ടാറിംഗും മെറ്റലും ഇളകി മൺപാതമായി മാറിയ ചുള്ളിയാർമേട്- ആശുപത്രി റോഡ്.
മുതലമട: ചുള്ളിയാർമേട്- കുടുംബാരോഗ്യകേന്ദ്രം റോഡുതകർന്ന് ദുർഘടയാത്ര പത്തുവർഷം പിന്നിട്ടിട്ടും പുനർനിർമാണം നടത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് അധികൃതർ പുല്ലുവിലപോലും നൽകുന്നില്ലെന്ന ആക്ഷേപം ശക്തം.
മുൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും അതും നടപ്പിലാക്കാതെ പാഴ്വാക്കായി. മുതലമട ആശുപത്രിയിലേക്ക് ദിവസേന 250 മുതൽ 300 പേരാണ് ചികിത്സ തേടിയെത്തുന്നത്.
മിക്കവരും ഇരുചക്ര വാഹനത്തിലാണെത്തുന്നത്. ചുള്ളിയാർമേട് എത്തിയാൽ റോഡുതകർച്ച കാരണം 200 മീറ്റർ ദൂരം വാഹനം ഉരുട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ഓട്ടോറിക്ഷയിൽപോലും യാത്ര ദുഷ്കരമാണ് .
ആശുപത്രിക്കു മുന്നിലാണ് മിക്ക പ്രധാന വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. മുതലമട ഹയർസെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികള രക്ഷിതാക്കൾ ഇരുചക്രവാഹനത്തിൽ കൊണ്ടുവരുന്നതും അപകടഭീഷണിയിലാണ്.
ചില രക്ഷിതാക്കൾ അപകടാവസ്ഥയിലായ 200 മീറ്റർ ദൂരം ഒഴിവാക്കി രണ്ടുകിലോമീറ്റർ ചുറ്റി പഴയപാതയിലൂടെയാണ് കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുന്നത്.
റോഡിലെ ടാറിംഗ് പൂർണമായും ഇളകി മൺറോഡായി മാറിയിട്ടുണ്ട്. മഴചാറിയാൽ വഴുക്കൽകൂടി കാൽനടയാത്ര പോലും ദുരിതമാകും.
ചെമ്മണാന്പതി ഭാഗത്തുനിന്നും നിരന്തരംവരുന്ന മൾട്ടി ആക്സിൽ വാഹനങ്ങളുടെ സഞ്ചാരമാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്കു പ്രധാന കാരണം. ചുള്ളിയാർഡാമിലേക്ക് അവധിദിവസങ്ങളിൽ നിരവധി വിനോദസഞ്ചാരികളെത്തുന്ന പാതകൂടിയാണിത്.
Tags : NattuVishesham DistrictNews