ശൂരനാട് : കോടികൾ മുടക്കിയിട്ടും കാടുകയറി ചക്കുവള്ളിച്ചിറ ടൂറിസം വികസനപദ്ധതി. പോരുവഴി, ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചിട്ടുള്ള ചക്കുവള്ളിച്ചിറയെ കേന്ദ്രീകരിച്ചു നടപ്പാക്കിയ ആദ്യഘട്ട വിനോദ സഞ്ചാരപദ്ധതി ഫലംകാണുന്നില്ല. ജില്ലാപഞ്ചായത്ത് രണ്ടുഘട്ടങ്ങളിലായി അനുവദിച്ച ഒരുകോടി രൂപയുടെ പദ്ധതികളാണ് ആർക്കും പ്രയോജനപ്പെടാതെ നശിക്കുന്നത്.
നടപ്പാക്കിയ പ്രവൃത്തികൾ സംരക്ഷിക്കാനോ തുടർപദ്ധതികളിലൂടെ ചിറയുടെ വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്താനോ നടപടിയുണ്ടാകുന്നില്ല. എട്ടേക്കറിലധികം വ്യാപിച്ച ചക്കുവള്ളിച്ചിറ കുന്നത്തൂർ താലൂക്കിന്റെ വടക്കൻമേഖലയിൽ ഒരിക്കലും വറ്റാത്ത ജലാശയംകൂടിയാണ്. നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ അവസ്ഥ ചിറസംരക്ഷണത്തിനും വിനോദസഞ്ചാരപദ്ധതികൾക്കുമായി 2015-20ൽ ജില്ലാപഞ്ചായത്ത് മൂന്നുകോടിയോളം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.
തീരത്ത് തറയോട് പാകിയ നടപ്പാത, കൈവരികൾ, അലങ്കാരവിളക്കുകൾ, കുട്ടികൾക്കും വയോധികർക്കുമായി പാർക്ക്, പ്രത്യേക ഇരിപ്പിടങ്ങൾ, ചവിട്ടിക്കറക്കുന്ന ബോട്ടുകൾ തുടങ്ങി ഒരു ഡസൻ പദ്ധതികൾ വിഭാവനം ചെയ്തു. ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപ അനുവദിച്ചതിൽ തറയോട് പാകി നടവഴിയുണ്ടാക്കി. വശങ്ങളിൽ കൈവരിയും വിളക്കും സ്ഥാപിച്ചു.
എന്നാൽ തുടർപദ്ധതികളെല്ലാം ഉപേക്ഷിച്ചതിനു പുറമേ നടപ്പാക്കിയവ സംരക്ഷിച്ചതുമില്ല. അതോടെ നടവഴികൾ കാടുകയറി. വിളക്കുകൾ പ്രയോജനപ്പെടാതായി. കൈവരികൾ വള്ളിപ്പടർപ്പുകൾ വിഴുങ്ങി. അങ്ങനെ 90 ലക്ഷം വെള്ളത്തിലായി. വീണ്ടും ചിറസംരക്ഷണത്തിന് ഭിത്തിയും കൾവർട്ടും നിർമിക്കാൻ 2022-23 വാർഷികപദ്ധതിയിലുൾപ്പെടുത്തി ജില്ലാപഞ്ചായത്ത് 10 ലക്ഷം അനുവദിച്ചു. അങ്ങുമിങ്ങുമായി ഭിത്തികെട്ടി ലക്ഷങ്ങൾ പാഴാക്കി. ആ പദ്ധതിയും ആർക്കും പ്രയോജനപ്പെട്ടില്ല.
ചക്കുവള്ളിച്ചിറ കേന്ദ്രീകരിച്ച് ഗ്രാമീണ വിനോദസഞ്ചാരപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി സംസ്ഥാന ടൂറിസം മന്ത്രിക്ക് നിവേദനവും കരട് പദ്ധതിരൂപരേഖയും സമർപ്പിച്ചു.
ചിറയ്ക്കു ചുറ്റും മുഴുവൻ പ്രദേശങ്ങളിലും അലങ്കാരവിളക്കുകൾ, നടപ്പാതയ്ക്കു ചുറ്റും കൈവരികൾ, കുട്ടികളുടെ പാർക്ക്, മത്സ്യക്കൃഷി, പെഡൽ ബോട്ടുകൾ, കയാക്കിംഗ്, കഫെറ്റീരിയ, ഹാപ്പിനസ് പാർക്ക് എന്നിവയടങ്ങുന്ന പദ്ധതിയാണ് സമർപ്പിച്ചത്.
വയ്യാങ്കര ഗ്രീൻഫോറസ്റ്റ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മാതൃകയിൽ ടൂറിസം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണു മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ.നായർ പറഞ്ഞു.