എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ പൂതാർക്കുളം നാശത്തിന്റെ വക്കിൽ. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാംവാർഡ് കുന്നത്തേരിയിലാണ് കുളം സ്ഥിതി ചെയ്യുന്നത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശവാസികൾ കുളിക്കുവാനും വസ്ത്രങ്ങൾ കഴുകുവാനും ആശ്രയിച്ചിരുന്നത് പൂതാർക്കുളത്തിനെയാണ്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നീന്തൽ പരിശീലനത്തിനും മത്സരങ്ങൾക്കും കുളം ഉപയോഗിച്ചിരുന്നു. പടവുകളോടുകൂടിയുള്ള കുളിക്കടവും സംരക്ഷണഭിത്തിയും ഉണ്ടായിരുന്ന കുളം മണ്ണിടിഞ്ഞ് വീണും ചണ്ടിമൂടിയും ഉപയോഗശൂന്യമായിരിക്കുകയാണ്.
ഏകദേശം 20 വർഷത്തിലധികമായി കുളംനാശത്തിന്റെ വക്കിലാണ്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളോട് കുളത്തിന്റെ നവീകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വശങ്ങൾ ഇടിഞ്ഞ് വീണ കുളം നാട്ടുകാർക്ക് അപകട ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. കുന്നത്തേരി പാടശേഖരത്തിലേക്ക് കർഷകർ നടന്നുപോകുന്നത് കുളത്തിന്റെ അരികിലുള്ള വഴിയിലൂടെയാണ്. ട്രാക്ടർ ഉൾപ്പടെയുള്ള കാർഷിക യന്ത്രങ്ങൾ കൊണ്ടുപോയിരുന്ന ഈ വഴിയുടെ പകുതിഭാഗവും ഇടിഞ്ഞ് കുളത്തിലേക്ക് വീണിരിക്കുകയാണ്. കുളത്തിൽ മനുഷ്യരോ മൃഗങ്ങളോ അബദ്ധത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടുത്താൻ കഴിയാത്ത തരത്തിലാണ് പായൽ പടർന്ന് കിടക്കുന്നത്.
കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ നജീബ് കൊമ്പത്തേയിൽ ഓൺലൈൻ വഴി പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. കുളത്തിന്റെ നവീകരണം നടത്തിയില്ലെങ്കിൽ പഞ്ചായത്തിലും ശക്തമായ സമരപരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.