മുക്കം: തന്റെ വാർഡിലെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊടിയത്തൂർ പഞ്ചായത്തംഗം എം.പി. ജുമൈല. വാർഡിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ കുട്ടികൾക്കുള്ള ജേഴ്സി വിതരണത്തിന് തുടക്കം കുറിച്ചാണ് പദ്ധതിയാരംഭിച്ചത്.
കായികരംഗത്ത് കുട്ടികളുടെയും യുവാക്കളുടെയും കഴിവുകൾ വളർത്തുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് എം.പി. ജുമൈല പറഞ്ഞു. വാർഡിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
റഷീദ് ചേപ്പാലി, ഇ.എ. നാസർ, ഫസൽ കൊടിയത്തൂർ, സലാം എള്ളങ്ങൾ, മജീദ് എള്ളങ്ങൾ, ഹനീഫ ദിൽബാബ്, ഹസൻ കുട്ടി കല്ലങ്ങോട്ട്, അനസ് കാരാട്ട്, അബ്ദുറഹ്മാൻ കണിയാത്ത്, ജംഷീദ് കണിയാത്ത്, അഹ്മദ് കുട്ടി തടായിൽ എന്നിവർ സംബന്ധിച്ചു.