കൗസ്തുഭം റെസ്റ്റ് ഹൗസ് മന്ത്രി കെ. മുരളീധരന് ഭക്തർക്കു സമർപ്പിക്കുന്നു.
ഗുരുവായൂർ: നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഭക്തർക്കു സമർപ്പിച്ചു. ഭക്തർക്കു ചുരുങ്ങിയ ചെലവിൽ താമസിക്കുന്നതിനായി 13.5 കോടി ചെലവിലാണ് കൗസ്തുഭം നവീകരിച്ചത്.100 ഓളം മുറികളാണ് കൗസ്തുഭത്തിലുള്ളത്.
നിലവിലെ ദേവസ്വം ബോർഡുകളെല്ലാം ഇടതുപക്ഷ സർക്കാർ നിയമിച്ചിട്ടുള്ളതാണ്. ഭരണഘടനപ്രകാരം ബോർഡുകളുടെ കാലാവധി പൂർത്തീകരിക്കാൻ അനുവദിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ ഗുരുവായൂരിൽ പറഞ്ഞു.
ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റസ്റ്റ് ഹൗസിന്റെ സമർപ്പണം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും പിരിച്ചുവിടാൻ സർക്കാരിന് ഉദ്ദേ ശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 1978 ലെ രാഷ്ട്രപതി ഒപ്പിട്ട ദേവസ്വം ആക്ടാണ് ഗുരുവായൂരിലുള്ളത്.
അതുപ്രകാരം ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ നടത്താനുള്ള അധികാരം ഗുരുവായൂർ ദേവസ്വത്തിനാണ്. ഇക്കാര്യത്തിൽ ഇനി സുപ്രീംകോടതിയിൽ പോകേണ്ടെന്നാണു സർക്കാർ തീരുമാനം.നിലവിലെ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിച്ചാണു മുന്നോട്ടുപോകുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായാണ് ചില അഭിപ്രായവ്യത്യാസമുള്ളത്.
ക്ഷേത്രങ്ങളിലെ ജീവനക്കാർ ഭക്തരോട് ധാർഷ്ട്യത്തോടെ പെരുമാറുന്നതായി ആക്ഷേപമുണ്ട്. ഇതു മാറ്റിയെടുക്കേണ്ടതുണ്ട്. ഇതിനായി ജീവനക്കാർക്ക് ക്ലാസ് നൽകും. ക്ഷേത്രത്തിലെ വരവുചെലവുകണക്കുകൾ കൃത്യമാകണം.സാമ്പത്തിക കാര്യങ്ങളിലെ കോടതി ഇടപെടലുകൾ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ദേവസ്വത്തിൽ അഡ്മിനിസ്ട്രേറ്ററെ ഉടൻ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഒരു ശിപാർശയും സ്വീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ പിതാവ് കെ. കരുണാകരൻ 40 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കൗസ്തുഭം റസ്റ്റ് ഹൗസ്, ഇപ്പോൾ നവീകരിച്ച് ഭക്തർക്ക് സമർപ്പിക്കുന്നതിന്റെ ഉദ്ഘാടനം തനിക്ക് നിർവഹിക്കാനായത് ഭാഗ്യമായി കരുതുന്നതായും കെ. മുരളീധരൻ പറഞ്ഞു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽഎ, ദേവസ്വം സെക്രട്ടറി എം.ജെ. രാജമാണിക്യം, നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ മുഖ്യാതിഥികളായി.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ സി. മനോ ജ്, മനോജ് ബി.നായർ, കെ.എസ്. ബാലഗോപാൽ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ ശിഖ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Rest House NattuVishasham DistrictNews