അറസ്റ്റിലായ ഷൈബിനും അനീഷും.
പെരിങ്ങോട്ടുകര: ചാഴൂരും പെരിങ്ങോട്ടുകരയിലും ക്ഷേത്രങ്ങളിൽ മോഷ ണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള ചാഴൂർ കാഞ്ഞിരച്ചുവട് സ്വദേശി പണ്ടാത്തറ വീട്ടിൽ ഷൈബിൻ (44), ചെമ്മാപ്പിള്ളി കായംപിള്ളി ആൽ സ്വദേശി കൊരമ്പി വീട്ടിൽ അനീഷ് (43) എന്നിവരാണു അറസ്റ്റിലായത്.
പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽനിന്നും 90,000 രൂപ വിലവരുന്ന ഏഴുതട്ടുകളും ഒരുമയിലും ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് 75,000 രൂപ വിലമതിക്കുന്ന 15 വിളക്കുകളുമാണു പ്രതിയായ ഷൈബിൻ കവർന്നത്. മോഷണ മുതലുകൾ അനീഷിന്റെ സഹായത്തോടെ അനീഷിന്റെ ഓട്ടോറിക്ഷയിലാണ് കടത്തിക്കൊണ്ടുപോയത്.
ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇന്നലെ പുലർച്ചെ പിടികൂടിയത്. അന്തിക്കാട് സ്റ്റേഷൻ പരിധിയിലെയും മറ്റ് സ്റ്റേഷനുകളിലെയും ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികൾക്കു പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷൈബിൻ കവർച്ചക്കേസിലും വീട്ടിലേക്ക് അതിക്രമിച്ചുകയറി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും മോഷണക്കേസിലും പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലുമടക്കം നാലു ക്രിമിനൽ കേസിൽ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.എം. കേഴ്സൺ, എസ് ഐ മാരായ കൊച്ചുമോൻ, റിജി, എസ്സിപിഒ അർജുൻ, സിപിഒമാരായ അനൂപ്, ധനേഷ്, ഷാജി, അംജിത്ത്, ഗോപൻകുമാർ, സമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.