ഒറ്റപ്പാലം നഗരത്തിലെ സീബ്രാലൈൻ..
ഒറ്റപ്പാലം: നഗരത്തിൽ കാൽനടയാത്രക്കാർക്കു രക്ഷയില്ല. സീബ്രാലൈനിൽകൂടി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചാലും അതിവേഗതയിൽ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ഒറ്റപ്പാലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാണെങ്കിലും കുരുക്കഴിയുന്ന സമയങ്ങളിൽ വാഹനങ്ങളുടെ സഞ്ചാരം അതിവേഗതയിലാണ്.
സീബ്രാലൈനുകൾ ശ്രദ്ധിക്കാതെ അമിതവേഗതയിലാണ് നഗരം കടക്കാൻ വാഹനങ്ങൾ എത്തുന്നത്. ഇതുമൂലം പലപ്പോഴും കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്.
പോലീസിന്റെ സാന്നിധ്യം സീബ്രാലൈനുകൾക്ക് സമീപം ഇല്ലാത്തതും മുഖ്യപ്രശ്നമാണ്.
ഇന്നലെ സീബ്രാലൈനിൽകൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനിവാൻ ഇടിച്ചു വീഴ്ത്തിയത്.
ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനു വേണ്ടിയാണ് സീബ്രാലൈനുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ നിരത്തിലെ ഭൂരിഭാഗം വാഹനങ്ങൾക്കും ഇതു പാലിക്കുന്നില്ല. അമിതവേഗതയിൽ നഗരത്തിൽ സഞ്ചാരം നടത്തുന്ന വാഹനങ്ങൾ തടയാനും പിഴചുമത്താനും പോലീസ് തയാറാകാത്ത സാഹചര്യവുമുണ്ട്.
വാഹനമിടിച്ച് വിദ്യാർഥിനിക്കു പരിക്ക്
ഒറ്റപ്പാലം: നഗരത്തിൽ സീബ്രാലൈൻ മുറിച്ചുകടക്കവേ മിനി വാൻ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. ഒറ്റപ്പാലത്തെ സ്വകാര്യ കോളജ് വിദ്യാർഥിനിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനി ഫാത്തിമ മസിലിലിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അതിവേഗതയിൽവന്ന വാൻ വിദ്യാർഥിനിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചു വീണ കുട്ടിക്ക് സാരമായി പരിക്കേറ്റു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് ഇടിച്ചത്. കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.