Kerala
കാസർകോട്: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്നതിനിടെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന 13 വയസ്സുകാരനാണ് സൂര്യാഘാതമേറ്റത്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഉച്ചസമയത്ത് സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹാസ്വാസ്ഥ്യം ശ്രദ്ധയിൽപ്പെട്ടത്. പുറംഭാഗത്തും തോളിലുമാണ് പൊള്ളലേറ്റത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടാനില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
ഈ സമയങ്ങളിൽ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചർമ്മത്തിൽ ചുവപ്പ് നിറം, തടിപ്പ്, പൊള്ളൽ, കടുത്ത തലവേദന, തലകറക്കം എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് മഡിയൻ ജംഗ്ഷനിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
കാൽനട യാത്രക്കാരനായ വാണിയമ്പാറ സ്വദേശി അബ്ദുൽ മജീദ് (56), ബൈക്ക് ഓടിച്ച മീനാപ്പീസ് സ്വദേശി നാഫിഖ് (16) എന്നിവരാണ് മരിച്ചത്.
ബൈക്ക് യാത്രക്കാരനായ ഹൊസ്ദുർഗ് കടപ്പുറം സ്വദേശി ശൈഖ് മുഹമ്മദ് (17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
District News
കാഞ്ഞങ്ങാട്: നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതിനുമുമ്പ് കാഞ്ഞങ്ങാട് സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ നീക്കം. വരുന്ന 10ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അന്ന് നടത്താൻ പറ്റിയില്ലെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്താനാണ് നീക്കം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ഉദ്ഘാടന പരമ്പരയുടെ ഭാഗമായാണ് സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്താനൊരുങ്ങുന്നത്. യഥാർഥത്തിൽ കെട്ടിടത്തിന്റെ തേപ്പുപണികൾ പൂർത്തിയായതേയുള്ളൂ. നിലത്തിന്റെ പണിയും വൈദ്യുതീകരണവും ഇനിയും ബാക്കിയാണ്. അതുകഴിഞ്ഞ് കാബിനുകളുടെയും കൗണ്ടറുകളുടെയും മറ്റും നിർമാണം പൂർത്തിയാക്കി പുതിയ ഫർണിച്ചറുകൾ കൂടി സ്ഥാപിച്ചുകഴിഞ്ഞാൽ മാത്രമേ സാധാരണനിലയിൽ സബ് ട്രഷറിക്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാനാവുകയുള്ളൂ. ഇപ്പോൾ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയാലും ട്രഷറി ഇവിടെ പ്രവർത്തിച്ചുതുടങ്ങണമെങ്കിൽ മാസങ്ങളെടുക്കുമെന്ന കാര്യം ഉറപ്പാണ്.
നഗരസഭാ ഓഫീസിന് സമീപത്തുണ്ടായിരുന്ന പഴയ ട്രഷറി കെട്ടിടം പൊളിച്ചുമാറ്റിയാണ് ഒന്നരക്കോടി രൂപ ചെലവിൽ പുതിയ കെട്ടിടം പണിയുന്നത്. ഒരു വർഷം മുമ്പാണ് നിർമാണപ്രവൃത്തികൾ തുടങ്ങിയത്. ഈ സർക്കാരിന്റെ കാലത്തുതന്നെ ഉദ്ഘാടനം നടത്താനുള്ള സമ്മർദമേറിയതോടെയാണ് തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ പ്രവൃത്തികൾക്ക് വേഗം വച്ചത്.
പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ ആലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലാണ് ഇപ്പോൾ സബ് ട്രഷറി പ്രവർത്തിക്കുന്നത്.തത്കാലം അവിടെ തുടരുന്ന കാര്യത്തിൽ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതുകൊണ്ട് പണി പൂർത്തിയാകുന്നതിനു മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറേണ്ടിവരുന്ന സാഹചര്യമൊന്നും നിലവിലില്ല.
Kerala
കാഞ്ഞങ്ങാട്: കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതുകണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന് നായര്‍ (75) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
വീടിനടുത്തുനിന്നാണ് ഭാര്യ രാജാമണിക്ക് കടന്നല്‍കുത്തേറ്റത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും അസഹനീയമായ വേദന മൂലം രാജാമണി പുളയുകയായിരുന്നു. ഈ രംഗം കണ്ടാണ് നാരായണൻ നായർ കുഴഞ്ഞുവീണത്. മക്കള്‍: ഷിബു, ഷീബ (ഇരുവരും വിദേശത്ത്).
Kerala
കാഞ്ഞങ്ങാട്: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 35-ാം സംസ്ഥാന സമ്മേളനം 21, 22, 23 തീയകളില്‍ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
നാളെ രാവിലെ 10നു നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എന്‍. വില്‍സണ്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂര്‍ത്തി അധ്യക്ഷത വഹിക്കും. 3.30നു നടക്കുന്ന മുന്‍കാല അധ്യാപക സംഗമത്തില്‍ ഉപദേശകസമിതി ചെയര്മാന് സി. ജോസ്കുട്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിനു കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ മാധ്യമ സെമിനാര്‍ നടത്തും.
22നു രാവിലെ 9.30നു നടക്കുന്ന പ്രതിനിധിസമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യും. 10.30നു നടക്കുന്ന സാംസ്കാരികസമ്മേളനം യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്യും. 11നു നടക്കുന്ന വിദ്യാഭ്യാസസമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. 11.30നു നടക്കുന്ന പൊതുസമ്മേളനം മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കു 12.30നു നടക്കുന്ന യാത്രയയപ്പുസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ഒന്നിന് നടക്കുന്ന വനിതാസമ്മേളനം ജില്ലാ പഞ്ചായത്തംഗം ബിന്‍സി ജെയിന് ഉദ്ഘാടനം ചെയ്യും.
23നു രാവിലെ 10നു നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു സ്കറിയ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ 700ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വര്‍ക്കിംഗ് ചെയര്മാന് എം. രാധാകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ എന്‍. സദാശിവന്, ട്രഷറര്‍ എം. റിയാസ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി. അഭിരാം എന്നിവര്‍ പങ്കെടുത്തു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.
പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.
രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്. രാവിലെ പത്തോടെ വയലിൽ അടക്ക പറിക്കാൻ പോയതായിരുന്നു കുഞ്ഞിരാമൻ എന്ന് ബന്ധുക്കൾ പറയുന്നു.
ഉച്ചയോടെ നാട്ടുകാരാണ് വയലിൽ വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യിൽ വൈദ്യുത കമ്പി പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.