കോഴിക്കോട് മാനാഞ്ചിറയിലെ പിഡബ്ല്യുഡി എൻഎച്ച് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് കോൺഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉപരോധിച്
നെന്മാറ: നെന്മാറ- ഒലിപ്പാറ പിഡബ്ല്യുഡി റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.
കരാറുകാരന്റെ അനാസ്ഥയാണ് പ്രധാന കാരണമെന്നാരോപിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറയിലെ പിഡബ്ല്യുഡി എൻഎച്ച് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയറുടെ കോഴിക്കോട് ഓഫീസ് ഉപരോധിച്ചു.
കരാറുകാരന്റെ കരാർ റദ്ദാക്കി ബദൽസംവിധാനം ഏർപ്പെടുത്തി റോഡ് നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
സമരത്തെ തുടർന്ന് സൂപ്രണ്ടിംഗ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ നിർമാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പുലഭിച്ചു. ഈമാസം 24നകം കയറാടി വരെയുള്ള ഭാഗത്തെ പണികളുടെ രേഖകൾ കരാറുകാരൻ പിഡബ്ല്യുഡിക്ക് സമർപ്പിക്കുമെന്നു സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.
രേഖകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിർമാണം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 30നകം നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ കരാർ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എൻജിനിയർ രേഖാമൂലം ഉറപ്പുനൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നര മണിക്കൂറോളംനീണ്ട ഉപരോധസമരം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വൈസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. രാജു, ഡിസിസി അംഗം പ്രദീപ് നെന്മാറ, ജനപ്രതിനിധികളായ വി. വിനേഷ്, ബിന്ദു സുരേഷ്, എമിലി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇരുപതോളം പേരാണ് ഉപരോധത്തിൽ പങ്കെടുത്തത്.
Tags : NattuVishesham DistrictNews