തെക്കുംപുറത്ത് താത്കാലികമായി നിർമിച്ച കനാൽപ്പാലം.
കല്ലടിക്കോട്: മുതുകുറിശി തെക്കുംപുറം വളഞ്ഞപാലത്തെ കനാൽപാലം താത്കാലികമായി നിർമിച്ചു പ്രദേശവാസികൾ. കഴിഞ്ഞ ജൂൺ ഒമ്പതിനുണ്ടായ മഴയിലാണ് പാലം തകർന്നുവീണത്.
നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന കനാൽപ്പാലമാണിത്. കാലപ്പഴക്കത്താൽ പാലത്തിന്റെ ബലക്കുറവ് സംബന്ധിച്ച് ജനങ്ങൾ വർഷങ്ങൾക്ക് മുന്പുതന്നെ പരാതിനൽകിയിരുന്നു. ബലം തീരേകുറഞ്ഞ ഭാഗമാണ് കനാലിൽ പതിച്ചത്.
ഇതോടെ ഈ വഴിയുള്ള ഗതാഗതം കഴിഞ്ഞ രണ്ടുമാസത്തോളമായി പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. അരനൂറ്റണ്ടിലധികം പഴക്കമുള്ള പാലം തകർന്നത്തോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി.
കിലോമീറ്ററുകൾ യാത്രചെയ്താണ് ഇപ്പോൾ സ്കൂൾ ബസിലേക്കുതന്നെ കുട്ടികൾ വരുന്നത്. അതിനാൽ നാട്ടുകാർ ചേർന്നാണ് താത്കാലികമായി നടപ്പാലം നിർമിച്ചത്. സുദീപ് പരീയക്കാട്, ശ്രീനിവാസൻ ശാന്തിരുത്തി, സുനിൽകുമാർ വെണ്ണടി, സജീർ ചക്കിങ്ങൽ, രഞ്ജിത്ത് ശാന്തുരുത്തി, സഹദേവൻ ചിറയിൽ, വിനോദ് ചിറയിൽ രാജു ശാന്തിരുത്തി നേതൃത്വം നൽകി. കഴിഞ്ഞ ദിവസമാണ് നിർമാണം പൂർത്തിയായത്.