District News
കരുവാരകുണ്ട്: റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഹന്പ് വാഹനയാത്രക്കാർക്ക് അപകട കെണിയാകുന്നു. തുവൂർ ഐലാശേരി കമാനം ടിപ്പുസുൽത്താൻ റോഡുമായി കൂടിച്ചേരുന്ന ഭാഗത്താണ് അപകടത്തിനിടയാക്കുന്ന ഹന്പുള്ളത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിർമിച്ച ഹന്പ് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നതിന് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു.
ഹന്പിന്റെ ഉയരക്കൂടുതലും നിർമാണത്തിലെ പിഴവും കാരണം വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതും നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഹന്പ് തിരിച്ചറിയാൻ സാധിക്കാത്തതും വാഹനാപകടം ഉണ്ടാകാനിടയാക്കുന്നു.
കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള മണ്‍കൂനകൾ നീക്കം ചെയ്ത് റോഡിന് ആവശ്യമായ വീതി ഉറപ്പുവരുത്തി യാത്ര സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ അടയാള ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്. രാത്രികാല വെളിച്ചകുറവ് പരിഹരിക്കാൻ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.
പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
District News
കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിന്, ചെല്ലാനം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ് ആഞ്ഞിലിപറമ്പില് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.
വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ് ആഞ്ഞിലിപറമ്പില് പറഞ്ഞു.