National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഡോഡ ജില്ലയിലുണ്ടായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ദുരൂഹത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ആരിഫ് ഹുസൈന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വെടിവച്ചുകൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അവർ ആരോപിച്ചു.
Viral
ജമ്മു കാഷ്മീരിലെ ഗുരെസ് വാലിയിൽ കാഴ്ചകൾ കാണാനെത്തിയ വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. മനോഹരമായ മലയോര പാതയിൽ ചിത്രങ്ങൾ പകർത്താനായി യാത്രക്കാർ പുറത്തിറങ്ങിയ നിമിഷത്തിലാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം തനിയെ പിന്നോട്ട് ഉരുളാൻ തുടങ്ങിയത്.
വണ്ടി വേഗത്തിൽ താഴേക്ക് നീങ്ങുന്നത് കണ്ട് സഞ്ചാരികൾ പിന്നാലെ ഓടിയെങ്കിലും തടുക്കാനായില്ല. നിമിഷങ്ങൾക്കകം കാർ റോഡരികിലെ തിട്ടയും തകർത്ത് വൻ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
അപകടസമയത്ത് വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഈ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മലയോര മേഖലകളിൽ വാഹനം നിർത്തുമ്പോൾ ഹാൻഡ് ബ്രേക്ക് കൃത്യമായി ഉപയോഗിക്കേണ്ടതിന്റെയും, ഗിയറിൽ ഇട്ടു സൂക്ഷിക്കേണ്ടതിന്റെയും, ടയറുകൾക്ക് പിന്നിൽ കല്ലുകൾ വെക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിലവിലെ അവസ്ഥയെപ്പറ്റി ചോദ്യങ്ങളുയർത്തി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.
സഖ്യം ഒരു പരിധി വരെ ജീവൻ രക്ഷാ യന്ത്രത്തിന്റെ സഹായത്താലാണ് നിലനിൽക്കുന്നതെന്നു വ്യക്തമാക്കിയ ഒമർ തന്റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഇപ്പോഴും സഖ്യത്തിലുണ്ടോയെന്നും സംശയമുന്നയിച്ചു.
ഒരു ദേശീയ ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സഖ്യത്തെപ്പറ്റിയുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ പ്രസ്താവനക
ചില പ്രതിപക്ഷ കക്ഷികൾ സഖ്യം ഇതിനോടകം മരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടുന്നതിനോടായിരുന്നു ഇന്ത്യ സഖ്യത്തെ ജീവൻ രക്ഷാ യന്ത്രത്തോട് ഒമർ ഉപമിച്ചത്.
ജീവൻ രക്ഷാ യന്ത്രത്തിന്റെ സഹായത്താലാണ് നിലനിൽക്കുന്നതെങ്കിലും ഇടയ്ക്കൊക്കെ ആരെങ്കിലും ഞെട്ടൽ നൽകുമ്പോൾ ഞങ്ങൾ എഴുന്നേൽക്കുന്നുവെന്നും പിന്നീട് നിർഭാഗ്യവശാൽ ബിഹാർ പോലെയുള്ള ഫലങ്ങൾ സംഭവിക്കുകയും നമ്മൾ നിലം പതിക്കുകയും ചെയ്യുന്നുവെന്ന് ഒമർ പറഞ്ഞു.
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഇന്ത്യ സഖ്യത്തിലെയോ ബിഹാറിലെ മഹാസഖ്യത്തിലെയോ ഭാഗമായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാട്ടി. നമ്മൾ ഒരു സഖ്യമാണോയെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും സഖ്യമാണെങ്കിൽ അതു പോലെ പ്രവർത്തിക്കണമെന്നും അതല്ലെങ്കിൽ നാം സംസ്ഥാനത്തു മാത്രം നിർദിഷ്ടമായ സഖ്യമാണെന്നും ഒമർ പറഞ്ഞു.
ബിഹാറിലെ സഖ്യത്തിന്റെ വൻ പരാജയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, ബിജെപി അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതേസമയം നമ്മളെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇന്ത്യ സഖ്യം മത്സരിച്ചതെന്നും ഒമർ വിമർശിച്ചു.
എൻഡിഎയുടേതുപോലെ ആഴ്ചയിലെ 24 മണിക്കൂറും പ്രചാരണം നടത്തുന്നതിനായി നമ്മൾ പ്രതിബദ്ധരായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താൻ ഇലക്ട്രോണിക് വോട്ടർ മെഷീനുകളിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്ന ആളല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മറ്റു പല രീതിയിലും കൃത്രിമത്വം നടത്താൻ കഴിയുമെന്നും ഇതിനേറ്റവും എളുപ്പം വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്നതും മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതുമാണെന്നും ഒമർ പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് കാരണമായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയെന്ന് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന വ്യക്തിയാണ് കാറിന്റെ നിലവിലെ ഉടമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്ഫോടനത്തിന് പിന്നാലെ കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സൽമാനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾ വാഹനം ദേവേന്ദർ എന്ന വ്യക്തിക്ക് വിറ്റതായി മൊഴി നൽകി.
സാന്പത്തിക പ്രശ്നങ്ങളെ തുടർന്ന് വാഹനം വിറ്റെന്നായിരുന്നു സൽമാന്റെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സൽമാനിൽ നിന്ന് കാർ വാങ്ങിയ ദേവേന്ദറിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കാർ മറ്റൊരാൾക്ക് വിറ്റെന്നായിരുന്നു ദേവേന്ദറിന്റെ വിശദീകരണം. കാറിന്റെ ആദ്യ ഉടമ സൽമാനെ വിട്ടയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സൽമാനെ ഡൽഹി പോലീസിന് കൈമാറിയെന്ന് ഹരിയാന പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഇന്ത്യൻ സൈന്യവും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ "ഓപ്പറേഷൻ ഗുദ്ദാർ' എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.
ഇതിൽ രണ്ട് പേർ ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു. സുബൈദാർ പ്രഭത് ഗൗർ, ലാൻസ് നായിക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരർ തങ്ങളുടെ സ്ഥാനങ്ങൾക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലായി മാറിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം വനമേഖലയിൽ പരിശോധന നടത്തുകയായിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ റംമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനം. മൂന്നുപേർ മരിച്ചു. അഞ്ച്പേരെ കാണാതായി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ശ്രീനഗറിൽ നിന്നും 136 കിലോമീറ്റർ അകലെയാണ് റംമ്പാൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മുകാഷ്മീരിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്.
വെള്ളപ്പൊക്കം പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജമ്മു-ശ്രീനഗർ ദേശീയ പാത (എൻഎച്ച് -44) ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ തകർന്നതിനാൽ ഗതാഗതം സ്തംഭിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ ജമ്മു ഡിവിഷനിലുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ഓഗസ്റ്റ് 30 വരെ അടച്ചിടും.
Kerala
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ആണ് ഏറ്റുമുട്ടലുണ്ടായത്.
നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും ജമ്മുകാഷ്മീർ പോലീസും തെരച്ചിൽ നടത്തിയത്. ഭീകരരാണ് ആദ്യം വെടിയുതിർത്തത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
National
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 31 ആയി.
ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയില്‍ ഒന്‍പത് ഭക്തരും ദോഡയില്‍ നാലുഭക്തരുമാണ് മരിച്ചത്.
വൈഷ്ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര് സ്ഥലത്ത് കുടുങ്ങികിടപ്പുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ദോഡ, ജമ്മു, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
22 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടര്‍ച്ചയായ മഴയെതുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.