്റ്റില്‍ 100 ശതമാനം കംഫര്‍ട്ട് ആയിരുന്നു. ഡയറക്ടർ നെൽസൺ വളരെ കാം ആന്‍ഡ് ക്വയറ്റ് ആണ്. ടെന്‍ഷന്‍ അടിപ്പിക്കില്ല. എല്ലാം പറഞ്ഞുതന്നു. സെറ്റിൽ പ്രത്യേക കാരവൻ, കാർ, ഡ്രൈവർ, അസിസ്റ്റന്റ് സ്...എല്ലാം എനിക്കായി ഒരുക്കി.
കൊമേഡിയനിൽ നിന്നു കാരക്ടർ ആക്ടറിലേക്കുള്ള മാറ്റം..?
ബാവൂട്ടിയുടെ നാമത്തില്‍, കഥ പറയുമ്പോള്‍ തുടങ്ങിയ പടങ്ങളിലാണ് മുന്‍പു വേറിട്ട കഥാപാത്രങ്ങൾ വന്നത്. ചെയ്തതിലേറെയും നർമ സ്വഭാവത്തിലുള്ളതായതിനാൽ സ്റ്റേജിലും സ്ക്രീനിലും കാണുന്ന അതേ കോട്ടയം നസീര്‍ തന്നെയായിരുന്നു സിനിമയിലും.
റോഷാക്ക് വന്നപ്പോള്‍ നമ്മുടെ രൂപമൊക്കെ മാറി. തുടര്‍ന്നു വാഴ, തലവന്‍, അന്വേഷിപ്പിന്‍ കണ്ടെത്തും പടങ്ങളിലൊക്കെ വേറിട്ട ലുക്കും കുറച്ചുകൂടി കാര്യഗൗരവവുമുള്ള കഥാപാത്രങ്ങള്‍. എന്നെക്കൊണ്ട് വേറിട്ട വേഷം ചെയ്യിപ്പിക്കാമെന്നു തീരുമാനിച്ച സംവിധായകന്റെയും എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും ധൈര്യത്തിലാണ് അതൊക്കെ സംഭവിച്ചത്.
ഇനി കോമഡി വേഷങ്ങൾ ചെയ്യുമോ..?
എപ്പോഴും ഒരേ രീതിയിലുള്ള കഥാപാ ത്രങ്ങൾ തന്നെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അവറാച്ചന് ആന്‍ഡ് സണ്‍സില്‍ നർമ ത്തിലുള്ള വേഷമാണ്. സുജിത് വാസുദേവിന്റെ പുതിയ പടത്തിലും കുറച്ചു നര്‍മമുള്ള കഥാപാത്രമാണു ചെയ്യുന്നത്. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന അമലാ പോൾ ചിത്രത്തിൽ ഗൗരവമുള്ള പോലീസ് കഥാപാത്രം. തമിഴിൽ പുതിയ അവസരങ്ങളുണ്ടാകാൻ സമയമെടുക്കും. മിമിക്രിയേക്കാള്‍ ഇനി ഫോക്കസ് സിനിമയിലാണ്.
Tags : Kottayam Nazeer KottayamNazeer Interview jailer rajanikanth cinema