കുണ്ടുംകുഴിയും നിറഞ്ഞ കുരിയച്ചിറ യൂണിറ്റി റോഡ്.
തൃശൂർ: കുരിയച്ചിറ യൂണിറ്റി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷന്റെ(കുട) നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒന്പതിനു യൂണിറ്റി റോഡ് നിവാസികളും കുരിയച്ചിറയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
സംസ്ഥാന ഹൈവേയ്ക്കു സമാന്തരമായി പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങൾപോകുന്ന പാതയാണു തകർന്നത്. റോഡ് പൂർണമായി തകർന്നതോടെ ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുന്നെന്നു പ്രതിഷേധക്കാർ പറഞ്ഞു. 2024ൽ മേയർക്കും സെക്രട്ടറിക്കും നിവേദനം നൽകിയെങ്കിലും രണ്ടുവർഷമായി കൃത്യമായ മറുപടികളില്ല. ഇതോടെയാണു നാട്ടുകാർ ഒന്നാകെ രംഗത്തിറങ്ങിയത്. അധികൃതർക്കു വീണ്ടും നിവേദനം നൽകുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവരെ സമീപിക്കുമെന്നും റോഡുപണി പൂർത്തിയാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
കുട പ്രസിഡന്റ് പോൾ ചാലിശേരി, സ്ഥാപക പ്രസിഡന്റ് ഇ.എ. ജോസഫ്, മുൻ പ്രസിഡന്റ് ടി.ടി. ജോസ്, ജനറൽ സെക്രട്ടറി ആന്റണി ചിറമൽ, ഡോ. ടോമി ഫ്രാൻസിസ്, സജിത പ്രേംസി, സി.പി. ജോസ്, ടി.വി. വിൻസന്റ് എന്നിവർ പ്രസംഗിച്ചു.